കറുത്ത മരണത്തിന് മറുപടി നല്കി ഓബര്‍ആമര്‍ഗൗ

കറുത്ത മരണത്തിന് മറുപടി നല്കി ഓബര്‍ആമര്‍ഗൗ

പതിനാലാം നൂറ്റാണ്ടില്‍ 200 ദശലക്ഷംയൂറോപ്പുകാരെ ദാരുണമായി കൊന്നൊടുക്കിയ പ്ലേഗ്ബാധ മാനവചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ മഹാമാരിയായി കണക്കാക്കപ്പെടുന്നു. 1346നും 1353നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍, പ്രധാനമായി യൂറോപ്പിലും പിന്നെ ഏഷ്യയിലും ആഫ്രിക്കയിലും പടര്‍ന്നുപിടിച്ച ബുബോണിക് പ്ലേഗ് കവര്‍ന്നെടുത്ത പരശതം മനുഷ്യജീവനുകളെ ഓര്‍മപ്പെടുത്താനായി ആ കാലഘട്ടത്തിന് കറുത്ത മരണദിനങ്ങള്‍ (ബ്ലാക്ക് ഡെത്ത്) എന്ന പേരു നല്കി. അതിനുശേഷം ലോകത്തെ ഭീതിയുടെ ഇരുട്ടുമുറികളില്‍ വീര്‍പ്പുമുട്ടിച്ച മറ്റു മഹാമാരികളും സംഭവിച്ചു-ഒരു ദശലക്ഷം പേരെ കൊന്നൊടുക്കിയ കോളറ (1852-1860), ഒരു ദശലക്ഷം പേരെ മൃത്യുവിനിരയാക്കിയ റഷ്യന്‍ ഫഌ (1889-1890), 1918നും 1920നുമിടയ്ക്ക് 50 ദശലക്ഷം പേരുടെ മരണത്തിന് കാരണമായ ഇന്‍ഫഌവന്‍സ ഫഌ. 1956-1958 കാലയളവില്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് രണ്ടു ദശലക്ഷം പേരുടെ മരണത്തിന് കാരണമായ ഏഷ്യന്‍ ഫഌ, അവസാനമായി 2005-2012 കാലഘട്ടത്തില്‍ 36 ദശലക്ഷം പേരെ കൊന്നൊടുക്കിയ എച്ച്‌ഐവി/ എയ്ഡ്‌സ് ബാധ.


രണ്ടാംലോക മഹായുദ്ധത്തില്‍ മരിച്ചവരേക്കാള്‍ (85 ദശലക്ഷം) കൂടുതല്‍ ആള്‍ക്കാരെയാണ് ബ്ലാക്ക്‌ഡെത്ത് കൊന്നൊടുക്കിയത്. അതായത്, മനുഷ്യരോടല്ല, ഭീകരരായ ഈ സൂക്ഷ്മജീവികളോടാണ് നാം യുദ്ധം ചെയ്യേണ്ടതെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അവികസിത-വികസിത രാജ്യങ്ങളെ ഒന്നുപോലെ ഭീതിയില്‍ മുട്ടുകുത്തിച്ച ഒരു സൂക്ഷ്മജീവി ഉണ്ടാക്കുന്ന വിനകള്‍!
മനോഹരമായ മ്യൂണിക് നഗരത്തില്‍നിന്ന് നൂറു കിലോമീറ്റര്‍ തെക്കുഭാഗത്തായി ആല്‍പ്‌സ് പര്‍വതനിരകള്‍ക്കുതാഴെ പ്രകൃതിരമണീയതയുടെ മൂര്‍ത്തഭാവമായി സ്ഥിതിചെയ്യുന്ന ഓബര്‍ആമര്‍ഗൗ എന്ന ഗ്രാമം. ജര്‍മനിയുടെ തെക്കന്‍പ്രവിശ്യയായ ബവേറിയയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്ന് ഇതിനെ വിശേഷിപ്പിക്കാം. മ്യൂണിക്കിലെ ലുഡ്‌വിഗ്-മാക്‌സ്മില്യന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ 1977ലാണ് ഓബര്‍ആമര്‍ഗൗവില്‍ ആദ്യമായി പോയത്-കൂടെ ജര്‍മന്‍കാരായ ഏതാനും സഹപാഠികളും. എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ കാഴ്ച ഇതുവരെ ഞാന്‍ മറന്നിട്ടില്ല. ഓബര്‍ആമര്‍ഗൗ ലോകപ്രശസ്തമാകുന്നത് അവിടെ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും നടക്കുന്ന ‘പാഷന്‍പ്ലേ’ അഥവാ യേശുവിന്റെ പീഢാനുഭവ നാടകം കൊണ്ടുതന്നെ.


പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യൂറോപ്പില്‍ പടര്‍ന്നേറിയ പ്ലേഗ് മഹാമാരി ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനപഹരിച്ചുകൊണ്ടിരുന്നു. എത്രയൊക്കെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും രോഗത്തെ നിയന്ത്രിക്കാനാകാതെ ജര്‍മന്‍കാര്‍ കുഴങ്ങി. ഉറ്റവരുടെയും ഉടയവരുടെയും ജീവന്‍ അതിദാരുണമായി അപഹരിച്ചുകൊണ്ട് പടര്‍ന്നുപിടിച്ച പ്ലേഗ്ബാധയെ തടുക്കാന്‍ ഓബര്‍ആമര്‍ഗൗവിലെ അന്തേവാസികള്‍ തിരിഞ്ഞത് ദൈവത്തിലേക്കാണ്. അവരെല്ലാവരും ഒത്തൊരുമിച്ച് ദൈവത്തിനുമുന്നില്‍ ഒരു പ്രതിജ്ഞയെടുത്തു-ആ ഗ്രാമത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും യേശുവിന്റെ പീഡാനുഭവസഹന നാടകം അവതരിപ്പിച്ച് ദൈവത്തിന്റെ നാമം ലോകത്തിനു മുന്നില്‍ പ്രഘോഷിക്കാമെന്ന് അവര്‍ ശപഥം ചെയ്തു. ദൈവം അവരുടെ വിളികേട്ടു. അന്നുമുതല്‍ ആ പ്രദേശത്ത് പ്ലേഗ്ബാധ ഉണ്ടായിട്ടില്ല. ഇത് കഥയല്ല, നടന്ന സംഭവം.


ഓബര്‍ആമര്‍ഗൗവിലെ പാഷന്‍പ്ലേ സാധാരണ നാടകമല്ല. ആ ഗ്രാമീണര്‍ ജീവിക്കുന്നതുതന്നെ യേശുവിന്റെ നാമം പ്രഘോഷിക്കാനാണ്. പത്തുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന നാടകത്തിനുള്ള തയ്യാറെടുപ്പുകള്‍ ഒരുവര്‍ഷംമുമ്പേ തുടങ്ങും. ഈ ഒരു വര്‍ഷം കൊണ്ട് താടിയും ദീക്ഷയുമെല്ലാം വളര്‍ത്തുന്നു. ആ വര്‍ഷം എല്ലാവരും യേശു ജീവിച്ച പശ്ചാത്തലത്തിലേക്ക് തിരിച്ചുപോകുന്നു. യേശുവിന്റെ കാലഘട്ടത്തിലെ വേഷം മാത്രം തുന്നിയുണ്ടാക്കുന്നു. 1633ല്‍ അരങ്ങേറിയ നാടകം മുടക്കംകൂടാതെ ഇപ്പോഴും നടക്കുന്നു. 42-ാമത്തെ പാഷന്‍പ്ലേ ഈ വര്‍ഷം നടക്കുന്നു-മേയ് മാസം മുതല്‍ ഒക്ടോബര്‍ വരെ. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഞ്ചുലക്ഷത്തിലേറെ പേര്‍ ഇതു കാണാനെത്തുന്നു. യേശുവിന്റെ പീഡാനുഭവ രംഗങ്ങളും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും അതീവ തന്മയത്വത്തോടെ കോര്‍ത്തിണക്കി ഓബര്‍ആമര്‍ഗൗവിലെ ഗ്രാമവാസികള്‍ അവതരിപ്പിക്കുന്ന പാഷന്‍പ്ലേ ലോകത്തെ അപ്രഖ്യാപിത അത്ഭുതങ്ങളിലൊന്നു തന്നെ!


മൃത്യുവിന്റെ ഗൂഢപ്രകൃതിയെക്കാള്‍ ഭീതിദം പരിഭ്രാന്തിയുടെ കറുത്ത സ്പന്ദനങ്ങള്‍ തന്നെ. എന്നാല്‍ പരിഭ്രാന്തിയുടെ ഭീകരസ്വരൂപത്തിനുമുന്നില്‍ ഗദ്ഗദകണ്ഠരാകാതെ നാം ആശ്വാസത്തിന്റെ പാത തേടാറുണ്ടോ? കര്‍മചേതന നഷ്ടപ്പെട്ട് നിഷ്‌ക്രിയത്വത്തിലേക്ക് തകര്‍ന്നുവീഴുന്നവരെ പുനര്‍ജീവിപ്പിക്കുവാനായി മുകളില്‍ ദൈവം എന്നൊരാള്‍ ഉണ്ടെന്ന സത്യം നാം മറന്നുപോകുന്നുണ്ടോ?Related Articles

സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമോ ? അഡ്മിന്‍ പ്രതിയാകുമോ ?

അഡ്വ. ഷെറി ജെ തോമസ് സ്വകാര്യമായി സ്വന്തം മുറിയില്‍ സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ സ്വയം തീരുമാനിച്ച് ചെയ്യുന്ന പല സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ പിന്നെ അത്

കോട്ടപ്പുറത്ത് കാരുണ്യഭവനത്തിന് തറക്കല്ലിട്ടു

കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മദ്ധ്യസ്ഥതിരുനാളിന്റെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് പണിതു നല്‍കുന്നതിന്റെ തറക്കല്ലിടല്‍ ബിഷപ് ഡോ.

അധ്യാപനത്തിലെ അഭിമാനനേട്ടവുമായി സെല്‍വരാജ്

  തിരുവനന്തപുരം: പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ വ്യത്യസ്ഥതയാണ് വിഴിഞ്ഞം സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനായ സെല്‍വരാജ് ജോസഫിനെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപക പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എല്‍പി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*