കലയും കലാപവും

കലയും കലാപവും

ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന്‍ അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടവര്‍ണങ്ങള്‍ രക്തചെമപ്പും കറുപ്പുമായിരുന്നു. യൂറോപ്പിലെ എല്ലാക്കാലത്തെയും കലാകാരന്മാരെ ആകര്‍ഷിക്കുകയും പ്രചോദനമേകുകയും ചെയ്തു കാര്‍വാജിയോ ചിത്രങ്ങള്‍. പക്ഷേ പ്രശസ്തിക്കൊപ്പം ഈ ചിത്രങ്ങളില്‍ പലതും വിവാദമാകുകയും ചെയ്തു. ഇരുളും വെളിച്ചവും ഇടകലര്‍ന്ന നാടകഅരങ്ങുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോയുടെ ചിത്രങ്ങള്‍.
പൗലോ പസോളിനിയെയും മാര്‍ട്ടിന്‍ സ്‌കോറസസിനെയും പോലുള്ള ആധുനിക സിനിമാക്കാരെ പോലും ഈ ചിത്രങ്ങള്‍ പ്രചോദിപ്പിക്കുന്നു. ബൈബിള്‍ വിഷയങ്ങളായിരുന്നു അദ്ദേഹം തന്റെ രചനകള്‍ക്ക് മിക്കവാറും ആധാരമാക്കിയിരുന്നത്. എന്നാല്‍ തന്റെ സമകാലികരായ നവോത്ഥാന കലാകാരന്മാരെപോലെ വിശുദ്ധപുസ്തകത്തിലെ സംഭവങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നില്ല അദ്ദേഹം ചെയ്തിരുന്നത്. തന്റേതായ പരിഷ്‌കരണങ്ങള്‍ ആ ചിത്രങ്ങള്‍ക്ക് അദ്ദേഹം നല്കി. മിക്കവാറും ചിത്രങ്ങളില്‍ ക്രൗര്യം അടിസ്ഥാനശിലയാകുകയും ചെയ്തു.
യഥാസ്ഥിതികതയോടു കലഹിച്ച കലാകാരനായിരുന്നു കാര്‍വാജിയോ. യേശുവിന്റെയും ശിഷ്യരുടെയും മാനവികമാനങ്ങള്‍ക്കായിരുന്നു അദ്ദേഹം മുന്‍തൂക്കം നല്കിയിരുന്നത്. അവരുടെ പഴകിയ വസ്ത്രങ്ങളും നഗ്നപാദങ്ങളും അമാനുഷികതലങ്ങളില്‍ നിന്നും സാധാരണക്കാരുടെ ഇടയിലേക്ക് യേശുവിനെയും ശിഷ്യന്മാരെയും കൂട്ടിക്കൊണ്ടുവന്നു. പില്‍ക്കാലത്ത് വിശുദ്ധപദവിയിലേക്കുയര്‍ന്ന ആര്‍ച്ച്ബിഷപ് ചാള്‍സ് ബൊറോമിയോയുടെ ദര്‍ശനങ്ങളായിരുന്നു കാര്‍വാജിയോയെ ആകര്‍ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
വടക്കന്‍ ഇറ്റലിയില്‍ വാസ്തുശില്പിയായ ഫെര്‍മോ മെറിസിയോയുടെയും രണ്ടാമത്തെ ഭാര്യ ലൂസിയ അരോറ്ററിയുടെയും മകനായി 1571 സെപ്തംബര്‍ 29ന് ജനിച്ചു. കാര്‍വാജിയോ എന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ പേരായിരുന്നു. മിഖായേല്‍ മാലാഖയുടെ ഓര്‍മ ദിവസമായിരുന്നു ജനനം. കുട്ടിക്കാലത്ത് കാര്‍വാജിയോയിലും മിലാനിയുമായിരുന്നു അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നത്. മിലാനിലായിരിക്കെ 1576ല്‍ പ്ലേഗ് പടര്‍ന്നുപിടിച്ചു. പിതാവടക്കം കുടുംബത്തിലെ എല്ലാ പുരുഷന്മാരും മരിച്ചു. 5 വയസായിരുന്നു അന്നു കാര്‍വാജിയോയ്ക്ക്. അതോടെ പലപ്പോഴും ജീവിതം തെരുവില്‍ ചിലവഴിക്കേണ്ടിവന്നു. ചിത്രകല ജന്മസിദ്ധമായ കഴിവായിരുന്നെങ്കില്‍ തെരുവില്‍ നിന്ന് വാള്‍പ്പയറ്റും ദ്വന്ദയുദ്ധവും പരിശീലിച്ചു. അതോടെ നിയമത്തിന്റെ നോട്ടപ്പുള്ളിയായും മാറി. ഒരു പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാര്‍വാജിയോ നിയമക്കുരുക്കിലായി. 1592ല്‍ തന്റെ ജന്മസ്ഥലമുപേക്ഷിച്ച് അദ്ദേഹം റോമിലേക്ക് കുടിയേറി.
കത്തോലിക്കാ വിശ്വാസം തിരികെകൊണ്ടുവരാന്‍ എല്ലാ രീതിയിലും ശ്രമിച്ചുകൊണ്ടിരുന്ന ക്ലമന്റ് എട്ടാമന്‍ പാപ്പാപദവിയിലെത്തിയ സമയമായിരുന്നു അത്. പുതിയ ദേവാലയങ്ങളും അള്‍ത്താരകളും നൂറുകണക്കിന് നിര്‍മിക്കുകയും പഴയവ പുതുക്കുകയും ചെയ്തു. വാസ്തുശില്പികളും ചിത്രകാരന്മാരുമായിരുന്ന കലാകാരന്മാര്‍ക്ക് ഏറെ തൊഴില്‍സാധ്യത ഉണ്ടായി. റോമിലെ അന്നത്തെ ജനസംഖ്യ ഒരു ലക്ഷമായിരുന്നു. അതില്‍ രണ്ടായിരം പേര്‍ കലാകാരന്മാരായിരുന്നു. അവര്‍ തമ്മില്‍ രൂക്ഷമായ മത്സരവും നിലനിന്നിരുന്നു. ക്ഷിപ്രകോപിയായിരുന്ന കാര്‍വാജിയോ കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്നുചാടാന്‍ ഇതുവഴിയൊരുക്കി. പേരെടുത്ത പല ചിത്രകാരന്മാരുടെയും സഹായിയായി കാര്‍വാജിയോ പണിയെടുത്തു. ആദ്യകാലങ്ങളില്‍ ഭക്ഷണം മാത്രമായിരുന്നു കൂലി. സലാഡ് മാത്രം കഴിച്ച് ജീവിച്ച ദിവസങ്ങളുമുണ്ടായിരുന്നു. അക്കാലഘട്ടത്തിലെ പ്രശസ്ത ചിത്രകാരനായ ഗുസിപ്പെ സെസാറിയുടെ സ്റ്റുഡിയോയില്‍ തൊഴില്‍ ലഭിച്ചതോടെ കാര്‍വാജിയോയുടെ ചിത്രരചനാരീതിക്ക് വ്യത്യാസങ്ങള്‍ വന്നു. പ്രധാനചിത്രത്തോടനുബന്ധിച്ചുള്ള പൂക്കളും പഴങ്ങളും വരയ്ക്കലായിരുന്നു ജോലിയെങ്കിലും ചിത്രരചനയുടെ പല പാഠങ്ങളും പഠിച്ചെടുക്കാന്‍ അവിടെ നിന്നു കഴിഞ്ഞു.
കര്‍ദിനാള്‍ മരിയ ഡെല്‍ മോണ്ടെയുമായി സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞത് മറ്റൊരു വഴിത്തിരിവായി. കലാകാരനും സംഗീതജ്ഞനുമായിരുന്നു കര്‍ദിനാള്‍ മരിയ ഡെല്‍ മോണ്ടെ. സിസ്‌റ്റൈന്‍ ചാപ്പലിലെ ക്വയറിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. സംഗീതം അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങള്‍ കാര്‍വാജിയോ ഈ കാലഘട്ടത്തില്‍ വരച്ചു. എല്ലാം സാമ്പ്രദായിക രീതികള്‍ക്ക് വിരുദ്ധമായിരുന്നു. പരീക്ഷണങ്ങളെയും നവീകരണത്തെയും എന്നും സ്വാഗതം ചെയ്തിരുന്ന കര്‍ദിനാളിന് ഈ ചിത്രങ്ങള്‍ ഏറെ ഇഷ്ടമായി.
ഇതേ കാലഘട്ടത്തില്‍ തന്നെ നഗരത്തില്‍ നടന്ന പല മോഷണക്കേസുകളിലും പിടിച്ചുപറിയിലും കാര്‍വാജിയോ പങ്കാളിയായി. നിയമപാലകര്‍ എപ്പോഴും അദ്ദേഹത്തെ തേടിക്കൊണ്ടിരുന്നു. അദ്ദേഹത്തെ പ്രതി കര്‍ദിനാള്‍ തന്നെ പലപ്പോഴും കുഴപ്പത്തിലായി. മാര്‍ത്തയും മഗ്ദലീന മേരിയും, ജൂഡിത്ത് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്ക് മോഡലായിരുന്നത് കുപ്രസിദ്ധ വേശ്യയായിരുന്ന ഫില്ലദെ മെലദ്രോണിയായിരുന്നു. സ്ത്രീകള്‍ ചിത്രങ്ങള്‍ക്ക് മോഡലാകുന്നത് അന്ന് റോമില്‍ നിയമവിരുദ്ധമായിരുന്നു. മെലദ്രോണിയുടെ ഏജന്റായിപ്പോലും കാര്‍വാജിയോ പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ടായി. തന്റെ ചിത്രങ്ങള്‍ പോലെ ഇരുളും വെളിച്ചവും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ചിത്രകാരനെന്ന പ്രശസ്തി ഒരു ഭാഗത്ത് വളരുമ്പോള്‍ തന്നെ അധോലോകത്തും അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു.
കര്‍ദിനാള്‍ ഡെല്‍ മോണ്ടെയുടെ സ്വാധീനത്തില്‍ വലിയ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ വരയ്ക്കുന്ന ജോലി കാര്‍വാജിയോക്കു ലഭിച്ചു. കോണ്ടെറെല്ലി ചാപ്പലില്‍ അദ്ദേഹം വരച്ച വിശുദ്ധ മത്തായിയെ വിളിക്കുന്നു, വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വം എന്നീ ചിത്രങ്ങള്‍ ഏറെ പ്രശംസനേടി. മോഡലുകളെ അണിനിരത്തിയാണ് കാര്‍വാജിയോ ഈ ചിത്രങ്ങള്‍ വരച്ചത്. 1600ല്‍ റോമിലെ ഏറ്റവും പ്രശസ്തചിത്രകാരനായി അദ്ദേഹം മാറി. സാന്താ മരിയ ഡെല്‍ പൊപോളോവിലെ വിശുദ്ധ പൗലോസിന്റെ പരിവര്‍ത്തനം, വിശുദ്ധ പത്രോസിന്റെ ക്രൂശീകരണം തുടങ്ങിയ ചിത്രങ്ങള്‍ ഈ പ്രശസ്തിക്കു പ്രധാനകാരണമായി.
കര്‍ദിനാള്‍ ജിറോലോമോ മാറ്റേയിയുടെ വസതിയിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ താമസം. ഇവിടെ വച്ച് വരച്ച എമ്മാവൂസിലെ അത്താഴവും ക്രിസ്തുവിന്റെ ഒറ്റിക്കൊടുക്കലും കാര്‍വാജിയോയെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. ദേവാലയങ്ങള്‍ക്കു പുറമേ സ്വകാര്യവ്യക്തികള്‍ക്കു വേണ്ടിയും അദ്ദേഹം വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വരച്ചു. യേശുവിനെ കുരിശില്‍ നിന്ന് താഴെയിറക്കുന്ന ചിത്രമായ ദ എന്‍ടോമ്പ്‌മെന്റ് ഓഫ് ക്രൈസ്റ്റ്, ദ മഡോണ ഓഫ് ലോറെറ്റോ എന്നിവ 1605 കാലഘട്ടത്തിലാണ് വരക്കുന്നത്. ഈ ചിത്രരചനകള്‍ക്കിടയില്‍ പലവട്ടം കാര്‍വാജിയോയും കൂട്ടാളികളും നിയമലംഘനത്തിന് അറസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ ആരാധകരായ പുരോഹിതരുടെ സ്വാധീനം കൊണ്ടാണ് പലപ്പോഴും ജയില്‍മോചിതനാകാന്‍ കഴിഞ്ഞത്. സെന്റ് പീറ്റേഴ്‌സില്‍ അദ്ദേഹം വരച്ച ദ മഡോണ ഓഫ് ദ സര്‍പെന്റ് ഏറെ വിവാദമായി. ഒരു മാസത്തിനു ശേഷം ചിത്രം നീക്കം ചെയ്തു. സാന്താ മരിയ ഡെല്ല സ്‌കാലയില്‍ വരച്ച ഡെത്ത് ഓഫ് മേരി എന്ന ചിത്രത്തിനും ഇതേ ഗതിയായിരുന്നു.
റാനുസിയോ ടോമസോണി എന്ന ചിത്രകാരനുമായി ദീര്‍ഘകാലം നീണ്ട ശത്രുത കാര്‍വാജിയോക്കുണ്ടായിരുന്നു. 1606 മേയ് 28ന് ഇരുവരും തമ്മില്‍ റോമിലെ ഫ്രഞ്ച് അംബാസഡറുടെ വസതിയിലെ കളിക്കളത്തില്‍ വെച്ച് വാക്കേറ്റവും വാള്‍പ്പയറ്റുമുണ്ടായി. കാര്‍വാജിയോയുടെ വാള്‍ എതിരാളിയുടെ ജീവന്‍ അപഹരിച്ചു. റോമില്‍ നിന്നും ഒളിച്ചോടിയ കാര്‍വാജിയോക്കെതിരെ മരണവാറണ്ട് പുറപ്പെടുവിച്ചു. കാര്‍വാര്‍ജിയോയെ വധിച്ച് ശിരസ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. നേപ്പിള്‍സ്, മാള്‍ട്ട, സിസിലി തുടങ്ങിയ സ്ഥലങ്ങളില്‍ കാര്‍വാര്‍ജിയോ ഒളിച്ചുതാമസിച്ചു. അതിനിടയിലും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഗോലിയാത്തിന്റെ ശിരസേന്തിയ ദാവീദ്, വിശുദ്ധ ആന്‍ഡ്രൂവിന്റെ കുരിശാരോഹണം, ദ മഡോണ ഓണ്‍ റോസറി, വിശുദ്ധ യോഹന്നാന്റെ ശിരച്ഛേദം എന്നീ ചിത്രങ്ങള്‍ പലായനസമയത്തേതായിരുന്നു. മാള്‍ട്ടയില്‍ വിശുദ്ധ യോഹന്നാന്റെ ശിരച്ഛേദം എന്ന ചിത്രം അനാവരണം ചെയ്യുന്ന സമയത്തുണ്ടായ തര്‍ക്കത്തിനിടയില്‍ കാര്‍വാജിയോ ഒരു പ്രഭുവിനെ വെടിവച്ച് പരിക്കേല്പിച്ചു. തുടര്‍ന്ന് ജയിലിലടക്കപ്പെട്ടെങ്കിലും അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ടു. സിസിലിയില്‍ എത്തിയ അദ്ദേഹം സാന്താ ലൂസിയയിലെ പ്രശസ്ത ചിത്രം വിശുദ്ധ ലൂസിയുടെ കബറടക്കം വരച്ചു.
1609ല്‍ നേപ്പിള്‍സിലെത്തി. ലാസറിന്റെ ഉയിര്‍പ്പ് എന്ന ഏറെ പ്രശസ്ത ചിത്രം ഇവിടെ വച്ചാണ് വരക്കുന്നത്. ചിത്രം കമ്മീഷന്‍ ചെയ്തതിനു ശേഷം ഒരു ദിവസം തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം ആക്രമിക്കപ്പെട്ടു. മാരകമായി മുറിവേറ്റതിനെ തുടര്‍ന്ന് ശാരീരികമായി ക്ഷീണിതനായി. എങ്കിലും രണ്ടു ചിത്രങ്ങള്‍ കൂടി വരച്ചു. പത്രോസിന്റെ നിഷേധവും, വിശുദ്ധ ഊര്‍സലയുടെ രക്തസാക്ഷിത്വവും. 1610ല്‍ അദ്ദേഹം റോമിലേക്കു തിരിച്ചു. തന്റെ തെറ്റുകള്‍ക്ക് മാപ്പ് ലഭിക്കുമെന്നും ശിക്ഷ ഒഴിവാകുമെന്നും കരുതി. എന്നാല്‍ യാത്രക്കിടയില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലിടയ്ക്കപ്പെടുകയും ചെയ്തു. ജയില്‍ മോചിതനായെങ്കിലും റോമിലേക്കുള്ള യാത്രാമധ്യേ ജൂലൈ 18ന് തന്റെ 38-ാം വയസില്‍ പ്രതിഭാശാലിയായ വഴക്കാളി മരണമടഞ്ഞു.

ബി. എസ് മതിലകം


Tags assigned to this article:
artcarabaggiopainting

Related Articles

പ്രതികരിക്കാം, പ്രതിയാകാം

  വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും വരയിലും നിതാന്ത നിരീക്ഷണത്തിലും നിന്ന് തന്നെ ഒഴിവാക്കരുതെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കാര്‍ട്ടൂണിസ്റ്റ് ശങ്കറോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ക്ക്

മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’

  എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു. ആഴക്കടലിലെ പരിമിതമായ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍

അയോധ്യാവിധിയുടെ വായനാ സാധ്യതകള്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി പരമോന്നത കോടതി നല്‍കിയിരിക്കുന്നു. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് തീര്‍പുണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഒരേസ്വരത്തിലുള്ള വിധി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*