കലാരംഗത്തെ അത്ഭുതപ്രവര്‍ത്തകനായ ക്യാപ്പിസ്റ്റനച്ചന്‍

കലാരംഗത്തെ അത്ഭുതപ്രവര്‍ത്തകനായ ക്യാപ്പിസ്റ്റനച്ചന്‍
കൊച്ചിയിലെ പ്രശസ്തമായ ഒരു കലാകേന്ദ്രം അതിന്റെ സുവര്‍ണദശയില്‍ മിന്നിയിരുന്ന കാലം. ആദരവിന്റെ കൊടുമുടിയില്‍ നില്‍ക്കേ അതിന്റെ അമരക്കാരനായ വൈദികന്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വലിയ സാധ്യതകളുടെ മുന്നില്‍ നിന്ന് അദ്ദേഹം എന്തുകൊണ്ട് പിന്‍വാങ്ങുന്നു എന്ന ചോദ്യവുമായി ഞാനൊരുനാള്‍ അച്ചന്റെ സ്വകാര്യതയില്‍ ഇരുന്നു. അദ്ദേഹം പറഞ്ഞ മറുപടിയുടെ വെട്ടം ഇപ്പോഴും എന്റെ മനസില്‍ നിന്നു മാഞ്ഞിട്ടില്ല: ‘ഞാനിപ്പോള്‍ വല്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. അധികാരികളുടെ പിന്തുണയും വേണ്ടുവോളമുണ്ട്. ദൈവാനുഗ്രഹംകൊണ്ട് വിജയങ്ങളും ഒന്നിനു പിറകെ ഒന്നായി വരുന്നുണ്ട്. എന്നാല്‍ എന്റെ ഈ സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ള ചില അപകടങ്ങളെ ഞാന്‍ കാണുന്നു, ഭയപ്പെടുന്നു. എനിക്ക് വലുതാണ് ഈ പുരോഹിത ദൗത്യം, എന്റെ സമര്‍പ്പണം, മറ്റെന്തിനെക്കാളും!’

ആ യുവവൈദികന്റെ പേരാണ് ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പ്രശസ്ത കലാകേന്ദ്രമായ സിഎസിയുടെ അമരത്ത് ക്യാപ്പിസ്റ്റനച്ചന്‍ ഇരുന്ന ആറുവര്‍ഷക്കാലം സിഎസിയുടെ സുവര്‍ണകാലമായിരുന്നു. ആരും അതുവരെ കാണാന്‍ ധൈര്യപ്പെടാതിരുന്ന സ്വപ്നങ്ങള്‍ അദ്ദേഹം കണ്ടു. ആരും ചെയ്യാന്‍ മടിക്കുന്ന വലിയ വലിയ സര്‍ഗാത്മക സംരംഭങ്ങള്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. വിജയങ്ങളുടെയും പ്രശസ്തിയുടെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ പൗരോഹിത്യത്തെ ഗാഢമായി സ്നേഹിക്കുകയും വിലകല്‍പിക്കുകയും ചെയ്തു എന്നതാണ് ക്യാപ്പിസ്റ്റനച്ചനെ വ്യത്യസ്തനാക്കുന്നത്.

അച്ചന്റെ കലാസപര്യകളും ആത്മീയതയുടെ ആഴവും അടുത്തുനിന്ന് കാണാന്‍ ഭാഗ്യം ലഭിച്ചവരില്‍ ഒരാളാണ് ഞാന്‍. ഞങ്ങളൊരുമിച്ചാണ് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂളില്‍ പഠിച്ചത്. വെവ്വേറെ ഡിവിഷനുകളിലായിരുന്നതിനാല്‍ ഒരിക്കലും സുഹൃത്തുക്കളോ പരിചയക്കാരോ ആയിരുന്നില്ല. വിദ്യാര്‍ത്ഥിയായ ക്യാപ്പിസ്റ്റനെ പ്രാസമൊപ്പിച്ച് പാക്കിസ്ഥാന്‍ എന്ന് സഹപാഠികള്‍ കളിയായി വിളിച്ചിരുന്നത് ഓര്‍ക്കുന്നുണ്ട്. ആ ഓര്‍മയില്‍ നിന്നാണ് ഞങ്ങളുടെ സ്‌കൂള്‍കാലം ഞാന്‍ ഓര്‍ത്തെടുക്കുന്നതും. പിന്നീട് ഇരുവരും വളര്‍ന്നപ്പോള്‍, ഞാന്‍ രോഗക്കിടക്കയില്‍ ദീര്‍ഘനാളുകള്‍ കിടന്ന നാളുകളില്‍ ആശ്വാസമായി ക്യാപ്പിസ്റ്റനച്ചന്‍ എന്റെ അരികിലെത്തി ക്രിയാത്മകമായ ചിന്തകള്‍ കൊണ്ട് ഉന്മേഷഭരിതനാക്കിയിരുന്നതും ഓര്‍ക്കുന്നു. പിന്നെയും ഏറെ നാളുകള്‍ കഴിഞ്ഞാണ് ഞങ്ങള്‍ കലാരംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

ഡല്‍ഹിയിലെ നിസ്‌കോര്‍ട്ടില്‍ (NISCORT) നിന്ന് വിഷ്വല്‍ മീഡിയയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ശേഷം എറണാകളത്ത് മടങ്ങിയെത്തിയ ക്യാപ്പിസ്റ്റനച്ചന്‍ സിഎസിയുടെ ചാര്‍ജ് ഏറ്റെടുത്തശേഷം ഒരിക്കല്‍ എന്നെ വിളിച്ചു. തന്റെ മനസിലുള്ള ഒരു വലിയ സ്വപ്നം അദ്ദേഹം എന്നോട് പങ്കുവച്ചു. അതുവരെ ആരും ചെയ്യാത്ത ഒരു ക്രിസ്മസ് പ്രോഗ്രാം. ആയിരം ഗായകരും അഞ്ഞൂറ് നര്‍ത്തകരും ഒരേ വേദിയില്‍ അണിനിരക്കുന്ന ഒരു വിസ്മയരാവ്. സ്റ്റേജിന്റെ ആകൃതിയെല്ലാം വരച്ച്, ആയിരത്തഞ്ഞൂറ് പേരെ അതില്‍ എങ്ങനെ വിതാനിക്കാം എന്നെല്ലാം പദ്ധതിയിട്ടിരുന്നത് എന്നെ കാണിച്ചു. ഒരു ദിവാസ്വപ്നം കാണുന്നയാളെ പോലെ ഞാന്‍ മിഴിച്ചിരുന്നു. ഇതെങ്ങനെ സംഭവിക്കും? ഞാന്‍ മനസിലോര്‍ത്തു. പലരും അങ്ങനെ തന്നെ നെറ്റി ചുളിച്ചു ചോദിച്ചു. എന്നാല്‍ ആ സ്വപ്നം അത്ഭുതം പോലെ യാഥാര്‍ത്ഥ്യമാകുന്നതിന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ഗിന്നസ് റെക്കോര്‍ഡിന്റെ പരിഗണനയില്‍ വരെ എത്തിയ ക്രിസ്മസ് അറ്റ് കൊച്ചിന്‍ എന്ന ആ ഗംഭീര ക്രിസ്മസ് പരിപാടി ചരിത്രമായി.


സിഎസിയുടെ മാത്രമല്ല കൊച്ചി നഗരത്തിന്റെയും ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെട്ട ഇരുപതോളം അനുപമമായ കലാവിരുന്നുകളുടെ തുടക്കം മാത്രമായിരുന്നു ക്രിസ്മസ് അറ്റ് കൊച്ചിന്‍. ജോബ് മാസ്റ്റര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടു നടത്തിയ ഗാനസന്ധ്യ അല്ലിയാമ്പല്‍, യശ്ശശരീരനായ കൊര്‍ണേലിയൂസ് പിതാവിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഇലഞ്ഞിമരത്തണലില്‍, വയലിനും ചെല്ലോയും ഡബിള്‍ ബാസും ഉള്‍പ്പെടെയുള്ള തന്ത്രിവാദ്യങ്ങള്‍ സമ്മേളിച്ച ബോ ആന്‍ഡ് സ്ട്രിംഗ്സ്, നോമ്പുകാലത്തെ ധ്യാനസാന്ദ്രമാക്കിയ വ്യത്യസ്തമായ കുരിശിന്റെ വഴി അവതരണം എന്റെ പിഴ, സിനിമാഗാനങ്ങളെ കുരിശിന്റെ വഴി സന്ദേശവുമായി കോര്‍ത്തിണക്കിയ ഫോര്‍ട്ടീന്‍ മ്യൂസിക്കല്‍ സ്റ്റേഷന്‍സ്, അന്തരിച്ച വയലിനിസ്റ്റ് രാജേന്ദ്രന്‍ മാസ്റ്ററുടെ ചികിത്സാര്‍ത്ഥം നടത്തിയ കാര്‍ണിവല്‍ അറ്റ് കൊച്ചിന്‍, വരാപ്പുഴ അതിരൂപതയുടെ ശതോത്തര ജൂബിലിയോടനുബന്ധിച്ച് നടത്തിയ അമ്മമരം എന്ന സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ആഗോള സഭയുടെ വിശ്വാസവര്‍ഷത്തില്‍ നടത്തിയ ഐ ബിലീവ് എന്ന സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, സിഎസി സണ്‍ഡേ തിയറ്റര്‍ തുടങ്ങിയവ സിഎസിക്കാലത്ത് അച്ചന്റെ കലാസംരംഭങ്ങളാണ്.

നാലു ദിവസം നീണ്ടുനിന്ന പരിപാടിയായിരുന്നു കാര്‍ണിവല്‍ അറ്റ് കൊച്ചിന്‍. കേരളീയ നാടന്‍കലാരൂപങ്ങള്‍ മുതല്‍ റോക്ക് ബാന്‍ഡ് വരെയുള്ള കലാവൈവിധ്യങ്ങളുടെ സമ്മേളനം. രാജേന്ദ്രന്‍ മാസ്റ്ററുടെ ചികിത്സാര്‍ത്ഥം നടത്തിയ ഈ പരിപാടി നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ ഒരു പ്രകടനം കൂടിയായിരുന്നു. എല്ലാ കലാകാരന്മാരും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ആ പരിപാടിയുടെ ഭാഗമായത്.

കൊച്ചി നഗരത്തെ വിസ്മയക്കാഴ്ചകള്‍ കൊണ്ട് അമ്പരപ്പിച്ച രണ്ട് ഗംഭീര സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളായിരുന്നു, അമ്മമരവും ഐ ബിലീവും. നാനൂറ് നടീനടന്മാര്‍ ഒരു വേദിയില്‍ അണിനിരന്ന അമ്മമരം പറഞ്ഞത് വരാപ്പുഴ അതിരൂപതയുടെ ചരിത്രമായിരുന്നു. പഴയ കാലവും കഴിഞ്ഞുപോയ സംഭവങ്ങളും കൊച്ചിക്കാരുടെ മുന്നില്‍ അഴകോടെ പുനര്‍ജനിച്ചു. ഗാനങ്ങളും ദൃശ്യങ്ങളും എല്ലാം വിസ്മയകരമായി ഇഴചേര്‍ത്ത് വിവിധ വേദികളില്‍ കാലം നടനവേദിയില്‍ നിറഞ്ഞു. വിശ്വാസ വര്‍ഷത്തില്‍, അബ്രഹാം മുതല്‍ വിശ്വാസത്തെ മുറുകെപിടിച്ച വിശുദ്ധന്മാരുടെ ജീവിതം സാങ്കേതികവിദ്യയുടെ മികവോടെ അവതരിപ്പിച്ച സൈറ്റ് ആന്‍ഡ് ഷോ ആണ് ഐ ബിലീവ്. അറുന്നൂറോളം നടീനടന്മാര്‍ രംഗത്ത് അണിനിരന്ന ഈ പരിപാടി പത്തു ദിവസങ്ങളിലായി കണ്ടത് അമ്പതിനായിരത്തോളം പേരാണ്. അസാധാരണ തിരക്കു കാരണം റോഡ് ബ്ലോക്ക് ആകുന്ന സ്ഥിതി വരെയുണ്ടായി.

സിഎസിയില്‍ നിന്ന് സ്ഥാനമൊഴിഞ്ഞതിനുശേഷവും ക്യാപ്പിസ്റ്റനച്ചന്റെ കലാസപര്യകള്‍ അനുസ്യൂതം തുടരുകതന്നെ ചെയ്യുന്നു. വൈപ്പിന്‍ ദ്വീപിലെ ഒരു ചെറിയ ഇടവകയിലേക്ക് മാറിയ ശേഷം അച്ചന്‍ പെരുമ്പിള്ളി അസീസി വിദ്യാനികേതന്‍ സ്‌കൂളിനു വേണ്ടി മൂന്നു പ്രോഗ്രാമുകള്‍ ചെയ്തു. ശുചിത്വസന്ദേശം പകര്‍ന്ന ഐ ആം ദ് ചെയ്ഞ്ച്, എപിജെ അബ്ദുള്‍ കലാമിന്റെ ജീവതസന്ദേശം പകര്‍ത്തിയ സലാം കലാം, ലൈറ്റ് ആക്ഷന്‍ കാമറ എന്നിവ. മൂന്നും വ്യത്യസ്തമായ പരിപാടികള്‍. ഒരു സ്‌കൂള്‍ വാര്‍ഷികം കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടുന്ന അവസ്ഥ വരെ വന്നു.  ഇതില്‍ ഐ ആം ദ് ചേയ്ഞ്ച് സ്‌കൂളില്‍ വച്ചു കാണാനിടയായ അന്നത്തെ എറണാകുളം കളക്ടര്‍ രാജമാണിക്യം ആ പരിപാടി കൊച്ചിക്കാര്‍ മുഴുവന്‍ കാണണം എന്നു പറഞ്ഞ് എറണാകുളത്തെ പ്രധാന വേദിയായ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് സൗജന്യമായി വിട്ടുനല്‍കിയതും ചരിത്രം. സമാന്തരമായി കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് പാട്ടും പടവും പറച്ചിലും എന്ന പേരില്‍ ഗാനങ്ങളും ചെറുചിന്തകളും ഹ്രസ്വചിത്രങ്ങളും കോര്‍ത്തിണക്കി വ്യത്യസ്തമായ ഒരു പരിപാടി കൂടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചു.


ഇപ്പോള്‍ എരൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരിയായി സേവനം ചെയ്യുന്ന ക്യാപ്പിസ്റ്റനച്ചന്‍ തന്റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പള്ളി വക സെമിത്തേരിയെ അദ്ദേഹം അഭൗമ സൗന്ദര്യവും അനുഭൂതിയും വിടരുന്ന ഉപവനമാക്കി മാറ്റിയിരിക്കുന്നു. കണ്ടു പരിചയിച്ച സെമിത്തേരി ചിത്രങ്ങളെ പാടെ മായ്ച്ചുകളയുന്ന രൂപകല്പനയാണ് സ്റ്റില്‍ വാട്ടേഴ്സ് എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ സെമിത്തേരിയുടേത്. പരമ്പരാഗതമായി ഭയവും വിഷാദവും ഉണര്‍ത്തുന്ന സെമിത്തേരികളാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ സ്റ്റില്‍ വാട്ടേഴ്സ് നല്‍കുന്നത് മെഡിറ്റേറ്റീവായ, ശാന്തി പകരുന്ന വേറിട്ടൊരു അനുഭവമാണ്.

ബിഹാറിലെ ബഗല്‍പൂരില്‍ അച്ചന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഗംഭീരമായ ഒരു സൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് പുതിയ പരിപാടികളില്‍ പ്രധാനപ്പെട്ടത്. ഉഡ്നേ ദോ (ഞങ്ങള്‍ ഉയര്‍ന്നു പറക്കട്ടെ) എന്ന പേരില്‍ അവിടെയുള്ള സ്‌കൂളിനു വേണ്ടി ഒരുക്കിയ പരിപാടിയുടെ തിരക്കഥ മുഴുവന്‍ അച്ചന്‍ ഹിന്ദിയില്‍ എഴുതി തയ്യാറാക്കുകയായിരുന്നു. 1,600 കുട്ടികളാണ് പരിപാടിയുടെ ഭാഗമായത്! അഞ്ചു സ്റ്റേജുകളിലായി ഏഴ് കഥകളെ അവതരിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു നല്‍കുന്ന സമ്മാനവും സന്ദേശവും എന്ന നിലയിലാണ് അവതരിപ്പിച്ചത്.

ഗാനചിത്രീകരണങ്ങളാണ് അച്ചന്റെ ഏറ്റവും പുതിയ ഉദ്യമങ്ങള്‍. ലോക്ഡൗണ്‍കാലത്ത് വേനി ക്രെയാത്തോര്‍ സ്പിരിത്തൂസ് എന്ന പേരില്‍ വൈദികരെ അണിനിരത്തി അണിയിച്ചൊരുക്കിയ അതിമനോഹരമായ ഗാനാവതരണവും പള്ളിക്കൂട്ട് എന്ന സംഗീത ആല്‍ബവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റുകളാണ്. കലാസ്നേഹികളെ അത്ഭുതപ്പെടുത്തുന്ന പുതിയ സംരംഭങ്ങള്‍ക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.


Related Articles

കടലില്‍ വലിയ തിരകള്‍ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം:  ഇന്ന് വൈകുന്നേരം 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ

വറുതിയും വരൾച്ചയും വരുന്നോ

കാരൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഉതുപ്പാന്റെ കിണര്‍ നാളുകള്‍ക്കുശേഷം വീണ്ടും വായിച്ചു. കാലത്തെ കടന്നുകാണുന്ന സാഹിത്യത്തിന്റെ ഉജ്വലമായ കണ്ണ്. മഹത്തായ കലാരചനകള്‍ ഭാവിയെ എത്ര കൃത്യതയോടെ പ്രവചിക്കുന്നു! സ്വന്തമായി

ലത്തീന്‍ സമുദായത്തിന് അധികാരപങ്കാളിത്തം നിഷേധിക്കപ്പെടുന്നു – ഷാജി ജോര്‍ജ്

  കൊല്ലം: രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ലത്തീന്‍ സമുദായത്തെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*