കലാലയങ്ങള്‍ കൊലക്കളങ്ങളാകുമ്പോള്‍

കലാലയങ്ങള്‍ കൊലക്കളങ്ങളാകുമ്പോള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് കാന്റീനില്‍ അഖില്‍ ചന്ദ്രനും കൂട്ടുകാരും ചേര്‍ന്ന് പാട്ടുപാടി. പാട്ട് പ്രശ്‌നമായി. ഈ പാട്ട് നിന്റെ വീട്ടില്‍ പാടിയാല്‍ മതിയെന്ന് എസ്എഫ്‌ഐ വനിതാ നേതാവ്. തര്‍ക്കംമൂത്ത് സംഘഷര്‍മായി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ച് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് അഖിലിനെ കുത്തിവീഴ്ത്തി. മാരകായുധങ്ങളുമായി ഭീകരതാണ്ഡവമാടി. അനേകം വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിച്ചു.
ഒന്നര മണിക്കൂറോളം കലാപഭൂമിയായി മാറിയ കലാലയത്തിലെ പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരന്‍ ഇതൊന്നുമറിയാതെ കര്‍ത്തവ്യനിരതനായി മാളത്തില്‍ ഒളിച്ചിരുന്നു. കോളജിലെ യൂണിയന്‍ ഓഫീസില്‍ മാത്രമല്ല പലയിടത്തും വടിവാള്‍, കത്തി, കഠാര, സൈക്കിള്‍ ചെയിന്‍, കല്ലും കട്ടയും പാറക്കല്ലുകളും സൂക്ഷിച്ചിരിക്കുന്നു.
ഇതൊന്നും കോളജ് അധികാരികള്‍ക്കോ ക്രമസമാധാനപാലകര്‍ക്കോ അറിയാത്തതല്ല. യുജിസി ഫണ്ടോടെ നിര്‍മിച്ച കെട്ടിടം പാര്‍ട്ടിയുടെ ഇടിമുറിയായി മാറിയതും അധ്യാപകര്‍ക്ക് അറിയാവുന്നതാണ്. അവരുടെ പ്രത്യേക പരിഗണനയും പിന്‍തുണയും ഈ കുറ്റവാളികളോടൊപ്പമുണ്ട്. കോളജ് ഹോസ്റ്റലുകള്‍ പോലും പാര്‍ട്ടി ഓഫീസിന്റെ ഭാഗമായി മാറുന്നു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നഗരത്തില്‍ അക്രമങ്ങള്‍ നടത്തി പോലീസിന്റെ പിടിയിലാകുമ്പോള്‍ ഏമാന്‍മാരുടെ മുട്ടുവിറക്കും. നട്ടെല്ലോടെ നില്‍ക്കുന്ന പൊലീസിന്റെ മുന്നില്‍ ഭീഷണിയായി സഖാക്കളും നേതാക്കന്മാരും എത്തും. ലാഘവബുദ്ധിയോടെ അവരെ ലോക്കപ്പില്‍ നിന്നു ഇറക്കിക്കൊണ്ടുപോകും.
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയുടെ വീട്ടില്‍നിന്നു നിരവധി പരീക്ഷ കടലാസുകളും വ്യാജസീലും പിടിച്ചെടുത്തു. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ ബന്ധുക്കള്‍ എതിരേറ്റത് മാരകായുധങ്ങളുമായിട്ടാണ്. പൊലീസ് അപ്പോഴും നോക്കുകുത്തികളായി, നിര്‍വികാരരായി നിന്നിരുന്നു.
ഒന്നാം പ്രതി ശിവരഞ്ജിത്തിന് പിഎസ്‌സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കും കൂട്ടുപ്രതി നസീം 28-ാം റാങ്കുകാരനുമാണ്! ഇവരൊക്കെ പൊലീസില്‍ വന്നാല്‍ ക്രമസമാധാനം ഉറപ്പായും പാലിക്കപ്പെടും! കത്തിയും കഠാരയും കമ്പിപ്പാരയും ഉപയോഗിച്ച് നിയമം നടപ്പില്‍ വരുത്തും!
പകരക്കാരെ വച്ച് പരീക്ഷയെഴുതി ജോലിയും നേടും, ഉന്നത ഉദ്യോഗസ്ഥനുമാകും. സഹപാഠികളായ പെണ്‍കുട്ടികളുടെ സ്വര്‍ണമാലയും മറ്റും ബലമായി പിടിച്ചെടുത്ത് പണയംവയ്ക്കും, വില്‍ക്കും. ചോദ്യം ചെയ്താല്‍ പഠനവും ജീവിതവും തീര്‍ന്നു.
വിദ്യാര്‍ഥി സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളും നല്ലതാണ്. പക്ഷേ ജനാധിപത്യത്തെയും മനുഷ്യത്വത്തെയും അവഗണിക്കുന്ന ശൈലി നാടിനാപത്താണ്. കേരളം, ദൈവത്തിന്റെ സ്വന്തം നാട്, ഏതാനും പിശാചുക്കള്‍ ഭരിക്കുന്ന നരകമായി മാറുന്നതു നാം കാണേണ്ടിവരുന്നു. പാര്‍ട്ടി നേതാക്കളുടെ തണലില്‍ വിലസുന്ന ഇത്തരം നിഷ്ഠുരജന്മങ്ങളെ തിരിച്ചറിയാനും തിരുത്തുവാനും വലിയ നേതാക്കന്മാര്‍ക്ക് കഴിയണം.
കലാലയം പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും പൊന്‍വാതിലാണ്. വളരുവാനും വളര്‍ത്തുവാനും സമൂഹം ഒരുക്കുന്ന പൊതുവേദി.
കൊച്ചി നഗരത്തിലെ പ്രമുഖമായ കലാലയമാണ് മഹാരാജാസ് കോളജ്. പ്രധാന കവാടത്തില്‍ വലിയ ചുവന്ന അക്ഷരങ്ങളില്‍ കുറിച്ചുവയ്ക്കുന്നത് ”ചെങ്കോട്ടയിലേക്ക് സ്വാഗതം”.
മറ്റു സംഘടനാ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ അനുവദിക്കുകയില്ല. ഇവിടെ ഞങ്ങള്‍ തീരുമാനിക്കും, നിങ്ങള്‍ അനുസരിക്കും. അഭിപ്രായ സ്വാതന്ത്ര്യം ഇവിടെ ആവശ്യമില്ല. നിങ്ങളെ നിലയ്ക്കുനിര്‍ത്തുവാന്‍ ഇടിമുറികളുണ്ട്. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ടിസി വാങ്ങിപ്പോയത് 187 വിദ്യാര്‍ഥികളാണ്. വിദ്യാഭ്യാസവകുപ്പിന്റെ മൂക്കിനുതാഴെയാണ് ഇത്തരത്തിലുള്ള ദുരന്തം അരങ്ങേറുന്നത്. ഈ അടുത്തകാലത്ത് ഒരു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
2016ല്‍ പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പലിന് കുഴിമാടം ഒരുക്കിയതും പിന്നീട് വിവാദമായതും നാം മറക്കരുത്. 2017ല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് അപമാനിച്ചതും നമുക്ക് മറക്കാനാവില്ല. അതേ മഹാരാജാസ് കോളജില്‍ വച്ച് അഭിമന്യുവിനെ കൊല ചെയ്തതും പാര്‍ട്ടി ന്യായീകരിക്കുന്നത് നാം കണ്ടതും കേട്ടതുമാണ്.
പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ സ്വന്തം മക്കളെ അന്യനാട്ടില്‍ പഠിക്കാന്‍ അയച്ചിട്ട് പാവപ്പെട്ടവന്റെ മക്കളെ ബലിമൃഗങ്ങളായി കൊലയ്ക്ക് കൊടുക്കുന്നതും നാം നിര്‍വികാരതയോടെ നിസഹായാവസ്ഥയില്‍ നോക്കിക്കാണുന്നു.
പുസ്തകവും പേനയും എടുക്കേണ്ട കൈകളില്‍ കത്തിയും കഠാരയും വടിവാളും എടുക്കുമ്പോള്‍ നമ്മുടെ മക്കള്‍ കൊലപാതകികളും അകാലത്തില്‍ പൊലിഞ്ഞ ജീവന് പകരം വയ്ക്കാന്‍ ഒന്നുമില്ല. ഒരു കുടുംബത്തിന്റെ, നാടിന്റെ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിയുന്നത്.

ജയപ്രകാശ്


Related Articles

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:-

ഓര്‍ഡിനറി

മാതൃഭൂമി ബുക്സ് 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഓര്‍ഡിനറി. അതേ വര്‍ഷം തന്നെ മൂന്നു പ്രാവശ്യം ഈ ഗ്രന്ഥം റീപ്രിന്റ് ചെയ്തു. ഇതെഴുതുമ്പോള്‍ ‘ഓര്‍ഡിനറി’ മാതൃഭൂമി ബുക്സില്‍ നിന്നും

സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം സംസാരിക്കുന്നു

ഞാൻ സുശാന്ത് സിങ്ങ് രാജ്പുട്ടിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ മരണം എന്നെയും വേദനിപ്പിക്കുന്നു. അയാൾ സ്വയം മരണത്തിലേക്ക് നടന്നതാവാം എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*