കളക്ടറെ ചെല്ലാനത്ത് തടഞ്ഞു

കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ചെല്ലാനത്ത് മുന്നൂറോളം ഭവനങ്ങളില്‍ കടല്‍ വെള്ളം കയറി. കടല്‍ ആക്രമണം ആരംഭിച്ച് മൂന്നാം ദിവസമായ ഇന്ന് കടപ്പുറം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയെ ജനങ്ങള്‍ തടഞ്ഞ് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും തീരദേശവാസികളെ ഇറക്കി വിട്ടിരുന്നു. കളക്ടറുടെയും സ്ഥലം എംഎല്‍എയുടെയും കടുത്ത അനാസ്ഥയാണ് തീരത്ത് ദുരിതമാകാന്‍ കാരണമെന്ന്് ജനങ്ങള്‍ ചൂണ്ടിക്കാട്ടി. പല പ്രാവശ്യം കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കളക്ടറെ സമീപിച്ചിരുന്നെങ്കിലും അനുകൂല സമീപനം ഒരിക്കല്‍ പോലും ഉണ്ടായില്ല. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ എംഎല്‍എയും ജനങ്ങളെ കൈ ഒഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് എന്ന് ജനങ്ങള്‍ ദുരിതാശ്വാസക്യാമ്പില്‍ സമരം നടത്തിയപ്പോള്‍ കടല്‍ഭിത്തി നിര്‍മ്മിക്കുവാന്‍ എട്ടു കോടി രൂപ അനുവദിച്ചിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കടല്‍ഭിത്തിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഭരണകൂടത്തിനായില്ല. ഇതിനിടെ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ ക്യാമ്പ് സെന്റ് മേരീസ് സ്കൂളില്‍ ആരംഭിച്ചുവെങ്കിലും, ഭവനങ്ങളില്‍ കടല്‍ വെള്ളം കയറിയവരാരും ക്യാമ്പുകളിലേക്ക് പോകുവാനായി തയ്യാറായിട്ടില്ല. ചെല്ലാനത്തെ സ്ഥിതി അതിരൂക്ഷമായി തുടരുമ്പോഴും ഭരണാധികാരികളും ഉദ്യോഗസ്ഥരും കടുത്ത അനാസ്ഥയും കുറ്റകരമായ മൗനവും തുടരുകയാണെന്ന് ജനം ആരോപിക്കുന്നു.