Breaking News

കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം

കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം

പുതുവര്‍ഷത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നവര്‍ക്കെല്ലാം കണക്കിനു കിട്ടി. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും അടിയും ഇടിയുമെല്ലാം ഒന്നുമല്ല മോനേ…എന്നു നടുംപുറത്ത് ഉണ്ടംപൊരി കണക്കെ വീര്‍ത്ത മുഴ കാണിച്ചു കൊണ്ട് സുഹൃത്തു മൊഴിഞ്ഞു. പറയുന്നതില്‍ കാര്യമുണ്ടെന്ന് സംഘികളുടെ ഹര്‍ത്താലിന്റെ പിറ്റേന്ന് പ്രസ് ക്ലബ്ബുകളായ ക്ലബ്ബുകളിലെല്ലാം(ഡല്‍ഹിമുതല്‍) സംഘടിപ്പിച്ച വിലാപയോഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിക്രൂരമായ മര്‍ദനമെന്ന് പിണറായി വിജയനോ ശ്രീധരന്‍പിള്ളയോ രമേശ് ചെന്നിത്തലയോ അപലപിച്ചു കണ്ടില്ല. സ്വന്തം അണികളെ ആശുപത്രിയിലും ജയിലിലും സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു ബഹുമാനപ്പെട്ട നേതാക്കളെന്ന് ആശ്വസിക്കാം. കാരണം നാലാംതൂണു തകര്‍ന്നാല്‍ ജനാധിപത്യം തരിപ്പണമാകുമെന്ന് അറിയാത്തവരല്ലല്ലോ ഇവരൊന്നും.
സംഘിയടി 2018ലേ തുടങ്ങിയിരുന്നു. അതിനുമുമ്പ് ട്രേഡ് യുണിയന്‍കാര്‍, റിസോര്‍ട്ട് ഉടമകള്‍, വക്കീലന്മാര്‍ തുടങ്ങിയവര്‍ പത്രക്കാരെ ആവേശപൂര്‍വം തല്ലി ആശ തീര്‍ത്തവരാണ് നാലു തെറിയെങ്കിലും പറയാത്ത ഒരു വിഭാഗവും ഇല്ലെന്നു പറയാം. പിന്നീട് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതെ പ്രതിരോധമുയര്‍ത്തിയപ്പോള്‍ വഴിയില്‍ കാമറയും മൈക്കും തൂലികയും പിടിച്ചു നിന്നവരെയെല്ലാം നന്നായി തന്നെ സംഘികള്‍ കൈകാര്യം ചെയ്തിരുന്നു. നല്ല ഒന്നാന്തരം ധര്‍മത്തല്ല്. സ്വാമിയേ അയ്യപ്പോ എന്ന ശരണംവിളികള്‍
പശ്ചാത്തലസംഗീതവുമായി. എറണാകുളത്തു നിന്നും മലകയറാന്‍ പോയ ഫൊട്ടോഗ്രാഫര്‍ അദ്ഭുതപ്പെട്ട് പറഞ്ഞു,” എന്തിനാണ് ഇങ്ങനെ ഇടിക്കുന്നതെന്നു മാത്രം മനസിലായില്ല.” ചിത്രംപകര്‍ത്തുന്ന ജോലിക്കാരനായ മാന്യദേഹം അദ്ഭുതപ്പെട്ടതില്‍ അല്പം അതിശയോക്തിയില്ലേ!. അല്പം പിറകോട്ട് തിരിഞ്ഞു നോക്കിയാല്‍ മാത്രം മതി. ശബരിമലയില്‍ പെണ്ണായി പിറന്ന ആര്‍ക്കും കയറി അയ്യപ്പനെ ദര്‍ശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായ ദിവസം മുതല്‍ ഫിലിം റിവൈന്‍ഡ് ചെയ്യണം.
വിധി ദിവസം എല്ലാവരുമതിനെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു. ബിജെപി, ആര്‍എസ്എസ്, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലെ നേതാക്കളെല്ലാം യുവതീപ്രവേശനത്തില്‍ സന്തുഷ്ടര്‍. പിറ്റേ ദിവസത്തെ ജന്മഭൂമി പത്രത്തിന്റെ ഒന്നാം പേജിലെ വെണ്ടയ്ക്ക തന്നെചരിത്രവിധി എന്നായിരുന്നു. അതൊരു ചതിച്ചവിധിയാണെന്ന് 48 മണിക്കൂറിനുള്ളില്‍ നേതാക്കള്‍ തിരിച്ചറിഞ്ഞത് ചാനലുകാരുടെ അപാര കഴിവായിരുന്നു. ബിജെപിക്ക് ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വഴിയൊരുക്കിയതിന് പ്രധാന കാരണക്കാര്‍ മാധ്യമങ്ങളായിരുന്നുവെന്ന് നിസംശയം പറയാം. ഇടതുമുന്നണിക്കോ ദേവസ്വം ബോര്‍ഡിനോ ദേവസ്വം മന്ത്രിക്കോ പ്രത്യേകിച്ചൊരഭിപ്രായവും മൊഴിയാനുണ്ടായിരുന്നില്ല. യുവതികള്‍ കയറുന്നത് നല്ലത്, കയറിയില്ലെങ്കില്‍ അതിനേക്കാള്‍ നല്ലത് എന്ന പക്ഷക്കാരായിരുന്നു അവര്‍. പിണറായി വിജയന്‍ തന്റെ പ്രളയസഹായ സഞ്ചിയുമായി വിദേശത്തായിരുന്നു താനും. മാന്യദേഹം തിരിച്ചുവന്നതിനു ശേഷമുണ്ടായ എല്ലാ ക്രിയകള്‍ക്കും മലയാളികള്‍ സാക്ഷിയാണല്ലോ.
കുഴി കുഴിക്കുമ്പോള്‍ അതില്‍ താന്‍ തന്നെ വീഴുമെന്ന് പത്രക്കാരൊന്നും ചിന്തിച്ചു കാണില്ല. അപ്പപ്പോള്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ അടിച്ചുചാമ്പിക്കും. സാങ്കല്പിക സാഹിത്യമാണോ വാര്‍ത്തയാണോ എന്നു പലപ്പോഴും തിരിച്ചറിയാന്‍ പ്രേക്ഷകന് കഴിയില്ല. പിറ്റേദിവസത്തെ പത്രത്തില്‍ എന്തെങ്കിലുമൊക്കെ വ്യത്യാസം കാണുമെന്നു പ്രതീക്ഷിച്ചാല്‍ അതും കണക്കാകും. (വാര്‍ത്ത എന്നത് വായിക്കാന്‍ കൊള്ളാത്തതും സാഹിത്യമെന്നത് വായിക്കാന്‍ പറ്റാത്തതുമാണെന്ന് ഓസ്‌കര്‍ വൈല്‍ഡ് വളരെ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.)അവനെ മറിടകടക്കാന്‍ മറ്റവന്‍ അതിനേക്കാള്‍ വലിയ ബ്രേക്കിംഗ് കൊണ്ടുവരും. രാത്രി അന്തവും കുന്തവുമില്ലാത്തവന്മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവരുത്തി വായില്‍ തോന്നിയത് പറയിപ്പിക്കുംപരസ്പരം തെറിവരെ. അതിന്റെയൊക്കെ അവസാനഫലം കിട്ടുന്നത് റിപ്പോര്‍ട്ടര്‍മാര്‍ക്കും കാമറക്കാര്‍ക്കും വണ്ടിയുടെ െ്രെഡവര്‍മാര്‍ക്കുമൊക്കെയാണ്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കവിതയില്‍ യുദ്ധത്തിനു കൊഴുപ്പുകൂട്ടാനെത്തിയ ചെണ്ടക്കാരും അടിമേടിച്ച് മണ്ടുന്നതുപോലുള്ള അനുഭവം. പിന്നെ കരച്ചിലും പിഴിച്ചിലുമായി. മാനേജ്‌മെന്റുകള്‍ കൂടെ നില്‍ക്കുമെന്ന് ഇപ്പോള്‍ ബുദ്ധിയുള്ള ഒരു മാധ്യമപ്രവര്‍ത്തകനും സ്വപ്‌നം പോലും കാണില്ല. അടിയും ഇടിയും മേടിക്കുകയോ വെള്ളത്തില്‍ മുങ്ങിച്ചാകുകയോ ഒക്കെ നിങ്ങക്കടെ കാര്യം…നൊമ്മക്ക് വാര്‍ത്ത വേണം..എന്നു മാത്രമാണ് അവര്‍ക്കു പറയാനുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്ലു കിട്ടിയ വാര്‍ത്തപോലും പിറ്റേദിവസത്തെ പത്രത്തില്‍ കണ്ടുപിടിക്കാന്‍ പെടാപ്പാട് പെടണം. അതേ പത്രത്തില്‍ തന്നെ തല്ലിയവരെ മറ്റു കാര്യങ്ങളില്‍ വാനോളം പുകഴ്ത്തുകയും ചെയ്യും.
ഒരു തൊഴിലെന്ന നിലയില്‍ മാധ്യമ രംഗത്തേക്ക് കടന്നുവരാന്‍ യുവാക്കള്‍ മടിക്കുന്നത് ഇവിടുത്തെ സാമ്പത്തികപരാധീനതകള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞുമാണ്. ചാനലുകളാണ് അല്പം ആശ്വാസം. ശമ്പളം കുറഞ്ഞാലും നാലാള്‍ അറിയുമല്ലോ എന്ന ചിന്ത. അടിയും ഇടിയുമേറ്റ്, നാട്ടാരുടെ തെറികേട്ട് ഇനിയും ഈ രംഗത്ത് തുടരണോ എന്ന് പലരും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതല്ലെങ്കില്‍ തെറിക്കു തെറി പറയാന്‍ തക്ക മനോധൈര്യമുണ്ടെങ്കില്‍ അവതാരകരാകാം. കാര്യമായ വിവരമൊന്നും വേണമെന്നില്ല. പല തൂണും തകരുമ്പോള്‍ ഈ തൂണിന് അല്പസ്വല്പം വിള്ളല്‍ വീണാലും കുഴപ്പമില്ലെന്നേ!.


Tags assigned to this article:
bejo silveryjournalismmedia

Related Articles

ദുരന്തങ്ങളില്‍ കൈത്താങ്ങായ് നിഡ്സ്

മനുഷ്യനെ ദൈവം സൃഷ്ടിച്ചത് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിച്ചും ആദരിച്ചും പരിപാലിച്ചും ജീവിക്കേണ്ടതിനാണ്. ഇത്തരത്തില്‍ ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ കൂട്ടിയിണക്കി

വന്‍സ്രാവുകള്‍ വിഴുങ്ങട്ടെ ആ ദേശീയ നയം

  കൊച്ചി മത്സ്യബന്ധന തുറമുഖം ലോകനിലവാരമുള്ള സാമ്പത്തിക ഹബായി വികസിപ്പിക്കും, ഉള്‍നാടന്‍ ജലപാതകളിലും നദീതീരങ്ങളിലും ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും പണിതീര്‍ക്കും എന്ന കേന്ദ്ര ബജറ്റിലെ

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*