കാമ്പസില്‍ ചോരക്കളി രാഷ്ട്രീയമെന്തിന്?

കാമ്പസില്‍ ചോരക്കളി രാഷ്ട്രീയമെന്തിന്?

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം നെടുകെ പിളര്‍ന്ന് എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്കേ ഗേറ്റിനടുത്ത് മരിച്ചുവീണ ഇരുപതുകാരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ ദാരുണാന്ത്യം ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. പിറ്റേന്ന് കലാലയത്തിലെത്തുന്ന നവാഗതരെ വരവേല്‍ക്കുന്നതിനുള്ള ഒരുമ്പാടിനിടെ ചുവരെഴുത്തിനെച്ചൊല്ലി കലശല്‍കൂട്ടി സംഘര്‍ഷത്തിന്റെ മറപിടിച്ച് കാമ്പസിനു വെളിയില്‍ നിന്നുള്ള തീവ്രവാദി സംഘം ആസൂത്രിതമായി കൊലക്കത്തി വീശുകയായിരുന്നു എന്ന പച്ച പരമാര്‍ഥം കേരള സമൂഹത്തെ പിന്നെയും നടുക്കി.
‘വര്‍ഗീയത തുലയട്ടെ’ എന്ന തന്റെ അവസാനത്തെ ചുവരെഴുത്തില്‍ സ്വന്തം ഹൃദയരക്ത മുദ്ര ചാര്‍ത്തിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ വീരഗാഥയ്ക്ക് പെറ്റമ്മയുടെ കരളുപിളര്‍ക്കുന്ന വിലാപത്തിന്റെ നോവും വിങ്ങലുമാണ് പ്രലാപഗീതം: ‘നാന്‍ പെറ്റ മകനേ, എന്‍ അരുമൈ, എന്‍ രാശാ…എന്നെ വിട്ടുപോയിട്ടേയേ…’
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി വട്ടവട കൊട്ടക്കാമ്പൂര്‍ മലയോര ഊരിലെ കൊടുംദാരിദ്ര്യത്തിന്റെ ഒറ്റമുറി വീട്ടില്‍ നിന്ന് കൊച്ചി നഗരത്തിലെ രാജകീയ കലാലയത്തില്‍ രസതന്ത്രത്തില്‍ ബിരുദപഠനത്തിന് എത്തിയ അഭിമന്യു താന്‍ പിന്നിട്ട വഴികളിലെല്ലാം പ്രകാശം പരത്തി, തന്റെ ജീവിതക്ലേശങ്ങള്‍ക്കിടയിലും പുഞ്ചിരി മായാത്ത മുഖവും ഹൃദയം നിറയെ നന്മയുമായി നാട്ടാര്‍ക്കും കാമ്പസിലെ സഹപാഠികള്‍ക്കും പ്രിയങ്കരനായ സഖാവായിരുന്നു എന്നറിഞ്ഞാണോ പാതിരായ്ക്ക് കൊലയാളി സംഘം അവന്റെ നെഞ്ചിലേക്ക് നിഷ്ഠുരമായി കഠാര കുത്തിയിറക്കിയത്? പഠനത്തിലും സംഘടനാപ്രവര്‍ത്തനത്തിലും മനുഷ്യബന്ധങ്ങളിലും പ്രത്യാശയര്‍പ്പിച്ച് ജീവിതപ്രതിസന്ധികളോടു മല്ലടിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ രാത്രി സിനിമാ പോസ്റ്ററൊട്ടിച്ചും മറ്റുമാണ് നഗരത്തിലെ തന്റെ ഹോസ്റ്റല്‍ച്ചെലവിന് വക കണ്ടെത്തിയിരുന്നതത്രെ. അവന്റെ ചിത്രം മാത്രം കണ്ടവര്‍, ‘നിലാവു തൊട്ട ആ ചിരി’ എങ്ങനെ മറക്കും എന്നു നെടുവീര്‍പ്പിടുന്നു.
അഭിമന്യുവിനോടൊപ്പം ആക്രമണത്തിന് ഇരയായ മറ്റൊരു വിദ്യാര്‍ഥിയുടെ കരളിന് ആഴത്തില്‍ കുത്തേറ്റിരുന്നു. രണ്ടു മണിക്കൂറിനകം ശസ്ത്രക്രിയയ്ക്കു വിധേയനായതിനാല്‍ ആ യുവാവ് മരണത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. വ്യക്തിപരമായ വിദ്വേഷമോ, പ്രത്യേക പ്രകോപനമോ ഒന്നുമില്ലാതെ, കാമ്പസില്‍ തീവ്രവാദ ശൈലിയില്‍ കൊലപാതകം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് അഥവാ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് വിളിച്ചുവരുത്തിയ തീവ്രവാദ സ്വഭാവമുള്ള കൊടുംക്രിമിനലുകളാണ് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെയും കുത്തിവീഴ്ത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മതനിന്ദ ആരോപിച്ച് 2010 ജൂലൈയില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ജോസഫിന്റെ കൈപ്പത്തി വെട്ടിയ തീവ്രവാദി സംഘത്തിന്റെ സഹയാത്രികര്‍ തന്നെയാണ് മഹാരാജാസ് കോളജിലെ ഈ മഹാപാതകത്തിനു പിന്നിലെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സംശയിക്കുന്നു.
ദേശീയ തലത്തില്‍ കാമ്പസുകളില്‍ ഫാസിസ്റ്റ്-വര്‍ഗീയ യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഇവിടെ ചില കാമ്പസുകളില്‍ മതമൗലികവാദവും തീവ്രവാദവും പ്രചരിപ്പിക്കാനും ചോരപ്പുഴ ഒഴുക്കാനും സംഘടിത നീക്കം നടക്കുന്നത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പേരില്‍ ആണയിടുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും തങ്ങളുടെ ശക്തി തെളിയിക്കാനും മേധാവിത്വം സ്ഥാപിക്കാനുമുള്ള കിടമത്സരത്തില്‍ ചോരക്കളിക്കു മുതിരാറുണ്ട്. പുതിയ തലമുറയുടെ ജനാധിപത്യ പരിശീലന കളരികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാമ്പസുകള്‍ അസഹിഷ്ണുതയുടെ വിളനിലങ്ങളായി മാറുന്നത് അങ്ങനെയാണ്. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് തങ്ങള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന മനോഭാവം ഫാഷിസം തന്നെയാണ്. ആരോഗ്യകരമായ സംവാദവും സ്വതന്ത്രവും സര്‍ഗാത്മകവുമായ പ്രവര്‍ത്തനവും നടത്താന്‍ കെല്പുള്ള വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും കൂട്ടായ്മകളിലൂടെ വേണം കാമ്പസ് രാഷ്ട്രീയം പുനര്‍വായിക്കപ്പെടേണ്ടത്. അങ്ങേയറ്റം സംയമനവും ജാഗ്രതയും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമാനുസൃതമായ പ്രതിരോധത്തിനും കര്‍തൃത്വസ്ഥാപനത്തിനും ജനാധിപത്യപരമായ ചെറുത്തുനില്‍പ്പിനുമുള്ള ഉപാധികള്‍ കണ്ടെത്തേണ്ടതുണ്ട്.
കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന പൊതുതാല്പര്യ ഹര്‍ജികള്‍ ഇന്നും കോടതികളുടെ പരിഗണനയിലുണ്ട്. കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലെന്നും, 18 വയസു തികഞ്ഞവര്‍ക്ക് വോട്ടവകാശമുള്ള രാജ്യത്ത് കാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം മൗലികാവകാശമാണെന്നുമാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ നിലപാട്. കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം
അനുവദിക്കുന്നതിനുള്ള നിയമനിര്‍മാണവുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ അരാഷ്ട്രീയവത്കരണം ആപത്താണെന്ന് വിദ്യാര്‍ഥി സംഘടനകളും പറയുന്നു. ജനാധിപത്യസമരങ്ങളെ കൈയൊഴിഞ്ഞ് ചോരക്കളി മുഖ്യ ഉപാധിയാക്കുന്നവര്‍ സംഘടനകളെ ഒറ്റപ്പെടുത്തി ശിഥിലീകരിക്കാന്‍ കായികശക്തി ഉപയോഗിക്കുന്നു. സ്വത്വവാദവും വര്‍ഗീയതയും തീവ്രവാദവും ഈ വ്യവഹാരമണ്ഡലത്തെ കലുഷിതമാക്കുകതന്നെ ചെയ്യും.
കാമ്പസില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് 2017 ഒക് ടോബറില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യത്തില്‍ ധര്‍ണ, സത്യഗ്രഹം, ഉപവാസ സമരം തുടങ്ങിയ രാഷ്ട്രീയ ഉപാധികള്‍ക്ക് ഇടമില്ലെന്നും, അക്കാദമിക സ്ഥാപനങ്ങളില്‍ തീരെയില്ലെന്നും കോടതി നിരീക്ഷിച്ചു. കാമ്പസില്‍ സമാധാന അന്തരീക്ഷത്തില്‍ അധ്യയനം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തില്‍ വിദ്യാര്‍ഥികളുടെ പരാതികള്‍ക്കു പരിഹാരം കാണാന്‍ വിദ്യാര്‍ഥി കൗണ്‍സിലും അക്കാദമി കൗണ്‍സിലും കോടതി വ്യവസ്ഥയുമുണ്ട് എന്നിരിക്കെ കാമ്പസില്‍ പ്രത്യക്ഷ രാഷ്ട്രീയ സമരമുറകള്‍ക്ക് ഇറങ്ങുന്നവരെ പുറത്താക്കാനോ നിയന്ത്രിക്കാനോ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ദേശീയ തലത്തില്‍ കോളജ്-യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജെ.എം. ലിങ്‌ദോ അധ്യക്ഷനായ ആറംഗ കമ്മിറ്റി 2006 മേയില്‍ സമര്‍പ്പിച്ച മാര്‍ഗരേഖയില്‍ സ്ഥാനാര്‍ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പു ചെലവു നിയന്ത്രണം, ഒരേ സ്ഥാനാര്‍ഥി വീണ്ടും മത്സരിക്കുന്നതു തടയല്‍ എന്നിവ സംബന്ധിച്ച് നിര്‍ദേശങ്ങളുണ്ടായിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പിന് ഒരു സ്ഥാനാര്‍ഥിയുടെ ചെലവ് പരമാവധി 5,000 രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കടലാസിന്റെ ദുരുപയോഗവും മലിനീകരണവും തടയുന്നത് മുന്‍നിര്‍ത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ 2016 ജൂലൈയില്‍ ഇറക്കിയ ഉത്തരവില്‍ ഒരു കാമ്പസില്‍ പരസ്യപ്രചാരണങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൈകൊണ്ട് എഴുതിയ പരമാവധി രണ്ടു പോസ്റ്ററുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നു നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം അംഗീകരിച്ച മാര്‍ഗരേഖകള്‍ പോലും നടപ്പാക്കാന്‍ വിമുഖത കാട്ടുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും അവരുടെ യുവജന-വിദ്യാര്‍ഥി സംഘടനകളും കാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അവരുടേതായ ന്യായവാദങ്ങള്‍ നിരത്തിക്കൊണ്ടിരിക്കും.
കാമ്പസ് രാഷ്ട്രീയം ഇനിയും കേരളത്തിലെ അമ്മമാരുടെ തോരാക്കണ്ണീരിന് ഇടവരുത്താതിരിക്കാന്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അപ്പുറം എന്ത് ക്രിയാത്മക സമീപനമാണ് സ്വീകരിക്കാനാവുക എന്ന് ഗൗരവതരമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അക്രമത്തിന്റെ ആഘാതത്തില്‍ നിന്നു വിമുക്തരാകാത്ത കാമ്പസിലെ യുവജനങ്ങള്‍ക്ക് – പോസ്റ്റ് ട്രോമാറ്റിക് ഡിസോര്‍ഡര്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥയില്‍ വിഷാദരോഗവും അമിത ഉത്കണ്ഠകളും ഭയവും ദേഷ്യവുമൊക്കെ അവരെ വേട്ടയാടിക്കൊണ്ടിരിക്കും – മനോവൈജ്ഞാനിക കൗണ്‍സലിങ്ങും ചികിത്സാസഹായവും വേണ്ടിവന്നേക്കും. കാമ്പസില്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ അരക്ഷിതാവസ്ഥയോ അതിക്രമമോ അക്രമമോ ഉണ്ടാകാനിടയുണ്ടെന്ന് സൂചന ലഭിച്ചാല്‍ ഉടന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധത്തിനും സുരക്ഷിതത്വത്തിനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇന്റര്‍വെന്‍ഷന്‍ കമ്മിറ്റി അഥവാ ഉന്നതാധികാര സമിതി രൂപവത്കരിക്കണം. കാമ്പസുകളില്‍ ഇനിയും ചോര വീഴാതിരിക്കാന്‍ മതനിരപേക്ഷതയിലും സമത്വത്തിലും സ്വാതന്ത്ര്യത്തിലും സമാധാനത്തിലും ജനാധിപത്യത്തിലും മാനവസാഹോദര്യത്തിലും വിശ്വസിക്കുന്ന വിദ്യാര്‍ഥി സമൂഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണര്‍ന്നുപ്രവര്‍ത്തിക്കുക തന്നെ വേണം.


Related Articles

ബധിര-മൂകര്‍ക്ക് സ്‌നേഹം അനുഭവവേദ്യമാക്കാന്‍ സമൂഹം ശ്രമിക്കണം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ ബധിര-മൂകര്‍ക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും ശ്രദ്ധേയമായി. തിരുവനന്തപുരം അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ നടത്തി

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ ഇടകൊച്ചി ആൽഫാ പാസ്ട്രൽ സെന്ററിൽ നടത്തികൊണ്ട് സിനഡ് നടപടികൾ ആരംഭിച്ചു. രൂപതയിലെ 50 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇടവക

‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്

എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*