കാമ്പസ് രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

കാമ്പസ് രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

എറണാകുളത്തെ പ്രശസ്തമായ ഗവണ്‍മെന്റ് കോളജിന്റെ കവാടത്തിനു മുമ്പില്‍ വച്ച് അരും കൊലചെയ്യപ്പെട്ട ചെറുപ്പക്കാരന്‍ എന്തിനുവേണ്ടിയാണ് ജീവന്‍ നല്‍കിയതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇടുക്കിയിലെ വട്ടവടയില്‍ നിന്നു കൊച്ചി നഗരത്തിലേത്ത് എത്തിയപ്പോള്‍ അയാള്‍ ഗവേഷണത്തെപ്പറ്റി സ്വപ്‌നങ്ങള്‍ കണ്ടിരുന്നുവെന്നും കുടുംബത്ത കരകേറ്റാന്‍ അക്ഷീണം യത്‌നിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അയാളുടെ അദ്ധ്യാപകരും സഹപാഠികളും ഓര്‍ത്തെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയാളുടെ അച്ഛനും അമ്മയും സഹോദരങ്ങളും ആ മരണത്തില്‍ ചങ്കുതകര്‍ന്ന് നിലവിളിക്കുന്നതു കണ്ട് നമ്മള്‍ ദു:ഖിതരായി. കൊലയാളികളിലേക്ക് പൊലീസ് സംഘം എത്തുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയില്‍ അംഗങ്ങളായവരാണ് കൊലയ്ക്ക് പിന്നിലെന്ന് അധികാരികളുടെ വെളിപ്പെടുത്തലുകളുണ്ടായി. കൊല ചെയ്യാന്‍ ‘പരിശീലനം’ നേടിയ പ്രൊഫഷണല്‍ സംഘമാണ് ഈ പാതകത്തിന് പിറകിലെന്ന് സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. കാമ്പസ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയെന്ന് അയാള്‍ പ്രതിനിധാനം ചെയ്യുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടന അയാളെക്കുറിച്ച് അവകാശവാദമുന്നയിച്ചു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കോ കാമ്പസുകളില്‍ സാധാരണ കാണുന്ന കൗമാരസംഘര്‍ഷങ്ങള്‍ക്കോ അപ്പുറത്ത് യുവാക്കളെ ഭയപ്പെടുത്തി കാമ്പസുകളില്‍ നിന്നകറ്റി തീവ്രനിലപാടുകളുള്ള സംഘങ്ങള്‍ കോളജ് കാമ്പസുകളില്‍ പിടിമുറുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കം ഒരു പാതിരാവില്‍ സംഭവിച്ച് പൊടുന്നനെ കൊലപാതകത്തില്‍ കലാശിച്ചതല്ലായെന്നും കൃത്യമായ ആസൂത്രണം ഗൃഹപാഠമായി നടന്നിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
അഭിമന്യുവിന്റെ മരണത്തെപ്പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ തന്നെയാണ് കാമ്പസുകളില്‍ രാഷ്ട്രീയസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ബില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നതും അതിന്റെ കരട് ചര്‍ച്ചാവിഷയമാകുന്നതും. പറഞ്ഞും എഴുതിയും പഴക്കം വന്ന വിഷയമാണ്. കോടതികള്‍ പല പ്രാവശ്യം ഇതിനെതിരെ ഉത്തരവുകള്‍ ഇറക്കിയതാണ്. പൊതുസമൂഹം അനുകൂലമായും പ്രതികൂലമായും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചതാണ്. വ്യത്യസ്ത വിദ്യാര്‍ത്ഥി രാഷ്ട്രീയസംഘടനകള്‍ പ്രവര്‍ത്തിക്കുന്ന കാമ്പസുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകളില്‍ അനിവാര്യമാണെന്ന് കണ്ടെത്തുന്നതുകൊണ്ടാകാം ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
എന്തുതരം രാഷ്ട്രീയബോധമാണ് കേരളത്തില്‍ പ്രത്യേകിച്ചും, ഇന്ത്യയില്‍ പൊതുവേയും ഉന്നത വിദ്യാഭ്യാസം നേടാന്‍ എത്തുന്നവര്‍ ഒരുമിച്ചുകൂടുന്ന കലാലയ വളപ്പുകളില്‍ നിന്ന് യുവജനസമൂഹം ആര്‍ജിക്കുന്നത്? പ്രസക്തമായ ചോദ്യമല്ലേ? അതിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതാണ്. അഭിമന്യുവിന്റെ ദാരുണ മരണത്തിന്റെ പിറ്റേന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകര്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പഠിപ്പുമുടക്കി സമരം നടത്തിയിരുന്നു. സംഘടനയുടെ കൊടിയുമേന്തി വിദ്യാര്‍ത്ഥിനികള്‍ സമരാഹ്വാനവുമായി ക്ലാസ് മുറികളിലെത്തി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമുള്ള കാമ്പസില്‍ വ്യത്യസ്തമായ കാരണങ്ങളാല്‍ സമരം ചെയ്യാനും സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. (സംഘടനകളുടെ സമരത്തെക്കുറിച്ചും പണി/പഠിപ്പ് മുടക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയും കോടതികള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന വസ്തുത ഇവിടെ മറക്കുന്നില്ല). ക്ലാസ്മുറിയിലെത്തിയ ഫെഡറേഷന്‍ പ്രവര്‍ത്തകരോട് ഈ ലേഖകന്‍ പറഞ്ഞു: നിങ്ങളുടെ സമരത്തിന് അനുകൂല നിലപാടു സ്വീകരിക്കുന്നവരുണ്ടെങ്കില്‍ അവരെ നിങ്ങള്‍ക്ക് ക്ലാസ്മുറിയില്‍ നിന്നു കൊണ്ടുപോകാം. അവര്‍ക്ക് ഇറങ്ങിപ്പോകാം. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നില്‍ക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ടല്ലോ. സമരാനുകൂലികളല്ലാത്ത ഒരാളെങ്കിലും ക്ലാസിലുണ്ടെങ്കില്‍ അയാളുടെ പഠിക്കാനുള്ള അവകാശത്തെ മാനിച്ചും ക്ലാസെടുക്കാനുള്ള എന്റെ അവകാശത്തെ മാനിച്ചും ക്ലാസു തുടരും. ‘സര്‍, പ്ലീസ്, ഞങ്ങളുടെ സമരത്തെ പൊളിക്കരുത്’ എന്നായി സമരക്കാര്‍. നിങ്ങളുടെ സമരത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുക എന്നത് എന്റെ ജോലിയല്ല. ജനാധിപത്യത്തെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. സമൂഹത്തിലുയരുന്ന ആശയങ്ങളെ അനുകൂലിച്ചോ പ്രതികൂലിച്ചോ നില്‍ക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയാണ് പറയുന്നത്; വിസമ്മതിക്കാനുള്ള എന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയാണ് പറയുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ശക്തമായി നടത്തുകയോ സംവാദമാക്കുകയോ ചെയ്യാത്ത കാമ്പസുകളുടെ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്തയ്ക്ക് നിരക്കുന്നതല്ലെന്ന് പറയാന്‍ ഇവിടെ ഇനിയും ആളുകള്‍ ഉണ്ടാകണമെന്നതാണ് അവസ്ഥ.
സംഘടനാബലം കൂടുതലുള്ള കാമ്പസുകളില്‍ സമരത്തെ അനുകൂലിക്കാത്തവര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ധര്‍ണനടത്തിയും സമരം വിജയിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. അത്തരം അവസരങ്ങളില്‍ ക്രമസമാധാനച്ചുമതലയുള്ളവരെത്തി സമരാനുകൂലികളല്ലാത്തവര്‍ക്കുള്ള ജനാധിപത്യഅവകാശത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് ജനാധിപത്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുവജനങ്ങളെ ബോധ്യപ്പെടുത്തുമ്പോഴാണ് രാഷ്ട്രീയം അതിന്റെ പഠനദൗത്യം പൂര്‍ത്തിയാക്കുന്നത്. ഇതു വെറും സ്വപ്‌നം മാത്രമായി അവശേഷിക്കുന്ന കാലത്താണ് കാമ്പസ് രാഷ്ട്രീയം കലുഷിതമാകുന്നതും പൊതുസമൂഹം അതിനെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നതും.
നാട്ടിലെ രാഷ്ട്രീയം അപചയിക്കുമ്പോള്‍ കാമ്പസ് രാഷ്ട്രീയവും ചീഞ്ഞുനാറും. നാടിന്റെ പരിച്ഛേദമാണല്ലോ ഓരോ കാമ്പസ് സമൂഹവും. അഭിമന്യുവിന്റെ മരണത്തിനു പിന്നില്‍ തീവ്രനിലപാടുകളുള്ളവരാണ് എന്നു പേര്‍ത്തും പേര്‍ത്തും പറയുമ്പോഴും, അതു വാസ്തവമായിരിക്കുമ്പോഴും, ജനാധിപത്യമര്യാദകള്‍ പാലിക്കാതെ അക്രമരാഷ്ട്രീയം അഴിച്ചുവിടുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെയും കണ്ണടച്ചുകൂടാ.
കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കൊക്കെയാണ് അവകാശമുള്ളത് എന്ന ചോദ്യത്തിനുളള ഉത്തരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്നു തന്നെയാണ്. വ്യത്യസ്ത അഭിപ്രായങ്ങളും രാഷ്ട്രീയനിലപാടുകളുമുള്ള സംഘടനകളെ അടിച്ചൊതുക്കിയും കള്ളക്കേസുകളില്‍ കുടുക്കിയും തേജോവധം ചെയ്ത് ഇല്ലാതാക്കിയുമുള്ള എതിര്‍സംഘടനകളുടെ നിലപാടുകള്‍ ജനാധിപത്യമര്യാദകള്‍ക്ക് ചേര്‍ന്നതല്ലായെന്ന് വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കാനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനുമുള്ള അദ്ധ്യാപകസമൂഹത്തിന്റെ ഉത്തരവാദിത്വവും പ്രധാനപ്പെട്ടതാണ്.
സ്വതന്ത്രമായി ചിന്തിക്കാനുള്ള ഇടമെന്നുകൂടി കാമ്പസുകള്‍ മനസിലാക്കപ്പെടേണ്ടതുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ചുരുക്കികാണുന്നവര്‍ സര്‍ഗാത്മകതയുടെ സൂക്ഷ്മരാഷ്ട്രീയത്തെയാണ് ഇല്ലായ്മ ചെയ്യുന്നത്. ക്ലാസ്മുറികളിലും ലൈബ്രറിയിലും കാന്റീനിലും കാമ്പസിലെ മരച്ചുവടുകളിലുമായി യുവജനങ്ങള്‍ സര്‍ഗാത്മകസംവാദങ്ങളിലൂടെ ആര്‍ജിക്കുന്ന പുത്തന്‍കരുത്ത് സമൂഹനിര്‍മിതിക്കുള്ള ഊര്‍ജമാണ്. പുത്തനാശയങ്ങളുടെയും മനുഷ്യനേട്ടങ്ങളുടെയും പുതുനാമ്പുകള്‍ ആദ്യം കിളിര്‍ക്കുന്നത് ഉന്നതവിദ്യാകേന്ദ്രങ്ങളുടെ കാമ്പസുകളിലാണെന്നറിയുക. അതു തടയേണ്ടതില്ല. കല്‍പ്പറ്റ നാരായണന്‍ മാഷ് തമാശരൂപേണ പറയുന്ന ആഴമുള്ള ഒരു വാക്കുണ്ട്: ഇരതേടികള്‍. എന്നുവച്ചാല്‍, ഉദരപൂരണത്തിനായി ജോലി മാത്രം ലക്ഷ്യംവച്ച് പഠനത്തിനായി വരുന്നവരും അവരെ ഉന്തിതള്ളിവിടുന്ന അവരുടെ സൂക്ഷിപ്പുകാരും. ഇരതേടികളുടെ കൂട്ടമല്ല കാമ്പസ്. ഭാഷയും സാഹിത്യവും കലയും ശാസ്ത്രവും മാനവികതയും സര്‍ഗാത്മകമായി ഇഴചേരുന്ന ചിന്തയുടെ കൊടുക്കല്‍-വാങ്ങല്‍ ഭൂമികയാണത്. അതിന്റെ ചുരുക്കപ്പേരാണ് കാമ്പസ് രാഷ്ട്രീയം. നിര്‍ഭാഗ്യവശാല്‍ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊടിപിടിക്കാനും, മുദ്രാവാക്യങ്ങള്‍ മുഴക്കാനും, ജാഥയ്ക്ക് ആളെത്തിക്കാനും, പൊതുനിരത്തുകളില്‍ അക്രമം അഴിച്ചുവിടാനും ആളെകൂട്ടുന്ന വക്രത നിറഞ്ഞ പരിപാടിയായി കാമ്പസ് രാഷ്ട്രീയം ഇന്നു മാറുന്നുവെന്നും പറയാതെ വയ്യ. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്റെ കരട് ശരിയായി ചര്‍ച്ചചെയ്യപ്പെടണം എന്നു പറയുന്നത്. സര്‍ക്കാര്‍ സമ്മതം കിട്ടുന്ന സംഘടനകള്‍ക്കു മാത്രമേ കാമ്പസില്‍ പ്രവര്‍ത്തിക്കാനാകൂ എന്ന സൂചനകള്‍ കരടിലുണ്ട്. തങ്ങള്‍ക്കിഷ്ട മില്ലാത്തതെല്ലാം നിരോധിക്കാന്‍ കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ ശ്രമിക്കില്ലേ എന്ന ചോദ്യം അപ്പോള്‍ പ്രസക്തമാകും. ഇഷ്ടമില്ലാത്ത അച്ചികള്‍ തൊടുന്നതെല്ലാം കുറ്റകരമാകുമല്ലോ! എതിര്‍പാര്‍ട്ടിയുടെ കൊടിമരം തകര്‍ക്കല്‍ അങ്ങനെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാകും.
സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ വ്യത്യസ്ത വിദ്യാഭ്യാസ നിലപാടുകള്‍ സ്വീകരിക്കും. പുതിയ കാഴ്ചപ്പാടുകള്‍ വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവരും. അവയുടെ നെല്ലും പതിരും തിരയാന്‍ പ്രാപ്തിയുള്ളവരാകണം വിദ്യാര്‍ത്ഥി സമൂഹം. എതിര്‍പാര്‍ട്ടിയിലെ നിലപാടുകള്‍ക്കെതിരെ ഘോരഘോരം സമരം ചെയ്തവര്‍ സ്വന്തം പാര്‍ട്ടിയുടെ ഭരണകാലത്ത് അതേനിലപാടുകളെ തൊണ്ടതൊടാതെ വിഴുങ്ങി സ്വയം ഇളിഭ്യരായി നില്ക്കുന്ന കാഴ്ച കാമ്പസ് രാഷ്ട്രീയത്തിന് ഭൂഷണമല്ല. നിലപാടുകള്‍ നീതിയുക്തമാകണമെന്നത് ജനാധിപത്യമൂല്യങ്ങളുടെ കാവല്‍ക്കാര്‍ അറിയണം.
സമൂഹത്തിലെ ഓരോ മാറ്റവും കാമ്പസുകള്‍ അറിയും. അതിനുമീതെ സര്‍ഗാത്മകതയുടെ ഇടപെടലുകള്‍ കാമ്പസിലുളളവര്‍ നടത്തും. ആ സ്വാതന്ത്ര്യത്തിനു മീതെ ഭരണകൂടം നടത്തിയ ഇടപെടലുകളാണ് ജെഎന്‍യുവിലും ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലും പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും അലിഗഡ് യൂണിവേഴ്‌സിറ്റിയിലും വലിയ സമരങ്ങളായി രൂപപ്പെട്ടത്. എല്ലാത്തരം വിവേചനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും രാഷ്ട്രീയകുത്സിത ശ്രമങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധങ്ങള്‍ കാമ്പസുകളില്‍ തുടങ്ങുകയും തൊഴിലാളികളും കര്‍ഷകരും കീഴാളസമൂഹങ്ങളും അവ ഏറ്റെടുത്ത് പൊതുസമൂഹത്തിന്റെ മുന്നേറ്റമാക്കി മാറ്റുകയും ചെയ്യുന്നതാണ് ചരിത്രത്തില്‍ അടയാളപ്പെടുന്ന സമരപ്രതിരോധങ്ങള്‍. കാമ്പസുകള്‍ പഠനക്കളരിയാകുന്നത് ഇത്തരം പരിശ്രമങ്ങളിലും കൂടിയാണ്. പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന ട്രെയിനിംഗ് സെന്റര്‍ മാത്രമല്ല ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. യുവജനമുന്നേറ്റത്തിന്റെ പൊതുവേദികളാണവയെല്ലാം. പൊതുപണം മുഴക്കി നടത്തുന്ന കലാലയങ്ങളില്‍ രാഷ്ട്രീയ നിലപാടുകളില്‍ ജീവിക്കുന്ന ജനാധിപത്യ പരിശീലനമുള്ളവര്‍ ഉണ്ടാകുന്നത് സാമൂഹ്യമുന്നേറ്റത്തിന്റെ ഭാഗമാണ്. അക്രമവും അരാജകത്വവും അഴിഞ്ഞാടാന്‍ ശരിയായ രാഷ്ട്രീയവിദ്യാഭ്യാസമുള്ളവര്‍ അനുവദിക്കില്ല. അക്രമമല്ല സൂക്ഷ്മരാഷ്ട്രീയത്തിന്റെ പാഠമെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കട്ടെ. വെള്ളവും വായുവും ആഹാരവും വസ്ത്രവും രാഷ്ട്രീയത്തിന്റെ വിഷയങ്ങളാണെന്ന് അവര്‍ തിരിച്ചറിയണം. ആയുധങ്ങളല്ല ആശയങ്ങളാണ് രാഷ്ട്രീയത്തിന്റെ കാമ്പെന്ന് തിരിച്ചറിയുന്ന യുവജനങ്ങള്‍ ജനാധിപത്യത്തിന്റെ ഭാവിരൂപങ്ങളെ കരുപ്പിടിപ്പിക്കുക തന്നെ ചെയ്യും. നിതാന്തജാഗ്രതയാണല്ലോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ.


Related Articles

ആമസോണിലെ തീയും മരടിലെ ഫ്‌ളാറ്റും മറക്കരുത്

ആമസോണ്‍ കാടുകളില്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മരട് ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഉള്ളിലെ തീയും ആളിക്കത്തുകയാണ്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍

നിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍

ഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി

കാവലാകാന്‍ പരിശീലിപ്പിക്കാം

പറവൂര്‍ പൂയ്യപ്പള്ളി ഗ്രാമത്തിലെ മാമ്പിള്ളി വീട്ടില്‍ മേരിയമ്മച്ചി താരമായ ടിക്‌ടോക് ഇപ്പോള്‍ നവീന മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മേരിയമ്മൂമ്മയും കൊച്ചുമോന്‍ ജിന്‍സണും ചേര്‍ന്നൊരുക്കുന്ന രസകരമായ നിമിഷങ്ങള്‍ ജീവിതത്തെ മനോഹരമാക്കാനുതകുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*