കാരുണ്യം നീതിനിഷേധമല്ല

കാരുണ്യം നീതിനിഷേധമല്ല

 

‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച വിമര്‍ശനങ്ങളെ ഭരണകര്‍ത്താക്കളും ഭരണകൂടത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്നു കരുതപ്പെടുന്നവരും നേരിടുന്നത് കാരുണ്യം എന്ന വാക്ക് ഉയര്‍ത്തിപ്പിടിച്ചാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുമ്പാകെ സര്‍ക്കാര്‍ നിയമനത്തിന് ശുപാര്‍ശ നല്‍കേണ്ടതില്ലാത്ത തസ്തികകളിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരെയാണ് നിലവിലെ സര്‍ക്കാര്‍ പിരിഞ്ഞുപോകുന്ന സായംകാലത്ത് സ്ഥിരപ്പെടുത്തുന്നതെന്ന വാദം പത്രങ്ങളും സമരക്കാരും രേഖകള്‍ നിരത്തി പൊളിച്ചടുക്കുമ്പോഴാണ്, മനുഷ്യത്വമെന്നും കാരുണ്യമെന്നും പേര് വിളിക്കുന്ന പരിചയുമായി സര്‍ക്കാര്‍ കളം നിറയാന്‍ ശ്രമിക്കുന്നത്.

മുന്‍സര്‍ക്കാരുകളുടെ കാലത്തും ഇങ്ങനെയുള്ള സ്ഥിരപ്പെടുത്തലുകള്‍ നടന്നിട്ടുണ്ടെന്നും, അതെല്ലാം കാരുണ്യപ്രവൃത്തികളായിട്ടാണ് പ്രതിപക്ഷവും നാട്ടുകാരും കണ്ടതെന്ന രീതിയിലുള്ള മറുപടികള്‍ തീര്‍ത്തും ദുര്‍ബലവും ജനാധിപത്യവിരുദ്ധവുമാണ്. നാടായ നാടൊട്ടുക്ക് കള്ളത്തരമുള്ളതുകൊണ്ട് ഞാനും കള്ളത്തരം കാണിക്കുന്നുവെന്ന വര്‍ത്തമാനത്തിനു നിയമപരമായ പിന്തുണയില്ലായെന്നു മാത്രല്ല, ധാര്‍മ്മികതയ്ക്ക് അതു നിരക്കുന്നതുമല്ല. മറ്റുള്ളവര്‍ കളവ് ചെയ്തുവെന്നത് എനിക്ക് കളവു ചെയ്യാനുള്ള ലൈസന്‍സല്ല. ഇവിടെയാണ് കാരുണ്യം എന്ന വാക്കിനെ അര്‍ത്ഥശോഷണം നല്‍കി മറയാക്കുന്ന മറിമായം നടക്കുന്നത്.

നീതികേടുകളെ മറച്ചു പിടിക്കാന്‍ പ്രയോഗിക്കുന്ന പൊടിക്കൈയും മറുമരുന്നുമാണോ കാരുണ്യം എന്നത്? അല്ലേയല്ല. നീതികേടിനെ പൊതിഞ്ഞു പിടിക്കാനുള്ള, ദുഷ്ച്ചെയ്തികള്‍ തരുന്ന മനക്കടിക്ക് താല്‍ക്കാലിക മുട്ടുശാന്തിയായി സേവിക്കുന്ന പൊടിമരുന്നല്ല കാരുണ്യം. മറിച്ച് നീതിയുടെ പ്രവര്‍ത്തനങ്ങളില്‍, പിന്നെയും പിന്തള്ളപ്പെട്ടുപോകുന്ന നിസ്സഹായരെ താങ്ങാനുള്ള സമൂഹത്തിന്റെ കരുത്താര്‍ന്നതും അന്തസ്സുറ്റതുമായ കരങ്ങളുടെ പേരാണത്. പേരു മാത്രമല്ല, നിലപാടും പ്രവൃത്തിയുമാണത്. നെറികേടും നീതികേടും നിയമനിഷേധവും നടത്തി സ്വരുക്കൂട്ടുന്നതില്‍ നിന്ന് ഒരു വിഹിതം കാരുണ്യപ്രവൃത്തിക്ക് എന്ന പേരില്‍ നല്‍കി പലപ്പോഴും നടത്തിപ്പോരുന്ന കാര്യങ്ങള്‍ ഏറ്റവും കുറഞ്ഞത് അധാര്‍മ്മിക അശ്ലീലം എന്നു പറയുന്നവര്‍ ചിന്തകര്‍ക്കിടയിലുണ്ട്. നാടുമുഴുവന്‍ മദ്യം ഒഴുക്കിയിട്ട്, കള്ളുകുടിയന്മാര്‍ക്കുള്ള കൗണ്‍സലിംഗ് സെന്റര്‍, പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്താന്‍ പോയ സര്‍ക്കാര്‍ നടപടിയും ഇതേ കാരുണ്യപ്രവൃത്തി തന്നെയാണല്ലോ! പൊതുമേഖലാ ഉടമസ്ഥതയിലുള്ള മരുന്നു നിര്‍മ്മാണശാലകള്‍ പ്രൈവറ്റ് മുതലാളിമാര്‍ക്ക് വിട്ടുകൊടുത്ത്, ജന്‍ഔഷധി, കാരുണ്യ ഫാര്‍മസികള്‍ തുടങ്ങിയവയെ വെള്ളത്തിലാക്കുമ്പോഴും ഇതേ കാരുണ്യത്തിന്റെ സ്ട്രാറ്റജി തന്നെയാകണം ഇവിടെ ഇനി നടപ്പിലാക്കാന്‍ പോകുന്നത്.

പുതിയകാല മുതലാളിത്തത്തിന്റെയും സാമ്പത്തിക നയങ്ങളുടെയും ഭാഗമായി നടപ്പിലാക്കുന്ന വ്യവസായ നയങ്ങളുടെയും കൂടി ഭാഗമാണ് ഈ പറയുന്ന പുത്തന്‍ കാരുണ്യപ്രവൃത്തികള്‍. കൊള്ളലാഭം ഉണ്ടാക്കുന്നതിനിടയില്‍ പരിക്കുപറ്റുന്നവരെ തലോടാനുള്ള തന്ത്രവും സമരങ്ങളെ മയപ്പെടുത്താനുള്ള സ്ട്രാറ്റജിയുമായി കാരുണ്യം എന്നതിനെ പുതിയകാലം പരുവപ്പെടുത്തിയിരിക്കുന്നു. നീതിയും നിയമവും നടപ്പിലായതിനുശേഷം, ഇനിയും ആരെങ്കിലും സാമൂഹ്യമായും സാംസ്‌കാരികമായും ബലപ്പെട്ടിട്ടില്ലെങ്കില്‍ അവരിലേയ്ക്ക് എത്തിച്ചേരാന്‍ നീതിയെ അതിലംഘിച്ച് സമൂഹം മുഴുവനായും നടത്തുന്ന കുതിപ്പാണു കാരുണ്യം. ഈ നിര്‍വ്വചനത്തില്‍, കാരുണ്യമെന്നത് നീതിക്കു പകരമല്ല, നീതിയുടെ പൂര്‍ത്തീകരണമാണ്. കാരുണ്യം നീതിയുടെ ലംഘനമല്ല, നീതിക്കുമപ്പുറത്തേയ്ക്കുള്ള മാനവികതയുടെ കുതിപ്പാണത്.

കഴിഞ്ഞ പത്തുവര്‍ഷമോ അതിലധികമോ ആയി നിയമനവുമായി ബന്ധപ്പെട്ട നീതിയും നിയമവും നടപ്പിലാക്കാതെ കഴിഞ്ഞുകൂടിയിട്ട്, സ്വജനപക്ഷപാതത്തിന്റെ ഭാഗമായി നടത്തുന്ന നീതിനിഷേധങ്ങളെ കാരുണ്യമെന്നു വിളിച്ച് മാനവിക മൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കരുത്. മുന്‍കാലങ്ങളുടെ ചരിത്രം ഇക്കാലചെയ്തികളെ ഒരു വിധത്തിലും ന്യായീകരിക്കുന്നില്ല. അവരവരുടെ താല്പര്യസംരക്ഷണാര്‍ത്ഥം നടത്തുന്ന കാര്യങ്ങളെ ന്യായീകരിക്കാന്‍ മാനവികമൂല്യങ്ങളെ ചെറുതാക്കിക്കാണിക്കുകയോ വകതിരിവില്ലാതെ മോശമാക്കി ചിത്രീകരിക്കുന്നതോ അപലപനീയമാണ്.

 


Related Articles

ജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍

      ഷാജി ജോര്‍ജ് പൊതിച്ചോറ് ഏറ്റുവാങ്ങുമ്പോള്‍ ദിവസങ്ങളായി ഒരു തരി ഭക്ഷണം പോലും കഴിക്കാത്ത കടത്തിണ്ണയിലെ വൃദ്ധന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകി.

പരിഗണിക്കുകയും പാലിക്കപ്പെടുകയും ചെയ്യേണ്ട വസ്തുതകളും വ്യവസ്ഥകളും

കേരളത്തിലെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള ആറാംവട്ട തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിലെ മൂന്നാം തലത്തിലെയും താഴെത്തട്ടിലെയും സര്‍ക്കാരുകളെന്ന നിലയില്‍ ജനങ്ങളുമായി അടുപ്പവും

പിന്നാക്ക സംവരണത്തില്‍ തൊട്ടുകളിക്കരുത്

കേരള രാഷ്ട്രീയത്തിലെ ‘താക്കോല്‍സ്ഥാനത്തിനും’ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ നിയമനങ്ങളിലും മറ്റും സംവരണത്തിനുമായി സമ്മര്‍ദതന്ത്രങ്ങള്‍ തുടര്‍ന്നുവരുന്ന പ്രബല സാമുദായിക പ്രസ്ഥാനമായ നായര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*