കാരുണ്യം മറക്കല്ലേ

കാരുണ്യം മറക്കല്ലേ

ലക്ഷ്മണന്‍ എന്ന സുഹൃത്ത് മരിച്ചതാണെന്ന് പറയാനാവില്ല. മരവിച്ച മനഃസാക്ഷിയുള്ളവരുടെ അനാസ്ഥമൂലം ആ ജീവന്‍ പൊലിഞ്ഞതാണ്. അനില്‍ കുമാര്‍ എന്ന അപരിചിതന്‍ അയാളോടൊപ്പം നിന്നു എന്നത് ഇനിയും മരിക്കാത്ത മനുഷ്യത്വത്തിന്റെ അടയാളമാണ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് പാലാരിവട്ടത്തേക്ക് ബസ് കയറുമ്പോള്‍ ലക്ഷ്മണന് അറിഞ്ഞുകൂടായിരുന്നു അയാളുടെ ജീവന്‍ തൊട്ടടുത്ത നിമിഷം പൊലിയുമെന്ന.് ബോധമറ്റ് ബസിനുള്ളില്‍ വീണ ആ മനുഷ്യനെ തൊട്ടടുത്ത ആശുപത്രിയിലാക്കാന്‍ വൈമനസ്യം കാണിച്ച ബസിലെ ജീവനക്കാര്‍, എല്ലാം ബിസിനസാക്കി മാറ്റുന്ന മാറിയ കൊച്ചിയുടെ പുതിയകാല മുഖമാണ്. കലൂരിലേക്ക് ടിക്കറ്റെടുത്ത അനില്‍ കുമാര്‍ എന്ന സുഹൃത്തിനെ ബസ്ജീവനക്കാരായ ‘കര്‍ത്തവ്യനിരതര്‍’ ശകാരിച്ചതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. താന്‍ കലൂരിലേക്ക് ടിക്കറ്റെടുത്തെങ്കില്‍ അവിടെ ഇറങ്ങിപ്പോകാതെ, ഇടപ്പള്ളിവരെ യാത്ര ചെയ്തത് എന്തിനാണെന്നായിരുന്നു ചോദ്യം! എന്തൊരു നീതിബോധം! ഒരു മനുഷ്യന്‍ മരണമുഖത്തു നില്‍ക്കുമ്പോള്‍, അയാളെ ശ്രദ്ധിക്കാതെ, തക്കസമയത്ത് ഇടപെട്ട് ആ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ, അതിന് തുനിയുന്ന ആളോട് എട്ടുരൂപയ്ക്ക് കണക്കുപറയുന്ന സഹജീവികള്‍! പുതിയ കാലത്തിന്റെ ഞെട്ടിക്കുന്ന മനുഷ്യഭാവത്തെപ്പറ്റി പ്രവചനാത്മകമായി തന്റെ കവിതയിലൂടെ എ. അയ്യപ്പന്‍ നേരത്തെ എഴുതിയിട്ടുണ്ട്. ”റോഡില്‍ ചതഞ്ഞരഞ്ഞ് കിടക്കുന്ന മനുഷ്യന്റെ പോക്കറ്റില്‍ നിന്ന് പറന്നുപോയ അഞ്ചുരൂപാ നോട്ടിലായിരുന്നു തന്റെ കണ്ണുകള്‍” എന്ന് കവി സ്വയം പരിഹസിച്ചത്, വരാന്‍ പോകുന്ന  കാലത്തിന്റെ കച്ചവടക്കണ്ണുകളെ മുന്‍കൂട്ടിക്കണ്ടതുകൊണ്ടായിരിക്കണം.

ഇടപ്പള്ളി ദൈവാലയത്തിനു മുന്നില്‍ ലക്ഷ്മണനുമായി അനില്‍കുമാര്‍ ഇറങ്ങുമ്പോള്‍, സഹായിക്കാന്‍ സാധാരണക്കാരായ മനുഷ്യര്‍ ഓടിയെത്തിയെന്നത് മനുഷ്യത്വത്തിന്റെ നാളുകള്‍ ഇനിയും തീര്‍ന്നിട്ടില്ലായെന്ന് നമ്മളോട് പറയുന്നുണ്ട്. ട്രിപ്പ് മുടങ്ങാതിരിക്കാന്‍ അപ്പോഴേയ്ക്കും ആലുവയിലേക്ക് ബസ് ചീറിപ്പാഞ്ഞുപോയിരുന്നു. കൂടി വന്നാല്‍ ആയിരമോ രണ്ടായിരമോ രൂപയ്ക്ക് വേണ്ടി മനുഷ്യര്‍ നടത്തുന്ന പരാക്രമങ്ങള്‍!

അഞ്ചോ പത്തോ രൂപയുടെ പേരില്‍ കശപിശ നടത്തി യാത്രക്കാരിയെ മര്‍ദ്ദിച്ച് അവശയാക്കിയ ഓട്ടോറിക്ഷാക്കാരന്റെ സംഭവവും കൊച്ചിയില്‍ ഈയിടെ നടന്നിരുന്നു. ഇത് കൊച്ചിയുടെ മാത്രം കഥയുമല്ല. റോഡില്‍ പൊലിയുന്ന പല ജീവനും തക്കസമയത്ത് ഇടപെടാത്ത കാഴ്ചക്കാരുടെ നിസ്സംഗതകൊണ്ടു കൂടിയാണ് എന്നത് എല്ലായ്‌പ്പോഴും വാര്‍ത്താപ്രാധാന്യം നേടുന്നില്ല. വഴിയരികില്‍ കിടക്കുന്ന ഒരാള്‍ എപ്പോഴും മദ്യപിച്ചു പൂസ്സായിക്കിടക്കുന്ന ആളാകണമെന്നില്ല! എന്തിന് പൊല്ലാപ്പെടുത്ത് തലയില്‍ വയ്ക്കണം എന്ന ചിന്തയോടെ ഒഴിഞ്ഞുമാറി നടന്നുപോയവര്‍ അറിയുന്നില്ല, ഒരു കുടുംബത്തിന്റെ അത്താണിയായ ഒരാളുടെ ജീവനാണ് തങ്ങളുടെ നിസ്സംഗതകൊണ്ട് പൊലിഞ്ഞുപോകുന്നതെന്ന്. തിരക്കിനിടയില്‍ സഹജീവികളോട് കാരുണ്യം കാണിക്കുന്നവരുടെ എണ്ണം ഭീതിദമാം വിധം കുറയുന്നുവെന്നത് സാമൂഹ്യ അരക്ഷിതാവസ്ഥയുടെ സൂചനയാണ്. നിസംഗതയോടെ മാറിപ്പോകുന്നുവെന്നതിനപ്പുറത്തേയ്ക്ക് പാവപ്പെട്ട ഒരു മനുഷ്യന്റെ ശാരീരിക അസ്വസ്ഥതകളെ മൊബൈലില്‍ പകര്‍ത്തി, മെട്രോ ട്രെയിനില്‍ ‘പാമ്പായി’ക്കിടന്നുവെന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചരണം നടത്തി, അയാളെയും കുടുംബത്തെയും തേജോവധം ചെയ്ത ചരിത്രവും കൊച്ചി നഗരത്തിനുണ്ടല്ലോ! സത്യാവസ്ഥ വെളിപ്പെട്ടുവരുന്നതുവരെ അവര്‍ അനുഭവിച്ച മാനസികവ്യഥകള്‍ക്ക് ആരും പരിഹാരമൊന്നും പറഞ്ഞുകണ്ടില്ല. അയാള്‍ അപമാനിക്കപ്പെടുന്നത് പിന്നീട് മായ്ച്ചുകളയാന്‍ ഏത് മാധ്യമത്തിനാണ്, അല്ലെങ്കില്‍ തന്നെ സാധിച്ചിട്ടുള്ളത്? കള്ളപ്രചരണങ്ങളുടെയും അസത്യങ്ങളുടെയും സെന്‍സേഷണല്‍ വാര്‍ത്താക്കാലത്ത് സത്യം എല്ലായ്‌പ്പോഴും പുറമ്പോക്കിലാണല്ലോ! കെട്ടിടത്തില്‍ നിന്ന് റോഡിലേയ്ക്ക് വീണ ആളെ ആശുപത്രിയിലാക്കുന്നതിനു പകരം, അയാള്‍ക്ക് ചുറ്റും കൂടി നിന്ന് സെല്‍ഫിയെടുത്തുകൊണ്ടിരുന്ന ആളുകള്‍ ശുഭകരമായതൊന്നും  ഇനി ഈ സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കാനില്ലായെന്നതാണ് സൂചിപ്പിച്ചുകൊണ്ടിരിക്കുന്നത്. തക്കസമയത്ത് ആ വഴിയേ എത്തിയ അഭിഭാഷകയുടെ ഇടപെടല്‍ കൊണ്ട് അയാളുടെ ജീവന്‍ തിരികെ കിട്ടിയ കാര്യം വാര്‍ത്തയായിരുന്നു. ഇനിയും വറ്റിപ്പോകാത്ത മനുഷ്യത്വത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും  അവശേഷിക്കുന്നുണ്ട് എന്ന് ധീരയായ ആ സ്ത്രീയുടെ ഇടപെടല്‍ തെളിയിച്ചു.

റെയില്‍വേ ട്രാക്കിനരികിലുടെ കരഞ്ഞുകൊണ്ട് നടന്നുപോയ മൂന്നുവയസുകാരനെ രക്ഷപ്പെടുത്തിയത് ട്രെയിനില്‍ യാത്രികനായിരുന്ന അനീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം നിറഞ്ഞ ഉത്കണ്ഠകൊണ്ട് ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അവനെ തിരികെക്കിട്ടി. ആരെങ്കിലുമാകട്ടെ, എന്തെങ്കിലുമാകട്ടെ എന്ന മനോഭാവത്തോടെ കുറേയാളുകള്‍ മുഖം തിരിക്കുന്നിടത്ത്, അനീഷ് എന്നോ അനില്‍ കുമാര്‍ എന്നോ പേരുള്ള മനുഷ്യര്‍ മാനവികതയുടെ അടയാളങ്ങളായി നമ്മുടെ സമൂഹത്തെ നന്മയുടെ ദിശയിലേക്ക് തിരികെക്കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്. മനസ്സാക്ഷി മരവിക്കാത്തവരായി സമൂഹത്തില്‍ ജീവിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കട്ടെ.


Related Articles

കാമ്പസ് രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

എറണാകുളത്തെ പ്രശസ്തമായ ഗവണ്‍മെന്റ് കോളജിന്റെ കവാടത്തിനു മുമ്പില്‍ വച്ച് അരും കൊലചെയ്യപ്പെട്ട ചെറുപ്പക്കാരന്‍ എന്തിനുവേണ്ടിയാണ് ജീവന്‍ നല്‍കിയതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇടുക്കിയിലെ വട്ടവടയില്‍ നിന്നു കൊച്ചി നഗരത്തിലേത്ത്

കുറ്റവും ശിക്ഷയും

രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്ന് നല്കപ്പെടുന്ന ഒന്നല്ല

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*