കാലവര്‍ഷക്കെടുതിയില്‍ കൈത്താങ്ങായി കത്തോലിക്കാസഭയും

കാലവര്‍ഷക്കെടുതിയില്‍ കൈത്താങ്ങായി കത്തോലിക്കാസഭയും

പുനലൂര്‍
കാരിത്താസ് ഇന്ത്യയുടെയും പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. ആറന്മുള്ള, മല്ലപ്പുഴശേരി, വെണ്‍മണി, കൊഴുവല്ലൂര്‍, ചെറിയനാട്, പുലിമേല്‍, തഴവ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവസ്തുക്കളും അവശ്യസാധനങ്ങളും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലധികം വിലവരുന്ന കിറ്റുകള്‍ നല്‍കി. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തഴവ, കുഞ്ഞിക്കോട് ഇടവകയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും അവശതയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആയൂര്‍ സെന്റ് ആന്‍സ് സ്‌കൂളിലെ കുട്ടികള്‍ ശേഖരിക്കുന്ന വസ്ത്രങ്ങളും അവശ്യവസ്തുക്കളും ദുരിതബാധിതരായ ജനങ്ങള്‍ക്ക് എത്രയും വേഗം എത്തിക്കുമെന്നും പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ മോണ്‍. ജോണ്‍സണ്‍ ജോസഫ് പറഞ്ഞു.
ആലപ്പുഴ
ആലപ്പുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്. കൈനകരി, കുന്നുമ, കഞ്ഞിപ്പാടം പ്രദേശങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും സന്നദ്ധപ്രവര്‍ത്തകര്‍ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്യസ്ത സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എഎസ്എസ്എസ് മുന്നിലുണ്ട്.
മഞ്ഞുമ്മല്‍ ഒസിഡി സഭയുടെ സ്ഥാപനമായ ജ്യോതിര്‍ഭവന്‍, ഫോര്‍ട്ട്‌കൊച്ചി സെന്റ് ജോണ്‍ ദി ബ്രിട്ടോ സ്‌കൂള്‍, സെന്റ് തെരേസസ് കോളജ്, സിടിസി സന്യാസ സഭ എന്നിവരെ ഏകോപിപ്പിക്കുവാനും സഹായമെത്തിക്കാനും കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയതിനു പുറമെ സിടിസി സഭയുടെയും സെന്റ് തെരേസസ് കോളജിന്റെയും സാമ്പത്തിക സഹായത്തോടെ വള്ളവും വലയും ഉള്‍പ്പെടെയുള്ള ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട നാലു കുടുംബങ്ങള്‍ക്ക് അത് വാങ്ങിക്കുവാനുള്ള സംവിധാനങ്ങള്‍ ചെയ്തു. കണ്ണൂരില്‍ നിന്നു വന്ന ഉര്‍സലിന്‍ സന്യാസസഭയിലെ ഡോക്ടര്‍മരായ സിസ്റ്റേഴ്‌സിന്റെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തി.
രോഗികളും അവശരുമായവര്‍ക്ക് ആവശ്യമായ ചികിത്സാസഹായങ്ങള്‍ക്കായി ലാബ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കി ദുരിതബാധിതരെ സഹായിക്കാനും ആലപ്പുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുന്നോട്ടുവന്നിട്ടുണ്ട്. വളംകടി പോലെയുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ അതിനായുള്ള പ്രതിരോധ മരുന്ന്, സാനിട്ടറി നാപ്കിന്‍, ബെഡ്ഷീറ്റ്, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ എല്ലായിടത്തും എത്തിക്കുവാന്‍ പരമാവധി കഴിഞ്ഞിട്ടുണ്ടെന്ന് ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശേരി പറഞ്ഞു. കമ്യൂണിറ്റി റേഡിയോ നെയ്തല്‍ ആലപ്പുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.
കൊച്ചി
കൊച്ചി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെല്ലാനം, തങ്കി പ്രദേശങ്ങളിലെ 500ലധികം കുടുംബങ്ങള്‍ക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ നല്‍കി. കടല്‍ക്ഷോഭം മൂലം മാലിന്യം നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാതിരുന്ന പ്രളയബാധിത പ്രദേശങ്ങളിലെ ഭവനങ്ങള്‍ ശുചിയാക്കാനും ‘വൈഡ്‌സ്’ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. മഴക്കെടുതി മൂലം അവശതയനുഭവിക്കുന്ന കുട്ടനാട് പ്രദേശത്തെ ജനങ്ങളെ സഹായിക്കാന്‍ 10 ലക്ഷത്തിലധികം രൂപ വിലവരുന്ന അരി, പലവ്യഞ്ജന സാധനങ്ങളും, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവ ശേഖരിച്ച് അവ അര്‍ഹമായവര്‍ക്ക് നല്‍കാനായി ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളെ ഏല്‍പ്പിച്ചു. ബിഷപ് ഡോ. ജോസഫ് കരിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്നു. കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. മരിയന്‍ അറക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അരുണ്‍ അറക്കല്‍ എന്നിവരും സൊസൈറ്റി ജീവനക്കാരും അംഗങ്ങളും വൈഡ്‌സ് ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി.
കോട്ടപ്പുറം
പ്രളയദുരിതത്തില്‍ വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് കോട്ടപ്പുറം രൂപതയുടെ പാസ്റ്ററല്‍ സെന്ററായ കോട്ടപ്പുറം വികാസില്‍ താമസസ്ഥലമൊരുക്കി. തുരുത്തൂര്‍, കുരിശിങ്കല്‍ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് കോട്ടപ്പുറം മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വികാസില്‍ താമസിക്കുന്ന പ്രളയബാധിതര്‍ക്ക് വസ്ത്രവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ പറഞ്ഞു.
കോഴിക്കോട്
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് കോഴിക്കോട് രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും ആഗസ്റ്റ് 12 പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. രൂപതയിലെ സാമൂഹ്യ ശുശ്രൂഷാ സമിതികളുടെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വൈത്തിരി പൊഴുവന, പനമരം, തലപ്പുഴ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍ വൈത്തിരി, പൊഴുവനം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്നു. ചുണ്ടേല്‍ സെന്റ് ജൂഡ് ഇടവകയില്‍ പ്രളയം മൂലം മലിനമായ കിണറുകള്‍ ശുചീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. ജീവനയുടെ നേതൃത്വത്തിലും ആശ്വസപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി രൂപത പിആര്‍ഒ ഫാ. ജിജു പള്ളിപ്പറമ്പില്‍ പറഞ്ഞു.
കണ്ണൂര്‍
കണ്ണൂര്‍ രൂപത വിവിധ സന്നദ്ധ സംഘടനകളുടെയും സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ പാറക്കപാറ, കോളിത്തട്ട് ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ വിതരണം ചെയ്തു. ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് ടീം സന്ദര്‍ശനം നടത്തിയത്. വീടും സ്വത്തും നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങളെ ബിഷപ് ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. ജോര്‍ജ് പൈനാടത്ത്, ഫാ. റോയ് നെടുന്താനം, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles

ചെല്ലാനത്ത്ക്കാരൻ എഡ്ഗറിന് രാഷ്ട്രപതിയുടെ മറുപടി ലഭിച്ചു.

കൊച്ചി : ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു. കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ

ഇന്ത്യയില്‍  ജനാധിപത്യം മരിക്കുന്നുവോ?

ഇന്ത്യന്‍ ജനാധിപത്യം മരിക്കുകയാണോ എന്ന ചോദ്യം വളരെ പ്രസക്തമായ കാലമാണിത്. മരണം സംഭവിക്കാതെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് നാം പരിശോധിക്കേണ്ടത്. അതിനുവേണ്ട അവസരങ്ങള്‍ ഇപ്പോള്‍ കൈവന്നിട്ടുണ്ട്.

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*