Breaking News

കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും

കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും

 

കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഇപ്പോഴും മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്തത് പ്രളയത്തിന് കാരണമായി. കുറച്ചുകാലമായി കേരളത്തില്‍ പെയ്യുന്ന മഴയുടെ അളവില്‍ ഗണ്യമായ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്.
മഴ ഒരു ശതമാനംകണ്ട് കുറയുകയും താപനില ശരാശരി ഒരു ശതമാനം വരെ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. നഗരപ്രദേശങ്ങളില്‍ താപനിലയുടെ വര്‍ധന രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെയാണ്. അതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മഴയുടെ അളവില്‍ വര്‍ധനയുണ്ടാകുകയും ശരാശരി താപനിലയില്‍ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്. 2018ല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴയില്‍ 23 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അക്കാലത്ത് മലഞ്ചെരിവുകളിലാണ് മഴക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. എന്നാല്‍ ആഗസ്റ്റില്‍ മലമ്പ്രദേശങ്ങളിലാണ് മഴയില്‍ വര്‍ധനയുണ്ടാകുന്നത്. വേനല്‍ക്കാലമഴയില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമായി ഭവിച്ചത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റാണ്. എന്നാല്‍ മണ്‍സൂണ്‍കാലത്ത് അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റുമൂലം കേരളത്തില്‍ പെയ്യേണ്ട മഴയില്‍ ഗണ്യമായ കുറവുണ്ടായി.
ബംഗാള്‍ ഉള്‍ക്കടലിലെ ഉപരിതലജലം അറബിക്കടലിനെക്കാള്‍ ലവണത കുറഞ്ഞതാണ്. അതിനാല്‍ ബാഷ്പീകരണം കൂടുതലുണ്ടായി ചുഴലിക്കാറ്റുണ്ടാകുന്നു. എന്നാല്‍, അറബിക്കടലിന്റെ ലവണത കുറയുമ്പോള്‍, അതായത് മഹാസമുദ്രജലപ്രവാഹങ്ങള്‍വഴി നേര്‍ത്ത ജലം എത്തുമ്പോഴും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍നിന്ന് മഴപെയ്തുണ്ടാകുന്ന ജലമൊഴുകി എത്തുമ്പോഴും ബാഷ്പീകരണം വര്‍ധിക്കുന്നു. കൂടാതെ അറബിക്കടലിന്റെ താപം 29 ഡിഗ്രിയായി തുടരുന്നതിനാല്‍ ചുഴലിക്കാറ്റുണ്ടാകാനുള്ള ബാഷ്പീകരണത്തിനുള്ള വേദി സജ്ജമാകുകയും ചെയ്യുന്നു. കേരളമുള്‍പ്പെടുന്ന തീരപ്രദേശത്തിന്റെ താപനിലയും അറബിക്കടലിന്റെ താപനിലയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ കടലില്‍നിന്നുള്ള കാറ്റിന്റെ ഒഴുക്ക് കുറയുകയും മഴമേഘങ്ങള്‍ ആവശ്യത്തിന് എത്താതിരിക്കുകയും ചെയ്യുന്നു.
വലിയ കടല്‍ക്കാറ്റുണ്ടായാല്‍ മാത്രമേ മഴമേഘങ്ങളും കരയില്‍നിന്ന് ഉയരുന്ന ജലബാഷ്പവും മലഞ്ചെരിവിലൂടെ ഉയര്‍ന്ന് മേഘഭാഗങ്ങളുടെ കനം വര്‍ധിച്ച് മഴയ്ക്ക് കാരണമാകുകയുള്ളൂ. പസഫിക്കിന്റെ ഉപരിതല താപനില ഉയരുന്ന പ്രതിഭാസമായ എല്‍നിനോ കേരളത്തിലെ മഴയെ സ്വാധീനിക്കുന്നു. അതുപോലെ ഇന്ത്യാ മഹാസമുദ്രത്തില്‍ ഇന്തോനേഷ്യ മുതല്‍ ആഫ്രിക്ക വരെയുള്ള പ്രദേശത്ത് രൂപപ്പെടുന്ന സമുദ്രജലത്തിന്റെ താപനിലയിലെ വ്യതിയാനമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ മഴയെ ബാധിക്കുന്ന രീതിയില്‍ പരിണമിച്ചിട്ടില്ല.
നല്ല മണ്‍സൂണ്‍ മഴ കിട്ടാന്‍ വേണ്ട എല്ലാക്കാര്യങ്ങളും സജ്ജമായിട്ടും കേരളത്തില്‍ മഴക്കുറവുണ്ടാകുന്നത് ഇവിടത്തെ ഭൂഭാഗത്തിനുമുകളില്‍ രൂപപ്പെട്ട അതിമര്‍ദ്ദമാണ്. ഭൂപ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിനൊരു കാരണമാണ്. ആപേക്ഷിക ആര്‍ദ്രതയില്‍ വര്‍ധനയുണ്ടാകുന്നതുമൂലം താപം ഇവിടെത്തന്നെ തുടരാനിടയാകുന്നു. കാറ്റില്‍ കുറവുണ്ടാകുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ആശ്വാസകരമായ മാറ്റം ഉണ്ടായത് ഇന്ത്യയുടെ മധ്യഭാഗത്തായി മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷത്തൊട്ടിയും കേരളം മുതല്‍ മഹാരാഷ്ട്രവരെയുള്ള തീരദേശത്ത് ഓഫ്‌ഷോര്‍ ട്രഫ് എന്ന ന്യൂനമര്‍ദപ്രദേശം രൂപപ്പെട്ടതുമാണ്. ഇതുവഴി കേരളത്തിലേക്ക് കടലില്‍നിന്ന് കാറ്റില്‍ മഴമേഘങ്ങള്‍ എത്തുകയും ശക്തമായ മഴയ്ക്ക് കാരണമാകുകയുംചെയ്യുന്നു. ദക്ഷിണാര്‍ധഗോളത്തിലെയും ഉത്തരാര്‍ധഗോളത്തിലെയും വായുഭാഗങ്ങള്‍ ഒരുമിക്കുന്ന പ്രദേശമായ ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വേര്‍ജന്‍സ് സോണ്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ താഴ്ന്ന മര്‍ദത്തിനു കാരണമായി. അങ്ങനെ മണ്‍സൂണിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരുപറ്റം കാരണങ്ങളിലൊന്ന് ശരിയായി വരികയും ഇപ്പോള്‍ നാം അനുഭവിക്കുന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്തു.
2018-19 വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവഹാനിയും നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലുമാണ്. സ്വതവേ ദുര്‍ബലമായ പശ്ചിമഘട്ടത്തില്‍ നടത്തുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃഷിക്കായി തെളിച്ചെടുക്കുന്ന വനപ്രദേശങ്ങള്‍, വലിയതോതിലുള്ള പാറഖനനം എന്നിവ മലനിരകളെ ദുര്‍ബലമാക്കുകയും മഴപ്പെയ്ത് മേല്‍മണ്ണില്‍ ജലം നിറയുമ്പോള്‍ അത് ഉരുള്‍പൊട്ടലായി നാശം വിതയ്ക്കുകയും ചെയ്യുന്നു. വനവൃക്ഷങ്ങള്‍ മലനിരകളെ സംരക്ഷിച്ചുനിര്‍ത്തുമായിരുന്നു. എന്നാല്‍, അവയും അപ്രത്യക്ഷമായി. സൂര്യന്‍ ഇപ്പോള്‍ നിമ്‌നാവസ്ഥയിലാണ്. 2017 മുതല്‍ തുടരുന്ന ഒന്നാണ് സോളാര്‍ മിനിമം എന്ന ഈ അവസ്ഥ. ഇക്കാലയളവില്‍ നല്ല മഴ ലഭിക്കേണ്ടതാണ്. 1924ല്‍ ലഭിച്ചതിലും കുറവ് മഴയാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ ലഭിച്ചത്. അതായത് ആകെ മഴയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്ന് അനുമാനിക്കാം.
എന്നാല്‍ ചിലപ്പോള്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍, വേനല്‍ക്കാലമഴ എന്നിവ വര്‍ധിക്കാനിടയുണ്ട്. ലോകത്തിലെ ഒരിടത്തും കാലാവസ്ഥ ഒരേപോലെ വളരെക്കാലം ഉണ്ടാകില്ല. ഭൂപ്രകൃതിയില്‍ പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങള്‍മൂലം വര്‍ഷണത്തിലും താപനിലയിലുമൊക്കെ വ്യതിയാനമുണ്ടാകുന്നു.


Related Articles

രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ്

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

പുനലൂര്‍: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 33-ാമത് ജനറല്‍ അസംബ്ലി 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍

ഫ്രഞ്ച് ബൈബിള്‍

സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ജ്ഞാനസ്‌നാനം സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ്. തന്റെ ഈ കടമയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു മിസിസ് മാര്‍ഗരറ്റ്. പക്ഷേ, ചെറുപ്പത്തില്‍ തന്നെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*