Breaking News

കാവലാകാന്‍ പരിശീലിപ്പിക്കാം

കാവലാകാന്‍ പരിശീലിപ്പിക്കാം

പറവൂര്‍ പൂയ്യപ്പള്ളി ഗ്രാമത്തിലെ മാമ്പിള്ളി വീട്ടില്‍ മേരിയമ്മച്ചി താരമായ ടിക്‌ടോക് ഇപ്പോള്‍ നവീന മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മേരിയമ്മൂമ്മയും കൊച്ചുമോന്‍ ജിന്‍സണും ചേര്‍ന്നൊരുക്കുന്ന രസകരമായ നിമിഷങ്ങള്‍ ജീവിതത്തെ മനോഹരമാക്കാനുതകുന്ന ചില നുറുങ്ങു നിര്‍ദ്ദേശങ്ങളും സമൂഹത്തിനു കൊടുക്കുന്നുണ്ട്. നേരമ്പോക്ക് മാത്രമല്ല, ചില ചിന്തകളും അമ്മാമ്മയും കൊച്ചുമോനും കൂടെ നാട്ടുകാര്‍ക്ക് നല്‍കുന്നു. ചട്ടയും മുണ്ടുമുടുത്തുനില്‍ക്കുന്ന അമ്മാമ്മ പഴയ തലമുറയുടെ പ്രതീകമാണ്. സദാനേരവും സ്മാര്‍ട്ട് ഫോണില്‍ തട്ടിനില്‍ക്കുന്ന പുത്തന്‍തലമുറയോട് അവര്‍ക്ക് പഥ്യമായ മാധ്യമത്തിലൂടെ അമ്മാമ്മ തന്റെ മൂല്യബോധം പകരുകയാണ്. ഇതാണ് പുത്തന്‍ പെഡഗോജി! പുതിയ ബോധനതന്ത്രം! ഞങ്ങളുടെ കാലത്ത് ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പോഴെല്ലാം പോയില്ലേ, തകര്‍ന്നു തരിപ്പണമായില്ലേ എന്നൊക്കെ വിചാരിച്ച് വ്യസനപ്പെടുന്നവരോട് മേരിയമ്മൂമ്മയും കൊച്ചുമോനും പറയും, ഒന്നും പോയിട്ടില്ലെന്നേയ്, എല്ലാം തിരിച്ചുപിടിക്കാം. പുത്തന്‍ മനസുകളിലേക്ക് എത്തിച്ചേരാനുള്ള വഴിയൊന്ന് മാറ്റിപ്പിടിപ്പിച്ചാല്‍ മതിയാകും. അവരത് തിരിച്ചറിഞ്ഞോളും. മനസിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. മേരിയമ്മാമ്മ സൂചിയില്‍ നൂല്‍കോര്‍ക്കുന്ന ടിക്‌ടോക് ഷോ നോക്കുക. അമ്മാമ്മ പറയുന്നു, എനിക്കു വയസായി. കണ്ണ് തീരെ ശരിയാകുന്നില്ല. കൊച്ചുമോന്‍ രംഗത്തെത്തുന്നു. അയാള്‍ പറയുന്നു, അമ്മാമ്മയൂടെ കണ്ണ് പഴയതായതുകൊണ്ടല്ല. മുറിയില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതുകൊണ്ടാണ് സൂചിക്കുഴ കണ്ണില്‍പ്പെടാത്തത്. പിന്നീടയാള്‍ കാണികളോട് തുടരുന്നു, പ്രായമായവരോട് മിണ്ടിയും പറഞ്ഞും അവരെ നമുക്ക് കരുതാമല്ലോ? ഇതൊരു പാഠമാണ്. ഓര്‍മ്മയില്‍ ഗൃഹപാഠം ചെയ്‌തെടുക്കേണ്ട ഒന്നായി ഈ ടിക്‌ടോക് മാറുന്നു.
സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും ആര്‍ജിക്കേണ്ട മൂല്യബോധം എങ്ങനെയാണ് പുതിയ കാലത്തെ മനസുകളിലേയ്ക്ക് പകരേണ്ടതെന്ന ചോദ്യം സമകാലസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവതരമായി ഉന്നയിക്കേണ്ടതാണ്. പ്രണയത്തിന്റെ പേരില്‍ കൊലയും ആത്മഹത്യയും നിരന്തരം വാര്‍ത്തയാകുന്നത് സാമൂഹ്യമായ ഉത്കണ്ഠയോടെ നമ്മള്‍ വായിക്കുന്നു. സ്‌നേഹവും പ്രണയവും വൈകാരിക വിക്ഷോഭങ്ങളും കൂടിക്കുഴയുന്ന കൗമാരകാലത്തിന്റെ മൂല്യബോധം എന്ന ഗൗരവതരമായ കൃത്യത്തെ ശരിയായി ഈ സമൂഹം ഇനിയും അഭിസംബോധന ചെയ്തിട്ടില്ലായെന്ന് ഇത്തരം സംഭവങ്ങള്‍ പറയുന്നുണ്ടോ? ഏറ്റവുമൊടുവില്‍ കൊച്ചിയുടെ പരിസരത്ത് ഒരു പെണ്‍കുട്ടി നിര്‍ദയമായി കൊല്ലപ്പെടുകയും പ്രതിയായ ചെറുപ്പക്കാരന്‍ ജീവനൊടുക്കുകയും ചെയ്ത സംഭവം അറിഞ്ഞ് നമ്മള്‍ അസ്തപ്രജ്ഞരായി നില്‍ക്കുമ്പോള്‍ ഈ ചോദ്യത്തിനുമുന്നില്‍ തന്നെയാണ് പകച്ചുനില്‍ക്കുന്നത്. മുഖ്യധാരാ ദിനപത്രങ്ങളിലൊന്ന് ഈ സംഭവത്തിന്റെ പിറ്റേന്ന് മുഖപ്രസംഗത്തിലെഴുതി, കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ സ്വാധീനം ചെറുപ്പക്കാരില്‍ വേരുറപ്പിക്കണമെന്ന്! അതേദിനപത്രത്തിന്റെ ആദ്യ പേജില്‍ത്തന്നെ കൂട്ടത്തായിയിലെ മരണങ്ങളെ ചുറ്റിപ്പറ്റിയുള്ള മനസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. തുടര്‍പേജുകളിലേയ്ക്ക് അതേവാര്‍ത്ത കവിയുന്നുണ്ടായിരുന്നു. അതേ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനല്‍ ഇതേവിഷയം ചര്‍ച്ചചെയ്തു തളരുന്നുണ്ടായിരുന്നു. ഈ പത്രവും ചാനലും മാത്രമല്ല, മുഖ്യധാരയിലെ എല്ലാ മാധ്യമങ്ങളുടെയും മുഖ്യവിഷയം, കഴിഞ്ഞയാഴ്ചയില്‍ കൂട്ടത്തായിയെ ചുറ്റിപ്പറ്റിയായിരുന്നല്ലോ. മനസ് മരവിച്ചുപോകുന്ന കാര്യങ്ങള്‍ വിശദമാക്കിക്കൊടുത്തും വാര്‍ത്തകള്‍ പ്രചരിപ്പിച്ചും മനുഷ്യനിലെ ക്രൗര്യം കലയായി വാഴ്ത്തപ്പെട്ട് സിനിമകളില്‍ ആഘോഷമാക്കിയും കൊണ്ടാടുന്ന സമൂഹത്തില്‍, കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്ന കാലത്ത് അതേല്പിക്കുന്ന ആഘാതം തീരെ ചെറുതല്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ധീരതയായി വാഴ്ത്തപ്പെടുന്നിടത്ത് സമൂഹം വിഷമയമാകും. എന്നിട്ടും പ്രതീക്ഷ കൈവിടാതെ സാമൂഹ്യമായ ചില ഘടനകള്‍ മാനസികതയെ താങ്ങിനിര്‍ത്തുകയാണ്. കുടുംബവും അദ്ധ്യാപകരും മതങ്ങളും മൂല്യബോധനത്തിന്റെ ഉത്തരവാദിത്തമേറ്റിട്ടുള്ളവരുമെല്ലാം പ്രതീക്ഷയോടെ ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കറിയാം തങ്ങള്‍ മുഖാഭിമുഖം നില്‍ക്കുന്നത് ശക്തമായ ബിസിനസ് താല്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന, പണത്തിന്റെ ആര്‍ത്തിക്കപ്പുറം മറ്റൊന്നുമില്ല എന്നു വിചാരിക്കുന്ന അവരവരുടെ സമ്പത്തിനുവേണ്ടി മറ്റെന്തും കുത്തിമറിക്കുന്ന, തട്ടിത്തെറിപ്പിക്കുന്ന ആളുകളുടെ ശക്തിയോടാണെന്ന്. ഈ ശക്തി എന്തുമാകാം. മാധ്യമങ്ങളുടെ താല്പര്യങ്ങള്‍, നെഗറ്റീവായ ജീവിതദര്‍ശനങ്ങള്‍ ജീവിതത്തെപ്പറ്റിയും ജീവനെപ്പറ്റിയും പ്രകൃതിയെപ്പറ്റിയുമുള്ള വികലമായ കാഴ്ചപ്പാടുകള്‍, അങ്ങനെയങ്ങനെ എന്തുമാകാം. ആനന്ദവും ആഹ്ലാദവും സന്തോഷവും കൊതിയും തമ്മിലുള്ള ഭേദം അവരില്‍ തിരിച്ചറിവായിട്ടുണ്ടാവില്ല. അവരവര്‍ തന്നെയാണ് അവരുടെ ലോകത്തിന്റെ സ്രഷ്ടാക്കള്‍ എന്ന് അവര്‍ കരുതും. അവര്‍ കണ്ണടച്ചാല്‍ അവരുണ്ടാക്കിയ ലോകവും അവസാനിക്കുമെന്ന മണ്ടന്‍ ആശയവുംപേറി ജീവിക്കുന്ന വിഡ്ഢിക്കുശ്മാണ്ടങ്ങള്‍ നാടിനും സമൂഹത്തിനും കുടുംബത്തിനും കൊടുക്കുന്ന നെഗറ്റീവ് ചിന്ത കാളകൂടവിഷത്തെക്കാള്‍ അപകടകരമാണ്. ജീവിതമെന്നാല്‍ സ്‌നേഹബന്ധത്തിന്റെതാണെന്നും സ്‌നേഹമെന്നാല്‍ ക്ഷമയുടെയും കാത്തിരിപ്പിന്റെയും ത്യാഗത്തിന്റെയും മൂല്യങ്ങളാല്‍ ഉന്നതമായ ദര്‍ശനമായി ജീവിതത്തെ നയിക്കുന്നതാണെന്നും പറയാന്‍ വ്യക്തിവാദത്തിന്റെ ഈ ലോകത്ത് ഇനിയും കരുത്തുള്ളവര്‍ ഉണ്ട്. മനുഷ്യ ജീവിതമെന്നാല്‍ ബന്ധങ്ങളുടേതാണെന്നും സ്‌നേഹത്തോടെ കരുതാനും കാവലയായി നില്‍ക്കാനുമുള്ളതാണെന്നും പറയാന്‍ ഇവിടെ കുടുംബങ്ങള്‍ നിലനില്‍ക്കണം. പുതിയ തലമുറ അതില്‍ പരിശീലിപ്പിക്കപ്പെട്ട് വളരണം. ക്രൈസ്തവ മതത്തെയും ക്രൈസ്തവ ദര്‍ശങ്ങളെയും ആത്മീയ ദര്‍ശനങ്ങളെയും അവഹേളിച്ചും ആക്ഷേപിച്ചും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കേവലം മതവിരോധം മാത്രമല്ല, അത് മാനവികതയെക്കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനത്തിനെതിരായുള്ള യുദ്ധം തന്നെയാണ്. ക്രിസ്തുവും ക്രിസ്തുദര്‍ശനവും മുന്നോട്ടുവയ്ക്കുന്ന മനുഷ്യനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ലോകത്തുനിന്ന് തുടച്ചുനീക്കിയാലേ, വ്യക്തികേന്ദ്രീകൃത വാദത്തിന്റെ ചുവടുപിടിച്ചെത്തുന്ന ആര്‍ത്തിയുടെയും ദുരയുടെയും മനുഷ്യഭാവങ്ങള്‍ക്ക് ഈ ലോകത്ത് തഴച്ചുവളരാനാകുകയുള്ളൂ. വളരെ വേഗത്തില്‍ പടരുന്ന ഈ ആര്‍ത്തിയെയും ദുരയെയും ചെറുക്കാന്‍ ക്രൈസ്തവ ദര്‍ശനത്തിന്റെ മുഖമായ കുടുംബങ്ങളും ഈ ദര്‍ശനത്തിന്റെ വെളിച്ചം കെടാതെനോക്കുന്ന കാവല്‍ദൂതരും നിലനില്‍ക്കണം. കുടുംബങ്ങളെ ശിഥിലമാക്കിയും സ്‌നേഹത്തെപ്പറ്റിയുള്ള ദര്‍ശനങ്ങള്‍ ഇല്ലാതാക്കിയും വ്യക്തിതാല്പര്യങ്ങളുടെ മൃഗാംശത്തിന്റെ ആഘോഷത്തെ സ്വാതന്ത്ര്യമെന്ന് വാഴ്ത്തിയും ഇതാണ് കല, ഇതാണ് ജീവിതമെന്ന് ആക്രോശിച്ചും അട്ടഹസിച്ചും സ്ഥാപിച്ചെടുക്കുന്ന ലോകക്രമത്തില്‍ കുറ്റകൃത്യം ആചാരമെന്നോണം ആഘോഷിക്കപ്പെടും. ക്രൗര്യത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ സംസ്‌ക്കരിച്ചെടുത്ത ആത്മീയദര്‍ശനങ്ങളെ അതുകൊണ്ടുതന്നെ ക്രൗര്യത്തിന്റെ വക്താക്കള്‍ വെട്ടിവീഴ്ത്താന്‍ ശ്രമിക്കും. അവര്‍ ആത്മഹത്യയെ പെരുപ്പിച്ചുകാണിക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന് വാഴ്ത്തുകയും ധീരതയെന്ന് പ്രശംസിക്കുകയും ചെയ്യും. അവര്‍ കൊലപാതകങ്ങളെ തന്ത്രമാക്കി അവതരിപ്പിക്കും. നിയമത്തില്‍നിന്നും രക്ഷപ്പെടാനുള്ള ഊടുവഴികള്‍ തിരയും. പുതിയ തലമുറയെ അതിലേയ്ക്ക് പരിശീലിപ്പിക്കും.
ഇതൊക്കെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന നാടകങ്ങളുടെ രത്‌നച്ചുരുക്കം. കാവല്‍ എന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുണ്ട്. രാജ്യത്തിന്റെ നിയമങ്ങളോട് ഇടയുന്ന കൗമാരക്കാരെ സാവകാശത്തില്‍ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതി. നിംഹാന്‍സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ആയിരത്തിലധികമുണ്ട്. ചെറുപ്പക്കാരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന പരിശ്രമം എത്ര ബുദ്ധിമുട്ടേറിയതാണ് എന്ന് ഇതിന്റെ രീതികള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. പക്ഷേ, അതിലേയ്ക്ക് ഹൃദയവും മനസും അര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്നവര്‍ വലിയ പ്രതീക്ഷയാണ് ഈ സമൂഹത്തിനു നല്‍കുന്നത്. നിരാശപ്പെട്ട് പിന്മാറാന്‍തക്ക സാഹചര്യമുള്ളപ്പോഴും പ്രത്യാശയോടെ ഈ സമൂഹത്തെ നോക്കുന്നവര്‍ നമുക്കു വേണം. അവരാണ് ‘കാവല്‍’ എന്ന വാക്ക് എത്ര മനോഹരമാണെന്ന് പറയുന്നത്. സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നത്. എല്ലാ കാര്‍മേഘങ്ങള്‍ക്കപ്പുറവും പ്രതീക്ഷയുടെ വെള്ളിവെളിച്ചമുണ്ട് എന്ന പ്രത്യാശാഭരിതമായ ചിന്തയോടെ ഭാവിയിലേക്ക് നമ്മള്‍ നോക്കുക. അതിനായി കൈകോര്‍ക്കണം.


Related Articles

ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം

ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ.  തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും

റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി

  ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും

കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി

  കൊച്ചി: 2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*