കാവല്‍ക്കാരന്‍ കള്ളനും കൊലപാതകിയുമാകുമ്പോള്‍

കാവല്‍ക്കാരന്‍ കള്ളനും കൊലപാതകിയുമാകുമ്പോള്‍

നിയമത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും കാവല്‍ക്കാരായ നിയമപാലകര്‍ നീചവും നിഷ്ഠുരവുമായ കൊലപാതകത്തിന് ഉത്തരവാദികളാകുമ്പോള്‍ നാട്ടിലെ നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു.
2019 ജൂണ്‍ 25. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 44-ാം വാര്‍ഷികം. അന്നു തന്നെ മുഖ്യമന്ത്രിക്ക് നെടുങ്കണ്ടം ഹരിത ഫിനാന്‍സ് ഉടമ വാഗമണ്‍ സ്വദേശി കുമാറിന്റെ കസ്റ്റഡി മരണത്തിന് മറുപടി പറയേണ്ട ഗതികേട് നാം കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസ് ക്യാമ്പില്‍ ഉരുട്ടിക്കൊന്ന രാജന്റെ ആത്മാവ് കെ.കരുണാകരനെ പിടിവിടാതെ പിന്തുടരുന്നുണ്ടായിരുന്നു. കെ. കരുണാകരന്‍ എന്ന കേരള മുഖ്യമന്ത്രിയുടെ ജീവിതത്തില്‍ ഇന്നും മായ്ക്കാനാകാത്ത കളങ്കമായി അത് അവശേഷിക്കുന്നു.
വായ്പ വാഗ്ദാനം ചെയ്ത് അനേകരെ പണംവാങ്ങി ചതിച്ചു എന്ന പേരില്‍ കുമാറിനെ ജൂണ്‍ 12ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. 16ന് രാത്രി 9.30ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലായി. 21ന് അവശനായ കുമാറിനെ താലൂക്ക് ആശുപത്രിയിലാക്കി താമസിയാതെ മരിച്ചു. പൊലീസ് സ്റ്റേഷനിലെ ഇടിമുറിയില്‍ നാലു ദിവസത്തെ അതിക്രൂരമായ പീഡനം. കാല്‍മുട്ടിനു താഴെ ലാത്തികൊണ്ട് ഉരുട്ടല്‍. അടിവയറ്റില്‍ ആഞ്ഞുചവിട്ടി. കുമാര്‍ കുഴഞ്ഞുവീണു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ജയിലിലാക്കി. ഇടുക്കി ജില്ലാ മജിസ്‌ട്രേറ്റ് പൊലീസ് വാഹനത്തിനടുത്തെത്തിയാണ് റിമാന്‍ഡ് രേഖപ്പെടുത്തിയത്-അത്രമാത്രം അവശനായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആഹാരവും വെള്ളവും ലഭിക്കാതെ കടുത്ത മര്‍ദനമേറ്റതിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചു മരിച്ചുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ശരീരത്തില്‍ ഇരുപതിലധികം മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. നാല് വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.
മൂന്നാംമുറയും ക്രൂരമര്‍ദനങ്ങളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു. മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികസമ്മാനമായി ഒരു കസ്റ്റഡി മരണംകൂടി. 2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന നിരപരാധിയെ പൊലീസ് ഉരുട്ടിക്കൊന്നു. ചില പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടു. വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ കസ്റ്റഡിയില്‍ വച്ചു കൊന്ന പൊലീസുകാരെ പിരിച്ചുവിട്ടെങ്കിലും ആറുമാസത്തിനകം തിരിച്ചെടുത്തു. ഇങ്ങനെ എത്രയോ പേര്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ 3 കൊല്ലത്തിനകം 5 കസ്റ്റഡി മരണങ്ങള്‍. അതിനുമുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 8 കസ്റ്റഡി മരണങ്ങള്‍. ക്രിമിനല്‍ കേസുകളിലും സ്വഭാവദൂഷ്യത്തിനും 967 പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതായി വന്നു. കൊലക്കേസിലും വധശ്രമത്തിനും ലൈംഗികാതിക്രമ കേസിലുമാണ് മിക്കവരും പ്രതികളായിരിക്കുന്നതും ഇപ്പോള്‍ സര്‍വീസില്‍ തുടരുന്നതും.
പൊലീസ് സേനയിലെ ബഹുഭൂരിപക്ഷം പേരും നല്ലവരും ഉത്തരവാദിത്വബോധമുള്ളവരും പ്രഗത്ഭരുമാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെലുകളാണ് അവരെ വഴിതെറ്റിക്കുന്നത്. നിഷ്പക്ഷമായി നാടിനുവേണ്ടി നില്‍ക്കേണ്ടവര്‍ ചില പാര്‍ട്ടി നേതാക്കളുടെ കിങ്കരന്മാരായി മാറുന്നു. ഈ അടുത്തകാലത്തു നടന്ന പൊലീസ് സംഘടനാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ഇടപെടലുകള്‍ നാം കണ്ടതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പൊലീസുകാരുടെ വോട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരിമറി നടത്തുന്നതും മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്.
കസ്റ്റഡി മരണങ്ങളും നിയമപാലകരുടെ തെറ്റായ സമീപനവും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് ഭീഷണിയാണ്. ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും വിലങ്ങിടുകയാണ് ക്രമസമാധാനപാലകര്‍! അത് സര്‍ക്കാരിന്റെ പിടിപ്പുകേടും ജനങ്ങളോടുള്ള അവഗണനയുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണ ജനങ്ങളെക്കാള്‍ സംസ്‌കാരസമ്പന്നരും ധാര്‍മികത ഉള്ളവരുമായിരിക്കണം പൊലീസുകാര്‍. അവരില്‍ ചിലരുടെ ഭാഷയും പെരുമാറ്റവും മൂന്നാംകിട റൗഡികളെക്കാള്‍ കഷ്ടമാണ്.
സര്‍ക്കാരിന്റെ വഴിവിട്ട രീതിയിലുള്ള സംരക്ഷണം ഉണ്ടാവില്ല എന്ന് ഉറപ്പായാല്‍ത്തന്നെ പൊലീസും ജനങ്ങളും രക്ഷപ്പെടും. വിടുവായിത്തം വിളമ്പുന്ന മന്ത്രിമാരുണ്ടെങ്കില്‍ അവരുടെ കീഴിലെ ക്രിമിനലുകള്‍ക്ക് വിഷം കൂടും. പൊലീസ് സേനയുടെ പ്രവര്‍ത്തനശൈലി കാലാനുസൃതമായി മാറ്റങ്ങള്‍ക്കു വിധേയമാക്കണം. കേസന്വേഷണം മാന്യവും ശാസ്ത്രീയവുമാക്കണം. കസ്റ്റഡിമരണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം. കുമാറിന്റെ കസ്റ്റഡിമരണം അവസാനത്തേതായിരിക്കട്ടെ.

 

ജയപ്രകാശ്


Related Articles

‘അധികാരത്തില്‍ പങ്കാളിത്തം തന്നേ തീരൂ’

കോട്ടപ്പുറം: നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയും കൊല്ലത്ത് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) സംഘടിപ്പിച്ച ലത്തീന്‍ സമുദായ സംഗമങ്ങള്‍ക്കു പിറകേ കോട്ടപ്പുറം രൂപത ഡിസംബര്‍ 15ന് പറവൂര്‍

നാലു തലമുറകള്‍ വരെ ശിക്ഷയോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം: പൂര്‍വികര്‍ വഴി നാലു തലമുറകള്‍ വരെ ശാപമുണ്ടാകുമെന്ന് പഴയനിയമത്തില്‍ പലയിടത്തും കാണുന്നു. എന്നാല്‍ പുതിയനിയമത്തില്‍ അതേപ്പറ്റി

സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കോട്ടപ്പുറം വികാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം രൂപതയിലെ 53

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*