കാവല്‍മാലാഖമാരുണ്ടോ?

മുക്കാടന്‍
ശാര്മ്മണ്യദേശത്തെ കൊടുംശൈത്യത്തില്‍ നിന്നു രക്ഷനേടാനായിരുന്നു വേണാട്ടിലെ എന്റെ പ്രകൃതിരമണീയമായ ഗ്രാമത്തിലേക്ക് ഡിസംബര്‍ മാസാദ്യം എത്തിയത്. ബന്ധുമിത്രാദികളുടെ സന്ദര്‍ശനങ്ങളായിരുന്നു ആദ്യത്തെ കുറെ ദിനങ്ങള്‍. ക്രമേണ നാടന്‍ ജീവിതവുമായി ഇഴുകിച്ചേര്‍ന്നു. അതിരാവിലെ എഴുന്നേറ്റ് ദിനംപ്രതി ആറരയ്ക്ക് തുടങ്ങുന്ന ദിവ്യകുര്ബാനയില് പങ്കെടുത്തു. കല്യാണങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും സമയമാണീ മാസങ്ങള്‍. അതുകൊണ്ടുതന്നെ ദിനവും എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടാവും. നാട്ടിലുള്ളപ്പോള്‍ മാത്രമേ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാനാവൂ. അതിനാല്‍ അറിയിക്കുന്ന എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുകയും സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്തു.
ജര്‍മ്മനിയില്‍ ദിനംപ്രതി ഒരു മണിക്കൂര്‍ നടക്കുക എന്നത് ദിനചര്യയായിരുന്നു. പഞ്ചസാര രക്തത്തില്‍ ക്രമാതീതമായി വര്ദ്ധിച്ചതായിരുന്നു ഈ നടത്തത്തിനു കാരണം. നാട്ടില്‍ വന്നിട്ട് നാലാഴ്ചയോളമായിട്ടും നടത്തം തുടങ്ങിയിട്ടില്ല. ജര്‍മ്മനിയില്‍ ഭക്ഷണം ക്രമീകരിച്ച് വ്യായാമവും ചെയ്ത് രക്തത്തിലെ പഞ്ചസാര മിതപ്പെടുത്തി നിര്‍ത്തിയിരുന്നു. എന്നാല്‍ നാട്ടില്‍ വന്നശേഷം ആഹാരത്തിലും ക്രമീകരണം ഇല്ല, വ്യായാമവും
ഇല്ല, നടത്തവും ഇല്ല.
കൊച്ചുമക്കളുടെ പേരുപറഞ്ഞ് ഞാന്‍ ദിവസവും ക്രൗണ്‍ ബേക്കറിയില്‍ നിന്നും സുപ്രീം ബേക്കറിയില്‍ നിന്നുമൊക്കെ കിണ്ണത്തപ്പം, ഒരപ്പം, ഇലയപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, ഏത്തയ്ക്കാപ്പം തുടങ്ങിയ മധുരപലഹാരങ്ങളൊക്കെ വാങ്ങിക്കൊണ്ടുവന്നു. അതില്‍ പകുതിയും ഭാര്യയുടെ കണ്ണുവെട്ടിച്ച് ഭക്ഷിക്കും. അവിടെ സുലഭമല്ലാത്ത ഈ പലഹാരങ്ങളൊക്കെ ഇവിടെ വന്നപ്പോള്‍ കഴിക്കാന്‍ വല്ലാത്തൊരാര്ത്തിയാണ്. അവിടെ വെച്ച് ആഴ്ചയില്‍ ഒരുതവണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക പതിവായിരുന്നു. ഇവിടെ വന്ന് മൂന്നാഴ്ച കഴിഞ്ഞാണ് ഞാനാദ്യം പഞ്ചസാരയുടെ അളവ് പരിശോധിച്ചത്. യന്ത്രം കള്ളം പറയുകയില്ലല്ലോ. യന്ത്രത്തില്‍ കാണിച്ച അക്കങ്ങള്‍ കണ്ടപ്പോള്‍ കണ്ണുതള്ളിപ്പോയി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഇനിയും ഇങ്ങനെപോയാല്‍ ശരിയാവില്ല പഞ്ചസാര കുറയ്ക്കാന്‍ ദ്രുതഗതിയില്‍ എന്തെങ്കിലും തുടങ്ങിയേ ശരിയാവൂ എന്നും മനസ്സില്‍ കുറിച്ചു.
ഭാര്യ പലതവണ എന്നെ സ്നേഹത്തോടും പിണങ്ങിയും ഒക്കെ ഉപദേശിക്കുന്നുണ്ട്. ആഹാരത്തില്‍ ശ്രദ്ധിക്കണമെന്നും വ്യായാമം ചെയ്യണമെന്നും മറ്റും. പ്രമേഹം ഒരു വല്ലാത്ത അസുഖമാണെന്ന് ബോധ്യമുണ്ട്. അവന് ഹൃദയത്തെ ബാധിക്കും, തലച്ചോറിനെ ബാധിക്കും. അതിനാല്‍ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമൊക്കെ സാദ്ധ്യതയുണ്ട്. അതുകൂടാതെ പിന്നെ എന്തെല്ലാം… അതിനാല്‍ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിര്ത്തിയാല് കുറേനാള്‍ കൂടി ജീവിക്കാം.
ജീവിക്കണം…എന്റെ ഈ ശാലീനസുന്ദരമായ ഗ്രാമത്തില്‍, മനസ്സിന് മതിയാവോളം, അഷ്ടമുടിക്കായലിനെ തഴുകിയെത്തുന്ന മന്ദമാരുതന്റെ തലോടല്‍ ആസ്വദിച്ച് ഇവിടത്തെ സ്നേഹവുമുള്ള മനുഷ്യരുമായി സംവദിച്ച് അങ്ങനെ… അങ്ങനെ… വളരെക്കാലം ജീവിക്കണം, നിത്യനിദ്ര അണയുന്നതിനുമുമ്പ്.
അങ്ങനെയാണ് ഞാന്‍ നടത്തം തുടങ്ങിയത്. ഭക്ഷണം ക്രമീകരിച്ച് മാംസഭക്ഷണം ഒഴിവാക്കി. മധുരപലഹാരങ്ങള്‍ വിഷമത്തോടെയാണെങ്കിലും വര്‍ജ്ജിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കണം. രാവിലെ അഞ്ചുമണിക്ക് ഉണര്‍ന്ന് അഞ്ചരയോടെ പ്രഭാതസവാരി തുടങ്ങി. എന്റെ ഗ്രാമവും അതിനടുത്തുള്ള ഗ്രാമങ്ങളും ഒക്കെയാണ് എന്റെ ഇഷ്ട പ്രഭാതസവാരിക്ക് ഞാന്‍ തെരഞ്ഞെടുത്തത്. ഗ്രാമങ്ങളിലെ വഴികളിലൂടെ സഞ്ചരിച്ചാല്‍ വാഹനശല്യമുണ്ടാവില്ല. തെരുവുനായ്ക്കളെ മാത്രം സൂക്ഷിക്കണം.
ഭാര്യയുടെ ഉപദേശപ്രകാരം ഒരു കമ്പ് കയ്യില്‍ കരുതി. പ്രഭാതസവാരി തുടങ്ങിയപ്പോഴാണ് മനസ്സിലാക്കിയത്, ഞാന്‍ മാത്രമല്ല വേറെയും ഗ്രാമവാസികള്‍ ആരോഗ്യപരിപാലനത്തില്‍ തല്പരരാണെന്ന്. അങ്ങനെ അഭംഗുരം എന്റെ പ്രഭാതസവാരി നടന്നുകൊണ്ടിരുന്നു. ഗ്രാമങ്ങളിലെ വഴിയോരത്തെ പുതിയ രമ്യഹര്‍മ്യങ്ങള്‍ ദര്‍ശിച്ച്, അതിന്റെ ഭംഗി ആസ്വദിച്ച് നടക്കുന്നതിനിടയില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോകള്‍, കഴിഞ്ഞ കാലങ്ങളില്‍ മരണമടഞ്ഞവരുടെ മുഖങ്ങള്‍, നമ്മെ നോക്കുന്നു. പരിചയക്കാരുടെയും ബന്ധുക്കളുടെയും ഫോട്ടോകള്‍ ചില അവസരങ്ങളില്‍ ദുഃഖസ്മൃതിയുണ്ടാക്കി. ചില ദിവസങ്ങളില്‍ കൂട്ടുകാരെയാരെയെങ്കിലും കിട്ടും. അന്നത്തെ ദിവസങ്ങളിലെ നടത്തത്തില്‍ നാട്ടുവിശേഷങ്ങള്‍ അറിയാം. ഇങ്ങനെ ദിനവും നടത്തം തുടരുന്നതിനിടയിലെ ഒരു ദിവസം വഴിയുടെ അരികില്‍ കേബിളിടാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ വീണു. തലേന്ന് ആ കുഴി റോഡിന്റെ അരികിലില്ലായിരുന്നു. അങ്ങനെ ഒരു കുഴി അവിടെയുണ്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലായിരുന്നു. കുഴിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്തോറും കുഴിയുടെ വശങ്ങളില് കൂട്ടിവച്ചിരിക്കുന്ന മണ്ണ് കുഴിയിലേക്ക് വീണുകൊണ്ടിരുന്നു. കുഴിയില്‍ നിന്നു കയറാന്‍ നിവൃത്തിയില്ലാതെ ഞാന്‍ ചുറ്റും നോക്കി, വല്ലവരും വരുന്നുണ്ടോ എന്ന്. ആരെയും കാണാന്‍ കഴിഞ്ഞില്ല. പകരം രണ്ടു തെരുവുനായ്ക്കള്‍ എന്റെയടുത്തുവന്ന് എന്നെ നോക്കിനില്ക്കുന്നതാണ് കണ്ടത്. ആക്രമിക്കുമോ എന്ന ഭയം എന്നില്‍ ഭീതിപരത്തിയെങ്കിലും ഞാന്‍ ധൈര്യമവലംബിച്ചുകൊണ്ട് ‘പോ പട്ടീ’ എന്നൊക്കെ ഉച്ചത്തില്‍ പറഞ്ഞു. അവയൊന്നു മുരണ്ടുകൊണ്ട് അവിടെത്തന്നെ ചുറ്റിപ്പറ്റിനിന്നു. ഈ രണ്ടു നായ്ക്കളെ കൂടാതെ മറ്റൊന്നുകൂടി അവിടെയെത്തി. അതും എന്റെ നിസ്സഹായാവസ്ഥ മുതലെടുക്കാനായി മറ്റു രണ്ടു നായ്ക്കളുടെ കൂടെ കൂടി.
കുഴിയില്‍ നിന്നു രക്ഷപ്പെട്ടില്ലെങ്കില്‍ പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ ഉച്ചത്തില്‍ ‘ഹലോ, ആരെങ്കിലും ഉണ്ടോ’ എന്നൊക്കെ വിളിച്ചുനോക്കി. ഇതിനിടെ ഒരു പട്ടി പോയി മറ്റൊന്നിനെയും കൂടെ കൂട്ടിക്കൊണ്ടുവന്നു. ഇപ്പോള്‍ നാലു നായ്ക്കളും എനിക്കുചുറ്റും ക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാന്‍ കുഴിയില്‍ ഭയംകൊണ്ട് കുറേശ്ശെ വിറച്ചുതുടങ്ങി.
നേരം പരപരാ വെളുത്തുതുടങ്ങിയതേയുള്ളൂ. നേരം വെളുത്തുതുടങ്ങിയാല് ഈ വഴി സജീവമാകും. അതുവരെ കാത്തുനില്ക്കണം. പക്ഷേ, ഈ നായ്ക്കള്‍ എന്നെ ഭയപ്പെടുത്തിതുടങ്ങി. പണ്ട് െ്രെപമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സന്ധ്യകഴിഞ്ഞ് എന്തെങ്കിലും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പൈസയുംതന്ന് അമ്മ കടയിലേക്ക് വിടും. അന്നു ഭൂതപ്രേതാദികളെക്കുറിച്ചുള്ള അന്ധവിശ്വാസം അതിരൂക്ഷമായിരുന്നു. നല്ല ഇരുട്ടുള്ള സ്ഥലം വരുമ്പോള്‍ ഉച്ചത്തില്‍ ‘സ്വര്‍ഗസ്ഥനായ പിതാവിന്റെയും നന്മനിറഞ്ഞ മറിയത്തിന്റെയും’ ജപങ്ങള്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ട് ഒരൊറ്റയോട്ടം ഓടും.
ഞാന്‍ മനസ്സില്‍ ജപിച്ചുതുടങ്ങി. ദൈവത്തെ വിളിച്ചപേക്ഷിച്ചു, ഈ കുഴിയില്‍ നിന്ന് എന്നെ മോചിപ്പിക്കണേയെന്ന്. ഹൃദയമിടിപ്പു കൂടി. തണുപ്പുള്ള കാറ്റടിച്ചിട്ടും ഞാന്‍ വിയര്‍ത്തുതുടങ്ങി, തൊണ്ടവരണ്ടു. പെട്ടെന്നാണ് രണ്ട് ബലിഷ്ഠകരങ്ങള്‍ എന്നെ കുഴിയില്‍ നിന്നു പൊക്കിയെടുത്ത് വഴിയില്‍ നിര്‍ത്തിയതും പട്ടികളെ വിരട്ടിയോടിച്ചതും. ഞാന്‍ നന്ദിപറഞ്ഞുകൊണ്ട് ആ മുഖത്തേക്ക് നോക്കി. വട്ടമുഖം, കട്ടിയുള്ള മീശ, ആര്‍ദ്രതയുള്ള കണ്ണുകള്‍. ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയിട്ട് നടന്നുപോയി, ഒരുവാക്കുപോലും സംസാരിക്കാതെ. ഞാന്‍ പുറകില്‍ നടന്നെങ്കിലും അയാളോടൊപ്പം എത്താനായില്ല. കുറച്ചുസമയത്തിനുള്ളില്‍ അയാള്‍ അപ്രത്യക്ഷനായി.
ഈ മുഖം… പരിചിതമാണല്ലോ! ഈ മുഖം എനിക്ക് വളരെ പരിചിതമാണ്. പക്ഷേ, ആരാണയാള്‍… എന്റെ ഓര്‍മ്മകളിലൂടെ ഞാന്‍ ചികഞ്ഞു. വളരെ നേരത്തെ വിചിന്തനത്തിനു ശേഷമാണ് ഞാന്‍ കണ്ട മുഖത്തെ ഓര്‍ത്തെടുത്തത്. ആ ഓര്‍മ്മ എന്നില്‍ ഉള്‍ഭീതി പടര്‍ത്തി. അതെങ്ങനെ സാദ്ധ്യമാകും? മറ്റൊരു രാജ്യത്ത് ഇതേപോലുള്ള ഒരു ആപല്‍ഘട്ടത്തില്‍ എന്നെ രക്ഷപ്പെടുത്തിയ അദ്ദേഹം ഇവിടെയും! അന്നും ഇതുപോലെ പെട്ടെന്നായിരുന്നു അയാളുടെ രംഗപ്രവേശനവും തിരോധാനവും.
ജര്‍മ്മനിയില്‍ ജോലിചെയ്യുന്ന ഫാക്ടറിയില്‍ രണ്ടരയ്ക്കു തുടങ്ങി രാത്രി പതിനൊന്നരയ്ക്കു തീരുന്ന രണ്ടാമത്തെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഒരു ജനുവരി മാസത്തെ ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങും. മരം കോച്ചുന്ന തണുപ്പ്! ഹിമകണങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. വഴിയും നടപ്പാതകളും ഭൂപ്രദേശവും എല്ലാം ധവളപ്പട്ടാല് പൊതിഞ്ഞിരിക്കുന്നു. തണുപ്പ് ചെറുക്കാനുള്ള വസ്ത്രധാരണം ചെയ്തു ഞാന്‍ ഒരു ബാഗും തൂക്കി മഞ്ഞില്‍ കാലുതെന്നിവീഴാതിരിക്കാന് ശ്രദ്ധിച്ച് സാവകാശം നടന്നുവന്ന് ഒരു വളവിലെത്തിയപ്പോള്‍, എവിടെനിന്നെന്നറിയില്ല മൊട്ടയടിച്ച കറുത്ത കൂര്‍ത്ത സ്റ്റീഫലുകള് ഇട്ട നിയോനാസികള്‍ എന്നറിയപ്പെടുന്ന മൂന്നു ചെറുപ്പക്കാര്‍ മുന്നില്‍. വിദേശികളെ ഇഷ്ടമില്ലാത്ത ഇവര്‍ അവരെ ഒറ്റയ്ക്കു കിട്ടിയാല്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കും. പക്ഷേ, ഞാന്‍ താമസിച്ചിരുന്ന പട്ടണ ത്തില്‍ അതുണ്ടായിട്ടില്ല.
ഞാന്‍ സ്തബ്ധനായി നില്ക്കുമ്പോള് ഒരുത്തന് എന്റെ കോട്ടില്‍ കേറി പിടിച്ച് പൊക്കിയെടുത്തു. എന്റെ ദൈവമേ എന്നെ കാത്തുകൊള്ളണമേ എന്ന് ഉച്ചത്തില്‍ ഞാന്‍ നിലവിളിച്ചു. വേറൊരുത്തന് എന്റെ മുതുകില്‍ ഒരു ഇടി പറ്റിച്ചു… അപ്പോള്‍ എവിടെനിന്നെന്നറിയില്ല, ഈ വട്ടമുഖവും കട്ടിമീശയും ആര്‍ദ്രതയുള്ള കണ്ണുകളുമായി ഒരാള്‍ പ്രത്യക്ഷനായി. അവന്മാരെ മൂന്നുപേരെയും അടിച്ചോടിച്ചു. എന്നെ പിടിച്ചെഴുന്നേല്പിച്ച് സാന്ത്വനപ്പെടുത്തി.
ഞാന്‍ പറഞ്ഞ ‘ഡാങ്കെഷേണ്’ (നന്ദി) കേട്ടുവോ എന്നറിയാതെ നടന്നുനീങ്ങി! അയാള്‍ തന്നെയാണ് ഇന്നും എന്നെ ഇവിടെ അപകടത്തില്‍ നിന്നു രക്ഷിക്കാനെത്തിയത്. പക്ഷേ, ഇതെങ്ങനെ സംഭവിക്കും? അതോ കാവല്‍മാലാഖമാരുണ്ട് എന്നുപറയുന്നത് സത്യമാണോ!
Related
Related Articles
തീരപുനഃസൃഷ്ടിക്ക് സുസ്ഥിര പദ്ധതി ആവിഷ്കരിക്കണം
ഡോ. കെ.വി. തോമസ് (നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മറൈന്‍ സയന്‍സസ് ഡിവിഷന്
ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍
ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും
കൊറോണ മഹാമാരിയാകാതിരിക്കാന്‍
പകര്ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയ്ക്കടുപ്പിക്കാതെ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ചൈനയിലെ യാങ്ത്സി, ഹാന്ജിയാങ് നദീസംഗമത്തിലെ ഉള്‍നാടന്‍ തുറമുഖനഗരമായ വുഹാനില്‍ നിന്നു തുടങ്ങി 800 കിലോമീറ്റര്‍ അകലെയുള്ള വെന്‍ഷൗ