കിന്‍സുഗിയുടെ സൗന്ദര്യം

വളരെ മനോഹരമായ ഒരു ചായക്കോപ്പയായിരുന്നു അത്. വൈനീസില് ടൂറിനു വന്നപ്പോള്‍ ഒരു ഗ്ലാസ് കടയില്‍ നിന്ന് ആലീസും ജോണും ഒത്തിരി വിലകൊടുത്ത് വാങ്ങിയ കോപ്പ. അതില്‍ നിന്ന് ഒരു പാനീയവും കുടിച്ചിട്ടില്ല. ഭംഗിക്കുവേണ്ടി മാത്രം അത് ഷോകേസില്‍ ഇരിക്കുകയാണ്. ഒരു ദിവസം അലമാരിയിലെ സാധനങ്ങളൊക്കെ എടുത്ത് പൊടിയെല്ലാം തുടച്ചു വൃത്തിയാക്കുമ്പോള്‍ പെട്ടെന്ന് ആ മനോഹരമായ കപ്പ് കൈയ്യില്‍ നിന്ന് തെന്നി നിലത്തുവീണു. അതു നാലു കഷണങ്ങളായി ഉടഞ്ഞു. ആലീസിന് ഒത്തിരി മനഃപ്രയാസം തോന്നി. തന്റെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് എത്ര മനോഹരമായ-വിലപിടിപ്പുള്ള ഒരു സാധനമാണ് ഇല്ലാതായത്. ജോണ്‍ ഇതറിഞ്ഞാല്‍ തന്നെ വഴക്കുപറയുമെന്ന് ആലീസിന് അറിയാമായിരുന്നു.
അന്നുരാത്രി അത്താഴ സമയത്ത് ആലീസ് ഭര്‍ത്താവിനോടു പറഞ്ഞു; ‘ഇന്ന് എനിക്കൊരബദ്ധം പറ്റി’:
‘ഇന്നെന്താ പുതിയ അമളി’ എന്ന മട്ടില്‍ ജോണ്‍ ഭാര്യയെ നോക്കി. ആലീസ് പറഞ്ഞു: ‘നമ്മള് കഴിഞ്ഞ വര്‍ഷം വെനീസില്‍ പോയപ്പോള്‍ വാങ്ങിയ ആ ഭംഗിയുള്ള ചായക്കോപ്പ നിലത്തുവീണുടഞ്ഞു നാലു കഷണങ്ങളായി. ഭര്‍ത്താവിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് ഭയന്നിരുന്ന ആലീസിനെ നോക്കി ജോണ്‍ പറഞ്ഞത്: ‘ഓ, അതാണോ കാര്യം, സാരമില്ല. ഞാന്‍ ബിസിനസ് ആവശ്യത്തിനായി അടുത്ത മാസം ജപ്പാനില്‍ പോകുന്നുണ്ട്. നമുക്ക് ഇത് അവിടെ കൊണ്ടുപോയി നന്നാക്കിയെടുക്കാം’
‘അതെങ്ങനെ? പൊട്ടിയ ഈ ചായക്കോപ്പ ഇനി ശരിയാക്കാന്‍ പറ്റുമോ?’
‘ അതിന് ജപ്പാന്‍കാര്‍ക്ക് ഒരു വിദ്യയുണ്ട്. അതിനെ അവര്‍ കിന്‍സുഗി എന്നാണ് പറയുന്നത്.’
‘കിന്സുഗിയോ’ ആലീസ് സംശയത്തോടെ ചോദിച്ചു. ആദ്യമായിട്ടാണ് അവര്‍ ആ വാക്ക് കേള്‍ക്കുന്നത്.
അതെ, കിന്‍സുഗി. പൊട്ടിയ ചായക്കപ്പുകളും മണ്‍പാത്രങ്ങളും ഒട്ടിച്ചുചേര്ക്കുന്ന ഒരു കലയാണത്.
അതിനെക്കുറിച്ച് അയാള്‍ വീണ്ടും വിവരിച്ചു. ‘മരക്കറയിലോ പശയിലോ സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ പൊടി ചേര്‍ത്താണ് ഈ പൊട്ടിയ സാധനങ്ങള്‍ ഒട്ടിക്കുന്നത്. പാത്രത്തിനുണ്ടാകുന്ന മുറിവുകളെ മറയ്ക്കാതെ അവയെ മനോഹരമാക്കി എടുത്തുകാട്ടുന്ന വിദ്യയാണത്. അവ പൂര്‍വ്വാധികം കരുത്തുള്ളതാകും അപ്പോള്‍’
പതിനഞ്ചാം നൂറ്റാണ്ടിലാണ് ജപ്പാനില്‍ ഈ കല ജന്മമെടുത്തത്. ബുദ്ധമതത്തിന്റെ പാഠങ്ങള്‍ അതിലുണ്ട്. അതിനിപുണരായ ഗുരുക്കന്മാരുടെ കീഴില്‍ വര്‍ഷങ്ങളോളം പഠിക്കുന്നവര്‍ക്കു മാത്രമേ ഈ കല സ്വാംശീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഫെവിക്കോള്‍ കൊണ്ടുമാത്രം പൊട്ടിപ്പോയ സാധനങ്ങളെ കൂട്ടിയോജിപ്പിക്കാമെന്ന അറിവു മാത്രമേ അതുവരെ ആലീസിനുണ്ടായിരുന്നുള്ളൂ. താഴെ വീണുടയുന്ന വിലപിടിപ്പുള്ള പാത്രങ്ങള്‍ കിന്‍സുഗി വഴി കൂടുതല്‍ മനോഹരമാക്കി വീണ്ടെടുക്കാം എന്ന അറിവ് അപ്പോഴാണ് ആലീസിനുണ്ടായത്.
കിന്‍സുഗിയുടെ തത്വശാസ്ത്രം പൊട്ടിപ്പോയ പാത്രങ്ങള്‍ ഒട്ടിച്ചുചേര്ക്കുന്നതില് മാത്രം ഒതുങ്ങുന്നില്ല. അത് നമ്മുടെ ജീവിതത്തിന്റെ പാഠമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ കുറവുകളും പോരായ്മകളും മൂടിവയ്ക്കാതെ അവയെ എങ്ങനെ മനോഹരമാക്കി മാറ്റാം എന്ന സന്ദേശമാണ് കിന്‍സുഗി നല്‍കുന്നത്. ഈ ലോകത്ത് എല്ലാം തികഞ്ഞവരില്ല. ചില തിക്താനുഭവങ്ങള്‍ നമ്മെ തളര്‍ത്തിയെന്നുവരാം; ശാരീരികമായ വൈകല്യങ്ങളും മാനസിക തകര്‍ച്ചകളും ഒരാളെ തളര്‍ത്തിയേക്കാം. സ്വപ്നങ്ങളും പ്രതീക്ഷകളും ചായക്കോപ്പപോലെ താഴെ വീണ് ഉടഞ്ഞുപോകാം. എന്നാല്‍ അവ പ്രതീക്ഷകളുടെ സ്വര്ണപ്പൊടിയില് വിളക്കിച്ചേര്‍ത്ത്, നിശ്ചയദാര്‍ഢ്യത്തിന്റെ പശകൊണ്ട് വീണ്ടെടുക്കാം. ഇരുണ്ട നിറവും ഉയരക്കുറവും അമിത വളവും ചട്ടുകാലും വിക്കും മറ്റ് എന്തെല്ലാം പോരായ്മകളാണെന്ന് നമ്മള് കരുതുന്നുവോ അവയൊക്കെ നിശ്ചയദാര്‍ഢ്യത്തിന്റെ മുന്നില്‍ അവസരങ്ങളായി മാറും.
മദര്‍ തെരേസയുടെ ചുക്കിച്ചുളിഞ്ഞ മുഖവും മഹാത്മാ ഗാന്ധിയുടെ മെലിഞ്ഞ ശരീരവും നെല്‍സണ്‍ മണ്ടേലയുടെ കറുത്തനിറവും, ചാര്‍ളി ചാപഌന്റെ ഉയരക്കുറവും ഒന്നും അവരുടെ വ്യക്തിത്വത്തെ ബാധിക്കില്ല. തങ്ങളുടെ യഥാര്‍ത്ഥ ഡിഗ്നിറ്റി തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കാന്‍ അവര്‍ക്കു സാധിച്ചു. മാതാപിതാക്കന്മാരുടെ പ്രോത്സാഹനവും സഹപ്രവര്‍ത്തകരുടെ അഭിനന്ദനവും ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സഹകരണവും എല്ലാറ്റിനുപരിയായി അടിയുറച്ച ഈശ്വരവിശ്വാസവും അവരുടെ കുറവുകളിലെ സ്വര്‍ണം പൂശിയ പശയായിരുന്നു.
യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെയും പാപിനിയായിരുന്ന മറിയം മഗ്ദലേനയെയും സഭയെ പീഢിപ്പിച്ച പൗലോസിനെയും ഒക്കെ നമ്മള് ആദരിക്കുന്നത് അവരിലുണ്ടായ കുറവുകളെ സ്വര്ണപ്പശയാല് വിളക്കിച്ചേര്ത്തതുകൊണ്ടാണ്. അതുകൊണ്ട് നമ്മുടെ കഴിഞ്ഞ കാലത്തെ കുറവുകളും പോരായ്മകളും ഒരിക്കലും നമ്മെ തളര്‍ത്താതിരിക്കട്ടെ. പ്രത്യാശയോടെ നമുക്ക് ദൈവച്ഛായയില്‍ ജീവിക്കാം. ജീവിത പ്രതിസന്ധികളില്‍ യേശുനാഥന്റെ ഈ വചനങ്ങള്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നും പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും (മത്താ. 11: 28-29).
അടുത്ത ലക്കം
ഏറ്റവും വിശിഷ്ടമായ വരം
Related
Related Articles
ഇന്ധന വില വര്‍ധനവിനെതിരെ കെസിവൈഎം ലാറ്റിന്‍ പ്രതിഷേധിച്ചു
പുനലൂര്‍: ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണയ്ക്ക് പുനലൂര്‍ രൂപത ആതിഥേയത്വം
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ
ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎൻ മനുഷ്യാവകാശ
പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കൊച്ചി: കൊച്ചി രൂപത, പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക, ഇന്‍ഫന്റ് ജീസസ് മതബോധന സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി രൂപത മതബോധന ഡയറക്ടര്‍ ഫാ.