കിഴക്കന്‍ യൂറോപ്പില്‍ യുദ്ധഭീതി പടരുമ്പോള്‍

കിഴക്കന്‍ യൂറോപ്പില്‍ യുദ്ധഭീതി പടരുമ്പോള്‍

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എട്ടു ദശാബ്ദത്തിനുശേഷം യൂറോപ്യന്‍ ഭൂഖണ്ഡം ഏറ്റവും വലിയ യുദ്ധഭീഷണി നേരിടുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി റഷ്യന്‍ഭാഷ സംസാരിക്കുന്ന വിഘടനവാദികള്‍ റഷ്യയുടെ പിന്തുണയോടെ സായുധ പോരാട്ടം നടത്തിവരുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ”സമാധാനപാലനത്തിന്” എന്ന പേരില്‍ റഷ്യന്‍ സൈനികവ്യൂഹങ്ങളെ അവിടെ വിന്യസിച്ചത് യുക്രെയ്ന്‍ അധിനിവേശത്തിനുള്ള പുറപ്പാടായാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ വിലയിരുത്തുന്നത്.

റഷ്യന്‍ കരസേനയുടെ 60 ശതമാനത്തോളം വരുന്ന സൈനിക യൂണിറ്റുകള്‍ ഹ്രസ്വദൂര മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും കവചിതവാഹനങ്ങളും യുദ്ധവിമാനങ്ങളുടെ അകമ്പടിയുമായി ഏതാനും ആഴ്ചകളായി യുക്രെയ്ന്‍ അതിര്‍ത്തിക്കു ചുറ്റും നിലയുറപ്പിച്ചിരിക്കേ, യുദ്ധം ഒഴിവാക്കുന്നതിന് അമേരിക്കയും 27 രാജ്യങ്ങള്‍ക്ക് അംഗത്വമുള്ള യൂറോപ്യന്‍ യൂണിയനും, 30 രാജ്യങ്ങളുടെ പ്രതിരോധസഖ്യമായ നേറ്റോയും നടത്തിവന്ന നയതന്ത്ര ഇടപെടലുകളെല്ലാം വിഫലമാകുന്ന സ്ഥിതി. യുക്രെയ്ന്‍ ഒരിക്കലും പരമാധികാര രാഷ്ട്രമായിരുന്ന ചരിത്രമില്ലെന്നും ബോള്‍ഷെവിക് വിപ്ലവത്തിനു ശക്തിപകരുന്നതിനുവേണ്ടിയാണ് ലെനിന്‍ യുക്രെയ്ന്‍ റിപ്പബ്ലിക് സൃഷ്ടിച്ചതെന്നും, കിയെവില്‍ 2014 മുതല്‍ ഭരണത്തിലിരിക്കുന്നത് പാശ്ചാത്യശക്തികളുടെ പാവഭരണകൂടമാണെന്നും മറ്റും ആക്രോശിച്ചുകൊണ്ടാണ് പുടിന്‍ സൈനിക കടന്നാക്രമണത്തെ ന്യായീകരിച്ചത്.

കിഴക്ക് റഷ്യ, വടക്ക് ബെലറൂസ്, പടിഞ്ഞാറ് മൊള്‍ഡോവ, തെക്ക് കരിങ്കടല്‍ തീരത്ത് റഷ്യ 2014-ല്‍ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് അതിര്‍ത്തികളിലായി രണ്ടു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ ഉക്രെയ്‌നെ വളഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, കിഴക്കന്‍ യൂറോപ്പിലെ പഴയ സോവിയറ്റ് സാമ്രാജ്യത്തിന്റെ ഭൂരാഷ്ട്രതന്ത്ര ശാക്തികവിന്യാസത്തിന്റെ ഓര്‍മയില്‍ ഉന്മത്തനായപോലെ പുടിന്‍ ഏതു നിമിഷവും കിയെവ് പിടിച്ചടക്കി യുക്രെയ്‌നില്‍ സമ്പൂര്‍ണമായി റഷ്യന്‍ ആധിപത്യം ഉറപ്പിച്ചേക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ട് നാളുകളേറെയായി. 1991 ഡിസംബറില്‍ സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായപ്പോള്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത കിഴക്കന്‍ യൂറോപ്പിലെ പഴയ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലും നേറ്റോയിലും അംഗങ്ങളായി പാശ്ചാത്യ ജനാധിപത്യചേരിയുടെ ഭാഗമാകുന്നതില്‍ തനിക്കുള്ള അമര്‍ഷവും കലിയും യുക്രെയ്ന്‍ ജനതയുടെമേല്‍ തീര്‍ക്കാന്‍ പുടിന്‍ ഒരുമ്പെടുമ്പോള്‍, അതിഭയങ്കര രക്തച്ചൊരിച്ചിലും ജീവഹാനിയും അഭയാര്‍ഥി പലായനവുമുണ്ടാകുമെന്ന തിരിച്ചറിവോടെയാണ് അമേരിക്കയും സഖ്യകക്ഷികളും പ്രാഥമികമായി സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കി സാമ്പത്തിക ഉപരോധത്തിന്റെ മാര്‍ഗം തേടുന്നത്.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് ആര്‍ജ്ജിച്ചിരുന്ന ആണവായുധങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍തന്നെ മൂന്നാമത്തെ വന്‍ശക്തിയായിരുന്ന യുക്രെയ്ന്‍ 1994-ല്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന 1,900 തന്ത്രപ്രധാന ആണവായുധങ്ങളുടെ ശേഖരം പരിത്യജിക്കാന്‍ തയ്യാറായി. ഒരു സ്വതന്ത്ര പരമാധികാര രാഷ്ടമെന്ന നിലയില്‍ യുക്രെയ്‌ന് പൂര്‍ണ സംരക്ഷണം നല്കുമെന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും ഉറപ്പുനല്കി ബുഡാപെസ്റ്റ് മെമ്മോറാണ്ഡത്തില്‍ ഒപ്പുവച്ചതിനെതുടര്‍ന്നാണ് യുക്രെയ്ന്‍ ആണവനിര്‍വ്യാപന കരാര്‍ അംഗീകരിച്ചത്. യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകണമെന്ന ജനകീയ ആവശ്യത്തെ എതിര്‍ത്ത റഷ്യന്‍ പക്ഷക്കാരനായ പ്രസിഡന്റ് വിക്തോര്‍ യനുകോവിച്ച് 2014 ഫെബ്രുവരിയില്‍ സ്ഥാനഭ്രഷ്ടനായതിനെതുടര്‍ന്ന് പുടിന്‍ ബുഡാപെസ്റ്റ് ഉടമ്പടി കാറ്റില്‍ പറത്തി യുക്രെയ്‌നിലേക്ക് കടന്നാക്രമണം നടത്തി. കരിങ്കടല്‍ തീരത്തെ ക്രൈമിയ ഉപദ്വീപ് പിടിച്ചടക്കി റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായി പ്രഖ്യാപിക്കുകയും കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ വിമതര്‍ക്ക് സൈനികപിന്തുണ ഉറപ്പാക്കുകയും ചെയ്തു. അസോവ് കടലിലെ മരിയുപൂള്‍ തുറമുഖം പിടിച്ചടക്കാനും റഷ്യ ശ്രമിച്ചു.

കിഴക്കന്‍ യൂറോപ്പിലെ 14 രാജ്യങ്ങള്‍ 1997-നുശേഷം നേറ്റോ അംഗത്വം നേടിയത് പുടിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഒരു കാരണവശാലും റഷ്യയുടെ അയല്‍രാജ്യമായ യുക്രെയ്ന്‍ നേറ്റോയിലും യൂറോപ്യന്‍ യൂണിയനിലും അംഗമാകാന്‍ പാടില്ല എന്നാണ് ഒത്തുതീര്‍പ്പുചര്‍ച്ചകളില്‍ പുടിന്‍ മുന്നോട്ടുവയ്ക്കുന്ന പ്രഥമ നിബന്ധന. ക്രൈമിയയില്‍ റഷ്യയുടെ പരമാധികാരം അംഗീകരിക്കുകയും വേണം. യുക്രെയ്‌നില്‍ നേറ്റോ സഖ്യരാഷ്ട്രങ്ങള്‍ നേരിട്ട് ഇടപെടുകയില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ക്രെംലിന് ഉറപ്പുനല്കിയിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിലൂടെ റഷ്യയുടെ സൈനികസാന്നിധ്യം പോളണ്ടിന്റെ 650 മൈല്‍ ദൈര്‍ഘ്യം വരുന്ന കിഴക്കന്‍ അതിര്‍ത്തിയിലും, സ്ലൊവാക്യ, ഹംഗറി എന്നിവയുടെ കിഴക്കേ അതിര്‍ത്തിയിലും റൊമാനിയയുടെ വടക്കേ അതിര്‍ത്തിയിലും വരെ വ്യാപിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് പുടിന്‍. ബാള്‍ട്ടിക് തീരത്തെ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയും റഷ്യന്‍ അതിര്‍ത്തിവ്യാപനത്തിന്റെ ഭീഷണി നേരിടാന്‍ ഒരുങ്ങുകയാണ്. ബാള്‍ട്ടിക്കിലെ നാവികവ്യൂഹത്തിന്റെ ആസ്ഥാനമായ കലിനിന്‍ഗ്രാഡ് കേന്ദ്രീകരിച്ച് റഷ്യ നടത്തുന്ന നീക്കങ്ങള്‍ ആശങ്കയോടെയാണ് ഈ രാജ്യങ്ങള്‍ വീക്ഷിക്കുന്നത്.

യുക്രെയ്‌നില്‍ റഷ്യ നടത്തിയ കടന്നാക്രമണത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ സഖ്യകക്ഷികളും നല്കുന്ന ആദ്യ തിരിച്ചടി വിപുലമായ സാമ്പത്തിക ഉപരോധമാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള റഷ്യയുടെ ബാങ്കിങ്, വാണിജ്യ ഇടപാടുകള്‍ പൂര്‍ണമായി തടയും. റഷ്യയിലെ വന്‍കിട ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഇതിലൂടെ ഉന്നംവയ്ക്കുന്നത്. യുക്രെയ്‌നിലെ രണ്ടു വിമത പ്രവിശ്യകളെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതിനെ പിന്താങ്ങിയ 351 റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെയും, റഷ്യന്‍ പ്രതിരോധ വകുപ്പും മറ്റുമായി ബന്ധപ്പെട്ട 27 ഉന്നത ഉദ്യോഗസ്ഥരെയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും കരിമ്പട്ടികയില്‍ ചേര്‍ക്കും. ടെക്‌നോളജി മേഖലയില്‍ അതിനിര്‍ണായകമായ പങ്കാളിത്ത കരാറുകളില്‍ നിന്ന് യൂറോപ്പ് പിന്‍മാറും. റഷ്യയില്‍ നിന്ന് ബാള്‍ട്ടിക് കടലിനടിയിലൂടെ ജര്‍മനിയിലേക്ക് ഗ്യാസ് പൈപ്പ്‌ലൈന്‍ എത്തിക്കുന്ന നോര്‍ഡ് സ്ട്രീം രണ്ടാം പദ്ധതി കമ്മീഷനിങ് മരവിപ്പിക്കുമെന്ന് ജര്‍മനി അറിയിച്ചിട്ടുണ്ട്. ജര്‍മനി ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും നോര്‍ഡ് സ്ട്രീം ഒന്നാം പൈപ്പ്‌ലൈനിലൂടെയാണ് എത്തുന്നത്.

യൂറോപ്പില്‍ മറ്റൊരു യുദ്ധം കൊടിയദുരന്തങ്ങള്‍ക്ക് ഇടവരുത്തരുതെന്നും സമാധാനം നിലനിര്‍ത്തുന്നതിന് അനുരഞ്ജനത്തിന്റെ നയതന്ത്ര ചര്‍ച്ചകള്‍ തുടരണമെന്നും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന് അയവുവരുത്താനും യുക്രെയ്ന്‍ ജനതയ്ക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്നുനല്കാനും ഫ്രാന്‍സിസ് പാപ്പാ കിയെവ് സന്ദര്‍ശിക്കണമെന്ന് യുക്രെയ്‌നിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് സിവാറ്റോസ്ലാവ് ഷെവ്ചുക് അപേക്ഷിക്കുകയുണ്ടായി. സാര്‍വത്രിക കത്തോലിക്കാസഭയിലെ ഏറ്റവും വലിയ പൗരസ്ത്യ വിശ്വാസിസമൂഹമാണ് യുക്രെയ്‌നിലെ ഗ്രീക്ക് കത്തോലിക്കാ സഭ. സോവിയറ്റ് യൂണിയന്റെ കാലത്ത് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സഭയ്ക്ക് റഷ്യന്‍ അധിനിവേശ ഭീഷണി ഗുലാഗ് തടങ്കല്‍പാളയങ്ങളിലെ ധീരരക്തസാക്ഷികളുടെ ഓര്‍മയുണര്‍ത്തുന്നതാണ്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*