കീഴാറ്റൂര്‍ ശരിയോ തെറ്റോ?

കീഴാറ്റൂര്‍ ശരിയോ തെറ്റോ?

കേരളത്തിലെ വയലുകളെല്ലാം കൃഷിചെയ്യപ്പെടുന്നുണ്ടോ അല്ലെങ്കില്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതല്ല ഇവിടെ വിഷയം. പരിസ്ഥിതി വിഷയമാണ് സമരായുധം. കണ്ണൂര്‍ തളിപ്പറമ്പയിലൂടെ കടന്നുപോകുന്ന നിലവിലെ ദേശീയ പാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ബൈപാസ് നിര്‍മാണം നിര്‍ദേശിക്കപ്പെട്ടത്. കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപാസ്. ഇവിടെയും നൂറോളം വീടുകളെ ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുമെന്നതിനാല്‍ വയലിലൂടെ പുതിയ അലൈന്‍മെന്റിനുള്ള ബദല്‍ നിര്‍ദേശം. നൂറോളം വീടുകള്‍ക്ക് ഭീഷണി എന്നത് 30 വീടായി കുറഞ്ഞു. കീഴാറ്റൂര്‍ വയലിന്റെ മൂന്നിലൊന്നോളം വരുന്ന ഭാഗം നികത്തപ്പെടുമ്പോള്‍ ഈ നാട്ടിലെ പരിസ്ഥിതി കീഴ്‌മേല്‍ മറിയുമോ? ബൈപാസിനു വേണ്ടിവരുന്ന ആറ് ഏക്കര്‍ ഭൂമിയുടെ ഉടമകള്‍ 58 പേരാണ് എന്നാണ് മനസിലാക്കുന്നത്. അതില്‍ 56 പേരും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുമാണ്. ആ സാഹചര്യത്തില്‍ ആരാണ് സമരം തൊടുത്തുവിട്ടത്,   വര്‍ഷങ്ങളായി തരിശായി കിടന്ന നിലം പദ്ധതി പ്രഖ്യാപിച്ച 2016ല്‍ വീണ്ടും കൃഷിഭൂമിയായത് എങ്ങനെയാണ്,  രാഷ്ട്രീയ മുതലെടുപ്പിനപ്പുറം എന്തു പരിസ്ഥിതി പ്രശ്‌നമാണ് ഇതിലുള്ളത്?

ഇതില്‍ ഇടപെടുന്ന പരിസ്ഥിതി, ശാസ്ത്ര സാഹിത്യപരിഷത്ത് വിദഗ്ദ്ധന്മാരുടെ താല്പര്യം എന്താണ്? അവരുടെ താല്‍പര്യത്തിലെ ആത്മാര്‍ത്ഥത എന്നെപോലെ ഒരാള്‍ക്ക് സ്വീകാര്യമായി തോന്നുന്നില്ല. ഞാനതിനെ കാണുന്നത് ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ പരിസ്ഥിതി വിഷയവുമായി ബന്ധപ്പെടുത്തിയാണ്.

കടല്‍ക്ഷോഭം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതത്തിന്റെ ദുരന്തം അനുഭവിക്കുന്ന പ്രദേശമാണ് പശ്ചിമകൊച്ചിയുടെ തീരപ്രദേശം. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിന്റെ പുലിമുട്ടുകള്‍ 2008-2009ല്‍ പണിതീര്‍ന്ന ശേഷം ആ ആഘാതം രൂക്ഷമായിരിക്കുന്നു. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു പരിസ്ഥിതി അനുമതി നല്‍കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 15.04.2008 ല്‍ നല്‍കിയ ഉത്തരവില്‍ ചെന്നെ ഐഐറ്റി നടത്തിയ പഠനത്തെക്കുറിച്ചും കടലിന്റെ ഒഴുക്ക് വടക്കോട്ട് ആയതു മൂലം വടക്കുവശം 600 മീറ്ററും തെക്കുവശം 180 മീറ്ററും നീളമുള്ള പുലിമുട്ടുകളാണ് ഹാര്‍ബറിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് എന്നും അറിയുന്നു. ആദ്യഘട്ടമെന്ന നിലയില്‍ തെക്കും വടക്കും ഏതാണ്ട് 120 മീറ്റര്‍ ദൈര്‍ഘ്യമുള്ള പുലിമുട്ടുകള്‍ നിര്‍മിച്ചു. എന്നാല്‍ ഭൂമി ഏറ്റെടുത്ത് കൈമാറാതിരുന്നത് മൂലം പുലിമുട്ടുകളുടെ തുടര്‍നിര്‍മാണം നിലച്ചു. കടലിന്റെ വടക്കോട്ടുള്ള ഒഴുക്കിനെ പുലിമുട്ടുകളുടെ ഈ തെറ്റായ നിര്‍മാണം ഗുരുതരമായി ബാധിച്ചു. തുടര്‍ച്ചയായ കടല്‍ക്ഷോഭത്തിന് ചെല്ലാനത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഇരയായി. കഴിഞ്ഞ ഓഖി ദുരന്തകാലത്ത് ഏറ്റവും കടുത്ത ദുരന്തങ്ങള്‍ക്ക് ഇരയായ ഒരു പ്രദേശമാണ്, ഇവിടം. ഈ തീരഭൂമിയില്‍ കടല്‍ദുരന്തങ്ങള്‍ സംഭാവന ചെയ്ത പരിസ്ഥിതിക ആഘാതം ചെറുതായിരുന്നില്ല.

കീഴാറ്റൂരില്‍ ഭൂമി ഏറ്റെടുക്കുന്നതാണ് പരിസ്ഥിതി പ്രശ്‌നമെങ്കില്‍ ചെല്ലാനത്ത് ഭൂമി ഏറ്റെടുക്കാതിരുന്നതൂ മൂലമാണ് പരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഭൂമി വിട്ടു നല്‍കാന്‍ ഭൂഉടമകള്‍ എല്ലാവരും തയ്യാറായിരുന്നിട്ടും ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. 2014ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം നിലവില്‍ വന്നശേഷം അതിന്‍പ്രകാരമുള്ള നഷ്ടപരിഹാരം തീരദേശവാസികളായ ഭൂഉടമകള്‍ക്ക് നള്‍കുന്നതില്‍ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ഉണ്ടായിരുന്ന മാനസിക വൈഷമ്യമായിരുന്നു കാരണം.(ദീപസ്തംഭം മഹാശ്ചര്യം ഞങ്ങള്‍ക്കും കിട്ടണം പണം). ഭൂമി ഏറ്റെടുത്ത് കൈമാറാതിരുന്നതൂ മൂലം പണിപൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന ഹാര്‍ബര്‍ പുലിമുട്ടുകള്‍ ഇവിടെ വര്‍ഷങ്ങളായി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിഷയമായിരുന്നില്ല. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനുള്ള മൂന്നേകാല്‍ ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സമയമില്ലാതിരുന്ന എറണാകുളം ജില്ലാ ഭരണകൂടത്തിന് ഇലക്‌ട്രോണിക് പാര്‍ക്കിനുള്ള 100 ഏക്കര്‍ ഏറ്റെടുക്കാന്‍ പ്രയാസമുണ്ടായില്ല. അത് ആമ്പല്ലുരിലെ നെല്‍വയലും തണ്ണീര്‍തടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. പ്രതിരോധിക്കാന്‍ ഇന്നു കീഴാറ്റൂരില്‍ കാണുന്ന ആരും അന്നുണ്ടായില്ല. പക്ഷേ 100 ഏക്കറും ഏറ്റെടുത്ത് കൈമാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇലക്‌ട്രോണിക് പാര്‍ക്കിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇതുവരെ പരിസ്ഥിതി അനുമതി നല്‍കിയിട്ടില്ല എന്നറിയുക.

അതേസമയം ചെല്ലാനത്ത് ഭൂമി ഏറ്റെടുത്ത് കൈമാറാതിരുന്നത് മൂലം തുറമുഖ വകുപ്പിന് പുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. അപൂര്‍ണ്ണമായി നിര്‍മ്മിച്ച ഈ പുലിമുട്ടുകളാണ് പശ്ചിമകൊച്ചിയുടെ തീരപ്രദേശത്തെ പരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമായത്. ഹാര്‍ബറിന്റെ വടക്കേ പുലിമുട്ട് 600 മീറ്ററും പൂര്‍ത്തിയായിരുന്നെങ്കില്‍ ഓഖി ദുരന്തകാലത്തെ കടലിന്റെ ഒഴുക്കുപോലും തീരത്തെ കടന്നാക്രമിക്കാതെ ഒഴിഞ്ഞുപോകുമായിരുന്നു. പൂര്‍ണ്ണമാകാത്ത പുലിമുട്ട് ഹാര്‍ബറിന്റെ വടക്കന്‍ മേഖലയില്‍ ഓരോ കാലവര്‍ഷക്കാലത്തും സൃഷ്ടിക്കുന്ന പാരി സ്ഥിതിക ആഘാതങ്ങള്‍ കാണാന്‍ ഇവിടെ ഒരു പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയനേതാക്കളും ഉണ്ടായില്ല.

ഓഖി ദുരന്ത കാലത്ത് ചെല്ലാനം പഞ്ചായത്തിലെ തീരദേശവാസികളൊക്കെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ദിവസങ്ങളോളം തെരുവില്‍ ഇറങ്ങി നെഞ്ചു പൊട്ടി വിളിച്ചു. പക്ഷെ, ഒരു വി. എം സുധീരനെയോ, സുരേഷ് ഗോപിയേയോ, സാറാ ജോസഫിനേയോ, സി. ആര്‍ നീലകണ്ഠനേയോ പി. സി ജോര്‍ജിനെയോ, എം. വി ഗോവിന്ദനേയോ, ടി. വി രാജേഷിനേയോ പരിതസ്ഥിതിവാദികളെയോ ശാസ്ത്ര സാഹിത്യ പരിഷത്തിനേയോ ഒന്നും അവിടെ കണ്ടില്ല. അതെന്തുകൊണ്ടാണ്? കീഴാറ്റൂരില്‍ ഇവരൊക്കെ മറ്റാര്‍ക്കോ വേണ്ടി വിഴുപ്പ് അലക്കുകയായിരുന്നോ?

വിളിപ്പാടകലെ പ്രകൃതിദുരന്തത്തിന്റെയും പരിസ്ഥിതി ആഘാതത്തിന്റെയും ദുരന്തമനുഭവിക്കുന്ന ഒരുകൂട്ടം തീരദേശ ജനതയുടെ അതിജീവനത്തിനു വേണ്ടിയുള്ള രോദനം കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അങ്ങ് വടക്ക് കീഴാറ്റൂരില്‍ എന്താണ് കാര്യം? അതുകൊണ്ടു തന്നെ കീഴാറ്റൂര്‍ ഒരു ശരിയല്ല, തെറ്റ് തന്നെയാണ്.


Related Articles

സ്നേഹത്തിന്റെ വീടൊരുക്കി പ്രാക്കുളം ഇടവക.

  പ്രാക്കുളം: ഐപ്പുഴ- പ്രാക്കുളം ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരു അമ്മക്കാണ് വീടൊരുക്കിയത്. ഇടവക വികാരി ഫാ. ജോ ആന്റണി അലക്സിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങളാണ് ഈ മഹത്തരമായ

കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍

കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. എന്തൊക്കെയാണ് ആഗമനകാലത്തിന്റെ പ്രത്യേകതകള്‍. ഇന്നു മുതല്‍ സഭയില്‍ പുതിയ ആരാധനാക്രമവര്‍ഷത്തിന് ആരംഭം കുറിക്കുകയാണ്. എന്നു പറഞ്ഞാല്‍ സഭയുടെ

ജപമാലയിലെ രഹസ്യങ്ങൾ

എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*