കുഞ്ഞാറ്റക്കിളിയുടെ യാത്ര

കുഞ്ഞാറ്റക്കിളിയുടെ യാത്ര

സിസ്റ്റര്‍ നിരഞ്ജന

അധ്യാപകര്‍ക്കായി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.
നേരം പരപരാ വെളുത്തുതുടങ്ങി. അങ്ങ് കിഴക്ക് സൂര്യന്‍ തേജസ്സോടെ ഉദിച്ചു. സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍ ഭൂമി പ്രശോഭിക്കുന്നു…. ഇന്നലെ പെയ്ത മഴയുടെ വെള്ളത്തുള്ളികള്‍ വീണ്ടും ഭൂമിയിലേയ്ക്ക് വീഴുവാന്‍ കൊതിച്ച് പുല്‍നാമ്പുകളില്‍ ചാഞ്ചാടി നില്‍ക്കുന്നു! അന്നും പതിവുപോലെ കുഞ്ഞാറ്റക്കിളി അമ്മയുടെ കാലിനടിയില്‍ നിന്നും പതുക്കെ തല പുറത്തേയ്ക്കിട്ടു. പാതിവിരിഞ്ഞ കണ്ണുകളാല്‍ ഉറക്കച്ചടവിന്റെ ക്ഷീണത്തില്‍ അവള്‍ ചുറ്റുപാടും ഒന്നുവീക്ഷിച്ചു. ”കീയോ… കീയോ… എന്തൊരു ഭംഗിയമ്മേ…! ഇന്നലെ മഴ പെയ്‌തോ?”- പുന്നാരത്തോടെ അവള്‍ അമ്മയോട് തിരക്കി. ‘കള്ളിപ്പെണ്ണേ…. അമ്മയുടെ ചൂടുംപിടിച്ച് കിടന്നുറങ്ങി. ഒന്നുമറിഞ്ഞില്ലല്ലേ?… ഞാനാകെ തണുത്തുവിച്ചു. ഈ ചൂടത്ത് മഴ പ്രതീക്ഷിച്ചതാ… മോള്‍ക്ക് മഴവെള്ളം ഏല്ക്കാതിരിക്കുവാന്‍ ഞാന്‍ ഒന്നുകൂടി ചിറകുകള്‍ വിരിച്ച്  നിന്നെ പുതപ്പിച്ചുകിടത്തി…’  
അതുകേട്ട് കുഞ്ഞാറ്റക്കിളിയുടെ കുഞ്ഞിക്കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു. ‘എന്റെ നല്ല അമ്മ’ – കുഞ്ഞാറ്റക്കിളി സ്‌നേഹത്തോടെ അമ്മയുടെ ചുണ്ടില്‍ മുത്തമിട്ടു. ‘ഉം… മതി മതി… ഇനി എഴുന്നേറ്റ് നല്ലമോളായി ഒന്ന് ആ കുഞ്ഞുചിറകൊക്കെ വിടര്‍ത്തിയേ… ഞാനൊന്നു നോക്കട്ടെ.’ ‘കീയോ… കീയോ… ഉം.’ അമ്മ പറഞ്ഞതുപോലെ കുഞ്ഞാറ്റക്കിളി അനുസരിച്ചു. ‘കീയോ… കീയോ… പപ്പ എവിടെ അമ്മേ?’

കൂട്ടിലാകെ ഒന്നിരുത്തിനോക്കിയിട്ട് കുസൃതിയോടെ അവള്‍ ചോദിച്ചു. ‘ഓ… പിന്നെ, നീ ഉണരുന്നതുവരെ നോക്കിയിരുന്നാലേയ് ശരിയാവില്ലെന്നുപറഞ്ഞ് പപ്പയും  ചേട്ടനും ജോലി
ക്കുപോയി,’ അമ്മക്കിളി മറുപടി പറഞ്ഞു. ‘കീയോ… കീയോ… അപ്പോ കുഞ്ഞാറ്റയ്ക്ക് ഉമ്മ തരാതെ പോയല്ലേ! വരട്ടെ… ഞാന്‍ കാണിച്ചുകൊടുക്കാം…’ കുഞ്ഞാറ്റയുടെ കുസൃതിയാര്‍ന്ന പിണക്കം കണ്ട് അമ്മയ്ക്ക് ചിരി അടക്കാനായില്ല.

കുറെ സമയം കാത്തിട്ടും പപ്പയും ചേട്ടനും എത്തിയില്ല. കുഞ്ഞാറ്റയും തന്റെ കുഞ്ഞിച്ചിറകുകള്‍ ആവോളം വിടര്‍ത്തി വീശിയടിച്ച് ഉറക്കെപ്പറഞ്ഞു: ‘കീയോ… കീയോ… ഞാന്‍ പോണൂട്ടാ… ഒന്നു കറങ്ങിയിട്ടുവരാം…’ ‘സൂക്ഷിക്കണേ മോളൂ,’ അമ്മക്കിളി സ്‌നേഹത്തോടെ ഓര്‍മ്മിപ്പിച്ചു. പതിവുപോലെ അവള്‍ കിടങ്ങൂര്‍ ഗ്രാമത്തിലെത്തി. ആരെയും കാണുന്നില്ല… എന്തുപറ്റി, ആളനക്കമൊന്നുമില്ലല്ലോ! റോഡിലോ പാതയോരത്തോ ആരുമില്ല. ഇതെന്തുപറ്റി… ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും.. ഏയ് അങ്ങനൊന്നുമുണ്ടാവില്ല. അല്ലെങ്കില്‍ മുത്തച്ഛനോ, അച്ഛനോ പറയുമായിരുന്നല്ലോ? ഓ…! ഞാനവരെ ഇന്ന് കണ്ടതുമില്ല. ഏതായാലും മിനിമോളുടെ വീടുവരെ പോകാം… കുഞ്ഞാറ്റക്കിളി ഇങ്ങനെ ചിന്തിച്ച് മിനിമോളുടെ വീട് ലക്ഷ്യമാക്കി പറന്നു.
എന്നും താനിരിക്കാറുള്ള കൊന്നമരത്തിന്റെ ചില്ലയില്‍ ഇരുന്ന് ചുറ്റും നോക്കി. അയ്യോ! മിനിമോളുടെ വീടും അടച്ചിട്ടിരിക്കുന്നു. മിനിമോളെ തന്റെ വരവ് അറിയിക്കാനെന്നവിധം കുഞ്ഞാറ്റ പാടി: ‘കീയോ.. കീയോ… മിനിമോളേ വായോ…’ പെട്ടെന്നതാ ജനാലയുടെ ഇടയിലൂടെ വായും മൂക്കും മൂടിക്കെട്ടി മിനിമോള്‍. ഇതുകണ്ട് കുഞ്ഞാറ്റയ്ക്ക് കൗതുകമായി. ‘കീയോ… കീയോ… ഹ.. ഹ… ഹ… ഇതെന്തൊരു വേഷം!’ കളിക്കുകയാണോ? മിനിമോള്‍ മിണ്ടല്ലേ എന്ന് ചൂണ്ടുവിരല്‍ ചുണ്ടത്തുവച്ച് ആംഗ്യം കാട്ടി… പൊയ്‌ക്കോളൂ എന്ന് ദയനീയമായ കണ്ണുകളോടെ പറഞ്ഞു. കുഞ്ഞാറ്റയ്ക്ക് ഒന്നും മനസിലായില്ല.
അപ്പോഴതാ മിനിമോളുടെ വീട്ടിലെ ഫോണ്‍ ശബ്ദിച്ചു: ര്‍ണീം… ര്‍ണീം… കുഞ്ഞാറ്റയും കാതോര്‍ത്തു. അയ്യോ! എന്തുപറ്റി. അവിടെയെല്ലാവരും കരയുന്നു. കുഞ്ഞാറ്റക്കിളി ഒരുവട്ടം കൂടി കാതുകൂര്‍പ്പിച്ചു: അവള്‍ കേട്ടു, ‘മിനിമോളെ… നമ്മുടെ പപ്പ പോയടീ… മോളെ ഒരുനോക്കു കാണണമെന്ന് പപ്പ ഒത്തിരി പ്രാവശ്യം പറഞ്ഞതാ. ഓ… ഒരു തുള്ളി വെള്ളംപോലും എനിക്ക് കൊടുക്കാനായില്ലല്ലോ! ഒന്നു കാണാന്‍പോലും പറ്റിയില്ലല്ലോ!’
എന്തോ വലിയ സങ്കടമാണവിടെ എന്നു മനസിലാക്കി കുഞ്ഞാറ്റ പതുക്കെ അവിടെ നിന്നും ‘കീയോ.. കീയോ…’ എന്നുപറഞ്ഞുകൊണ്ട് പറന്നുപോകുമ്പോള്‍ കുഞ്ഞാറ്റ ചിന്തിച്ചു: ഇന്നൊന്നും കിട്ടിയില്ലല്ലോ? മിനിമോളെ ശരിക്കൊന്ന് കാണാന്‍കൂടി കഴഞ്ഞില്ല. എന്തായാലും പപ്പുവേട്ടന്റെ അരിക്കടയിലേയ്ക്ക് പോകാം… ഇന്ന് ചന്തദിവസമല്ലേ? പറന്നുപറന്ന് കുഞ്ഞാറ്റ അങ്ങാടിയിലെത്തി. കുഞ്ഞാറ്റക്കിളി വല്ലാതൊന്നു പകച്ചു:  എന്തുപറ്റി, ഇവിടെയും ആരുമില്ലല്ലോ? ഒരു വണ്ടിപോലുമില്ല. ആകെ പേടി തോന്നുന്നു. കുഞ്ഞാറ്റക്കിളി തിരിച്ച് കൂട്ടിലേയ്ക്ക് പറന്നു.
മോളുടെ വരവും കാത്ത് പപ്പ കൊണ്ടുവന്ന പേരക്കകഷ്ണവുമായി അമ്മക്കിളി കാത്തിരിക്കുകയായിരുന്നു. ‘ഹായ് മോളെത്തിയല്ലേ? അമ്മ പേടിച്ചുപോയി… വാ… വിശക്കുന്നില്ലേ?’  കുഞ്ഞാറ്റയുടെ വിഷാദംപൂണ്ട മുഖഭാവം അമ്മക്കിളിയെ വേദനിപ്പിച്ചു. ‘എന്തുപറ്റീടാ കണ്ണാ… അമ്മയോട് പറയൂ…’ കുഞ്ഞാറ്റയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. അമ്മയോട് ചേര്‍ന്നുനിന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു: ‘കീയോ… കീയോ… അമ്മേ ഇന്ന് എന്തോ സംഭവിച്ചിട്ടുണ്ട്. മീനുമോളുടെ വീട്ടില്‍ വല്യ കരച്ചിലും ബഹളവുമാണ്. പപ്പുവേട്ടന്റെ കടയും തുറന്നിട്ടില്ല. പപ്പുവേട്ടന്റെ മാത്രമല്ല, ആരുടെയും കട തുറന്നിട്ടില്ല. എങ്ങും പേടിപ്പെടുത്തുന്ന നിശബ്ദത. വഴിയിലാരെയും കാണുന്നുമില്ല. എന്താണമ്മേ?’
‘നാട്ടിലെല്ലാം എന്തോ അസുഖമാണെന്നറിഞ്ഞു. അമ്മയ്ക്ക് പൂര്‍ണമായും അറിയില്ല മോളെ. അങ്ങ് മുകളില്‍ മുത്തച്ഛനും ചേട്ടനും അച്ഛനുമുണ്ട്… മോള് ചോദിച്ചിട്ടു വാ,’ മുകളിലെ ചേട്ടന്റെ വീട് ചൂണ്ടിക്കാണിച്ച് അമ്മക്കിളി പറഞ്ഞു. ‘ശരിയമ്മേ’ എന്നുപറഞ്ഞ് പോകാനൊരുങ്ങിയ കുഞ്ഞാറ്റയെ നിര്‍ബന്ധിച്ച് അല്പം പേരക്ക തീറ്റിച്ചു. എങ്ങനെയോ ഭക്ഷണം അകത്താക്കിയ കുഞ്ഞാറ്റ എന്താണ് കാര്യമെന്നറിയാന്‍ മുകളിലത്തെ കൂട്ടിലെത്തി. ‘കീയോ… കീയോ…’ ‘ങാ, മോളൂട്ടി എത്തിയോ?’ ഒത്തിരി സ്‌നേഹത്തോടെ അച്ഛന്‍കിളി അടുത്തെത്തി. അച്ഛന്‍ കിളി കുഞ്ഞാറ്റക്കിളയുടെ ചുണ്ടത്തെ പേരയ്ക്കാകുരു പതുക്കെ കൊത്തിയെടുത്തു. കുഞ്ഞാറ്റക്കിളി പുന്നാരത്തോടെ അടുത്തുകൂടി കാര്യം അവതരിപ്പിച്ചു. ‘കീയോ… കീയോ… മുത്തച്ഛാ… എന്താണീ നാട്ടില്‍ സംഭവിക്കുന്നത്? എല്ലാവരും വീടും കടയുമെല്ലാം അടച്ചിട്ട് എവിടെപ്പോയി? അങ്ങാടിയില്‍ ആരുമില്ല. മിനിമോളുടെ വീടും അടച്ചിട്ടിരിക്കുന്നു. അവിടെയും  എന്തോ പ്രശ്‌നങ്ങളുണ്ട്.’
മുത്തച്ഛന്‍ കുഞ്ഞാറ്റക്കിളിയെ അല്പംകൂടി ചേര്‍ത്തുനിര്‍ത്തി തന്റെ ചിറകുകള്‍ കൊണ്ട് കുഞ്ഞാറ്റക്കിളിയെ തലോടി. മുത്തച്ഛന്‍ സങ്കടത്തോടെ പറഞ്ഞു: ‘ലോക്ഡൗണ്‍ ആണ് മോളെ… ഏതോ ചൈനാ ദേശത്തുനിന്ന് പടര്‍ന്ന ഒരു രോഗം, അത് നമ്മുടെ നട്ടിലുമെത്തി. ഈ ചൈനക്കാര്‍ നമ്മുടെ വര്‍ഗത്തിലുള്ള ഒന്നിനെയും വെറുതെ വിടില്ലത്രേ! ജീവനോടുകൂടിപ്പോലും അടുപ്പത്തിട്ട് വേവിച്ച് കഴിക്കും. ചിലതിനെ പച്ചയായിപ്പോലും തിന്നും… ഹോ ഓര്‍ക്കാന്‍ പറ്റുന്നില്ല മനുഷ്യരുടെ ഈ പ്രവൃത്തികള്‍.’ മുത്തച്ഛന്‍ ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു: ‘പണ്ട് ഞങ്ങളുടെ ചെറുപ്രായത്തില്‍ മനുഷ്യര്‍ക്കെല്ലാം ഞങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു… ഞങ്ങള്‍ക്കുള്ള ധാന്യം മാറ്റിവയ്ക്കുകപോലും ചെയ്യും.’ മുത്തച്ഛന്റെ രണ്ട് കണ്ണുകളിലും വികാരങ്ങളുടെ ഒരു വേലിയേറ്റം. എന്തോ നഷ്ടചിന്തയില്‍ മരച്ചില്ലയോട് ചാരിനിന്നുകൊണ്ട് മുത്തച്ഛന്‍ പറഞ്ഞു: ‘എന്നാലിന്ന്… ആട്ടിയോടിക്കലും, വെടിവച്ചുകൊല്ലലും കൊന്നുതിന്നലും… അങ്ങനെ അങ്ങനെ…’  മുത്തച്ഛന്‍കിളി പറഞ്ഞവസാനിപ്പിക്കുന്നതിനുമുമ്പ് അച്ഛന്‍കിളി പറഞ്ഞു: ‘ശരിയാ തെമ്മാടികള്‍… ക്രൂരരാള്‍… ഈ മനുഷ്യര്‍. അപ്പുറത്തെ വീട്ടിലെ ജോര്‍ജ്കുട്ടിയും അവന്റെ കൂട്ടുകാരന്‍ സതീശനും രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ആറ്റുനോറ്റു കാത്തിരുന്ന് സൂക്ഷിച്ച രണ്ടു മുട്ടകളും എടുത്തോണ്ടുപോയി.’
ഇതുകേട്ട് ചേട്ടന്‍കിളിയും തന്റെ അനുഭവം പങ്കുവച്ചു. ‘എന്റെ കൂട്ടുകാരന്‍ തക്കുടുക്കിളിയുടെ ചേട്ടനെയും ചേച്ചിയെയും ആ സേട്ടു പിടിച്ചെടുത്ത് അവരുടെ സ്വര്‍ണക്കളറിലുള്ള കൂട്ടിലടച്ചു. പാവം എന്റെ കൂട്ടുകാരന്‍. എന്നും സേട്ടിക്കായുടെ വീട്ടിലെ പ്ലാവിന്‍കൊമ്പിലിരുന്ന് ഒളിഞ്ഞുനോക്കും… തക്കം കിട്ടുമ്പോള്‍ കൂട്ടിനടുത്തുചെന്ന് ചേട്ടനോടും ചേച്ചിയോടും കുശലം പറയും.’
ഒരു ദീര്‍ഘനിശ്വാസത്തോടെ മുത്തച്ഛന്‍കിളി തുടര്‍ന്നു: ‘പറഞ്ഞാലൊത്തിരിയുണ്ട്. പണ്ട് ഞാന്‍ കഷ്ടപ്പെട്ട് വീടുണ്ടാക്കിയ കാരക്കാമരം ആ മിനിക്കുട്ടിയുടെ പപ്പ വീടുവയ്ക്കുവാനായി മുറിച്ചുമാറ്റി. ഹും… എന്നാലും അതിനുപകരം അവര്‍ ഒരു കൊന്നമരം നട്ടു.. ആ കൊന്ന മരത്തേലാ എന്റെ കിങ്ങിണിമോളിപ്പോ സ്ഥിരതാമസം…! ഇവളെക്കണ്ടില്ലേല്‍ മിനിമോളുടെ വീട്ടിലെ കൊന്നമരത്തേല്‍ അന്വേഷിച്ചാല്‍മതി.’ ഇതുംപറഞ്ഞ് ഒരു കൊച്ചുചിരിയോടെ കുഞ്ഞാറ്റക്കിളിയെ തന്നോടുചേര്‍ത്തുപിടിച്ചു. എന്തോ ചിന്തിച്ചിട്ട് അല്പസമയം കഴിഞ്ഞ് അച്ഛന്‍കിളി പറഞ്ഞു: ‘ഇന്നലെ ഞാന്‍ കുറുപ്പേട്ടന്റെ പേരമരത്തിലിരിക്കുമ്പോ ചൈനാക്കാര്‍ അമേരിക്കയെ ഒതുക്കാന്‍ ഉണ്ടാക്കിയ ഒരു അണുവൈറസാണ് ഈ കൊവിഡ് രോഗമെന്ന് അവര്‍ അടക്കംപറയുന്നത് ഞാന്‍ കേള്‍ക്കാനിടയായി… ഒരുതരത്തില്‍ അതും ശരിയാ, ഈ മനുഷ്യര്‍ക്കെല്ലാം സ്വാര്‍ത്ഥതയാ… വെട്ടിപ്പിടിക്കാന്‍… ഒന്നാമനാകാന്‍… പരസ്പരം സ്‌നേഹമില്ലാതെ… ഭൂമിയെത്തന്നെ അവര്‍ തരിശുഭൂമിയാക്കിയില്ലേ? ആകാശംമുട്ടേ ഗോപുരങ്ങളുണ്ടാക്കി. എന്നിട്ടും പോരാഞ്ഞ് അത് വെടിക്കോപ്പുവെച്ചും തകര്‍ക്കുന്നു. ഒരിക്കല്‍ അവര്‍ ഇതിനെല്ലാം വിലപറയേണ്ടിവരും. കാടും പുഴയും ഈ പ്രപഞ്ചവുമെല്ലാം വീണ്ടും സന്തോഷിക്കുന്ന കാലം അതിവിദൂരമല്ല. മനുഷ്യന്‍ പാഠം പഠിച്ചുതുടങ്ങി. കൃഷി ആരംഭിച്ചു…’ അച്ഛന്‍കിളിയുടെ മുഖത്തൊരു സന്തോഷം.
മുത്തച്ഛന്‍ ഒരല്പം പേടിയോടുകൂടി പറഞ്ഞു: ‘ഭയമുണ്ട്… ഞാനറിഞ്ഞ സ്ഥിതിക്ക് ഈ രോഗം പ്രായമായവര്‍ക്കും നിലവില്‍ മറ്റേതെങ്കിലും കാര്യമായ അസുഖമുള്ളവര്‍ക്കും പിടിപെട്ടാല്‍ മരണം ഉറപ്പാ. രോഗവും അതിവേഗം പടരും… ഗവണ്‍മെന്റ് ഉചിതമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിലൊന്നാ ഈ ലോക്ഡൗണ്‍. മരുന്നിനും ഭക്ഷണത്തിനും ആളുകള്‍  വിഷമിക്കുന്നു. മിനിമോളുടെ വീട്ടിലെ അവസ്ഥ ഇനി എന്താകുമോ? അദ്ദേഹം ഗള്‍ഫില്‍ നിന്നു വന്നിട്ട് 20 ദിവസം തികച്ചായില്ല. ഇനി ആര്‍ക്കൊക്കെ…’ മുത്തച്ഛന്‍ പറഞ്ഞുനിര്‍ത്തി.
ഇതുകേട്ട് കുഞ്ഞാറ്റക്കിളി സങ്കടം ഉള്ളിലൊതുക്കി. അവള്‍ ചിന്തിച്ചു… ഓ, എന്റെ മിനിമോള്‍. ഞാനൊന്ന് കീയോ പാടിയാല്‍ അവള്‍ ഓടിവരും. ഞാനാ കൈവെള്ളയില്‍ ചാടിക്കേറിയങ്ങിരിക്കും. മറുകൈയ്യില്‍ മിനിമോള്‍ നല്‍കുന്ന അരിമണിയും കൊറിച്ച് കുഞ്ഞുവര്‍ത്തമാനവും പറഞ്ഞ്, ഒളിച്ചുകളിച്ച്… നേരംപോകുന്നതറിയില്ല.  കുഞ്ഞാറ്റക്കിളിയുടെ ചിന്തകള്‍ നീണ്ടപ്പോള്‍ അവളുടെ ഏങ്ങലടി ഉച്ചത്തിലായി. അച്ഛന്‍കിളിയും മുത്തച്ഛനും ചേട്ടന്‍കിളയും ഓടിവന്ന് കാര്യമന്വേഷിച്ചു. വിങ്ങിപ്പൊട്ടി ‘മിനിമോളെയും എല്ലാവരെയും രക്ഷിക്കണേ’ എന്ന് ചിറകുകള്‍ കൂപ്പി കുഞ്ഞാറ്റക്കിളി അവരോട് യാചിച്ചു. കുഞ്ഞാറ്റക്കിളിയുടെ വിഷമം അവര്‍ ഏറ്റെടുത്തു. തങ്ങളാലാവുംവിധം സഹായിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ചേട്ടന്‍കിളി പറഞ്ഞു: ‘കുഞ്ഞാറ്റയ്ക്ക് അവരോട് സഹതാപം തോന്നിയതുപോലെ നമുക്കും അപരനോട് സഹതാപം തോന്നണ്ടേ… ഇന്നുമുതല്‍ ഭക്ഷണമില്ലാതെ വിഷമിക്കുന്ന എന്റെ കൂട്ടുകാരന്റെ സഹോദരങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണം ഞാന്‍ കൂട്ടിലെത്തിക്കാം.’
അച്ഛന്‍കിളി പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെയെല്ലാം ഒഴിവാക്കിക്കൊടുക്കാമെന്നും വാക്കുപറഞ്ഞു.
കുഞ്ഞാറ്റ തിരിച്ചുവരുവാന്‍ വൈകിയതിനാല്‍ അമ്മക്കിളിയും സ്ഥലത്തെത്തി. മുത്തച്ഛന്‍ എല്ലാവരോടുമായി പറഞ്ഞു: ‘അണ്ണാറക്കണ്ണനും
തന്നാലായത്… നിങ്ങള്‍ മനുഷ്യരെയും പക്ഷികളെയും സഹായിക്കുമ്പോള്‍ ഞങ്ങള്‍ ഗ്രാമങ്ങള്‍തോറും പോയി പാട്ടുപാടി അവരെ ആശ്വസിപ്പിച്ച് സന്തോഷിപ്പിക്കാം… ഇവിടിരുന്ന് പ്രാര്‍ത്ഥിക്കാം… കനിവുണ്ടാകാന്‍, കൃപതോന്നാന്‍, ക്ഷമിക്കുവാന്‍, ഗവേഷകര്‍ പെട്ടെന്ന് മരുന്ന് കണ്ടുപിടിക്കാന്‍. മനുഷ്യരും നമ്മോടൊപ്പമുണ്ടായാലേ നമ്മുടെ സന്തോഷം പൂര്‍ണമാകൂ…’
ഇതുകേട്ട് കുഞ്ഞാറ്റയ്ക്ക് സന്തോഷമായി. ‘കീയോ… കീയോ…’ പാടി അമ്മയുടെ ചൂടിനായി അവള്‍ അമ്മക്കിളിയുടെ അരികിലെത്തി.
പ്രിയകൂട്ടുകാരേ, ഇപ്പോള്‍ രാവിലെയും അന്തിക്കും മാത്രമല്ല, ഈ ലോക്ഡൗണ്‍ കാലയളവില്‍ ഏതുനേരവും നാം കിളികളുടെ കിലുകിലു ശബ്ദവും മധുരമായ ഗാനവും കേള്‍ക്കുന്നില്ലേ? അവര്‍ നമുക്കായി പ്രാര്‍ത്ഥിക്കുകയാണ്. ഈ ലോക്ക്ഡൗണില്‍ നിന്ന് നമ്മെ കരകയറ്റണമേ എന്ന്… നമ്മെ സന്തോഷിപ്പിക്കുകയാണ് മധുരമായ ഗാനങ്ങള്‍ പാടി…
ഗുണപാഠം: കൊച്ചു കൊച്ചു പ്രവൃത്തിയിലൂടെ സ്‌നേഹസമൂഹത്തെ പടുത്തുയര്‍ത്താം


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*