Breaking News

കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാന്‍ സമ്മേളനവും വിചിന്തനവും

കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാന്‍ സമ്മേളനവും വിചിന്തനവും

ലോകത്തിന്റെ കാതുകള്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തിലേക്ക് തിരിഞ്ഞത്കഴിഞ്ഞ വാരത്തില്‍ നാം സാക്ഷ്യം വഹിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ മെത്രാന്മാരുടെ നാലു ദിവസത്തെ ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടി. വിവിധരാജ്യങ്ങളിലെ മെത്രാന്മാരും വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിന്റെ പ്രധാന അജണ്ട ലൈംഗികചൂഷണത്തിനിരയായ കുട്ടികള്‍ക്ക് എങ്ങനെ നീതി നല്കാനാകും എന്നതായിരുന്നു. കുട്ടികള്‍ക്കെതിരായി നടന്ന ചൂഷണങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാത്തതുമൂലം സഭയ്ക്കും സമൂഹത്തിനും ഒരുപാട് ആഘാതം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇത്തരമൊരു അസാധാരണ സമ്മേളനം വിളിച്ചുചേര്‍ത്തത്.
വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാന്‍പ്രതിനിധികളും സന്യാസിനി സഭകളെ പ്രതിനിധീകരിച്ച് 10 കന്യാസ്ത്രികളെയും ചേര്‍ത്ത് 200 വിശിഷ്ടവ്യക്തികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ ഒരു സമ്മേളനം ഒരുപക്ഷേ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും. ഇനിയൊരിക്കലും സഭാസമൂഹത്തില്‍ നിന്നോ സ്ഥാപനങ്ങളില്‍നിന്നോ മറ്റു മേഖലകളില്‍ നിന്നോ ചൂഷണം ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിലാണ് പങ്കെടുത്തവര്‍. ചര്‍ച്ചകളല്ല, ശക്തമായ നടപടികളാണ് സഭാനേതൃത്തില്‍നിന്നും ദൈവജനം പ്രതീക്ഷിക്കുന്നത്- ഫ്രാന്‍സിസ് പാപ്പാ ആമുഖപ്രസംഗത്തില്‍ സൂചിപ്പിച്ചു. സുതാര്യതയിലും പ്രതിബദ്ധതയിലും ഉത്തരവാദിത്വത്തിലും ഊന്നിയ സമ്മേളനം വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. നിയമപരവും അജപാലനപരവുമായി കാര്യങ്ങളിലുള്ള മെത്രാന്മാരുടെ ഉത്തരവാദിത്വം, കാനന്‍ നിയമമനുസരിച്ച് എങ്ങനെ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാം, സഭയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള സുതാര്യത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും അതിന്റെ വെളിച്ചത്തില്‍ രൂപതാതലത്തില്‍ ഫലവത്തായ തീരുമാനമെടുക്കാന്‍ സഭാനേതൃത്വത്തെ പ്രചോദിപ്പിക്കലുമാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുകയുണ്ടായി.
കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസിനേറ്റ മുറിവുകള്‍ സൗഖ്യപ്പെടുത്താനായിട്ടാണ് ഈ സമ്മേളനത്തിലെ തീരുമാനങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ലൂയീസ് അന്റോണിയോ താഗ്‌ളേ ആദ്യദിന അവതരണത്തില്‍ വ്യക്തമാക്കി. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ സാന്നിധ്യവും വാക്കുകളും ശ്രദ്ധേയമായിരുന്നു. മുറിവേറ്റ സഭ നിങ്ങളും ഞാനുമാണ്. അതുകൊണ്ട് ഇത് ഇനിയൊരിക്കലും സംഭവിക്കാത്ത രീതിയില്‍ നടപടിയെടുക്കാന്‍ നമ്മള്‍ക്ക് ഉത്തരവാദിത്വമുണ്ട്-അദ്ദേഹം പറഞ്ഞു ചൂഷണം ഒരു മാനുഷിക പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. അത് എല്ലാ മേഖലയിലും പടര്‍ന്നിരിക്കുന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യമാണെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം നിര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ഈ സമ്മേളനം സഭയ്ക്ക് മാത്രമല്ല രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സംഘടനകള്‍ക്കും സമസ്ത മേഖലകളിലുമുള്ളവര്‍ക്കും മാതൃകയാണ്. ലോകമെങ്ങും കുട്ടികള്‍ക്കെതിരായി പലതരത്തിലുള്ള ചൂഷണം നടക്കുന്നുണ്ട് എന്നത് ഭയപ്പെടുത്തുന്നു. നിഷ്‌കളങ്കതയുടെ പര്യായമായ കുഞ്ഞുങ്ങളാണ് ഭാവിയുടെ വാഗ്ദാനങ്ങള്‍. അവര്‍ക്ക് സ്വസ്ഥമായി വളരാനും അര്‍ഹതപ്പെട്ട വിദ്യാഭ്യാസം ലഭിക്കാനും ശാരീരികവും മാനസികവും വൈകാരികവുമായ പക്വതയാര്‍ജിക്കാനുമുള്ള അവകാശം കാലാകാലങ്ങളായി രാഷ്ട്രങ്ങളും സമൂഹങ്ങളും അംഗീകരിക്കുന്ന സത്യങ്ങളാണ്. ഈ അവകാശങ്ങളെ ധ്വംസിക്കുന്ന കൈയ്യേറ്റങ്ങളാണ് ലൈംഗികവും മാനസികവുമായ ചൂഷണങ്ങള്‍.
ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടന, യുഎന്‍ 2006ല്‍ നടത്തിയ കുട്ടികള്‍ക്കെതിരായ ചൂഷണത്തിന്റെ സര്‍വേ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതുപ്രകാരം ലോകമെങ്ങും കുട്ടികള്‍ പല രീതിയില്‍ ചൂഷണങ്ങള്‍ അനുഭവിക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സര്‍വ്വേ ഫലം അനുസരിച്ച് ഏതാണ്ട് അമ്പത്തിമൂവായിരം കുട്ടികള്‍ ഓരോ വര്‍ഷവും കൊല്ലപ്പെടുന്നു. 80% കുട്ടികള്‍ അവരുടെ വീടുകളില്‍നിന്ന് ശാരീരിക ശിക്ഷകള്‍ക്ക് വിധേയരാകുന്നു. 150 മില്യന്‍ ആണ്‍കുട്ടികളും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാകുന്നു. 218 മില്യണ്‍ കുട്ടികള്‍ ബാലവേലയിലാണ്. അതും ഏറ്റവും മോശമായ സാഹചര്യത്തില്‍. 1.8 മില്യന്‍ കുട്ടികള്‍ വേശ്യാവൃത്തിയിലോ അശ്ലീല പ്രവര്‍ത്തിയിലോ നിര്‍ബന്ധപൂര്‍വം ഏര്‍പ്പെടേണ്ടതായി വരുന്നു. 1.2 മില്യണ്‍ കുട്ടികളെ മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നുണ്ട്. 275 മില്യണ്‍ കുട്ടികള്‍ ഓരോ വര്‍ഷവും ഗാര്‍ഹികപീഡനത്തിനിരയാകുന്നുണ്ട്.
ലോകത്തില്‍ 250000 കുട്ടി സൈനികര്‍ ഉണ്ട്. സേവ് അവര്‍ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ കണക്കുപ്രകാരം ഒരു മില്യന്‍ കുട്ടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജയിലിലാണ്. നമ്മുടെ ഇന്ത്യയിലും കേരളത്തിലും ഇതൊക്കെ തന്നെ സംഭവിക്കുന്നുണ്ട് എന്നത് സങ്കടകരമായ വസ്തുതകളാണ്. ഇതില്‍നിന്നും മനസിലാവുന്ന യഥാര്‍ത്ഥ്യം കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങളും ആക്രമണങ്ങളും സമസ്ത മേഖലകളില്‍നിന്നും സംഭവിക്കുന്നുണ്ട്. ലോകമെങ്ങും കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന അവരുടെ വളര്‍ച്ച കാണാനാഗ്രഹിക്കുന്ന ഏവര്‍ക്കും കടമയുണ്ട്. ഈ സമ്മേളനം അതിനു മാതൃകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണത്തിനെ തിന്മയെന്നാണ് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നത്. ആ തിന്മയെ ഉന്മൂലനം ചെയ്യാനുറച്ചുകൊണ്ട് മെത്രാന്മരുടെയും മറ്റു നേതാക്കന്മാരുടെയും സമ്മേളനം വിളിച്ചുചേര്‍ക്കുമ്പോള്‍ പാപ്പായോട് ചേര്‍ന്ന് നില്ക്കാനും ഈ തിന്മയ്‌ക്കെതിരായി പോരാടാനും ദൈവം നമ്മെ ക്ഷണിക്കുകയാണ്. കര്‍ദ്ദിനാള്‍ അന്റോണിയോ താഗ്‌ളെ ഇതിനെ വിശേഷിപ്പിക്കുന്നത് ക്രിസ്തുവിന്റെ മൗതികശരീരത്തിനേറ്റ മുറിവ് എന്നാണ്. തീര്‍ത്തും അര്‍ത്ഥവത്തായ വിശേഷണം തന്നെയാണിത്. കുട്ടികള്‍ക്കെതിരെ നടന്ന ചൂഷണത്തില്‍ മുറിവേറ്റിരിക്കുന്നത് കുട്ടികള്‍ക്ക് മാത്രമല്ല, ഇടയന്റെ മനസോടെ പ്രവര്‍ത്തിക്കുന്ന സഭാനേതൃത്വത്തിനും സമൂഹത്തിലെ ഓരോ വ്യക്തിക്കുമാണ്. ഇടയനെന്ന മനോഭാവത്തിലുറച്ച് തങ്ങളുടെ കടമ തിരിച്ചറിഞ്ഞ വിവിധ സഭാനേതൃത്വങ്ങള്‍ ഇതിനെതിരെ വിവിധ സ്ഥലങ്ങളില്‍ നേരത്തെ തന്നെ പ്രവര്‍ത്തനങ്ങളാരംഭിച്ചതായി സിസ്റ്റര്‍ വേറോനിക്കാ ഓപ്പനിസോ രണ്ടാം ദിവസത്തെ തന്റെ അവതരണത്തില്‍ പറഞ്ഞു.
നീതിക്കുവേണ്ടിയുള്ള കുട്ടികളുടെ കരച്ചില്‍ ശ്രവിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കാലികപ്രസക്തിയേറിയതാണ് പിതാവിന്റെ ആ വാക്കുകള്‍. പ്രതികരിക്കാനറിയാതെ, നിശബ്ദമായിട്ട് സഹിക്കുന്ന ബാല്യകൗമാരങ്ങളുടെ കണ്ണുനീര്‍ നീതിക്കുവേണ്ടി കേഴുന്നത് സഭയും രാഷ്ട്രങ്ങളും സമൂഹവും കാണണമെന്നാണ് ഇതിനര്‍ത്ഥം. ഓരോ ക്രൈസ്തവനും സഭാനേതൃത്വവും രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും സമൂഹവും തങ്ങള്‍ അവരുടെ നീതിലബ്ധിക്കായി പ്രവര്‍ത്തിക്കാന്‍ കടപ്പെട്ടവരാണ് എന്ന് ചിന്തിക്കുമ്പോള്‍ യഥാര്‍ത്ഥ ദൈവമക്കളായി ദൈവജനമായി നാം മാറുന്നു. കര്‍ദ്ദിനാള്‍ അന്റോണിയോ താഗ്‌ളേ പറയുന്നതുപോലെ ഇതൊരു വിശ്വാസപ്രവൃത്തിയാണ്. തീര്‍ച്ചയായും അതു ശരിയാണ്. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക ശുശ്രൂഷയാണ്, നമ്മുടെ കടമയാണ്. അതിനാല്‍ പരിശുദ്ധ പിതാവിനോട് ചേര്‍ന്നുനിന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നമുക്കു കൈകോര്‍ക്കാം.


Related Articles

പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്‍ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന് വിചിന്തനത്തിനായി തിരുസഭ തന്നിരിക്കുന്നത്. ഉത്പത്തി

എല്‍സിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു

പത്തനാപുരം: ലാറ്റിന്‍ കാത്തലിക് യൂത്ത്മൂവ്‌മെന്റിന്റെ(എല്‍സിവൈഎം) പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെആര്‍എല്‍സിബിസി യൂത്ത്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ്, പ്രസിഡന്റ്

കുടുംബവര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാര്‍ച്ച് 19-ന് കണ്ണമാലിയില്‍

കൊച്ചി: കത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയര്‍ത്തിക്കാണിക്കുന്ന ഔസേപ്പിതാവിന്റെ വര്‍ഷത്തില്‍തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19-ന് കണ്ണമാലിയില്‍ നടക്കും.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*