Breaking News

കുരിശിങ്കല്‍ വിശുദ്ധിയുടെ സുഗന്ധം വീണ്ടും

കുരിശിങ്കല്‍ വിശുദ്ധിയുടെ സുഗന്ധം വീണ്ടും

കേരളത്തിന്റെ ഭൂവിവരണം തന്നെ മാറ്റിമറിച്ച 1341ലെ മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു പുതിയ കരയാണ് പ്രസിദ്ധമായ വൈപ്പിന്‍ ദ്വീപ്. 1498 മെയ് 20-ാം തീയതി പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌ക്കോ ഡിഗാമ കോഴിക്കോട് കാലുകുത്തിയതോടെ പോര്‍ച്ചുഗീസുകാരുടെ കാലത്തിന് തുടക്കമായി. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വൈപ്പിന്‍ ദ്വീപ് കീഴടക്കി. ഇവിടെ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുവിതച്ചതും പരിചരിച്ചു വളര്‍ത്തിയതും പോര്‍ച്ചുഗീസുകാരാണ്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെയും ദൈവദാസി ഏലീശ്വാമ്മയുടെയും പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണ് ഈ ദ്വീപ്. പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച വൈപ്പിന്‍കരയിലെ ആദ്യത്തെ പള്ളിയാണ് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ്.

ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ ജനനവും ബാല്യകാലവും
1894 ജൂണ്‍ 25ന് രാത്രി 12 മണിക്ക് പ്രസിദ്ധവും വളരെ പുരാതനവുമായ കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് പള്ളി ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്റെയും റോസയുടെയും രണ്ടാമത്തെ കുട്ടിയായി ജോസഫ് അട്ടിപ്പേറ്റി ജനിച്ചു. രണ്ടാമത്തെ സഹോദരി മറിയക്കുട്ടി (സിസ്റ്റര്‍ ആഞ്ചല) യുടെ ജനനത്തോടെ അമ്മ റോസ അന്തരിച്ചു. പള്ളിപ്പുറം പള്ളി ഇടവക പടമാട്ടുമ്മല്‍ ചീക്കു മകന്‍ വറീതിന്റെയും വരാപ്പുഴ പള്ളി ഇടവക വടശേരി മാത്യു മകള്‍ അന്നയുടെയും മൂത്തമകളാണ് റോസ. ഇവരുടെ വിവാഹം പള്ളിപ്പുറം പള്ളിയില്‍വച്ച് ആര്‍ഭാടപൂര്‍വം നടന്നു. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ആത്മീയരംഗത്തും പിതാവിന്റെ കുടുംബത്തിന് വളരെ ഉയര്‍ന്ന പാരമ്പര്യം ഉണ്ടായിരുന്നു. ജോസഫിന്റെ പിതാവായ മാത്യു തൃശിനാപ്പിള്ളിയില്‍ പോയി പഠിച്ചു. മെട്രിക്കുലേഷന്‍ പാസായിരുന്നു. അന്ന് ഉയര്‍ന്ന വിദ്യാഭ്യാസമായിരുന്നു ഇത്. ഭാര്യ റോസയുടെ മരണത്തോടെ കുടുംബകാര്യങ്ങള്‍ നോക്കാനും കുട്ടികളെ വളര്‍ത്താനും മാത്യു വളരെയധികം ബുദ്ധിമുട്ടി. ബന്ധുമിത്രാദികളുടെ പ്രേരണയാല്‍ വീണ്ടും വിവാഹം ചെയ്തു. രണ്ടാം ഭാര്യയുടെ പേരും റോസ എന്നായിരുന്നു. ഈ വിവാഹത്തില്‍ രണ്ടു കുട്ടികള്‍ ജനിച്ചു-തോമസും ജോര്‍ജും. ഈ രണ്ടു മക്കളും കുട്ടികളായിരുന്നപ്പോള്‍ രണ്ടാം ഭാര്യയും അന്തരിച്ചു. റോസ മരിക്കുമ്പോള്‍ അട്ടിപ്പേറ്റി പിതാവ് തൃശിനാപ്പിള്ളി സെന്റ് ജോസഫ്‌സ് കോളജില്‍ പഠിക്കുകയായിരുന്നു.

വിദ്യാഭ്യാസം
മാതാപിതാക്കളുടെ നല്ല ശിക്ഷണത്തില്‍ വളര്‍ന്നുവന്ന ജോസഫ് കുരിശിങ്കല്‍ ഇടവകയിലെ സെന്റ് മേരീസ് സ്‌കൂളില്‍ (ഇന്ന് വളപ്പു പള്ളി ഇടവക അതിര്‍ത്തിയാണ്) ചേര്‍ന്നു. നാലാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പഠിച്ചത് സ്പാനിഷ് മിഷണറി വൈദികര്‍ നടത്തിയിരുന്ന എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ ബോഡിംഗില്‍ താമസിച്ചുകൊണ്ടാണ്. ഇവിടെ പഠിക്കുന്ന അവസരത്തില്‍ അമ്മ റോസയുടെ സഹോദരീ ഭര്‍ത്താവായ പോഞ്ഞിക്കരക്കാരന്‍ ദൊമിങ്കോ വേലിയാത്തിന്റെ പ്രേരണയാല്‍ ആറാം ക്ലാസ് മുതല്‍ തൃശിനാപ്പിള്ളിയില്‍ ഈശോസഭാ വൈദികര്‍ നടത്തുന്ന സെന്റ് ജോസഫ് കോളജില്‍ താമസിച്ചു പഠിച്ചു. അവിടെ ബിഎ കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചു.

വൈദികവിളിയില്‍ ഉറപ്പ്
രണ്ടാം ഭാര്യ മരിച്ചപ്പോള്‍ പുനര്‍വിവാഹത്തിന് ബന്ധുമിത്രാദികള്‍ ഉപദേശിച്ചുവെങ്കിലും മകന്‍ ജോസഫിനെ വിവാഹം കഴിപ്പിച്ച് കുടുംബഭരണ ചുമതല ഏല്പിക്കുവാനാണ് മാത്യു തീരുമാനിച്ചത്. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മകനെ തന്റെ തീരുമാനം മാത്യു അറിയിച്ചു. ആരോടും വെളിപ്പെടുത്താതെ തന്റെ മനസില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹവും തീരുമാനവും ജോസഫ് പിതാവിനെ അറിയിച്ചു. തന്റെ ദൈവവിളി വൈദികവിളിയാണെന്നു പറഞ്ഞു. വിവാഹം കഴിക്കുവാന്‍ ബന്ധുമിത്രാദികളും കുടുംബസ്‌നേഹിതരും ജോസഫിനെ പ്രേരിപ്പിച്ചു. സമ്മതിക്കാതായപ്പോള്‍ മാത്യു മകനുമായി അന്നത്തെ വികാരി തോമസ് സേവ്യര്‍ റോച്ച അച്ചന്റെ പക്കല്‍ ചെന്നു. വികാരിയച്ചന്റെ ശ്രമം വിഫലമായപ്പോള്‍ മകന്റെ തീരുമാനം പോലെ എറണാകുളം മൈനര്‍ സെമിനാരിയില്‍ ചേരുവാന്‍ അനുവദിച്ചു.

വിദേശപഠനം
മഹാരാജാസ് കോളജില്‍ ചേര്‍ന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുന്‍പറഞ്ഞ ദൊമിങ്കോ വേലിയാത്ത് മകനെ വിദേശത്തയച്ച് പഠിപ്പിക്കുവാന്‍ മാത്യുവിനെ പ്രേരിപ്പിച്ചു. അക്രൈസ്തവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പഠിച്ചാല്‍ വിശ്വാസജീവിതത്തിന് തകര്‍ച്ചയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും, ഇംഗ്ലീഷ് പഠിച്ചാല്‍ പ്രൊട്ടസ്റ്റന്റ് ബൈബിളും കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായ ഗ്രന്ഥങ്ങളും വായിക്കുവാനിടയുണ്ടെന്നും സഭ വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. കത്തോലിക്കര്‍ക്ക് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ മാത്രമേ പഠിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതാകട്ടെ അക്രൈസ്തവരുടെ വിദ്യാലയങ്ങളിലും. സഭാമക്കളുടെ വിശ്വാസസംരക്ഷണമായിരുന്നു ലക്ഷ്യമെങ്കിലും ഇംഗ്ലീഷ് വിരോധം സമുദായത്തിലെ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിച്ചു. ദൊമിങ്കോ 1875ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. ഇതറിഞ്ഞ ആര്‍ച്ച്ബിഷപ് ലെയോനാര്‍ദോ മിലാനോ ദൊമിങ്കോയെ മഹറോന്‍ ചൊല്ലി. പിന്നീട് പിതാവ് തന്നെ മഹറോന്‍ പിന്‍വലിച്ചു. കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുവാന്‍ ഒടുവില്‍ ആര്‍ച്ച്ബിഷപ് മിലാനോ നിര്‍ദേശിച്ചു. ദൊമിങ്കോയുടെ മക്കളെ തൃശിനാപ്പിള്ളി കോളജില്‍ അയച്ചു പഠിപ്പിക്കുവാനും അദ്ദേഹം സഹായിച്ചു. ദൊമിങ്കോയുടെ നാലാമത്തെ മകന്‍ ജോര്‍ജിനെ ഇംഗ്ലണ്ടില്‍ പറഞ്ഞയച്ചു പഠിപ്പിച്ചു. മെഡിസിനില്‍ ഡോക്ടറേറ്റ് ഡിഗ്രി നേടി ജോര്‍ജ് തിരിച്ചെത്തി.

റോമിലേക്ക്
എറണാകുളം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു പഠിക്കാനൊരുങ്ങുന്ന സമയത്ത് ജോസഫിനെ റോമിലയച്ചു വൈദിക പഠനം നടത്തുവാന്‍ മെത്രാപ്പോലീത്ത എയ്ഞ്ചല്‍ മേരി തീരുമാനിച്ചു. എയ്ഞ്ചല്‍ മേരി പിതാവിന്റെ സെക്രട്ടറിയായിരുന്ന മോണ്‍. അലക്‌സാണ്ടര്‍ ലന്തപ്പറമ്പില്‍ പഠിച്ചത് ശ്രീലങ്കയിലെ കാന്റി സെമിനാരിയിലായിരുന്നു. അട്ടിപ്പേറ്റി പിതാവിനെയും കാന്റി സെമിനാരിയില്‍ പഠിപ്പിക്കാനാണ് എയ്ഞ്ചല്‍ മേരി പിതാവ് ആദ്യം തീരുമാനിച്ചത്. വേണ്ട നടപടികള്‍ ചെയ്യുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ദൊമിങ്കോയ്ക്കും ജോസഫിന്റെ പിതാവ് മാത്യുവിനും ജോസഫിനെ റോമിലയച്ചു പഠിപ്പിക്കാനായിരുന്നു താല്പര്യം. അവരുടെ പ്രേരണയാല്‍ ഷെവലിയര്‍ എല്‍.എം.പൈലി ജോസഫുമൊത്ത് എയ്ഞ്ചല്‍ മേരി പിതാവിനെ കാണുകയും അവരുടെ ആഗ്രഹം ഉണര്‍ത്തിക്കുകയും ചെയ്തു. പുരോഗമനവാദിയായ പിതാവ് അവരുടെ ആഗ്രഹപ്രകാരം ജോസഫിനെ വൈദികപഠനത്തിനും പരിശീലനത്തിനുമായി റോമിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. വരാപ്പുഴ അതിരൂപതയില്‍ നിന്നു വൈദിക പഠനത്തിനും പരിശീലനത്തിനുമായി റോമിലേക്കു പോകുന്ന ആദ്യത്തെ വൈദികവിദ്യാര്‍ഥിയായ ബ്രദര്‍ ജോസഫ് അട്ടിപ്പേറ്റി ഒരു ചരിത്രത്തിന്റെ ആരംഭംകുറിക്കുകയായിരുന്നു. വിമാനയാത്രയ്ക്കു സൗകര്യങ്ങളില്ലാതിരുന്ന കാലമായിരുന്നു അത്. ട്രെയിന്‍ വഴി ബോംബെയില്‍ എത്തുകയും അവിടെനിന്ന് ഒരു മാസത്തോളം കപ്പല്‍ യാത്ര ചെയ്ത് റോമിലെത്തുകയും ചെയ്തു. റോമിലെ പ്രൊപ്പഗാന്ത കോളജില്‍ നാലു വര്‍ഷക്കാലം പഠിച്ച് വൈദികപഠനം പൂര്‍ത്തിയാക്കിയ ബ്രദര്‍ ജോസഫ് റോമില്‍വച്ചുതന്നെ കര്‍ദിനാള്‍ പൊംപീലിയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. കപ്പല്‍ വഴി ബോംബെയിലെത്തിയ ജോസഫ് അട്ടിപ്പേറ്റി അച്ചന്‍ ട്രെയിന്‍ മാര്‍ഗം ഇന്നത്തെ മംഗളവനത്തിനടുത്തുള്ള ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെത്തുകയും ചെയ്തു.  

അട്ടിപ്പേറ്റി പിതാവിന്റെ മായാത്ത ഓര്‍മകള്‍
സ്ഥൈര്യലേപന കൂദാശാസ്വീകരണവുമായി ബന്ധപ്പെട്ടാണ് എന്നില്‍ പിതാവിന്റെ ഓര്‍മ നിലനില്‍ക്കുന്നത്. തിരുവസ്ത്രങ്ങളണിഞ്ഞ് എന്റെ മുന്നില്‍വന്നുനില്ക്കുന്നതും എന്റെ പേരുചൊല്ലിവിളിച്ച് പ്രാര്‍ഥിച്ച് എനിക്ക് കൂദാശ നല്‍കിയതും ഞാനിന്നും ഓര്‍ക്കുന്നു. തുടര്‍ന്ന് കവിളത്ത് നല്കിയ സ്‌നേഹത്തോടെയുള്ള മൃദുലമായ തട്ടലും ഇന്നും മറന്നിട്ടില്ല.
ഇന്നും മനസില്‍ ജീവനോടെ നില്ക്കുന്ന ഓര്‍മ, മൈനര്‍ സെമിനാരിയില്‍ പ്രവേശനത്തിനായി പിതാവ് നടത്തിയ പരിശോധനയും സംസാരവുമാണ്. അവസാനത്തെ നാലു വിദ്യാര്‍ഥികളില്‍ ഞാന്‍ രണ്ടാമനായിരുന്നു. പിതാവ് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വികാരിയച്ചനും ബ്രദേഴ്‌സും പറഞ്ഞുതന്നിരുന്നു. വികാരിയച്ചന്റെയും പ്രധാനാധ്യാപകന്റെയും കത്തുകളും മാര്‍ക്ക്‌ലിസ്റ്റും കവറുകള്‍ തുറന്നു വായിച്ചു. എന്നെയാകെ ഒന്നു സ്‌നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ടു നോക്കി. പുഞ്ചിരിയോടെതന്നെ എന്നോട് ഒരു ചോദ്യം ചോദിച്ചു: What is your name? ആന്റണിയെന്ന് ഉത്തരം പറഞ്ഞു. ഒന്നുകൂടി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് അടുത്തിരുന്നിരുന്ന റെക്ടറച്ചനോട്-ജോര്‍ജ് ഇട്ടിക്കുന്നത്ത് അച്ചന്‍-എന്തോ പറഞ്ഞു. ഒരു ബ്രദര്‍ വന്ന് എന്നെ വിളിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. എന്റെ അച്ചനോട് പിതാവ് സംസാരിക്കുകയുണ്ടായി. മെഡിക്കല്‍ പരിശോധന കഴിഞ്ഞുവന്നപ്പോള്‍ സെമിനാരിയില്‍ കൊണ്ടുവരേണ്ട സാധനങ്ങളുടെ ഒരു പട്ടിക നല്‍കി.
പിതാവിന്റെ സ്‌നേഹത്തോടെയുള്ള നോട്ടവും പുഞ്ചിരിക്കുന്ന മുഖവും എനിക്കെന്നും സന്തോഷം നല്കുന്ന അനുഭവവും ഓര്‍മയുമാണ്.
കുരിശിങ്കല്‍ വിശുദ്ധരുടെ നാട്
കുരിശിങ്കല്‍ വിശുദ്ധരുടെ നാടാണ് എന്നു പറഞ്ഞാല്‍ തെറ്റില്ല.
1. ദൈവദാസി ഏലീശ്വാമ്മയുടെ ജനനത്തോടെ കുരിശിങ്കലില്‍ വിശുദ്ധരുടെ പാരമ്പര്യം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്ന്യാസിനീസഭ സ്ഥാപിച്ച ദൈവദാസി ഏലീശ്വാമ്മ കുരിശിങ്കലിലെ പ്രഥമ വിശുദ്ധസാന്നിധ്യമാണ്.
2. ദൈവദാസ പദവിയിലേക്കുയര്‍ത്തപ്പെടുന്ന അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് വിശുദ്ധിയുടെ പാരമ്പര്യം തുടരുകയാണ്.
3. ഈ ഇടവകാംഗമായ പോള്‍ വൈപ്പിശേരിയച്ചന്‍ തന്റെ ജീവിതകാലത്തും ശേഷവും വിശുദ്ധിയുടെ സുഗന്ധം പരത്തിയ സാന്നിധ്യമാണ്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയില്‍ സേവനം ചെയ്യുന്ന കാലത്ത് അന്തരിക്കുകയും ഇടവക സെമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. കൂനമ്മാവ് ഇടവകമക്കള്‍ അച്ചനെ പുണ്യശ്ലോകന്‍ എന്നു വിളിച്ചു പ്രാര്‍ഥിക്കുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ അച്ചന്റെ ചരമദിനം പ്രാര്‍ത്ഥിച്ചും കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയും ആഘോഷിച്ചു വരുന്നു.
ഒരു അസാധാരണ പ്രതിഭ
കേരള ചരിത്രത്തില്‍, പ്രത്യേകിച്ച് മാധ്യമ ചരിത്രത്തില്‍ എന്നും തിളങ്ങിവിളങ്ങുന്ന ഒരു മഹാപ്രതിഭ കുരിശിങ്കല്‍ ഇടവകയിലുണ്ട്. കൂനമ്മാവ് ഇടവകപ്പള്ളിവളപ്പില്‍ വിദേശ മിഷണറിയായ ലെയോപോള്‍ഡ് അച്ചന്റെ ശ്രമഫലമായി അമലോത്ഭവമാതാ പ്രസ് സ്ഥാപിച്ചു. ഈ പ്രസില്‍നിന്നാണ് മലയാളത്തിലെ ആദ്യത്തെ വാര്‍ത്താപത്രം ‘സത്യനാദ കാഹളം’ പ്രസിദ്ധീകരിക്കുന്നത്. ഈ പത്രത്തിന്റെ പത്രാധിപന്‍ കുരിശിങ്കല്‍ ഇടവകാംഗം ലൂയീസ് വൈപ്പിശേരി ഒസിഡിയായിരുന്നു. ഈ പ്രസ് 1880ല്‍ വരാപ്പുഴയിലേക്കും 1901ല്‍ എറണാകുളത്തേയ്ക്കും മാറ്റി സ്ഥാപിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിന്റെ കിഴക്കുഭാഗത്തുള്ള ഐഎസ് പ്രസ് റോഡ് ഈ പ്രസിന്റെ ഓര്‍മനിലനിര്‍ത്തുന്നു.


Tags assigned to this article:
Bishop Attipetty

Related Articles

സിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ

  2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി: വീഡിയോ കാണാം

വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലെ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരിശോധനയാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് ആദ്യ വിമാനം

തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വളരെ അപകടകരമായ സാഹചര്യത്തിലാണ് തീരദേശജനത കഴിഞ്ഞുവരുന്നതെന്ന് സമുദായസമ്മേളനത്തില്‍ ജിവനാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*