കുരിശിന്റെ വലിയ വിജ്ഞാനം പഠിക്കുക

സിസ്റ്റര്‍ തെരേസ സെബാസ്റ്റിയന്
യേശുവിന്റെ ജീവിതത്തിലെ അവസാന ദിനങ്ങളില്‍ നടക്കുന്ന ഒരു സംഭവത്തെ വിവരിക്കുന്നതാണ് യോഹന്നാന് 12:20-33 സുവിശേഷ ഭാഗം. ആ രംഗം ജറുസലെമിലാണ് നടക്കുന്നത്. യേശു അവിടെ പെസഹാ ആഘോഷത്തിനായി എത്തിയതായിരുന്നു. കുറച്ചു ഗ്രീക്കുകാരും ഈ ആചാരങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു. ഈ മനുഷ്യര്‍ മതപരമായ ചില വൈകാരികാനുഭവങ്ങളാല് യഹൂദജനങ്ങളുടെ വിശ്വാസത്താല്‍ ആകര്‍ഷിക്കപ്പെട്ടവരാണ്. ഒരു വലിയ പ്രവാചകനെക്കുറിച്ച് കേട്ടിരുന്നു. 12 അപ്പസ്തോലരിലൊരുവനായ പീലിപ്പോസിനെ സമീപിച്ച് ഞങ്ങള്‍ക്ക് യേശുവിനെ കാണണം എന്നവര്‍ പറയുന്നു. യോഹന്നാന് ഈ വാക്കുകള്‍ക്ക് ഊന്നല്‍ കൊടുക്കുന്നുണ്ട്. സുവിശേഷകന്റെ പദപ്രയോഗങ്ങളില്‍ ‘കാണുക’ എന്ന വാക്ക് സാധാരണ അര്ത്ഥത്തിനതീതമായി, വ്യക്തിരഹസ്യം ഗ്രഹിക്കുന്നതിനെ, കാഴ്ച ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങി മനുഷ്യന്റെ ആന്തരികതയെ മനസിലാക്കുന്നതിനെ സൂചിപ്പിക്കുന്നു.
യേശുവിന്റെ പ്രതികരണം അതിശയിപ്പിക്കുന്നതാണ്. യേശു അവരുടെ ആവശ്യത്തോട് അതെയെന്നോ അല്ലയെന്നോ പ്രതികരിക്കാതെ, ഇപ്രകാരം പറയുന്നു: ‘മനുഷ്യപുത്രന് മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.’ ഈ വാക്കുകള്‍ ഗ്രീക്കുകാരായ അവരുടെ ചോദ്യത്തെ അവഗണിക്കുന്നതാണെന്ന് ആദ്യം തോന്നിയേക്കാം. വാസ്തവത്തില്‍ അത് യഥാര്‍ത്ഥമായ ഒരുത്തരം കൊടുക്കലാണ്. എന്തെന്നാല്‍, യേശുവിനെ കാണാനാഗ്രഹിക്കുന്നവര്‍ കുരിശിന്റെ ഉള്ളിലേക്കു നോക്കണം. അവിടെ മഹത്വം വെളിപ്പെടുന്നുണ്ട്. കുരിശ് ഒരിക്കലും ഒരു ആഭരണമോ വസ്ത്രാലങ്കാരമോ അല്ല. ചിലപ്പോള്‍ അങ്ങനെയും കുരിശ് ചൂഷണംചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് ധ്യാനിക്കപ്പെടുകയും മനസിലാക്കപ്പെടുകയും ചെയ്യേണ്ട ഒരു പ്രതീകമാണ്.
എങ്ങനെയാണ് ഞാന്‍ ക്രൂശിതനിലേക്കു നോക്കുന്നത്? ഒരു കലാരൂപമെന്ന നിലയില്‍ മനോഹരമാണോ എന്നാണോ? അതോ കുരിശിന്റെ ആന്തരാര്ഥത്തിലേക്ക്, യേശുവിന്റെ മുറിവുകളിലൂടെ അവിടുത്തെ ഹൃദയംവരെ എത്തുന്നതാണോ എന്റെ നോട്ടം? കുരിശില്‍ ഒരു അടിമയെപ്പോലെ, ഒരു കുറ്റവാളിയെപ്പോലെ ശൂന്യമാക്കപ്പെട്ട ദൈവിക രഹസ്യത്തിലേക്കാണോ ഞാന്‍ നോക്കുന്നത്? ഇക്കാര്യം നിങ്ങള്‍ മറക്കാതിരിക്കുക. ക്രൂശിതനെ നോക്കുക, കുരിശിന്റെ ഉള്ളിലേക്കു നോക്കുക. യേശുവിന്റെ അഞ്ചു മുറിവുകളില്‍ ഓരോന്നിനെയും നോക്കി സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം ചൊല്ലുന്ന ഒരു ഭക്താനുഷ്ഠാനമുണ്ട്. സ്വര്‍ഗസ്ഥനായ പിതാവേ എന്ന ഓരോ ജപം ചൊല്ലുമ്പോഴും, അവിടുത്തെ മുറിവിലൂടെ, യേശുവിന്റെ ഉള്ളിലേക്ക്, അവിടുത്തെ ഹൃദയത്തില്‍ തന്നെ നോക്കുക. അവിടെ നാം ക്രിസ്തുവിന്റെ രഹസ്യത്തിന്റെ വലിയ വിജ്ഞാനം, കുരിശിന്റെ വലിയ വിജ്ഞാനം പഠിക്കുന്നു,
തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അര്‍ത്ഥം വിശദീകരിക്കുന്നതിന് യേശു ഒരു പ്രതീകം ഉപയോഗിച്ചുകൊണ്ട് പറയുന്നതിങ്ങനെയാണ്: ‘ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അങ്ങനെ തന്നെ ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.’ അവിടുന്ന് തന്റെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം വ്യക്തമാക്കുകയാണ്. കുരിശിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യങ്ങളെ ഫലപ്രദമായ പ്രവര്‍ത്തനമായി, അനേകര്‍ക്കായി ഫലം നല്കുന്ന ഫലപൂര്‍ണമായ ഒരു പ്രവൃത്തിയായി മാറ്റുകയാണ്. അങ്ങനെ അവിടുന്നു തന്നെത്തന്നെ മണ്ണില്‍ വീണഴിയുന്ന, പുതുജീവന്‍ ഉത്പാദിപ്പിക്കുന്ന ഗോതമ്പുമണിയോടു താരതമ്യം ചെയ്യുകയാണ്. മനുഷ്യാവതാരത്തിലൂടെ അവിടുന്നു ഭൂമിയിലേക്കു വന്നു. എന്നാല്‍ മനുഷ്യനെ പാപത്തിന്റെ അടിമത്തത്തില്‍ നിന്നു രക്ഷിക്കുവാന്‍ അതു മതിയാകുമായിരുന്നില്ല. മനുഷ്യന് പുതുജീവന്‍ നല്കേണ്ടതിന് അവിടുന്നു മരിക്കേണ്ടിയിരുന്നു. മനുഷ്യനെ രക്ഷിക്കുന്നതിന്, നമ്മെയെല്ലാവരെയും, ഓരോരുത്തരെയും രക്ഷിക്കേണ്ടതിന്, അവിടുന്നു വില നല്കേണ്ടിയിരുന്നു. അതാണ് ക്രിസ്തുരഹസ്യം. അവിടുത്തെ മുറിവുകളിലേക്കു പോവുക, ഉള്ളിലേക്കു കടക്കുക, ധ്യാനിക്കുക, ആന്തരികതയില്‍ യേശുവിനെ കാണുക.
Related
Related Articles
ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം
വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ
ചികിൽസയിലൂടെ വേർപിരച്ച ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി.
സംയോജിത തലയുമായി പിറന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രിയിൽ ചികിൽസയിലൂടെ വേർപിരിഞ്ഞ ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി. ഫ്രഞ്ച് പൗരത്വമുള്ള മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുൻമന്ത്രി
ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു
റോം: ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ (Congregation for the Evangelisation of Peoples) അംഗമായിആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ഇന്ന് ഫ്രാൻസിസ് പാപ്പ നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ്