കൂടാം കൂടൊരുക്കാം: ആദ്യ ഭവനത്തിന്‍റെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു

കൂടാം കൂടൊരുക്കാം: ആദ്യ ഭവനത്തിന്‍റെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു

പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ഇ എസ് എസ് എസ്) യുടെ ഏകോപനത്താല്‍ രൂപതയിലെ വിവിധ ഇടവകകള്‍ അവരുടെ തിരുനാളാഘോഷങ്ങളും മറ്റ് പരിപാടികളും ചെലവുചുരുക്കിയും മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും സംഘടിപ്പിച്ച തുക കൊണ്ടാണ് ഭവനനിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിവരുന്നത്. അതിന്‍റെ ഭാഗമായി പെരുമാനൂര്‍ സെന്‍റ് ജോര്‍ജ് ഇടവകയിലെ ജനങ്ങളും വികാരി ഫാ സാബു നെടുനിലത്തും ചേര്‍ന്ന് പാനായിക്കുളത്ത് സെപ്റ്റംബര്‍ 13-ന് പണി ആരംഭിച്ച ഭവനത്തിന്‍റെ താക്കോല്‍ദാന കര്‍മം ഇന്ന് – നവംബര്‍ 13-ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹച്ചു. ഇ എസ് എസ് എസ് ഡയറക്ടര്‍ ഫാ മാര്‍ട്ടിന്‍ അഴിക്കകത്ത്, വി കെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ, പറവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ യേശുദാസ് പറപ്പിള്ളി, പാനായിക്കുളം വികാരി ഫാ. ജോളി ചക്കാലക്കല്‍ എന്നിവര്‍ സംബന്ധിച്ചു. പാനായിക്കുളം നിവാസി ഷിബു കൂളിയത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

അതോടൊപ്പം തന്നെ മറ്റ് നിരവധി ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളുടെ സഹായത്താല്‍ നടന്നുവരുന്നു. പെരുമാനൂര്‍ സെന്‍റ് ജോര്‍ജ് ഇടവകയിലെ ജനങ്ങളും വികാരി ഫാ സാബു നെടുനിലത്തും ചേര്‍ന്ന് പ്രളയബാധിതമായ പാനായിക്കുളം പ്രദേശത്ത് അഞ്ച് ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നിലവിലുള്ളത്. അതില്‍ ആദ്യത്തെ ഭവനത്തിലെ താക്കോല്‍ദാന കര്‍മം ആണ് ഇന്ന് നടന്നത്. പ്രാദേശികതലത്തില്‍ പാനായിക്കുളം ഇടവക വികാരി ഫാ ജോളി ചക്കാലക്കല്‍ നേതൃത്വം നല്‍കി.

തൈക്കൂടം സെന്‍റ് റാഫേല്‍ ഇടവകാംഗങ്ങളും വികാരി ഫാ ജോണ്‍സണ്‍ ഡികുഞ്ഞയും ചേര്‍ന്ന് 5 പ്രളയബാധിത പ്രദേശങ്ങളില്‍ അഞ്ച് ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു.

തൃപ്പൂണിത്തുറ സെന്‍റ് ജോസഫ് ഇടവക ജനങ്ങള്‍ വികാരി ഫാ ജോളി തപ്പിലോടത്തിനോടൊപ്പം ചേര്‍ന്ന് മൂന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

മരട് മൂത്തേടം ഇടവകയുടെ ഭാഗമായ മാര്‍ട്ടിന്‍പുരം കപ്പേളയിലെ തിരുനാളിനോടനുബന്ധിച്ച് പ്രദേശവാസികള്‍ 2 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മൂത്തേടം ഇടവകയുടെ തന്നെ വാകയിലച്ചന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏതാനും ഭവനങ്ങളും നിര്‍മ്മിച്ചു കൊടുക്കുന്നതിന് ഫാ ജോസഫ് ചേലാട്ടിന്‍റെ നേതൃത്വത്തില്‍ നടക്കുന്നു.

മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ഇടവകയും ഫാ സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കലും ചേര്‍ന്ന് ഏറ്റെടുത്ത ഒരു ഭവനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

പനങ്ങാട് ഇടവക ഫാ പോള്‍ തുണ്ടിയിലിന്‍റെ നേതൃത്വത്തില്‍ ഭവന നിര്‍മ്മാണങ്ങള്‍ നടന്നുവരുന്നു.

ചരിയംതുരുത്ത് ഇടവക ജനങ്ങളുടെ നേതൃത്വത്തില്‍ 13 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

ഇത്തരുണത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഭവനങ്ങളില്‍ ആദ്യഭവനത്തിന്‍റെ താക്കോല്‍ദാനകര്‍മ്മമാണ് ഇന്ന് വരാപ്പുഴ അതിരൂപത ആര്‍ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചത്.

13.11.18


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*