കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

by admin | October 21, 2021 6:48 am

 

കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍ തുടക്കമായി. രൂപതാതല സിനഡിന്റെ ഉദ്ഘാടനം ദേവമാതാ കത്തിഡ്രലില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു. സിനഡ് പതാക ഉയര്‍ത്തുകയും ബൈബിള്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിച്ച് സിനഡിന്റെ രൂപതാതല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സിനഡാത്മക സഭയില്‍ സ്നേഹത്തോടും ഐക്യത്തോടും ഒരുമിച്ച് യാത്ര ചെയ്യാന്‍ സഭ ആഹ്വാനം ചെയ്യുന്നു. എല്ലാവരെയും ശ്രവിച്ചുകൊണ്ടും കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു.

ഇടവകകളിലെ പാരിഷ് കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്ക് ബിഷപ് മെഴുകുതിരികളും പതാകകളും കൈമാറി. വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫൊറോന വികാരിമാരായ റവ. ഡോ. ജെറോം ചിങ്ങംതറ, മോണ്‍. വിന്‍സെന്റ് അറക്കല്‍, റവ. ഡോ. അലോഷ്യസ് കുളങ്ങര, ഫാ. ജയ്‌മോന്‍ ആഗശാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രൂപതയിലെ വൈദികര്‍, സന്ന്യസ്തര്‍, അജപാലന സമിതി അംഗങ്ങള്‍, യുവജനങ്ങള്‍, അല്മായ പ്രതിനിധികള്‍ എന്നിവര്‍ തിരുക്കര്‍മങ്ങളിലും ഉദ്ഘാടന പരിപാടികളിലും പങ്കെടുത്തു.

സിനഡിന്റെ ഭാഗമായി ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ രൂപത, ഫെറോനാ, ഇടവക തലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4/