കൃപാകടാക്ഷം ചൊരിഞ്ഞ പുണ്യാരാമത്തില്‍ ആദരവോടെ, സ്‌നേഹത്തോടെ…

കൃപാകടാക്ഷം ചൊരിഞ്ഞ പുണ്യാരാമത്തില്‍ ആദരവോടെ, സ്‌നേഹത്തോടെ…


ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ തണലില്‍, ഒരു നൂറ്റാണ്ട് മുഴുവന്‍ ദൈവവിശ്വാസത്തിന്റെയും ശുശ്രൂഷയുടെയും ജ്വലിക്കുന്ന സാക്ഷ്യമായി മലബാറിന്റെ മണ്ണില്‍ നിലകൊള്ളുന്ന കോഴിക്കോട് രൂപത, സ്‌നേഹത്തിന്റെയും കരുതലിന്റെയും പൂര്‍വ്വ പുണ്യകര്‍മ്മങ്ങളുടെ നിറവില്‍ ചാരിതാര്‍ത്ഥ്യത്തോടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിക്കുമ്പോള്‍, ദൈവപരിപാലനയും കൃപകളും നിറഞ്ഞ നൂറു സംവത്സരങ്ങളെ ഓര്‍ത്തുകൊണ്ടാകട്ടെ ഈ ആഘോഷം. നാളിതുവരെ പിന്നിട്ട ചരിത്രത്തില്‍ ദൈവത്തിന്റെ ശക്തമായ കരുതല്‍ എല്ലാ പ്രവര്‍ത്തനമേഖലകളിലും നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കടലിനോടും മണ്ണിനോടും കുന്നിനോടും പടവെട്ടിയ ഒരു ജനതയ്ക്ക് വഴിയും വഴികാട്ടിയുമായി എന്നും കൂടെ നിന്ന ഒരു ചരിത്രമാണ് കോഴിക്കോട് രൂപതയ്ക്കുള്ളത്.

വിശ്വാസ വളര്‍ച്ചയിലും പരസ്‌നേഹപ്രവര്‍ത്തനങ്ങളിലും സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആതുരസേവന മേഖലകളിലും രൂപതാ മക്കള്‍ നല്‍കി വരുന്ന സംഭാവനകളെ അഭിമാനപൂര്‍വ്വം ഈ നിമിഷം സ്മരിക്കാം. മലബാറിലെ മാതൃ രൂപത എന്ന വിശേഷണത്താല്‍ ഒരമ്മയുടെ വാത്സല്യത്തോടെ എല്ലാവരിലേക്കും ദൈവസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആഴമേറിയ അനുഭവപാഠങ്ങള്‍ ഇന്നും രൂപത നല്‍കുന്നുവെന്നതില്‍ നമുക്ക് ഏറെ അഭിമാനിക്കാം.

ചിരപുരാതനമായ ഈ രൂപതയുടെ അധ്യക്ഷനായി സേവനം ചെയ്യുവാന്‍ ദൈവം ഇടയാക്കിയ കൃപയുടെ നല്ല നിമിഷങ്ങള്‍ ഞാനും വളരെ നന്ദിയോടു കൂടെ ഓര്‍ക്കുന്നു. ഏറെ പ്രത്യേകമായി ഇന്ന് രൂപതയെ മുന്നില്‍ നിന്നു നയിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവിന് ഒരിക്കല്‍ക്കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു.

മണ്ണിനോടും കടലിനോടും പടവെട്ടിയ ജനതയ്ക്ക് വഴികാട്ടിയായി മാറിയ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് 12-ന് തുടക്കമിടുമ്പോള്‍ പാലക്കാട് സുല്‍ത്താന്‍പേട്ട് രൂപതയില്‍ നിന്നും പ്രാര്‍ഥനാശംസകള്‍! മലബാറിന്റെ വികസന ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജൂണ്‍ 12-നാണ് നിലവില്‍ വന്നത്. 2013-ലാണ് പാലക്കാട് ജില്ലയിലെ കോഴിക്കോട് രൂപതയിലെയും കോയമ്പത്തൂര്‍ രൂപതയിലെയും ലത്തീന്‍ കത്തോലിക്കാ വിശ്വാസികളെ കൂട്ടിചേര്‍ത്ത് സുല്‍ത്താന്‍പേട്ട് എന്ന പേരില്‍ കേരളത്തിലെ പന്ത്രണ്ടാമത്തെ ലത്തീന്‍ കത്തോലിക്കാ രൂപത നിലവില്‍ വന്നത്. ചരിത്രമുറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്. പല രാജ്യങ്ങളില്‍ നിന്നുമെത്തിയ പ്രേഷിതരായ പല വൈദികരുമാണ് അതിന് അടിത്തറ പാകിയത്. ഈ പൈതൃകത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് സുല്‍ത്താന്‍പേട്ട് രൂപതയുടെ ഭാഗ്യമായി കരുതട്ടെ.

പുഞ്ചിരിയോടെ സ്വീകരിക്കുന്ന അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് തന്നെയാണ് രൂപതയെ ബന്ധിപ്പിക്കുന്ന പ്രധാന വ്യക്തി എന്നതും നിസംശയം പറയാന്‍ സാധിക്കും. സുല്‍ത്താന്‍പേട്ട് രൂപത കേരളത്തിലെതന്നെ പുതിയ രൂപത എന്ന നിലയില്‍ പരിമിതികളും കുറവുകളും അഭിമുഖീകരിക്കുമ്പോള്‍ പലപ്പോഴും സഹായഹസ്തം നീട്ടിക്കൊണ്ട് കൂടെ ഉണ്ടായിട്ടുണ്ട് കോഴിക്കോട് രൂപത.

മതേതരത്വം തുളുമ്പുന്ന മലബാര്‍ പ്രദേശത്തെ ജനതയെ വിശ്വാസത്തിന്റെ നാളത്തിലൂടെ വഴിനടത്തിയ ശക്തമായ നേതൃത്വം ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുമ്പോള്‍, കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രാ അനുഭവങ്ങള്‍ ഒത്തിരിയുണ്ടാകും. വെറുമൊരു ആശംസയില്‍ ഒതുങ്ങുന്നതല്ല കോഴിക്കോട് രൂപതയുമായി സുല്‍ത്താന്‍പേട്ട് രൂപതക്കുള്ള ബന്ധം. മാതൃ രൂപതയായതുകൊണ്ടുതന്നെ ഒരു അമ്മയുടെ വാത്സല്യം അനുഭവവേദ്യമാണ് നമ്മുടെ സുല്‍ത്താന്‍പേട്ട് രൂപതയ്ക്ക് കോഴിക്കോട് രൂപതയില്‍ നിന്നും. 90 വര്‍ഷക്കാലം പാലക്കാട് സുല്‍ത്താന്‍പേട്ട് രൂപതയിലെ ഒരു പ്രദേശത്തെ ജനത്തെ, വിശ്വാസികളെ നയിച്ച മാതൃ രൂപതയായ കോഴിക്കോട് രൂപതയ്ക്ക് എല്ലാ ഉന്നതിയും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാര്‍ഥിക്കുന്നു, ആശംസിക്കുന്നു.

മലബാറിന്റെ ക്രൈസ്തവ വിശ്വാസരൂപീകരണത്തിനു കോഴിക്കോട് രൂപത ചെയ്ത സംഭാവനകള്‍ ചെറുതൊന്നുമല്ല. ഇന്നു കാണുന്ന സീറോ മലബാര്‍ രൂപതകളായ തലശേരി രൂപതയുടെ ഭാഗമായിരുന്ന മാനന്തവാടി രൂപതയില്‍പ്പെട്ട പല പള്ളികളുടെയും ഇടവകകളുടെയും രൂപീകരണത്തിനു നേതൃത്വം കൊടുത്തതും കുടിയേറ്റത്തിന്റെ അവസരത്തില്‍ മലബാറിലേക്കു കടന്നുവന്ന സുറിയാനി കത്തോലിക്കരുടെ ആധ്യാത്മിക ആവശ്യങ്ങളെല്ലാം നിറവേറ്റിയതും കോഴിക്കോട് രൂപതയാണ്. യാത്രാമാധ്യമങ്ങളൊന്നുമില്ലായിരുന്ന കാലഘട്ടത്തില്‍ സദാ കര്‍മനിരതരായ നിരവധി വൈദികരുടെ സേവനം മാനന്തവാടി രൂപതയിലെ ദൈവജനത്തിനു ലഭിച്ചു.
നൂറാം വയസിലേക്കു പ്രവേശിക്കുമ്പോള്‍ ഒത്തിരിയേറെ സാമൂഹികപരിവര്‍ത്തനത്തിന്റെയും സാംസ്‌കാരിക ഉന്നമത്തിന്റെയും വിളനിലമായിത്തീരാന്‍ കോഴിക്കോട് രൂപതയ്ക്കു സാധിച്ചു. മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കാനും വിശ്വാസികള്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയുംസന്ദേശം സന്നിവേശിപ്പിക്കുവാനും രൂപതയ്ക്കു കഴിഞ്ഞു. മലബാറില്‍ വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും കുതിച്ചുകയറ്റത്തിനും വിത്തുപാകി ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനും അഗതിമന്ദിരങ്ങളും അനാഥമന്ദിരങ്ങളും തുറന്ന് പാവപ്പെട്ടവരെ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്താനും അന്ധവിദ്യാലയവും കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസകേന്ദ്രവും തുടങ്ങി സാന്ത്വനസ്പര്‍ശമേകാനും കോഴിക്കോട് രൂപതയ്ക്കു സാധിച്ചത് ഏറെ പ്രശംസനീയമാണ്. ശതാബ്ദി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കോഴിക്കോട് രൂപത ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് ഇനിയും ഉയരട്ടെ. ഈ പ്രദേശത്തിന് അനുഗ്രഹമായിത്തീരാന്‍ രൂപതയ്ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മലബാറിന്റെ ക്രൈസ്തവ വിശ്വാസരൂപീകരണത്തിനു കോഴിക്കോട് രൂപത ചെയ്ത സംഭാവനകള്‍ ചെറുതൊന്നുമല്ല. ഇന്നു കാണുന്ന സീറോ മലബാര്‍ രൂപതകളായ തലശേരി രൂപതയുടെ ഭാഗമായിരുന്ന മാനന്തവാടി രൂപതയില്‍പ്പെട്ട പല പള്ളികളുടെയും ഇടവകകളുടെയും രൂപീകരണത്തിനു നേതൃത്വം കൊടുത്തതും കുടിയേറ്റത്തിന്റെ അവസരത്തില്‍ മലബാറിലേക്കു കടന്നുവന്ന സുറിയാനി കത്തോലിക്കരുടെ ആധ്യാത്മിക ആവശ്യങ്ങളെല്ലാം നിറവേറ്റിയതും കോഴിക്കോട് രൂപതയാണ്. യാത്രാമാധ്യമങ്ങളൊന്നുമില്ലായിരുന്ന കാലഘട്ടത്തില്‍ സദാ കര്‍മനിരതരായ നിരവധി വൈദികരുടെ സേവനം മാനന്തവാടി രൂപതയിലെ ദൈവജനത്തിനു ലഭിച്ചു.
നൂറാം വയസിലേക്കു പ്രവേശിക്കുമ്പോള്‍ ഒത്തിരിയേറെ സാമൂഹികപരിവര്‍ത്തനത്തിന്റെയും സാംസ്‌കാരിക ഉന്നമത്തിന്റെയും വിളനിലമായിത്തീരാന്‍ കോഴിക്കോട് രൂപതയ്ക്കു സാധിച്ചു. മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കാനും വിശ്വാസികള്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയുംസന്ദേശം സന്നിവേശിപ്പിക്കുവാനും രൂപതയ്ക്കു കഴിഞ്ഞു. മലബാറില്‍ വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും കുതിച്ചുകയറ്റത്തിനും വിത്തുപാകി ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനും അഗതിമന്ദിരങ്ങളും അനാഥമന്ദിരങ്ങളും തുറന്ന് പാവപ്പെട്ടവരെ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്താനും അന്ധവിദ്യാലയവും കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസകേന്ദ്രവും തുടങ്ങി സാന്ത്വനസ്പര്‍ശമേകാനും കോഴിക്കോട് രൂപതയ്ക്കു സാധിച്ചത് ഏറെ പ്രശംസനീയമാണ്. ശതാബ്ദി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കോഴിക്കോട് രൂപത ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് ഇനിയും ഉയരട്ടെ. ഈ പ്രദേശത്തിന് അനുഗ്രഹമായിത്തീരാന്‍ രൂപതയ്ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കോഴിക്കോട് രൂപതയുടെ ചരിത്രത്തിന് മലബാറിന്റെ വികസനചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കുടിയേറ്റ ജനത്തിന്റെ ആത്മീയവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും വഴികാട്ടിയായി നില്‍ക്കുകയും, വിദ്യാഭ്യാസം, ആതുരസേവനം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെല്ലാം ദൈവജനത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും, ക്രൈസ്തവ വിശ്വാസത്തിന്റെ പ്രഘോഷകരായിരുന്നുകൊണ്ട് തന്നെ മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത് നാം കടന്നുവന്ന വഴികളെ അഭിമാനത്തോടെ ഓര്‍ക്കാം.
താമരശേരി രൂപതയെ സംബന്ധിച്ച് ഒരു ജ്യേഷ്ഠസഹോദരിയുടെ സ്ഥാനമാണ് കോഴിക്കോട് രൂപതയ്ക്ക് എന്നുമുള്ളത്. വളരെ സുദീര്‍ഘമായ കാലം കോഴിക്കോട് രൂപതയെ നയിച്ച ബിഷപ് ആല്‍ദോ മരിയ പത്രോണി പിതാവിന്റെയും, തുടര്‍ന്ന് രൂപതയ്ക്ക് നേതൃത്വം നല്‍കിയ ആദ്യത്തെ തദ്ദേശീയ മെത്രാന്‍ ബിഷപ് മാക്‌സ് വെല്‍ നൊറോണ പിതാവിന്റെയും പിതൃസഹജമായ കരുതലും പിന്തുണയും താമരശ്ശേരി രൂപതയുടെ ആരംഭത്തിലും, വളര്‍ച്ചയുടെ കാലഘട്ടത്തിലും ഏറെ സഹായകമായിട്ടുണ്ട്. പിന്നീട് സാരഥ്യമേറ്റെടുത്ത ബിഷപ് ജോസഫ് കളത്തിപറമ്പില്‍ പിതാവും, ഇപ്പോള്‍ രൂപതയെ നയിച്ചുകൊണ്ടിരിക്കുന്ന ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവും താമരശേരി രൂപതയോടും ദൈവജനത്തോടും കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനും താമരശേരി രൂപതാധ്യക്ഷനെന്ന നിലയില്‍ ഞാന്‍ സ്‌നേഹത്തോടെ നന്ദി അറിയിക്കുന്നു.

മലബാറിന്റെ അമ്മമരമാണ് കോഴിക്കോട് രൂപത. തണലേകി കനിചൂടി ശാഖോപശാഖകളായി നൂറിന്റെ വിസ്മയ വസന്തത്തിലാണിന്നത്. ഈ വന്‍മരം തളിരണിഞ്ഞ് പൂത്തുലഞ്ഞ് മെല്ലെ മെല്ലെ ചാഞ്ചാടി നില്‍ക്കുന്നത് എത്ര ഹൃദ്യം, ചോതോഹരം! കടുകുമണിയുടെ കഥപോലെയാണ് കോഴിക്കോട് രൂപതയും. നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് 1923 ജൂണ്‍ 12-ന് മലബാറിന്റെ മണ്ണില്‍ പാകിയ ചെറുവിത്ത് മുളച്ചുപൊന്തി വളര്‍ന്നുപന്തലിച്ചു. ചേക്കേറാന്‍ ചില്ലകളില്‍ ഇടമായി. എത്രയെത്ര അമ്മക്കിളികള്‍ക്കു കൂടുകൂട്ടി കുഞ്ഞുങ്ങളെ വളര്‍ത്തി പരിപാലിച്ച് ഒരുക്കി പറത്താനായി. ഒന്നാം സങ്കീര്‍ത്തനം വാഴ്ത്തും പോലെ എല്ലാ അര്‍ത്ഥത്തിലും ആറ്റിനരികെ നട്ടപ്പെട്ട് ഇലചൂടി നില്ക്കുന്ന തണല്‍ മരമാണ് കോഴിക്കോട് രൂപത.
2012 മേയ് 15-ാം തീയതിയാണ് അതുവരെ കണ്ണൂര്‍ രൂപതയുടെ ഇടയനായിരുന്ന വര്‍ഗീസ് ചക്കാലക്കല്‍ പിതാവിന് കോഴിക്കോട് രൂപതയുടെ പുതിയ ഉത്തരവാദിത്വം ലഭ്യമാകുന്നത്. ആദ്യകാലത്ത് കണ്ണൂര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി അദ്ദേഹം തന്റെ ശുശ്രൂഷ തുടര്‍ന്നു. 2012 മുതല്‍ ഇപ്പോള്‍ ഈ ശതാബ്ദിയുടെ അവസരം വരെയും വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പിതാവ് രൂപതയെ നയിക്കുന്നു.
മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് നിര്‍ണായകമായ ഒരു സ്ഥാനമുണ്ട്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യവളര്‍ച്ചയില്‍ രൂപതയുടെ പ്രത്യേകമായ സാന്നിധ്യം നമുക്ക് തിരിച്ചറിയാം. ഈ നൂറാം വാര്‍ഷിക അവസരം ദൈവത്തിന്റെ അനന്തമായ പരിപാലന തിരിച്ചറിയുന്ന അവസരമാണ്. ദൈവത്തിന്റെ കരം പിടിച്ച് ക്രൂശിതന്റെ ഉത്ഥാന വിജയത്തില്‍ ചരിക്കുന്ന ഇടയന്മാര്‍ ഒരു ജനതതിയുടെ തുറന്ന വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായിത്തീരുന്നു. അങ്ങനെ കോഴിക്കോട് രൂപത കനിചൂടി ശാഖോപശാഖകളായി നൂറിന്റെ വിസ്മയ വസന്തത്തിലാണ്. ഈ ശതാബ്ദിയുടെ ആശംസകള്‍ രൂപതയ്ക്കു മുഴുവന്‍ നേരാം. എത്രയോ ഹൃദ്യം ചേതോഹരം ഈ ജൂബിലി മുഹൂര്‍ത്തം!

കോഴിക്കോട് രൂപത സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷിക്കുകയാണല്ലോ. ഏറെ അഭിമാനവും ചാരിതാര്‍ത്ഥ്യവും നിറഞ്ഞ ഈ വേളയില്‍ നൂറുവര്‍ഷത്തെ അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്തി അവര്‍ ദൈവത്തിനു നന്ദി പറയുകയാണ്.
‘ദൈവത്തിന്റെ കൂട്ടുവേലക്കാരും’ ദൈവകരങ്ങളിലെ ഏറ്റം അനുയോജ്യരായ ഉപകരണങ്ങളുമായി ഈ രൂപതയുടെ
അധ്യക്ഷ പിതാക്കന്മാര്‍ വര്‍ത്തിച്ചതിന്റെ സത്ഫലമാണ് ഇന്നു കാണുന്ന അഭിമാനകരമായ വളര്‍ച്ച. കര്‍മശേഷിയും ആധ്യാത്മിക ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ഒത്തിണങ്ങിയ രൂപതാധ്യക്ഷന്മാര്‍ ദൈവജനത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിക്ക് ആവശ്യമായവ സൂക്ഷ്മതയോടെയും കൃത്യതയോടെയും കണ്ടറിഞ്ഞും കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞും നേടിക്കൊടുക്കാന്‍ അധ്വാനിച്ചു. ശതാബ്ദി വര്‍ഷത്തില്‍ രൂപതയെ നയിക്കാന്‍ ഭാഗ്യം ലഭിച്ചത് അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍
പിതാവിനാണ്. സാമൂഹിക പ്രതിജ്ഞാബദ്ധതയോടും ദീര്‍ഘവീക്ഷണത്തോടും കൂടെ പ്രവര്‍ത്തിക്കുന്ന പിതാവ് രൂപതയുടെ ശ്രേഷ്ഠരായ അജപാലകരുടെ പട്ടികയില്‍ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്നു. പിതാവിന്റെ പരിലാളനയുടെ കരങ്ങളില്‍ രൂപത കരുത്താര്‍ജ്ജിച്ചു. മണ്ണിനോടും കടലിനോടും പടവെട്ടിയും ഇണങ്ങിയും ജീവിക്കുന്ന ഇവിടത്തെ ദൈവജനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകത്തക്കവിധത്തില്‍ അതിശയിപ്പിക്കുന്ന കര്‍മ്മപദ്ധതികള്‍ വിവിധ മേഖലകളില്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഈ രൂപതയുടെ യഥാര്‍ത്ഥത്തിലുള്ള ആസ്തി കാര്യപ്രാപ്തിയുള്ള വൈദികര്‍, തീക്ഷ്ണതയുള്ള സന്ന്യസ്തര്‍, കഴിവുറ്റ അല്മായര്‍ എന്നിവരാണെന്നു പറയേണ്ടതില്ല.
കാരുണ്യത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ ഒരു ജനതതിക്കും ഒരു പ്രദേശത്തിനും വഴികാട്ടിയായിത്തീര്‍ന്ന കോഴിക്കോട് രൂപത സഭാഭേദമെന്യേ അയല്‍ രൂപതകളോടും സമൂഹങ്ങളോടും ഔദാര്യപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടുള്ള ചരിത്രം മറക്കരുതാത്തതാണ്. പാലക്കാട് രൂപതയുടെ ചില മേഖലകളിലെ ദൈവജനം കോഴിക്കോട് രൂപതാംഗങ്ങളുമായി ഇടകലര്‍ന്നു ജീവിച്ചുവന്നവരും ആദ്യകാലങ്ങളില്‍ അവരോടൊപ്പം ദൈവാലയ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് അജപാലന സൗകര്യം പ്രയോജനപ്പെടുത്തിയവരുമാണെന്ന കാര്യം സന്തോഷത്തോടും നന്ദിയോടും കൂടെ അനുസ്മരിക്കുന്നു. ഈ സഹോദര രൂപതയുടെ ശതാബ്ദി ആഘോഷത്തിന്റെ സന്തോഷത്തില്‍ ഞാന്‍ ഹൃദയപൂര്‍വ്വം പങ്കുചേരുകയും പാലക്കാട് രൂപതാകുടുംബത്തിന്റെ പേരില്‍ അഭിവന്ദ്യ ചക്കാലക്കല്‍ പിതാവിനും എല്ലാ വൈദിക, സന്ന്യസ്ത, അല്മായ സഹോദരങ്ങള്‍ക്കും ആശംസകളും പ്രാര്‍ഥനകളും നേരുകയും ചെയ്യുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

നല്ല സമറിയാക്കാരനും സുവിശേഷകനുമായിരിക്കുക-ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: വിജയപുരം വിന്‍സെന്റ് ഡി പോള്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 39-ാമത് വാര്‍ഷികം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ആഘോഷിച്ചു. മൂന്നാര്‍ ഏരിയാ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റ് സി. എസ്

കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍

കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്‌കരിച്ചും, പിന്നെ

ഒരു ലക്ഷത്തിലേറെ മാസ്‌ക്കുകള്‍; കൊവിഡില്‍ ചരിത്രമെഴുതി പൊറ്റക്കുഴി പള്ളി

കൊച്ചി: സഹജീവികളോടുള്ള കരുണയുടെയും ഇടവകജനത്തിന്റെ കൂട്ടായ്മയുടെയും പുതുചരിത്രമെഴുതി വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പൊറ്റക്കുഴി ലിറ്റില്‍ഫ്‌ളവര്‍ ചര്‍ച്ച്. ചൈനയില്‍ കൊവിഡ്-19 രോഗം വ്യാപിക്കുകയും ലോകാരോഗ്യസംഘടന മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*