കെഎഎസ് റാങ്ക് ലിസ്റ്റുകള്‍ നല്കുന്ന പാഠം


ജോയ് ഗോതുരുത്ത്
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് (കെഎഎസ്) തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ഒക്ടോബര്‍ എട്ടിനു പിഎസ് സി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു (ഐഎഎസ്) സമാനമായി കേരളത്തിലെ ഉന്നത ഉദ്യോഗങ്ങളെ സംയോജിപ്പിച്ച് പുതുതായി രൂപപ്പെടുത്തിയതാണ് കെഎഎസ്. യുവജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ ഉന്നത ഉദ്യോഗസാധ്യതയെ കണ്ടത്. അഞ്ചേമുക്കാല്ലക്ഷത്തിലധികം പേരാണ് പ്രാഥമിക പരീക്ഷയ്ക്കായി അപേക്ഷിച്ചത്. അതിലേക്ക് പല തലങ്ങളിലുള്ള തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ റാങ്ക് ലിസ്റ്റിലുള്ള ലത്തീന്‍ കത്തോലിക്കരുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ടുണ്ടായ ചിന്തകളാണ് ഈ ലേഖനത്തിന്റെ പ്രമേയം.
അധികാരമണ്ഡലത്തിലുള്ള ആനുപാതിക പങ്കാളിത്തം ഏതൊരു ജനവിഭാഗത്തിന്റെയും വികസനത്തിന് അനിവാര്യമായ കാര്യമാണ്. ഒരു ജനസമൂഹം അധികാരമണ്ഡലത്തില്‍ വഹിക്കുന്ന പങ്കാളിത്തത്തിന്റെ തോതു കുറയുന്നതനുസരിച്ച് അവര്‍ നേരിടുന്ന പാര്‍ശ്വവത്കരണത്തിന്റെ മാത്ര വര്‍ധിച്ചു വരുന്നതായി കാണാം. അതുകൊണ്ടാണ് ”അധികാരം കൊയ്യണമാദ്യം നാം, അതിനുമേലാകട്ടെ പൊന്നാര്യന്‍” എന്ന് ഇടശേരി പാടിയത്. അധികാരത്തിനു പല തലങ്ങളും അടരുകളും ഉണ്ട്. അധികാരം എന്ന പദം കൊണ്ട് രാഷ്ട്രീയാധികാരം എന്നാണു പൊതുവെ വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍ അല്പം കൂടി വിശാലമായ തലമാണ് അധികാരത്തിനു സാമൂഹികശാസ്ത്രജ്ഞര്‍ നല്‍കുന്നത്. രാഷ്ട്രീയ അധികാരം, പദവി, സമ്പത്ത് എന്ന മൂന്നു വിഭാഗങ്ങളിലായാണ് അധികാരത്തെ പൊതുവില്‍ സാമൂഹികശാസ്ത്രജ്ഞര്‍ തരംതിരിച്ചിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പദങ്ങളാണ് അധികാരമണ്ഡലത്തില്‍ പൗരസമൂഹത്തിന് ആനുപാതിക പങ്കാളിത്തം കൈവരിക്കാനുള്ള ദിശാസൂചകങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. നീതിക്ക് സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മൂന്ന് ഉപതലങ്ങള് കൂടി ഭരണഘടന വിവരിക്കുന്നുണ്ട്. ഈ മൂന്നു തലങ്ങളിലും എല്ലാ പൗരസമൂഹത്തിന്റെയും ആനുപാതിക പങ്കാളിത്തം ഒരു രാഷ്ട്രത്തിന്റെ സമഗ്ര പുരോഗതിക്കും വികസനത്തിനും ആവശ്യമായ പ്രഥമവും പ്രധാനവുമായ കാര്യമാണ്.
എല്ലാ ജനവിഭാഗങ്ങളിലേക്കും അധികാരപങ്കാളിത്തത്തിന്റെ വെളിച്ചം എത്തിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഭരണക്രമം ജനാധിപത്യരീതിതന്നെയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിനു വകയില്ല. രാഷ്ട്രീയാധികാരമാണ് അധികാരമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നാണ് ഡോ. ബി.ആര് അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ”ഏതു താഴും തുറക്കാ
നുള്ള താക്കോല്‍” ആയിട്ടാണ് രാഷ്ട്രീയാധികാരത്തെ അംബേദ്കര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയാധികാരത്തിലുള്ള പങ്കെടുപ്പിന്റെ വ്യാപ്തി വര്‍ധിക്കുന്നതനുസരിച്ച് മറ്റു മേഖലകളിലും ആനുപാതിക പങ്കാളിത്തം കൈവരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ആ വാദം ശരിയാണെന്നു കേരളം പോലെയുള്ള താരതമ്യേനെ വികസിത സംസ്ഥാനത്തിലെ സമകാലിക സാഹചര്യങ്ങള്‍ പോലും വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ ഇരുപതോ ഇരുപത്തിരണ്ടോ ശതമാനം മാത്രം വരുന്ന മുന്നാക്ക ജനവിഭാഗങ്ങള്‍ മന്ത്രിസഭ ഉള്‍പ്പെടെയുള്ള ഭരണമേഖലകളില്‍ വഹിക്കുന്ന അധിക പ്രാതിനിധ്യം തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ചരിത്രപരമായി അവര്‍ നേടിയെടുത്തിട്ടുള്ള മേല്‍ക്കൈ നഷ്ടമാകാതെ കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ ഇന്നും വിജയം കൈവരിക്കുകയാണെന്നു കാണാം. ഉദ്യോഗ-വിദ്യാഭ്യാസ രംഗത്തു പത്തു ശതമാനം സംവരണം നേടിയെടുക്കാന്‍ വേണ്ടി യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ ഭരണഘടന വരെ ഭേദഗതി ചെയ്ത് മിന്നല്‍ വേഗത്തില്‍ നടപ്പിലാക്കാനും അവര്‍ക്കു സാധിച്ചത് ഒരു ഉദാഹരണമാണ്. (മുന്നാക്ക ദാരിദ്ര്യത്തിന്റെ പരിധി പ്രതിവര്‍ഷ വരുമാനം എട്ടു ലക്ഷമായി നിശ്ചയിച്ചത് ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ചോദിച്ചതിന്റെ പശ്ചാത്തലമിതാണ്). രാഷ്ട്രീയാധികാരത്തിലുള്ള അമിത പ്രാതിനിധ്യത്തിന്റെ കരുത്തില്‍ തന്നെയാണു പദവിയിലും സമ്പത്തിലും ഉള്ള തങ്ങളുടെ കുത്തക അവര്‍ അവിരാമം തുടരുന്നതെന്നു കാണാം.
രാഷ്ട്രീയാധികാരത്തിനു മൂന്നു മേഖലകള്‍ ഉണ്ട്. അവ മൂന്നും എല്ലാവര്ക്കും അതീവപരിചിതങ്ങളാണ്. നിയമനിര്‍മ്മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവകളാണവ. അതില്‍ ഭരണനിര്‍വഹണ മേഖലയോട് ബന്ധപ്പെട്ട പങ്കാളിത്ത കാര്യങ്ങളാണ് ഇവിടെ ചര്‍ച്ചാവിഷയമാക്കുന്നത്. ഭരണനിര്‍വഹണ മേഖലയെന്നാല്‍ ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ പ്രാദേശിക ഭരണനിര്‍വഹണ സംവിധാനമായ വില്ലേജ് ഓഫീസിെല ജീവനക്കാര്‍ വരെയുള്ള അതിവിസ്തൃതമായ ഒന്നാണ്. ഈ സംവിധാനത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ള ഭരണാധികാരികള്‍ മാത്രമാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിട്ടുള്ളത്. ബാക്കിയുള്ള 99.99 ശതമാനം പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അതായത് സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ള ജനസംഖ്യാനുപാതിക പ്രാതിനിധ്യവും രാഷ്ട്രീയാധികാരത്തിലുള്ള പങ്കാളിത്തത്തിന്റെ ഭാഗം തന്നെയാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മലയാളി മെമ്മോറിയല്‍ (1891), ഈഴവ മെമ്മോറിയല്‍ (1896), പൗരസമത്വവാദ പ്രക്ഷോഭം (1919), നിവര്‍ത്തന പ്രക്ഷോഭം (1932-1935) തുടങ്ങിയ അനേകം ജനകീയ സമരങ്ങള്‍ വഴി സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്തം എല്ലാവര്ക്കും ലഭ്യമാക്കാനായി തിരുവിതാംകൂറില്‍ ജനകീയ സമരങ്ങള്‍ അരങ്ങേറിയത്. കൊച്ചിയിലും സമാനമായ സമരങ്ങള്‍ നടന്നിട്ടുണ്ട്. ലത്തീന്‍ കത്തോലിക്കരും ഈ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നതായി കാണാം. അതുപോലെ തിരുവിതാംകൂര്‍ പ്രജാസഭകളില്‍ അംഗങ്ങളായിരുന്ന ലത്തീന്‍ കത്തോലിക്കര്‍, സമുദായത്തിനു സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യക്കുറവിനെ സംബന്ധിച്ച് നിരന്തരം പരാതികള്‍ സമര്‍പ്പിച്ചിരുന്നതായി കാണാം.
1923 മാര്‍ച്ച് 21നു നടന്ന ശ്രീമൂലം തിരുനാള്‍ പ്രജാസഭയുടെ പത്തൊന്‍പതാമത്തെ സമ്മേളനത്തില്‍ എസ്.എം. ഫെര്‍ണാണ്ടോ ലത്തീന്‍ കത്തോലിക്കരുടെ ഉദ്യോഗപ്രാതിനിധ്യക്കുറവിനെ സംബന്ധിച്ച സബ്മിഷന് സമര്‍പ്പിച്ചതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നിയമസഭാ ആര്‍ക്കൈവ്സില്‍ കാണാവുന്നതാണ്. അതിനെ തുടര്‍ന്നുള്ള നിരവധി സബ്മിഷനുകളും പ്രമേയങ്ങളും കാണാന്‍ സാധിക്കും. നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ച്, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 2.4 ശതമാനം പേര് മാത്രമാണു ലത്തീന്‍ കത്തോലിക്കര്‍. ഈ അനുപാതത്തിനു വലിയ മാറ്റമില്ലാതെ ഇന്നും തുടരുകയാണെന്നു കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്.
ലത്തീന്‍ കത്തോലിക്കരുടെ ഉദ്യോഗലഭ്യതാ പ്രാപ്തിക്കുറവിനെ സംബന്ധിച്ച് ഇതിനു മുന്‍പും ജീവനാദത്തില്‍ ചര്‍ച്ചകള്‍ പലതും നടന്നിട്ടുണ്ട്. ഇത്തവണ നാം പ്രധാനമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കെഎഎസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടാണെന്ന് ആമുഖത്തില്‍ സൂചിപ്പിച്ചുവല്ലോ. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് ഇതിനുള്ള അടിസ്ഥാന യോഗ്യത. മൂന്നു സ്ട്രീമുകളായിട്ടാണ് കെഎഎസ് നിയമനങ്ങള്‍ നടത്തുന്നത്. ആദ്യത്തെ സ്ട്രീം പുറത്തുനിന്നുള്ള നേരിട്ടുള്ള നിയമനമാണ്. രണ്ടാമത്തെ സ്ട്രീമിലും നേരിട്ടുള്ള നിയമനമാണ്. എന്നാല്‍ ഈ സ്ട്രീമില്‍ അപേക്ഷിക്കാനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമേ അവകാശമുള്ളൂ. മൂന്നാമത്തെ സ്ട്രീം ഗസറ്റഡ് ഉദ്യോഗസ്ഥരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ളതാണ്.
ഒന്നാമത്തെ സ്ട്രീമിന്റെ റാങ്ക് ലിസ്റ്റിന്റെ രത്നച്ചുരുക്കമാണ് താഴെയുള്ള പട്ടികയില്‍ ഉള്ളത്. 68 പേരാണ് പ്രധാന റാങ്ക് ലിസ്റ്റില്‍ ഉള്ളത്. പ്രധാനപ്പെട്ട സമുദായങ്ങളിലെ അംഗങ്ങളായ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ റാങ്കിന്റെ സ്ഥാനം, ലഭിച്ച മാര്‍ക്ക്, മെയിന്‍ലിസ്റ്റില്‍ പ്രസ്തുത സമുദായത്തില്‍ നിന്ന് ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം, മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ശതമാനം എന്നിങ്ങനെയുള്ള കാര്യങ്ങളാണു പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 42 പേര് (61.76%) മുന്നാക്ക സമുദായക്കാരാണ്. സര്‍ക്കാര്‍ ഉദ്യോഗരംഗത്ത്, വിശിഷ്യ ഉന്നത ഉദ്യോഗരംഗത്ത്, മുന്നാക്കക്കാരുടെ മേല്‍ക്കൈ ഇന്നും തുടരുന്നു എന്നതിനുള്ള ഉത്തമ തെളിവാണിത്.
ലത്തീന്‍ കത്തോലിക്കരില്‍ ഒരാള്‍ക്കു പോലും ഈ റാങ്ക് ലിസ്റ്റിന്റെ മെയിന്‍ പട്ടികയില്‍ ഇടം നേടാനായില്ല. സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട ലത്തീന്‍ കത്തോലിക്കാ ഉദ്യോഗാര്‍ത്ഥിക്കു ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 165.75 ആണെന്നു കാണാം. പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും മെയിന്‍ ലിസ്റ്റില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു കാണാം. അവരില്‍ നിന്നു സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഉദ്യോഗാര്‍ത്ഥിക്കു ലഭിച്ച മാര്‍ക്ക് 172.75 ആണ്. കെഎഎസ് പരീക്ഷയില്‍ ലത്തീന്‍ കത്തോലിക്കാ ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം പട്ടിക ജാതി വിഭാഗത്തേക്കാള്‍ പിന്നിലാണെന്നു കാണാം.
ഏറ്റവും കഠിനമായ പരിശോധനകള്‍ക്കു ശേഷം മാത്രമാണ് കെഎഎസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കപ്പെട്ടത് എന്നതുകൊണ്ടാണു ലത്തീന്‍ കത്തോലിക്കര്‍ ഈ റാങ്ക് ലിസ്റ്റില്‍ പിന്നാക്കം പോയതെന്ന അഭിപ്രായം ശരിയല്ല. കാരണം ഈ സ്ഥിതിവിശേഷം ഈ റാങ്ക് ലിസ്റ്റില്‍ മാത്രം സംഭവിച്ച ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുന്നതു തെറ്റാണെന്നു പറയേണ്ടിവരും. കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കു മുമ്പ് പ്രസിദ്ധീകരിച്ച മറ്റൊരു റാങ്ക് ലിസ്റ്റ് നോക്കാം. മില്‍മയിലേക്കുള്ള ഇലക് ട്രീഷ്യന്‍ തസ്തികയുടെ റാങ്ക് ലിസ്റ്റാണിത്. എസ്എസ്എല്‍സിയും ഐടിഐയും ആണ് അടിസ്ഥാന യോഗ്യത. സെപ്
റ്റംബര്‍ 30നു പ്രസിദ്ധീകരിച്ച ഇതിലെ മെയിന്‍ ലിസ്റ്റില്‍ 99 പേര് ഉണ്ട്. ഇതില്‍ ലത്തീന്‍ കത്തോലിക്കര്‍ ആരും തന്നെയില്ല. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥിക്ക് മെയിന്‍ ലിസ്റ്റില്‍ 59-ാമത്തെ റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. പല വിധത്തിലുള്ള അടിസ്ഥാന യോഗ്യത ആവശ്യമുള്ള വ്യത്യസ്ത റാങ്ക് ലിസ്റ്റുകള്‍ പരിശോധിച്ചപ്പോഴും സ്ഥിതിവിശേഷത്തിനു വലിയ വ്യത്യാസമൊന്നും കാണാന്‍ സാധിച്ചിട്ടില്ല.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ലത്തീന്‍ കത്തോലിക്കര്‍ ഉദ്യോഗപ്രാപ്തിയില് പലപ്പോഴും പട്ടികജാതി വിഭാഗങ്ങളെക്കാള്‍ പിന്നിലാണെന്നാണു സ്ഥിതിവിവരകണക്കുകള്‍ വെളിവാക്കുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ ഒപ്പമോ അഥവാ പിന്നിലോ തന്നെ ഉണ്ടായിരുന്ന പിന്നാക്ക സമുദായമായ ഈഴവരും മുസ്ലിങ്ങളും ഉദ്യോഗലഭ്യതയില് വളരെ മുന്നോട്ടുപോയെന്നു കാണാം. ലത്തീന്‍ കത്തോലിക്കര്‍ എന്തുകൊണ്ട് ഉദ്യോഗ പ്രാപ്തിയില്‍ പിന്നില്‍ പോകുന്നു എന്ന കാര്യം ഗൗരവപൂര്‍വം പരിചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗലഭ്യത രാഷ്ട്രീയാധികാര പങ്കാളിത്തത്തിന്റെ ഭാഗമാണെന്നതുകൊണ്ടാണ് ഇതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.
എന്തുകൊണ്ടാണ് ലത്തീന്‍ കത്തോലിക്കര്‍ ഉദ്യോഗലഭ്യതയില് ഇന്നും പിന്നില്‍തന്നെ തുടരുന്നത്? പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ കരഗതമാക്കുന്ന വളര്ച്ചയ്ക്കൊപ്പമെങ്കിലും ലത്തീന്‍ കത്തോലിക്കാ ഉദ്യോഗാര്‍ത്ഥികള്‍ക്കു വളരാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്? ലത്തീന്‍ കത്തോലിക്കരുടെ ബൗദ്ധികനിലവാരവും മത്സരക്ഷമതയും താരതമ്യേന പിന്നിലായതുകൊണ്ടാണോ ഉദ്യോഗലഭ്യതയിലും പിന്നിലാകുന്നത്? അല്ലെങ്കില്‍, സര്‍ക്കാര്‍ ഉദ്യോഗം ലത്തീന്‍ കത്തോലിക്കാ സമുദായത്തെ സംബന്ധിച്ചിടത്തോളം അപ്രധാനമായതുകൊണ്ടാണോ വേണ്ടത്ര മുന്‍ഗണന കൊടുക്കാത്തത്? ഇത്തരം നിരവധി ചോദ്യങ്ങള്‍ ലത്തീന്‍ കത്തോലിക്കരുടെ ഉദ്യോഗപിന്നാക്കാവസ്ഥയെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉയര്‍ന്നുവരാറുണ്ട്. ഇവയൊക്കെ ഇഴകീറി പരിശോധിക്കാനുള്ള ശ്രമം ഈ വേളയില്‍ സ്ഥലപരിമിതി മൂലം എളുപ്പമല്ല. തുടര്‍ചര്‍ച്ചയ്ക്കു സഹായകമായ ചില ചിന്തകള്‍ കെഎഎസ് റാങ്ക് ലിസ്റ്റിന്റെ വെളിച്ചത്തില്‍ പങ്കുവയ്ക്കാന്‍ ഉദ്യമിക്കുകയാണ്.
സ്ട്രീം 2, സ്ട്രീം 3 എന്നീ റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ ആശ്വാസകരവും അഭിമാനകരവുമായ ചില കാര്യങ്ങള്‍ കാണാന്‍ കഴിയും. സ്ട്രീം 2ലെ മെയിന്‍ ലിസ്റ്റില്‍ 70 പേരാണുള്ളത്. ഇതില്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ ഉള്‍പ്പെടെ എട്ടുപേര്‍ (11.43%) ലത്തീന്‍ കത്തോലിക്കര്‍ ആണ്. ഒന്നാം സ്ഥാനത്തെത്തിയ വിദ്യാര്‍ത്ഥിയുടെ റാങ്ക് നാല് ആണ്. അഞ്ചാം റാങ്കു കരസ്ഥമാക്കിയിരിക്കുന്നതും ലത്തീന്‍ സമുദായ അംഗമാണ്. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു സാധിച്ചിരിക്കുകയാണ്. സ്ട്രീം 3ലെ റാങ്ക് ലിസ്റ്റിലും ലത്തീന്‍ കത്തോലിക്കര്‍ക്കു മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിച്ചു. 69 പേരുള്ള മെയിന്‍ ലിസ്റ്റില്‍ മൂന്നുപേര്‍ (4.35%) ലത്തീന്‍ കത്തോലിക്കരാണ്. ഒന്നാം സ്ഥാനക്കാരന്റെ റാങ്കിന്റെ സ്ഥാനം 10 ആണ്.
സ്ട്രീം 2ല്‍ നടത്തപ്പെടുന്നത് നേരിട്ടുള്ള നിയമനം തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. സ്ട്രീം 3 ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ളതാണ്. ഈ രണ്ടു വിഭാഗത്തിലും എങ്ങനെയാണു മികച്ച വിജയം കരസ്ഥമാക്കാന്‍ സമുദായ അംഗങ്ങള്‍ക്കു കഴിഞ്ഞതെന്നു വിലയിരുത്തുന്നത് ഭാവികര്‍മ്മപരിപാടികള്‍ കാര്യക്ഷമതയോടെയും ഫലപ്രദമായും ആവിഷ്കരിക്കാന്‍ സഹായകമാകുമെന്നു കരുതുന്നു.
സര്‍ക്കാര്‍ സര്‍വീസിനു പുറത്തുള്ളവര്‍ പരീക്ഷ എഴുതിയപ്പോള്‍ അവര്‍ക്കു മെയിന്‍ ലിസ്റ്റില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കെഎഎസ് മുതല്‍ ഇലക്ട്രീഷ്യന് വരെയുള്ള തസ്തികകളില്‍ സമാനമാണു കാര്യങ്ങള്‍. അനേകം റാങ്ക് ലിസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ ഇങ്ങനെതന്നെയാണു കാണാന്‍ സാധിച്ചത്. എന്നാല്‍ ഇവര്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചശേഷം പരീക്ഷ എഴുതിയപ്പോള്‍ എല്ലാം കീഴ്മേല്‍മറിഞ്ഞു. പലരെയും പിന്നിലാക്കി ഇവര്‍ക്കു വിജയം വരിക്കാന്‍ സാധിക്കുന്നു. എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം? അതു മനസ്സിലാക്കി ആ സൂത്രവാക്യം ഇതര രംഗങ്ങളിലും പ്രയോഗിച്ചാല്‍ ഇപ്പോഴുള്ള ഈ ”ഗതികേടില്‍” നിന്നു രക്ഷനേടാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നു.
സമുദായത്തിന്റെ ഉദ്യോഗ പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട് പൊതുവില്‍ ഉന്നയിക്കപ്പെടുന്ന ചില ആശങ്കകള്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. അവ വസ്തുനിഷ്ഠമല്ലെന്നുള്ള വാദത്തിന്റെ സജീവ തെളിവുകളാണ് സ്ട്രീം 2, സ്ട്രീം 3 റാങ്ക് ലിസ്റ്റുകള്‍. ലത്തീന്‍ കത്തോലിക്കര്‍ക്ക് ഉദ്യോഗലഭ്യതാപാടവം വര്‍ധിപ്പിച്ച് കൂടുതല്‍ ഉദ്യോഗങ്ങള്‍ നേടിയെടുക്കാന്‍ സഹായകരമായ സാമൂഹികാന്തരീക്ഷം സമുദായത്തില്‍ ഇല്ല എന്നതുകൊണ്ടാണു നാളുകളായി ഉദ്യോഗ പിന്നാക്കാവസ്ഥയാല്‍ വേട്ടയാടപ്പെടുന്നതെന്നതാണു പ്രാഥമിക നിഗമനം. കാരണം സര്‍ക്കാര്‍ ഉദ്യോഗമെന്ന സാമൂഹികാന്തരീക്ഷത്തിലേക്കു മാറ്റപ്പെട്ടവര്‍ പത്തരമാറ്റുള്ള പൊന്നിനെ പോലെ തിളങ്ങുകയാണ്. ഈ അന്തരീക്ഷം സമുദായത്തിലും രൂപപ്പെടുത്താന്‍ തയ്യാറാകുകയാണെങ്കില്‍ സമുദായ അംഗങ്ങളുടെ ഉദ്യോഗലഭ്യതയില് മികവ് ഉണ്ടാക്കാന്‍ സാധിക്കുമെന്നു കരുതുന്നു.
ചിന്തയ്ക്കും ചര്‍ച്ചയ്ക്കുമായി ചില നിര്‍ദേശങ്ങള്‍
ലത്തീന്‍ കത്തോലിക്കര്‍ ഇന്നും ഒരു വിശ്വാസസമൂഹം മാത്രമായി തുടരുന്നു. ലത്തീന്‍ കത്തോലിക്കര്‍ സഭയും സമുദായവുമാണെന്നു കെആര്‍എല്‍സിസി നയരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമുദായ ഘടകത്തിന് ഒട്ടുംതന്നെ പ്രാ
ധാന്യം ഇന്നും കീഴ്ഘടകങ്ങളില്‍ ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ, സാമൂഹിക, അല്മായ, യുവജന ശുശ്രൂഷാസമിതികള്‍ എല്ലാം തന്നെ സമുദായശക്തീകരണത്തിനുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതാണ്. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ (ബിസിസി – കുടുംബ യൂണിറ്റുകള്‍) വരെ എല്ലാത്തിന്റെയും ഘടനകള്‍ നിര്‍ണയിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ മിക്കതും നിര്‍ജ്ജീവമാണെന്നു പറയേണ്ടിയിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ ചില ഇടവകകളില്‍ മാത്രമാണു സജീവമായി അവ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ പോലും തുടര്‍ച്ച കാണാനാകുന്നില്ല എന്നതാണു വസ്തുത. പ്ലാനും ബജറ്റും മോണിറ്ററിങ്ങും, ഇവാലുവേഷനുമൊക്കെ ഏട്ടിലെ പശുവായി മാത്രം നിലനില്ക്കുന്നു. വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് ഏറ്റവും മുന്‍ഗണന നല്കപ്പെടുന്നത്. മറ്റു കാര്യങ്ങള്‍ വ്യക്തികളുടെ മാത്രം കാര്യങ്ങളായി ഇന്നും തുടരുന്നു.
കുരുമുളകു കച്ചവടത്തിനായി മലബാറിലെത്തിയവര്‍ കുരുമുളകുകൃഷിയും സ്വന്തമാക്കാനായി തൈകള്‍ കൊണ്ടുപോയെന്നു കേട്ടപ്പോള്‍ സാമൂതിരി ഇങ്ങനെ പ്രതികരിച്ചുവത്രെ: ”കുരുമുളകുതൈ കൊണ്ടുപോയാലും ഞാറ്റുവേല അവര്‍ക്കു കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ!” ലത്തീന്‍ കത്തോലിക്കര്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണെങ്കിലും അവരുടെ മികവിനെ തേച്ചുമിനുക്കി പ്രശോഭിപ്പിക്കാനുള്ള സാമുദായിക അന്തരീക്ഷം ഇല്ല എന്ന കാര്യം തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം, ഉദ്യോഗം എന്നിവ ഇന്നും വ്യക്തികളുടെയോ കുടുംബങ്ങളുടെയോ മാത്രം വിഷയമായി തുടരുകയാണ്. അതു ജനസമൂഹത്തിന്റെ കൂട്ടായ വിഷയമായി മാറാത്തതുകൊണ്ട് അനുകൂലമായ സാമൂഹികാന്തരീക്ഷം ഉരുത്തിരിയുന്നില്ല. ഇടവക തിരുനാള്‍ വിജയിപ്പിക്കാന്‍ വിശ്വാസികള്‍ പ്രദര്‍ശിപ്പിക്കുന്ന ആവേശത്തോടെ വിദ്യാഭ്യാസവളര്ച്ചയ്ക്കുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനെ സംബന്ധിച്ചു നിരന്തരം സ്വപ്നം കണ്ടിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മോണ്‍. റാഫേല്‍ ഒളാട്ടുപുറത്തിനെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം ഓര്‍ക്കുകയാണ്.
• സാമൂഹിക മുന്നേറ്റം തനിയെ സംഭവിക്കുന്ന ഒന്നല്ല. സുദൃഢമായ ദര്‍ശനത്തിന്റെ അടിത്തറയില്‍, കൃത്യമായ ലക്ഷ്യത്തിലേക്ക്, സുവ്യക്തമായ കര്‍മ്മപരിപാടികളോടെ ആവിഷ്ക്കരിച്ചു നടപ്പിലാക്കപ്പെടുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒന്നാണത്. രൂപരേഖകള്‍ എല്ലാംതന്നെ കെആര്‍എല്‍സിസി തലത്തിലും സമുദായ സംഘടനയുടെ കേന്ദ്രതലങ്ങളിലും വളരെ വ്യക്തമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് മുന്നോട്ടുള്ള പ്രയാണം ക്ഷിപ്രസാധ്യമാക്കുന്നു. ദര്‍ശനം പകര്‍ന്ന് ജനങ്ങളെ സജ്ജരാക്കുക എന്നതാണു ബാക്കിയുള്ളത്. അതു കീഴ്ത്തട്ടുകളില്‍ നടക്കേണ്ട സംഗതിയാണ്. അതേറ്റെടുക്കലാണു മുന്നിലുള്ള വെല്ലുവിളി.
• സമുദായം, സമുദായവത്കരണം എന്നീ പദങ്ങള്‍കൊണ്ട് വിവക്ഷിക്കുന്നത് അധികാരപങ്കാളിത്തമാണ് എന്നത് കേരളീയ ചരിത്രത്തില്‍ നിന്നു വ്യക്തമാകുന്നതാണ്. സമുദായവത്കരണത്തിലൂടെയാണു വിലപേശല്‍ ശക്തി വിവിധ ജനവിഭാഗങ്ങള്‍ ആര്ജ്ജിച്ചെടുത്തിട്ടുള്ളതെന്നു മനസ്സിലാക്കാന്‍ സാധിക്കും. അത്തരമൊരു കര്‍മ്മപദ്ധതി കെആര്‍എല്‍സിസി തലത്തില്‍ രൂപപ്പെടുത്തി താഴെ ഘടകങ്ങളിലേക്കു നല്കപ്പെട്ടിട്ടുണ്ടെങ്കിലും ആദര്‍ശനം സ്വാംശീകരിച്ചു ഘടനകളെയും സംവിധാനങ്ങളെയും ജനങ്ങളെയും ബലപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന കാര്യം ആത്മവിമര്‍ശനത്തോടെ എല്ലാവരും വിലയിരുത്തേണ്ടിയിരിക്കുന്നു. 2023-ലെ ആഗോള മെത്രാന് സിനഡിന്റെ പശ്ചാത്തലത്തില്‍, സമുദായത്തിന്റെ നിജസ്ഥിതിയെ അഭിമുഖീകരിക്കാനും (encounter), എല്ലാവരെയും കേള്‍ക്കാനും (listen), വിവേകപൂര്‍വം വിലയിരുത്തി (discern) എല്ലാം പുനരാവിഷ്കരിക്കാനും തിരുസഭാമാതാവുതന്നെ നമ്മോട് ആവശ്യപ്പെടുന്ന സിനഡാലിറ്റിയുടെ, ഒരുമിച്ചുള്ള മുന്നേറ്റത്തിന്റെ, അസുലഭ അവസരത്തെ പ്രസാദപൂര്‍വം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗമെന്നത് അധികാര പങ്കാളിത്തത്തിന്റെ ഒരു ഘടകം കൂടിയാണെന്ന കാര്യം നമുക്ക് വീണ്ടും വീണ്ടും ഓര്‍ക്കാം.
Related
Related Articles
സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തി
കൊച്ചി : ഇന്ത്യൻ ഹ്യൂമൻ റൈറ്സ് വാച്ച് സംഘടിപ്പിച്ച നിൽപ്പ് സമരത്തിന്റെ സമാപന കൺവെൻഷനും പ്രേതിഷേധ ജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ്
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
മുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക
വര്‍ഗീയത ആളിപ്പടരുന്ന വെടിമരുന്നാണ്. മതസ്പര്‍ദ്ധയും അപരവിദ്വേഷവും സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണം നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും. കുറച്ചുകാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അന്തരീക്ഷം മാനവികതയിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹികസൗഹാര്‍ദത്തിലും