കെട്ടിപ്പിടി വൈദ്യന്മാര്‍

കെട്ടിപ്പിടി വൈദ്യന്മാര്‍

നാലു വര്‍ഷം-171 ദിവസം, 42 വിദേശ പര്യടനം, 84 രാജ്യങ്ങള്‍. ഇന്ത്യക്കാര്‍ അഭിമാനപുളകിതരാകേണ്ടതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഈ യാത്രാപട്ടിക കാണുമ്പോള്‍. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസം അവതരിപ്പിച്ച പ്രതിപക്ഷത്തിനു പക്ഷേ മോദിജിയോടു പുച്ഛമാണ്. അതുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ മോദിജിയെ അഴിമതിക്കാരനാക്കി രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചപ്പോള്‍ ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന് എല്ലാ പ്രതിപക്ഷ അംഗങ്ങളും – സിപിഎം ഉള്‍പ്പെടെ – മേശപ്പുറത്ത് മുഷ്ടിചുരുട്ടി ഇടിച്ചത്.
ലോക്‌സഭയുടെ കാലാവധി അവസാനിക്കുവാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മോദിയെ വിശ്വാസമില്ലെന്നു പറഞ്ഞ് പ്രതിപക്ഷക്കാര്‍ വോട്ടെടുപ്പിനു തയ്യാറായത്. ഇത്രയും കാലം വിശ്വാസമുണ്ടായിരുന്നോ എന്നു ചോദിക്കരുത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴാണല്ലോ നാടകസംഘങ്ങള്‍ ഊര്‍ജിതമാകേണ്ടത്. അത്തരമൊരു സ്‌കിറ്റായിരുന്നു രാഹുല്‍ഗാന്ധി തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനു ശേഷം സഭയുടെ മുമ്പാകെ അവതരിപ്പിച്ചത്. ആ ധൃതരാഷ്ട്രാലിംഗനത്തില്‍ സാക്ഷാല്‍ മോദി പോലും പകച്ചുപോയി. പിന്നെ കേരളത്തിന്റെ സഭയിലുള്ള അംഗസംഖ്യയെ താന്‍ വിലമതിക്കുന്നു എന്ന സൂചനയോടെ ഒരു അഡാര്‍ കണ്ണിറുക്കലും! നേരത്തെ പ്രധാനമന്ത്രിയുടെ യാ
ത്രകളെക്കുറിച്ച് പറഞ്ഞത് വിദേശങ്ങളില്‍ അദ്ദേഹം ചെയ്ത ആലിംഗന രാഷ്ട്രതന്ത്രത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്. നൂറുകണക്കിന് ആലിംഗനങ്ങള്‍ ഏറ്റുവാങ്ങിയ മോദിജിയെ സ്വന്തം നാട്ടില്‍ വച്ച് ഒരു പയ്യന്‍ കീഴ്‌പ്പെടുത്തിക്കളയുമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പോലും പ്രതിക്ഷിച്ചില്ല. അതുകൊണ്ടാണല്ലോ മഹിളാരത്‌നം രാഹുലിനെ വിമര്‍ശിക്കാന്‍ വരെ തയ്യാറായത്.
മോദി പറഞ്ഞ ഹിന്ദി മനസിലാക്കാത്തതുകൊണ്ട് പിന്നെയുമുണ്ടായി നാടകങ്ങള്‍. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞത് മലയാളിയായ കേന്ദ്രമന്ത്രിയുടെ തള്ളിനെക്കാള്‍ വലുതാണെന്നാണ് രാഹുല്‍ വിമര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ മോദി പറഞ്ഞത് കോണ്‍ഗ്രസുകാര്‍ അടിച്ചുമാറ്റി സ്വിസ് ബാങ്കുകളില്‍ ഇട്ട പണം തിരിച്ചുകൊണ്ടുവന്നാല്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപാ കിട്ടത്തക്ക വിധം വലിയ തുകയാണെന്നാണ്. പറഞ്ഞതും കേട്ടതും പ്രചരിപ്പിക്കുന്നതും തമ്മില്‍ എന്തൊരന്തരം!
‘നമ്മള്‍ സ്‌നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല’ എന്ന് പടുകൂറ്റന്‍ ബാനര്‍ തലസ്ഥാനത്ത് പിറ്റേദിവസം തന്നെ സ്ഥാപിച്ചു കോണ്‍ഗ്രസുകാര്‍. അമ്മയുടെയും മകന്റെയും ചിത്രം ഒരുപാടു കാലത്തിനു ശേഷം കണ്‍കുളിര്‍ക്കെ കാണാന്‍ നാട്ടാര്‍ക്ക് അവസരവുമൊരുങ്ങി. അതിനു പിറ്റേന്നുതന്നെ വിദ്വത്‌സദസും ചേര്‍ന്നു. ഗണിതവിശാരദന്‍ പളനിയപ്പന്‍ ചിദംബരം അവതരിപ്പിച്ച കണക്കുകേട്ട് സദസൊന്നാകെ കോരിത്തരിച്ചുപോയി. 2014ലെ ടെസ്റ്റില്‍ അര സെഞ്ച്വറി തികയ്ക്കാന്‍ കഴിയാതിരുന്ന നമ്മുടെ സ്വന്തം പാര്‍ട്ടിക്ക് ഇത്തവണ 150 സീറ്റുവരെ കിട്ടുമെന്നാണ് അദ്ദേഹം കൈവിരലുകളില്‍ കണക്കാക്കിയത്. ഒന്നൊന്നര സെഞ്ച്വറി. അപ്പോള്‍ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് എന്തു കിട്ടുമെന്ന് സംശയാലുവായ ഏതോ ഉത്തരേന്ത്യന്‍ നേതാവ് ചോദിച്ചു. സംശയിക്കേണ്ട 120ന് അപ്പുറം പോകില്ലെന്ന് കണക്കപ്പിള്ള. ചുരുക്കം പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നു. മോദിയുടെ നാക്കിന്‍ തുമ്പത്ത് ഗുളികനോ ചാത്തനോ കയറിയിരിക്കുന്നുണ്ടെന്ന് ഉറപ്പ്. രാഹുല്‍ തന്നെവന്ന് പൂണ്ടടക്കം പിടിച്ചപ്പോള്‍, ചെക്കന് തന്റെ കസേരയിലിക്കാന്‍ ധൃതി കൂടിയെന്നാണ് എടുത്തവായ്ക്ക് മോദിജി മൊഴിഞ്ഞത്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന ഹസന്‍ജിയോടു ചോദിച്ചു, അബഡ സ്ഥിതി എങ്ങനുണ്ടെന്ന്. ഒട്ടും മോശമാക്കില്ലെന്ന് ഹസന്‍ജി മറുപടിയും നല്കി. പത്തു സീറ്റ് ഉറപ്പ്, പിന്നെ കിട്ടുന്നതെല്ലാം ബോണസ്. അങ്ങനെയാണ് ചെന്നിത്തലജിയും പറഞ്ഞത്. ശേഷം പത്ത് ഇടതിനാണല്ലോ കിട്ടുന്നത്. അവര്‍ നമ്മുടെ സ്വന്തം കൂട്ടുകക്ഷിക്കാരല്ലേ എന്നായി ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പെല്ലാം എല്ലാവരും മറന്നല്ലോയെന്ന് അവര്‍ ഒറ്റക്കെട്ടായി സാക്ഷ്യപ്പെടുത്തി. ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടലുകള്‍ ഇത്തരത്തിലാണ് പുരോഗമിക്കുന്നതെന്നു ചു
രുക്കം. രണ്ടാം യുപിഎ ഭരണം കഴിഞ്ഞപ്പോള്‍ കഷ്ടിച്ച് 300 സീറ്റുകള്‍ തങ്ങള്‍ക്കു കിട്ടാനിട
യുണ്ടെന്ന് പറഞ്ഞയാളാണ് ചിദംബരംജി. പിന്നെ കേസിനു പിറകെ കേസായിരുന്നു. അച്ഛനും മകനും കണക്കുകൂട്ടാനൊന്നും സമയം കിട്ടിയില്ല.
മോദിജിയുടെ യാത്രാതിരക്കൊന്നും കണക്കിലെടുക്കാതെ റേഷനരിയുടെ നീണ്ട പട്ടികയുമായി ഡല്‍ഹിയിലെത്തിയ പിണറായി സഖാവിനെ അദ്ദേഹം ഊതിപ്പറപ്പിച്ചു എന്നു പറഞ്ഞാല്‍ തെറ്റില്ല. അരിയെത്ര പയറഞ്ഞാഴി എന്നു പറഞ്ഞ പോലെയായി സഖാവിന്റെയും കൂടെപ്പോയ ചെന്നിത്തലജിയുടെയും കാര്യം. ‘എന്നെ കൊണ്ടുവാണ്ട് പോയതല്ലേ..അനുഭവിക്കും’ എന്ന് കണ്ണന്താനം മന്ത്രി ശപിച്ചത് വെറുതെയല്ല. കേരളത്തിന് നാലിടങ്ങഴി അരി കൂടുതല്‍ കൊടുത്തതു കൊണ്ട് തിരഞ്ഞെടുപ്പില്‍ അവിടെ താമരയോ ചെമ്പരത്തിയോ വിരിയാന്‍ പോകുന്നില്ലെന്ന് മോദിജിക്കറിയാം.
ചായക്കടക്കാരന്റെ സ്വപ്‌നം, മന്‍ കി ബാത്, മേരേ പ്യാരേ ദേശ്‌വാസിയോം തുടങ്ങിയ ഹിറ്റ് നാടകങ്ങളില്‍ പ്രമുഖ വേഷങ്ങളില്‍ തിളങ്ങിയ മോദിജിക്ക് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മനക്കണക്കു കാണുമ്പോള്‍ ചിരിവരാതിരിക്കില്ല. ചെമ്മീന്‍ തുള്ളിയാല്‍ ചട്ടിയോളമെന്ന് ഗുജറാത്തില്‍ കൂടുമത്സ്യകൃഷി
ക്ക് തുടക്കമിട്ടുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞയാളാണ് മോദിജി. ആയിരങ്ങളെ കൂട്ടക്കൊലചെയ്‌തെന്നു പറഞ്ഞ് അന്ന് മോദിയെയും അമിത് ഷായെയും വേട്ടയാടാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍. നിയമത്തിന്റെ കൂട്ടിപ്പിടുത്തത്തില്‍ നിന്നു നാടകങ്ങളാണ് അന്നും മോദിജിയെ കാത്തത്.
കോണ്‍ഗ്രസുകാര്‍ കൂട്ടുകൂടാന്‍ പോകുന്നത് ആരോടൊപ്പമാണ്? പരസ്പരം അടിച്ചുപിരിയാന്‍ ചെറിയൊരവസരം കിട്ടിയാല്‍ പോലും ഉപയോഗിക്കുന്ന യുപിയിലെയും ബിഹാറിലെയും ഒറ്റയാള്‍ പട്ടാളങ്ങള്‍, ബംഗാളിലെയും കേരളത്തിലെയും ഇട്ടാവട്ടങ്ങളില്‍ ചുറ്റിത്തിരിയുന്ന മമതാ ബാനര്‍ജിയും പിണറായി വിജയനും. എന്തും സംഭവിക്കാവുന്ന ആന്ധ, ഒന്നും സംഭവിക്കാത്ത തമിഴ്‌നാട്…അത്ഭുതങ്ങള്‍ സംഭവിച്ച് മാജിക് നമ്പറില്‍ കൂട്ടുകെട്ടെത്തിയാല്‍ തന്നെ എത്രനാള്‍ ഭരിക്കും? കര്‍ണാടകത്തില്‍ കുമാരസാമി കരച്ചിലും പിഴിച്ചിലും തുടങ്ങിക്കഴിഞ്ഞു. തന്റെ വന്ദ്യപിതാവിനെ പണ്ട് പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് ഉന്തിതള്ളിയിട്ടതിന്റെ ചരിത്രപരമായ വേദന ഇപ്പോഴും ശേഷിക്കുന്നുണ്ടാകും.
മോദിയാണെങ്കില്‍ ജനപ്രീതി കൂടുന്തോറും പശുസംരക്ഷകനായി മാറിക്കൊണ്ടിരിക്കുകയാണ്. നേരെ തിരിച്ചുംപറയാം. പശുക്കളെ സംരക്ഷിക്കുമ്പോള്‍ ജീയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നുവെന്ന്. ആ ജനപ്രീതിയെയും നാടകങ്ങളെയും അതിജീവിക്കുക എളുപ്പമല്ല, മക്കളേ. കസേരയില്‍ കയറാന്‍ ഇനിയൊരവസരം ലഭിച്ചാല്‍ ജനങ്ങളെ വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണേ!


Related Articles

ഉദയംപേരൂരില്‍ ഉദിച്ച നവോത്ഥാനം

ശരത് വെണ്‍പാല കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് (എസ്ഇആര്‍ടി) തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകം വിവാദമായിരിക്കുകയാണ്. നവോത്ഥാന നായകരുടെ കൂട്ടത്തില്‍

കടന്നുവരുന്ന ക്രിസ്തുവും കടന്നുപോകാത്ത വചനവും: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ വചനവിചിന്തനം: കടന്നുവരുന്ന ക്രിസ്തുവും കടന്നുപോകാത്ത വചനവും (Mk 13 : 24-32) ഈ ആരാധനാക്രമവത്സരത്തിന്റെ അവസാനത്തോട് ഏതാണ്ട് അടുത്തുകൊണ്ടിരിക്കുന്ന നമുക്കിന്ന് തിരുസഭ നല്‍കുന്ന

കേരളത്തിൻ്റെ നവോത്ഥാന താരോദയം: ഉദയംപേരൂർ സൂനഹദോസ്

കേരളക്രൈസ്തവസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു1599 ജൂൺ 20 മുതൽ 26 വരെ നടന്ന ഉദയംപേരൂർ സൂനഹദോസ്. കേരള സഭയിൽ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ദൂരീകരികരിക്കാൻഈ മഹാസംഗമത്തിലൂടെ കഴിഞ്ഞു.അക്കാലത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*