കെയര്‍ ചെല്ലാനം കാര്യാലയം 27ന് തുറക്കും

കെയര്‍ ചെല്ലാനം കാര്യാലയം 27ന് തുറക്കും

തീരസംരക്ഷണ ബാധ്യതയില്‍ നിന്ന് കൊച്ചിന്‍ പോര്‍ട്ടിന് ഒഴിഞ്ഞുമാറാനാവില്ല: ബിഷപ് കരിയില്‍

കൊച്ചി: ആമസോണിലെ ഒരു ചിത്രശലഭത്തിന്റെ ചിറകനക്കം അമേരിക്കയിലെ ടെക്‌സാസില്‍ ഒരു ചുഴലികൊടുങ്കാറ്റായി പരിണമിക്കും എന്ന പാരിസ്ഥിതിക ആഘാതപഠനങ്ങളിലെ ബട്ടര്‍ഫ്‌ളൈ ഇഫക്റ്റ് സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ചെല്ലാനം തീരസംരക്ഷണ പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്താനുള്ള സമഗ്രാന്വേഷണം നടത്തിവേണം പരിഹാരമാര്‍ഗത്തിലേക്കു നീങ്ങേണ്ടതെന്ന് കെആര്‍സിബിസി അധ്യക്ഷനും കൊച്ചി ബിഷപ്പുമായ ഡോ. ജോസഫ് കരിയില്‍ ഓര്‍മിപ്പിച്ചു.
തെക്കെ ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ 18 കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്തിന്റെ പരിസ്ഥിതിക്ക് നാശം വരുത്താന്‍ ഇടയാക്കിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുക എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട പാരിസ്ഥിതിക നീതി മാത്രമാണ്. ചെല്ലാനം തീരസംരക്ഷണത്തിനുള്ള ഫണ്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയണമെന്ന് കൊച്ചി, ആലപ്പുഴ രൂപതകളുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരത്തിന്റെ പുനര്‍നിര്‍മാണവും തീരദേശജനതയുടെ സമഗ്ര വികസനവും ലക്ഷ്യംവയ്ക്കുന്ന ഏകോപന സമിതിയായ ‘കെയര്‍ ചെല്ലാനം’ സ്റ്റിയറിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
തീരസംരക്ഷണത്തിന് കൃത്യമായ ലക്ഷ്യബോധത്തോടെ, ശാസ്ത്രീയമായും ക്രമബദ്ധമായും രൂപപ്പെടുത്തിയ ജനകീയ രേഖ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ചെല്ലാനം തീരത്തെ കൊടുംദുരിതങ്ങള്‍ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ഓഖി ചുഴലിക്കാറ്റ്, മഹാപ്രളയം, കൊവിഡ് മഹാമാരി എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല എന്ന വിലയിരുത്തലുണ്ടാകാം. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷവും കൊവിഡിന്റെ സാമൂഹിക അന്തരീക്ഷം പോലെ പ്രശ്‌നഭരിതമാണ്. എന്നിരുന്നാലും ചെല്ലാനം തീരസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി തെല്ലും പിന്നോട്ടുപോകാന്‍ നമുക്കാവില്ലെന്ന് ബിഷപ് കരിയില്‍ വ്യക്തമാക്കി.  
തീരസമ്പുഷ്ടീകരണവും തീരസംരക്ഷണവും ഉള്‍പ്പെടെ ചെല്ലാനം-ഫോര്‍ട്ടുകൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പുതിയൊരു ബഫര്‍ സോണ്‍ രൂപം കൊള്ളുമ്പോള്‍ അതിന്റെ പൂര്‍ണ ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം തീരദേശത്തെ ജനങ്ങള്‍ക്കുതന്നെയായിരിക്കണം എന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) പ്രസിഡന്റ് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ പറഞ്ഞു. കരുതലും ഒരുമയും ദീര്‍ഘവീക്ഷണവുമുള്ള ശാക്തീകരണവും തൊഴിലിന്റെയും സമ്പത്തിന്റെയും പുനര്‍നിര്‍മിക്കുകയും സമ്പുഷ്ടീകരിക്കുകയും ചെയ്യുന്ന തീരത്തിന്റെയും അവകാശം സംരക്ഷിക്കാന്‍ നമ്മെ ജാഗരൂകരാക്കണം. ടൂറിസം, വ്യവസായം, മറ്റു വാണിജ്യതാല്പര്യങ്ങളുമായെത്തുന്നവര്‍ക്ക് കൈയടക്കാനായി പുതിയ ബഫര്‍ സോണ്‍ വിട്ടുകൊടുക്കാനാവില്ല.
തുടര്‍ച്ചയായി അതിതീവ്ര കടല്‍ക്ഷോഭം നേരിടുന്ന ഭാഗത്ത് അടിയന്തര പ്രശ്‌നപരിഹാരത്തിന് സത്വര ശ്രദ്ധ പതിപ്പിക്കുമ്പോഴും സമഗ്രമായ കാഴ്ചപ്പാട് കൈവെടിയരുത്. ഒരിടത്ത് പുലിമുട്ടു നിര്‍മിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം എവിടെയാണുണ്ടാവുകയെന്ന് നമുക്ക് കൃത്യമായി മനസിലാക്കാന്‍ കഴിയുന്നുണ്ട്. എന്തായാലും അടുത്ത കാലവര്‍ഷം വരുമ്പോള്‍ ചെല്ലാനത്തെ ജനങ്ങള്‍ ഇനിയും അഭയാര്‍ഥികളായി ദുരിതാവസ്ഥയില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകരുത്. തീരസംരക്ഷണത്തിനായി കെആര്‍എല്‍സിസിയുടെയും ബന്ധപ്പെട്ട രണ്ടു രൂപതകളുടെയും ‘കടല്‍’ എന്ന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തില്‍ രൂപം നല്‍കിയ ജനകീയ രേഖയോട് സംസ്ഥാന ഗവണ്‍മെന്റ് ക്രിയാത്മകമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രത്യാശ നല്‍കുന്നുവെന്ന് ബിഷപ് ആനാപറമ്പില്‍ പറഞ്ഞു.
ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി, ധനമന്ത്രി ഡോ. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ ഉള്‍പ്പെടുന്ന മന്ത്രിതല ഉപസമിതിയെ ചെല്ലാനം തീരസംരക്ഷണ നടപടികളുടെ കാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പ് എന്‍ജിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക വിവരശേഖരണം നടത്തുകയും ചെയ്തു. ജലവിഭവമന്ത്രിയുടെ കാര്യാലയത്തില്‍ കെആര്‍എല്‍സിസി-കടല്‍ പ്രതിനിധികളുമായി ഉന്നതതല ഉദ്യോഗസ്ഥ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു.
‘കെയര്‍ ചെല്ലാനം’ കാര്യാലയത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27ന് ചെല്ലാനം മറുവക്കാട് കെസിബിസി അധ്യക്ഷനും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ പ്രസംഗിക്കും.
കെയര്‍ ചെല്ലാനം ഏകോപന സമിതിയുടെ യൂണിറ്റുകള്‍ ഈ മേഖലയിലെ രണ്ടു ഫൊറോനകളുടെ കീഴിലുള്ള ഇടവകകളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ ജൂലൈ മുതല്‍ അതിതീവ്ര കടല്‍ക്ഷോഭം മൂലം തീരമേഖലയിലെ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ക്കും തീരസംരക്ഷണത്തിനായുള്ള അടിയന്തര നടപടികള്‍ക്കും കെയര്‍ ചെല്ലാനം മുന്‍ഗണന നല്‍കും.
കേന്ദ്ര ജല കമ്മീഷന്‍, കേന്ദ്ര ജലമന്ത്രാലയം എന്നിവയ്ക്കും തീരസംരക്ഷണത്തിനായുള്ള കെആര്‍എല്‍സിസി-കടല്‍ ജനകീയരേഖ സമര്‍പ്പിക്കണമെന്ന് കെയര്‍ ചെല്ലാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.


Related Articles

കടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഉദാസീനതയുണ്ടായെന്ന് ആരോപണം

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞത്തും നീണ്ടകരയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ഏഴു മത്സ്യത്തൊഴിലാളികളില്‍ 4 പേരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. പുതിയതുറ സ്വദേശികളായ

നീതി ജലം പോലെ ഒഴുകട്ടെ

നീതിയുടെ അരുവികള്‍ ഒഴുകട്ടെ എന്ന പ്രവാചക ധര്‍മത്തിന്റെ പാരമ്പര്യത്തിന് മങ്ങലേറ്റിട്ടില്ലെന്നു തന്നെയാണ് സഭയുടെ നിലപാടുകള്‍ എക്കാലത്തും വിളിച്ചുപറയുന്നത്. നീതി ജലം പോലെ ഒഴുകട്ടെ; സമാധാനം വറ്റാത്ത നീരുറവപോലെയും.

ദുരിതാശ്വാസ ധനത്തിൽ നിന്നും ബാങ്കുകൾ മിനിമം ബാലൻസ് പിഴ പിടിക്കരുത്: കളക്ടർ

ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധന വിതരണത്തില്‍ വീഴ്ച വരുത്തുന്ന ബാങ്കുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നടപടി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*