കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണം: ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം-

കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണം: ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം-

എറണാകുളം: കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സംയുക്തമായി കേന്ദ്രത്തോട് ശുപാര്‍ശചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഉപരിതല മത്സ്യങ്ങളുടെയും സമുദ്രഅടിത്തട്ടിലുള്ള മത്സ്യങ്ങളുടെയും പ്രജനനകാലത്തെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം നടത്തിയിട്ടുണ്ട്. ഇത് വിശകലനം ചെയ്ത് ട്രോളിങ് നിരോധന കാലയളവില്‍ വേണ്ട മാറ്റങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ച മിനിമം ലീഗല്‍ സൈസ് (മീനുകളെ പിടിക്കുന്നതിനുള്ള നിയമപരമായ കുറഞ്ഞ വലിപ്പം) കേരളത്തെ മാതൃകയാക്കി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി.
മത്സ്യബന്ധന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില കുറയ്ക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മണ്ണെണ്ണയുടെ വില കുറഞ്ഞാല്‍ ഡീസലില്‍ മണ്ണെണ്ണ ചേര്‍ക്കുമെന്നുള്ള പെട്രോള്‍ കമ്പനികളുടെ വാദത്തില്‍ ന്യായമില്ലെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഡീസലിന് ഏര്‍പ്പെടുത്തിയ റോഡ് നികുതി മത്സ്യമേഖലയിലുള്ളവരില്‍ നിന്ന് ഈടാക്കേണ്ടതില്ലെന്ന ശുപാര്‍ശയും കേന്ദ്രത്തിന് മുന്നില്‍വയ്ക്കും. കടലില്‍ 12 നോട്ടിക്കല്‍ മൈലിനു പുറത്ത് മത്സ്യബന്ധനാവകാശം അനുവദിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റ് 1.5 കോടിയായി ഉയര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രിമാരുടെ ഭാഗത്തുനിന്നുമുണ്ടായി. ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് നിലവില്‍ കേന്ദ്രം അംഗീകരിച്ച യൂണിറ്റ് കോസ്റ്റ് 80 ലക്ഷമാണ്. ഇത് അപര്യാപ്തമാണെന്നു യോഗം ചൂണ്ടിക്കാട്ടി.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാന്‍ സഹകരണ സംഘങ്ങള്‍ വഴി ആവശ്യമായ സാങ്കേതിക- സാമ്പത്തിക സഹായവും മികച്ച പരിശീലനവും കേന്ദ്ര സഹായത്തോടെ ഉറപ്പാക്കണം. സിഫ്റ്റിന്റെ ശുപാര്‍ശ പ്രകാരമുള്ള ചതുരക്കണ്ണി ട്രോള്‍വലകള്‍ ഉപയോഗിക്കുന്നതിന് കേരളം നടപ്പാക്കിയ രീതി മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കും. മത്സ്യസമ്പത്ത് സംരക്ഷണത്തിനായി കേരളത്തില്‍ രൂപീകരിച്ച മത്സ്യത്തൊഴിലാളി പങ്കാളിത്തം ഉറപ്പാക്കിയ ത്രിതല ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി.
ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം നികത്താന്‍ സമാശ്വാസ ഫണ്ട് വിഹിതം നല്‍കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യും. ബോട്ടുകളുടെ രൂപകല്‍പ്പനയും കുതിരശക്തിയും സിഫ്റ്റ് ശുപാര്‍ശയനുസരിച്ച് നടപ്പാക്കും. ബോട്ട് നിര്‍മാണശാലകള്‍ക്കും വല നിര്‍മാണശാലകള്‍ക്കും നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. എല്ലാത്തരം വിനാശകര മത്സ്യബന്ധന രീതികളും നിരോധിക്കും. കടലിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് മത്സ്യത്തൊഴിലാളി പങ്കാളിത്തത്തോടെ കേരളം നടപ്പാക്കിയ ശുചിത്വ സാഗരം പദ്ധതി മറ്റ് സംസ്ഥാനങ്ങളും പിന്തുടരും. കടലില്‍ 12 നോട്ടിക്കല്‍ മൈലിനു പുറത്ത് മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ഉപഗ്രഹാധിഷ്ഠിത വെസ്സല്‍ മോണിറ്ററിങ് സിസ്റ്റം (വിഎംഎസ്) നടപ്പാക്കും. മത്സ്യവിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഹാച്ചറി അക്രഡിറ്റേഷന്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ.കെ ജെന, കേന്ദ്ര ഫിഷറീസ് വികസന കമീഷണര്‍ ഡോ. പോള്‍ പാണ്ഡ്യന്‍, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍ രവിശങ്കര്‍, ഐസിഎആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പ്രവീണ്‍ പുത്ര, സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേശപതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Related Articles

നമ്മുടേതും തിരുഹൃദയമാകട്ടെ: തിരുഹൃദയ തിരുനാൾ

തിരുഹൃദയ തിരുനാൾ വിചിന്തനം:- “നമ്മുടേതും തിരുഹൃദയമാകട്ടെ” (ലൂക്കാ 15:3-7) ഇന്ന് ഈശോയുടെ തിരുഹൃദയത്തിരുനാള്‍ ദിനമാണ്. കേരളത്തിലെ എല്ലാ കത്തോലിക്ക ഭവനങ്ങളും തന്നെ തിരുഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ടതാണ്. വിശുദ്ധ മര്‍ഗ്രേറ്റ്

ചെല്ലാനത്തുകാര്‍ക്ക് നിരാശയുടെ ഓണം

കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണും കടലേറ്റവും ദുരിതത്തിലാക്കിയ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഇത്തവണയും നിരാശയുടെ ഓണം. കടല്‍കയറ്റത്തില്‍ വാസയോഗ്യമല്ലാതായ പല വീടുകളും താമസ യോഗ്യമല്ലാത്തതിനാല്‍ പലരും അയല്‍ വീടുകളിലും ബന്ധുവീടുകളിലുമാണ്

കെസിബിസി നാടകമേള: ഇതിഹാസം മികച്ച നാടകം

എറണാകുളം: കെസിബിസി മാധ്യമ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന നാടകമേളയില്‍ തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം മികച്ച നാടകമായി തെരഞ്ഞെടുത്തു. പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ) എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*