Breaking News

കേരളം അപകടസോണിലോ ?

കേരളം അപകടസോണിലോ ?

ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് കൊവിഡ് 19) ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണല്ലോ. ചൈനയില്‍ പഠനത്തിനുപോയ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും ചികിത്സ ഏര്‍പ്പാടാക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞു. 2018ല്‍ നിപ വൈറസ് വ്യാപനത്തെ നേരിടാന്‍ കൈക്കൊണ്ട നടപടികള്‍ ഇത്തവണ മാതൃകയും ഉപകാരപ്രദവുമായി. വലിയ അപകടത്തില്‍നിന്നു രക്ഷപ്പെട്ട പ്രതീതിയാണ് എല്ലാവര്‍ക്കും ഉണ്ടായത്. അതേസമയം ഇറ്റലിയില്‍നിന്നെത്തിയ വൈറസ് ബാധിതരെ കണ്ടെത്താന്‍ കാലതാമസമുണ്ടായി. ഇതിനകം 631 പേര്‍ മരിക്കുകയും ദേശീയതലത്തില്‍ ക്വാറന്റൈന്‍ നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്ത ഒരു രാജ്യത്തില്‍നിന്നു വന്നവര്‍ മുന്നറിയിപ്പുകള്‍ അറിഞ്ഞില്ലെന്നു പറയുന്നത് ഖേദകരമാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടേതുമായി അന്‍പതോളം വീടുകളിലും ഇവര്‍ സന്ദര്‍ശനം നടത്തി. ഇറ്റലയില്‍നിന്നു വന്നവര്‍ ചികിത്സയിലും, ഇവരുമായി ബന്ധപ്പെട്ടവരും ഫ്‌ളൈറ്റില്‍ ഒപ്പമുണ്ടായിരുന്നവരും നിരീക്ഷണത്തിലുമാണ്. വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരെ കയറ്റിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികളും കൂട്ടത്തിലുണ്ടെന്നത് സൂക്ഷ്മക്കുറവിന്റെ വേദനിപ്പിക്കുന്ന പാഠവുമായി.

ചൈനയില്‍നിന്ന് എത്തിയവര്‍ സുഖപ്പെട്ടതിനുശേഷം അധികൃതരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്നതും പറയാതിരിക്കാനാവില്ല. രോഗത്തിന് ആരംഭംകുറിച്ച ചൈനയിലും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍, ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം കേരളത്തില്‍നിന്നുള്ളവരുടെ വലിയ സാന്നിധ്യമാണുള്ളത്. തൊഴില്‍, പഠനം, ബിസിനസ്, വിനോദ-ആത്മീയയാത്ര എന്നിവയ്ക്കായി ഈ രാജ്യങ്ങളില്‍ ധാരാളം മലയാളികളുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണിത്. കേരളത്തിനുപുറത്ത് പല സംസ്ഥാനങ്ങളിലും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലും മലയാളികള്‍ പല ആവശ്യങ്ങള്‍ക്കായി താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നുണ്ട്. വിമാനയാത്ര ചെയ്യുന്നവരെ നിരീക്ഷിക്കുന്നതുപോലെയോ കണ്ടെത്തുന്നതുപോലെയോ എളുപ്പമല്ല ട്രെയിനിലും ബസിലും യാത്രചെയ്യുന്നവരെ കണ്ടെത്തുക.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വളരെ കുറവുള്ളവരാണ് ശരാശരി മലയാളികള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവിതശൈലിരോഗമുള്ളവര്‍ കേരളത്തിലാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, കൂടിയ രക്തസമ്മര്‍ദ്ദം എന്നിവയിലെല്ലാം മലയാളികള്‍ മുന്നിലാണ്. വൃക്കരോഗികളും ഹൃദ്രോഗികളും ഇവിടെ താരതമ്യേന കൂടുതലാണ്. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടും. പ്രത്യേകിച്ച് കോവിഡ് 19പോലെ അതിവേഗം വ്യാപനം നടത്തുന്ന വൈറസുകള്‍ക്കുമുന്നില്‍. കോവിഡ് 19മൂലം മരണപ്പെട്ടവരില്‍ കൂടുതലും കുട്ടികളും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. അതിനാല്‍ രോഗം ബാധിക്കാതിരിക്കാനും പടരാതിരിക്കാനും നാം അതീവജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
അതേസമയം മരണസംഖ്യ ഉയര്‍ന്ന രാജ്യങ്ങളിലേതിനെക്കാള്‍ മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നതും ശ്രദ്ധേയം. ചൈനയടക്കം പല രാജ്യങ്ങളും രോഗം മാരകമായി വ്യാപിച്ചതിനുശേഷമാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെപോലും ആരോഗ്യനില വഷളായിട്ടില്ല.


ലക്ഷണങ്ങള്‍


മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരുന്ന മാരക വൈറസ് രോഗമാണ് കൊവിഡ് 19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ് 19 വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്നുപോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ പ്രതിരോധമരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. അനുബന്ധ ചികിത്സയാണ് നല്കുന്നത്. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരിയഡ് എന്നറിയപ്പെടുന്നത്.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ട്/സീപോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. യാത്രക്കാരില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ നിശ്ചിത ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവല്ക്കരണം നല്കി വീടുകളില്‍ത്തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ വീടുകളില്‍തന്നെ 28 ദിവസം കഴിയണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ദിശ നമ്പറില്‍ (താഴെ കൊടുത്തിരിക്കുന്നു) വിളിച്ച് ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ അറിയിച്ച് പ്രത്യേകം വാഹനത്തില്‍ എത്തേണ്ടതാണ്.
ചൈനയില്‍നിന്നുളള രോഗബാധിതരെ കണ്ടെത്തിയപ്പോള്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ലകളിലെ ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ അവയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാസ്‌ക്, കൈയുറ, സുരക്ഷാകവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആശുപത്രികളില്‍ ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേയ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഫലം ലഭിച്ചശേഷം ചികിത്സയില്‍ ആവശ്യമായ മാറ്റംവരുത്തുന്നു. തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായും ഒഴിവാക്കുകയും വേണം. കോവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍നിന്നുവന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍മുഖേന ബന്ധപ്പെടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒപിയിലോ കാഷ്വാലിറ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് ബന്ധപ്പെട്ട നോഡല്‍ ഓഫീസറെ അറിയിച്ച ശേഷം മാത്രം എത്തേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്.


110 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍


ലോകത്താകെ 110 രാജ്യങ്ങളിലായി 1,14,186 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. സൈപ്രസില്‍കൂടി രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും കോവിഡിന്റെ പിടിയിലായി. ജര്‍മനിയില്‍ 1,112 പേര്‍ക്ക് രോഗം ബാധിച്ചു. 1,412 പേര്‍ക്ക് ബാധിച്ച ഫ്രാന്‍സില്‍ 30 പേര്‍ മരിച്ചിട്ടുണ്ട്. ചൈനയ്ക്കുപുറത്ത് ഏറ്റവുമധികം മരണവും രോഗികളും ഇറ്റലിയിലാണ്. അവിടെ മരണസംഖ്യ 463 ആയി; 9,172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 733 പേരുടെ നില ഗുരുതരമാണ്. ഇറാനില്‍ 237 പേര്‍ മരിച്ചിട്ടുണ്ട്.
ചൈനയില്‍ 22 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,136 ആയി. ഇവിടെ ആകെ രോഗം ബാധിച്ചത് 80,754 പേര്‍ക്കാണ്. 63,974 പേര്‍ രോഗവിമുക്തരാവുകയും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വലിയതോതില്‍ കുറയുകയും ചെയ്തതോടെ കോവിഡ് നേരിടാന്‍ പ്രത്യേകം തുറന്ന 16 ആശുപത്രികളില്‍ 11 എണ്ണവും ചൈന അടച്ചു.


വെളുത്തുള്ളി, ക്ലോറിന്‍ പിന്നെ ആല്‍ക്കഹോളും


ഏതു പുതിയ രോഗം വരുമ്പോഴും പ്രതിരോധമരുന്നും ചികിത്സകളും നിര്‍ദേശിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തും. സാമൂഹ്യമാധ്യമങ്ങളിലൂടെ നല്ല തോതില്‍ പ്രചരണം നടത്താനും ഇവര്‍ക്കു സാധിക്കും. ഈ ചികിത്സാരീതികള്‍ പലപ്പോഴും രോഗികളുടെ നില അപകടത്തിലാക്കാനേ ഉപകരിക്കൂ. വെളുത്തുള്ളി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുമെന്ന പ്രചരണത്തിലും അടിസ്ഥാനമൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ ക്ലോറിനോ ആല്‍ക്കഹോളോ സ്‌പ്രേ ചെയ്താന്‍ വൈറസ് നശിക്കുമെന്നും

ദിവസേന രണ്ടു പെഗ് മദ്യം അകത്താക്കുന്നവരെ വൈറസ് വെറുതെവിടുമെന്നുമുള്ള പ്രചാരണങ്ങള്‍ വ്യാജമാണ്. ക്ലോറിനും ആല്‍ക്കഹോളും അണുനാശിനിയായി ഉപയോഗിക്കാം.
ജലദോഷം വരുമ്പോള്‍ മൂക്കില്‍ ഒഴിക്കുന്ന സലൈന്‍ തുള്ളിമരുന്ന് കോവിഡിനെ തടയില്ല. ജലദോഷമുള്ളവര്‍ക്ക് ചെറിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നു മാത്രം.
തൊണ്ട ഇടയ്ക്കിടെ നനയ്ക്കുന്നതും വെള്ളം കുടിക്കുന്നതും വൈറസ് ബാധ തടയില്ല. എന്നാല്‍, വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. ഹാന്‍ഡ് ഡ്രയര്‍ പ്രയോഗം വൈറസിനെ പ്രതിരോധിക്കില്ല. പ്രയോജനരഹിതമാണിത്. എന്നാല്‍, കൈകള്‍ ഇടയ്ക്കിടെ ആല്‍ക്കഹോള്‍ അംശമുള്ള ഹാന്‍ഡ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കാം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.
പനിയുള്ളവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് കണ്ടെത്താം. ശരീരത്തിന്റെ താപനില ഉയര്‍ന്നു എന്നു മാത്രമാണ് അതിലൂടെ മനസിലാക്കാന്‍ സാധിക്കുക. വൈറസ് ബാധിച്ച എല്ലാവര്‍ക്കും പനി വരണമെന്നില്ല. എല്ലാ പനികളും കോവിഡ് 19 കാരണം വരുന്നതുമല്ല.
കോവിഡ് 19നെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. ഹൈടെക് എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്‌റ്റേഷന്‍, സൈബര്‍ സെല്ലുകള്‍ക്ക് ഇതിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഈ നമ്പറുകളില്‍ വിളിക്കാം


കൊവിഡ് 19നെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനും സംശയനിവാരണത്തിനും ഈ നമ്പറുകളില്‍ വിളിക്കാം.
കൊവിഡ് കോള്‍ സെന്റര്‍-0471 2309250, 0471 2309251, 0471 2309252. ദിശ നമ്പര്‍- 1056, 0471 2552056. ലോകമാകമാനമുള്ള രോഗവ്യാപനത്തെക്കുറിച്ച് ിരീ്2019.ഹഇ എന്ന വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങളറിയാം.


മാസ്‌ക്


മുഖാവരണത്തിന്റെ വില കൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് 19 ബാധിച്ചതിനാല്‍ മുഖാവരണവും അതിന്റെ അസംസ്‌കൃത വസ്തുക്കളും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്ന ആളുകളും മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂ.


Related Articles

അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം

  ‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ദേവാലയത്തിന് ”ബസിലിക്കാ” പദവി.

സിറിയക് ചാഴിക്കാടന്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ്

തൃശൂര്‍ : കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴിക്കാടനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവാണ് ജനറല്‍

കടല്‍വള്ളത്തില്‍ ചിത്രം വരച്ചും കട്ടമരത്തില്‍ കവിത ചൊല്ലിയും ശംഖുമുഖം തീരം

തിരുവനന്തപുരം: കടല്‍തീരത്ത് അണിനിരത്തിയ വള്ളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതകളും പ്രളയത്തിന്റെ ദുരന്തകാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും വരച്ച് തീരദേശത്തെ ചിത്രകാരന്മാര്‍. ഓഖി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കടലാഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*