കേരളത്തിന്റെ കണ്ണായ ഭിഷഗ്വരന്‍

കേരളത്തിന്റെ കണ്ണായ ഭിഷഗ്വരന്‍

കണ്ണിന് അസുഖമാണെന്നു പറഞ്ഞാല്‍ ഡോ. ടോണി ഫെര്‍ണാണ്ടസിനെ കാണുക എന്നതായിരുന്നു ഒരുകാലത്ത് കേരളത്തിലെ നേത്രചികിത്സയുടെ രീതി. ”മറ്റ് ഔഷൗധങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി” എന്ന പഴയകാലത്തെ ഒരു ആയൂര്‍വേദ കടയുടെ പരസ്യംപോലെ മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ ദൂരെ ദേശങ്ങളില്‍ നിന്നും ഈ ഡോക്ടറെ തേടിയെത്തുന്നതും പതിവായിരുന്നു. വഴിയില്‍ പോര്‍ക്കുകളും നായകളും അലഞ്ഞുനടന്നിരുന്ന തനി ഗ്രാമപ്രദേശമായിരുന്ന അങ്കമാലിയുടെ വളര്‍ച്ചക്കൊപ്പം ദീര്‍ഘദൃഷ്ടിയുള്ള വൈദ്യന്റെ സ്ഥാപനവും വളര്‍ന്നുവെന്നത് യാദൃഛികമല്ല. അങ്കമാലിയുടെ ചരിത്രം ലിറ്റില്‍ ഫഌവര്‍ ആശുപത്രിയുടെ കൂടി ചരിത്രമാണ്. എല്‍എഫിന്റെ ചരിത്രമാകട്ടെ ഡോ. ടോണിയുടെ ശുശ്രൂഷാജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതും.
അങ്കമാലിയുടെ മാത്രം കണ്ണായിരുന്നില്ല അദ്ദേഹം. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് ആയിരക്കണണക്കിനു പേരെയാണ് അദ്ദേഹം കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്. ഡോ. ടോണി ഫെര്‍ണാണ്ടസിന്റെ ആത്മകഥയില്‍ ആ വലിയ വൈദ്യന്റെ ജീവിതവും തൊഴിലും വേര്‍പിരിക്കാനാവാത്ത വിധം ഇഴചേര്‍ത്തിരിക്കുന്നു. മാധ്യമപ്രവര്‍ത്തകനായ ആന്റണി ജോസഫ് തയ്യാറാക്കിയ നേത്രോത്സവം പേരില്‍ തന്നെ പുസ്തകത്തിന്റെ ഉള്ളടക്കവും ഡോക്ടറുടെ ലാളിത്യവും വ്യക്തമാക്കുന്നുണ്ട്.
ഡോക്ടറുടെ ആത്മകഥനം, ആമുഖത്തില്‍ സൂചിപ്പിക്കുന്നതുപോലെ സ്വയംപുകഴ്ത്തലല്ല. നേത്രചികിത്സയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള നിരീക്ഷണമാണത്. ഒരാള്‍ക്ക് തന്റെ തൊഴില്‍രംഗത്തെ എങ്ങിനെ സമര്‍ത്ഥമായി സാമൂഹ്യസേവനത്തിന് ഉപയോഗപ്പെടുത്താനാകുമെന്നും വായനക്കാരന് ബോധ്യപ്പെടും. സഫലമീ ജീവിതമെന്ന തലക്കെട്ടില്‍ പ്രസിദ്ധ കഥാകാരന്‍ സേതു തന്റെ അനുഭവങ്ങളിലൂടെ തന്നെ ഡോക്ടറെ വിലയിരുത്തുന്നുണ്ട്.
നേത്രചികിത്സയുടെ വികാസപരിണാമങ്ങള്‍ മാത്രമായി ഒതുങ്ങുന്നില്ല ഈ ആത്മകഥ. കേരളത്തിലെ ആദ്യത്തെ സ്റ്റീം ഷിപ്പിംഗ് കമ്പനി ഉടമയായ ഫ്രഡറിക് കോളിസിനെ ചരിത്രത്തിന്റെ ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നുണ്ട് ഡോ. ടോണി ഫെര്‍ണാണ്ടസ്. തന്റെ കറുത്ത അംബാസിഡര്‍ കാര്‍ തമിഴ്‌നാട്ടിലെ ഡിഎംകെ പ്രവര്‍ത്തകന്‍ വാങ്ങിയതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. തന്റെ പ്രവര്‍ത്തനരംഗം അങ്കമാലിയാക്കാന്‍ ദൈവം നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ അദ്ദേഹം അങ്കമാലിക്കാരനല്ല. അമ്മ വീട് തിരുവനന്തപുരത്താണ്. ജനിച്ചതാകട്ടെ മലേഷ്യയിലും. ദൈവത്തിന്റെ ഇടപെടല്‍ എത്രമാത്രം തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നതാണ് ആശങ്കവഴി അങ്കമാലിയിലേക്ക് എന്ന അധ്യായത്തില്‍ വ്യക്തമാക്കുന്നത്. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് ആശുപത്രിയാണ് കേരളത്തിലേക്കു മടങ്ങിവരാന്‍ ആഗ്രഹിച്ചപ്പോള്‍ അദ്ദേഹം ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ലൂര്‍ദ് ആശുപത്രിയുടെ നിര്‍ഭാഗ്യം ലിറ്റില്‍ഫഌവറിന്റെ അനുഗ്രഹമായി മാറുകയായിരുന്നു. 1969ല്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ചികിത്സആരംഭിക്കുമ്പോള്‍ അഞ്ചുപേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് 200 ആയി വളര്‍ന്നിരിക്കുന്നു.
സൗജന്യചികിത്സാ ക്യാമ്പുകളെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന കാലത്ത് അത്തരം ക്യാമ്പുകള്‍ അദ്ദേഹം തുടങ്ങിവയ്ക്കുകയും പിന്നീടവ കേരളീയ സാമൂഹ്യസേവനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ദൈവത്തിലും അവിടുത്തെ കൃപയിലുമുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ താനാക്കിയതെന്ന് ഡോക്ടര്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്. പത്മശ്രീ അടക്കം അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന നിരവധി പുരസ്‌കാരങ്ങള്‍ ഡോക്ടറുടെ പ്രതിഭയ്ക്കും കാരുണ്യകാഴ്ചകള്‍ക്കും അടിവരയാകുന്നില്ല. അതിനും ഏറെ ദൂരെയാണ് മനുഷ്യജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം. 30 അധ്യായങ്ങളിലായി പടര്‍ന്നുകിടക്കുന്ന നേത്രോത്സവം സാധാരണ ആത്മകഥകളില്‍ നിന്നും വ്യത്യസ്തമാകുന്നത് വായനാസുഖം കൊണ്ടുകൂടിയാണ്. ആത്മകഥ എഴുതുകയും അതു ജീവചരിത്രമാക്കുകയും പിന്നീട് വീണ്ടും ആത്മകഥയിലേക്ക് മടങ്ങുകയും ചെയ്താണ് നേത്രോത്സവം യാത്രപൂര്‍ത്തിയാക്കിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ ആന്റണി ജോസഫ് കടമനിറവേറ്റുകയായിരുന്നില്ല, സ്വയം അര്‍പ്പിച്ച് അക്ഷരങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിചെല്ലുകയായിരുന്നു. ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടസായി കുറേക്കാലമെങ്കിലും കൂടുവിട്ട് കൂടുമാറിയിരിക്കണം ആന്റണി ജോസഫ്.


Related Articles

ചിലന്തി മനുഷ്യന്‍ മറയുന്നില്ല

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ (എംസിയു) ഇനി സ്‌പൈഡര്‍മാനുണ്ടാകില്ലെന്ന വാര്‍ത്ത ആരാധകര്‍ക്ക് സമ്മാനിച്ചത് വലിയ നിരാശയായിരുന്നു. സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്റെ ലാഭവിഹിതം പങ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്

സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും

മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ

ബധിര-മൂകര്‍ക്ക് സ്‌നേഹം അനുഭവവേദ്യമാക്കാന്‍ സമൂഹം ശ്രമിക്കണം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ ബധിര-മൂകര്‍ക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും ശ്രദ്ധേയമായി. തിരുവനന്തപുരം അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*