കേരളത്തിന്റെ കര്‍മ്മലീത്താ പൈതൃകം

കേരളത്തിന്റെ കര്‍മ്മലീത്താ പൈതൃകം

റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍
(ഹെരിറ്റേജ് കമ്മീഷന്‍ സെക്രട്ടറി, കെ.ആര്‍.എല്‍.സി.ബി.സി)

വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്‍മല്‍ മലയുടെ പുണ്യവും പ്രവാചക ശ്രേഷ്ഠനായ ഏലിയായുടെ തീക്ഷ്ണതയും നെഞ്ചിലേറ്റി കര്‍മലീത്താ സന്ന്യാസവര്യര്‍ ഭാരതമണ്ണില്‍ പാദമൂന്നിയതിന്റെ നാനൂറാം വാര്‍ഷികം ഹൃദയംനിറഞ്ഞ കൃതജ്ഞതയോടെയാണ് 2019-ല്‍ ഭാരത ക്രൈസ്തവസമൂഹം അനുസ്മരിച്ചത്. 1619-ല്‍ ഗോവയില്‍ തുടങ്ങിയ ഭാരതത്തിലെ കര്‍മലീത്താ മുന്നേറ്റം 2020-ലെത്തി നില്ക്കുമ്പോള്‍ ഭാരതത്തിന്, പ്രത്യേകിച്ച് കേരളത്തിന്, തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഈ സന്ന്യാസസഭയോടും സഭയുടെ ആദരണീയരായ സന്ന്യാസശ്രേഷ്ഠരോടും. ക്രൈസ്തസമൂഹത്തിന്റെ കെട്ടുറപ്പിനും സുസ്ഥിതിക്കുംവേണ്ടി അധ്വാനിച്ചതിനാലും ജീവിതമൊഴിച്ചുവച്ചതിനാലും മാത്രമല്ല, പൊതുസമൂഹത്തിന്റെ സമഗ്രനന്മലക്ഷ്യംവച്ച് വേര്‍തിരിവുകളില്ലാത്ത ഒരു സമൂഹസൃഷ്ടിക്കായി സ്വപ്‌നം കാണുകയും യത്‌നിക്കുകയും ചെയ്തു എന്നതിനാലും കൂടിയാണത്.
വിശുദ്ധ പത്രോസെന്ന വലിയമുക്കുവനാകുന്ന പാറമേല്‍ സ്ഥാപിച്ച സഭ ശിഥിലമായേക്കാവുന്ന ഒരു പ്രതിസന്ധിഘട്ടത്തില്‍ കേരളത്തിലേക്ക് പാപ്പായാല്‍ അയയ്ക്കപ്പെട്ടവരാണ് കര്‍മലീത്താ സന്ന്യാസിമാര്‍. ആ ശൈഥില്യത്തിന് തുടക്കമിട്ട് കേരളത്തിലെ സഭ രണ്ടായി പിളരുകതന്നെ ചെയ്തു, കര്‍മലീത്താക്കാരുടെ വരവിനു മുമ്പേ 1653-ല്‍. കൂനന്‍ കുരിശ് ശപഥത്തെത്തുടര്‍ന്ന് കത്തോലിക്കാസഭയില്‍ നിന്ന് അകന്നുപോ
യവരെ മടക്കിക്കൊണ്ടുവരുക എന്ന നല്ല ശതമാനം വിജയംകണ്ട ചരിത്രദൗത്യമാണ് ഇവര്‍ കേരളക്കരയില്‍ പ്രഥമമായി നിറവേറ്റിയത്. അന്നുമുതല്‍ ഇന്നോളം കര്‍മലീത്താസഭയുടെ ഭാരതത്തിലെ, വിശേഷിച്ച് കേരളത്തിലെ, പ്രേഷിതവഴികളിലെ തിരുശേഷിപ്പുകളെ വെളിപ്പെടുത്തുന്ന പതിനാറ് ഈടുറ്റ പഠനങ്ങളുടെ സമാഹാരമാണ് ‘കേരളത്തിന്റെ കര്‍മലീത്താ പൈതൃകം: ഭാരതത്തില്‍ കര്‍മ്മലസാകല്യത്തിന്റെ 400 വര്‍ഷം’ എന്ന ഗ്രന്ഥം. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒ.സി.ഡി., ഡോ. ട്രീസാ സി.എസ്.എസ്.ടി., ജോര്‍ജ് ജെക്കോബി എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളായുള്ള, 262 താളുകളുള്ള ഈ കൃതി അച്ചടിമേഖലയിലെ പ്രബലപ്രസാധകരായ പ്രണതാബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
ആപല്ക്കരമായ സംഘര്‍ഷങ്ങളുടെ കാലഘട്ടത്തില്‍ സഭയെ രക്ഷിച്ചുനിര്‍ത്തിയ കര്‍മലീത്താ പ്രസ്ഥാനത്തിന്റെ അനന്തമായ നന്മകളെയാണ് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. ‘വിശ്വാസസംരക്ഷണത്തിന്റെ ദീപ്തമുദ്ര’ എന്ന തലക്കെട്ടില്‍ വിവരിക്കുന്നത്. ദേവാലയനിര്‍മിതിയുടെ നവീന വാസ്തുവിദ്യ കേരളത്തില്‍ അവതരിപ്പിച്ചതു മുതല്‍ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ കല്പനയിലൂടെ അടിസ്ഥാനമിട്ടതും, കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയും അതിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സായി പിടിയരി പ്രസ്ഥാനവും, കട്ടമരത്തില്‍ നിന്ന് ചുണ്ടന്‍വള്ളത്തിലേക്കുള്ള മാറ്റവും പുതിയൊരു ഫുഡ് ടെക്‌നോളജിയും അങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് കര്‍മലീത്തരുടെ കൈയ്യൊപ്പ് പതിഞ്ഞതും അതിലൂടെ കേരളം സമ്പന്നമായതും.
‘കര്‍മ്മലകേരളവും വരാപ്പുഴ അതിരൂപതയും’ എന്ന ലേഖനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കര്‍മലീത്താ മിഷണറിമാരുടെ പ്രഥമവും പ്രധാനവുമായ സംഭാവന അവര്‍ മലബാര്‍ വികാരിയാത്തിനെ നല്കുകയും അതിലൂടെ സുശിക്ഷിതമായ പൗരോഹിത്യരൂപീകരണത്തിന് കേരളത്തില്‍ അടിത്തറപാകുകയും പിളര്‍ന്നുപോയ കേരളസഭയെ റോമിലെ പാപ്പായുടെ കീഴില്‍ ഒരു ഇടയനും അജഗണവും ആക്കിത്തീര്‍ത്തു എന്നതുമാണ് എന്ന് വിശദമാക്കുന്നു.
കര്‍മലീത്താ മിഷണറിമാര്‍ കേരളത്തില്‍ വരാനുണ്ടായ അനുരഞ്ജന ദൗത്യത്തെ കേവലം ചരിത്രപരം എന്നല്ല, കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ‘അസ്തിത്വപരം’ എന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ പ്രൊഫ. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്’ മലയാളക്കരയില്‍ കര്‍മ്മലീത്തരുടെ ആഗമനം: ചരിത്രഭാഗധേയം കുറിച്ച അനുരഞ്ജനദൗത്യം’ എന്ന ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. നിഷ്പാദുക കര്‍മലീത്തര്‍ കേരളത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ കേരളത്തിലും, ഒരുപക്ഷേ ഇന്ത്യയിലും, ഇന്നു നാം അറിയുന്ന തരത്തിലും തോതിലും കത്തോലിക്കാസഭ ഉണ്ടാകുമായിരുന്നില്ല. വിശ്വാസവിചാരത്തിലും സംസ്‌കാരത്തിലും അതിന്റെ അടയാളങ്ങളും സാക്ഷ്യങ്ങളും ഉണ്ടാകുമായിരുന്നില്ല. സീറോമലബാര്‍ സഭ ഉണ്ടാകുമായിരുന്നില്ല. സീറോ മലങ്കരസഭയും ഉണ്ടാകുമായിരുന്നില്ല… നീണ്ടുപോകുന്ന അര്‍ഥവത്തായ ഇത്തരം ചരിത്രാധിഷ്ഠിത വാദങ്ങള്‍ ഏവരും അറിഞ്ഞിരിക്കേണ്ടതുതന്നെ.
1659-മുതല്‍ 2009 വരെ നീളുന്ന കേരളത്തിലെ കര്‍മലീത്ത മെത്രാന്മാരെക്കുറിച്ചുള്ള ഹ്രസ്വവിവരണമാണ് ‘വരാപ്പുഴ അതിരൂപതയും കര്‍മലീത്താ പൈതൃകവും: ഭാവിയിലേക്കുള്ള ഈടുവയ്പുകള്‍’ എന്ന ലേഖനത്തില്‍ പ്രൊഫ. സേവ്യര്‍ പടിയാരംപറമ്പില്‍ തരുന്നത്. വരാപ്പുഴ അതിരൂപതയും കര്‍മലീത്തരും തമ്മിലുള്ള പരസ്പരപൂരകമായ ഒരു വിശുദ്ധ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാവും അങ്ങനെ ഈ പ്രബന്ധം.
കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ശരിയായ ക്രൈസ്തവ ജീവിതദര്‍ശനം പകര്‍ന്നുകൊടുക്കുകയായിരുന്നു കര്‍മലീത്താ മിഷണറിമാര്‍ ഇവിടെ രൂപപ്പെടുത്തിയ കേരളസഭയുടെ ആദ്ധ്യാത്മിക നവീകരണപദ്ധതിയുടെ അടിസ്ഥാനവും ആരംഭവും. അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും കര്‍മലീത്താ സന്ന്യാസിയുമായ ഡോ. അഗസ്റ്റിന്‍ മുല്ലൂരിന്റെ ‘കര്‍മലീത്തരും കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മിക നവീകരണവും’ എന്ന ലേഖനം അതിനാല്‍തന്നെ വിശിഷ്ടമെന്നേ പറയേണ്ടൂ. കേരളസഭയില്‍ ഇന്നും ജീവസുറ്റ വിശ്വാസപ്രകടനങ്ങളായി നില്ക്കുന്ന ജപമാലഭക്തി, ഉത്തരീയഭക്തി, മേയ്മാസവണക്കം, തിരുഹൃദയവണക്കം, നാല്പതുമണി ആരാധന, കുടുംബപ്രാര്‍ഥന തുടങ്ങി അനേകം കര്‍മലീത്താ സംഭാവനകളെക്കുറിച്ചാണ് ഈ പ്രബന്ധം വിവരിക്കുന്നത്.
1682-ല്‍ വരാപ്പുഴയില്‍ ആരംഭിച്ച് 1866-ല്‍ പുത്തന്‍പള്ളിയിലും 1932-ല്‍ മംഗലപ്പുഴയിലും 1938-ല്‍ കാര്‍മല്‍ഗിരിയിലും 1960-ല്‍ വടവാതൂരിലുമായി നീളുന്ന കേരളത്തിലെ കര്‍മലീത്താ വൈദികപരിശീലന കേന്ദ്രങ്ങളെകുറിച്ചുള്ള ചരിത്രവസ്തുതകളുടെ ശരിക്കാഴ്ചയാണ് ‘കര്‍മലീത്ത മിഷണറിമാരും കേരളത്തിലെ വൈദിക പരിശീലനവും’ എന്ന ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പിലിന്റെ ലേഖനം. മംഗലപ്പുഴ-കാര്‍മല്‍ഗിരി സെമിനാരികളെ അനശ്വരമാക്കിയ രണ്ടു മഹത്വ്യക്തികളായ ധന്യരായ ഔറേലിയനച്ചനും സഖറിയാസച്ചനും കര്‍മലാരാമത്തിലെ അപൂര്‍വപുഷ്പങ്ങളായി വിരാജിക്കുന്നു.
‘കര്‍മലീത്താ സാഹിതിയും പ്രസാധനമേഖലയും’ എന്ന ശീര്‍ഷകത്തിലാണ് ഡോ. പ്രിമൂസ് പെരിഞ്ചേരി തന്റെ ചിന്തകളവതരിപ്പിക്കുന്നത്. 1869-ല്‍ കൂനമ്മാവില്‍ സംസ്ഥാപിതമായ അമലോത്ഭവ മാതാവിന്റെ അച്ചുകൂടത്തില്‍ നിന്നും 1876-ല്‍ വെളിച്ചം കണ്ട ‘സത്യനാദകാഹളം’ എന്ന കേരളക്കരയിലെ ലക്ഷണയുക്തമായ പ്രഥമ വൃത്താന്തപത്രത്തില്‍ നിന്നു തുടങ്ങുന്നു കര്‍മലീത്തരുടെ സാഹിത്യ-പ്രസാധന മേഖലയിലെ സംഭാവനകള്‍. 1894-ല്‍ മഞ്ഞുമ്മലില്‍ ആരംഭിച്ച് 1897-ല്‍ പൂര്‍ത്തിയാക്കിയ കേരളസഭയുടെ പ്രഥമ കത്തോലിക്കാ സുവിശേഷ വിവര്‍ത്തനവും കര്‍മലീത്താ സന്ന്യാസികളുടേതാണ് എന്നത് ഏറെ അഭിമാനത്തോടെയേ സ്മരിക്കാനാവൂ.
കേരളത്തിലെ വിദ്യാഭ്യാമേഖലയിലെ കര്‍മലീത്താ പൈതൃകാവലോകനമാണ് ‘ജ്ഞാനവ്യവസ്ഥയിലെ സമഗ്രവിപ്ലവം: സാര്‍വത്രിക വിദ്യാഭ്യാസത്തിനു പള്ളിക്കൂടം ശൃംഖലകള്‍’ എന്ന ഡോ. ട്രീസാ സി.എസ്.എസ്.ടിയുടെ പ്രബന്ധം. സാര്‍വത്രിക വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിച്ച 1856-ലെ ബെര്‍ണര്‍ദീനോ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ പള്ളിക്കൊപ്പം പള്ളിക്കൂടം കല്പന മുതല്‍ ദൈവദാസി മദര്‍ ഏലീശ്വായാല്‍ സ്ഥാപിതമായ സി.ടി.സി. സഭാ സമൂഹത്തിന്റെയും ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലീമ സ്ഥാപിച്ച സി.എസ്.എസ്.ടി സഭയുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമെല്ലാം ഈ ലേഖനത്തില്‍ ചരിത്രാധിഷ്ഠിതമായി വ്യാഖ്യാനിക്കപ്പെടുന്നു.
മലയാളഭാഷയുടെ മാധ്യമചരിത്രം തുടങ്ങുന്നത് കൂനമ്മാവില്‍ നിന്ന് 1876-ല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ സത്യനാദകാഹളം എന്ന ദ്വൈവാരികയില്‍ നിന്നാണെന്നും അതിന്റെ മുഖ്യശില്പിയും പ്രഥമ പത്രാധിപരുമായിരുന്നത് ഫാ. ലൂയിസ് വൈപ്പിശ്ശേരി ടി.ഒ.സി.ഡി.യുമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് ‘നവോത്ഥാനത്തിന്റെ മുദ്രാങ്കനങ്ങള്‍: സാമൂഹിക മാറ്റത്തിന്റെ നിദര്‍ശനങ്ങള്‍’ എന്ന പ്രസിദ്ധ തിരക്കഥാകൃത്തും ചിന്തകനുമായ ജോണ്‍ പോളിന്റെ ലേഖനം. നമ്മുടെ സാംസ്‌കാരിക സ്രോതസില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠവ്യക്തിത്വങ്ങളെ അര്‍ഹമായ സ്ഥാനത്തു പ്രതിഷ്ഠിക്കേണ്ടത് സഭയുടെയും സമുദായത്തിന്റെയും മാത്രമല്ല, പൊതുസമൂഹത്തിന്റെ കൂടി ബാധ്യതയാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
‘തദ്ദേശീയ സന്ന്യാസസഭകളുടെ വളര്‍ച്ചയില്‍ മിഷണറിമാരുടെ പങ്ക്’ എന്ന തലക്കെട്ടിലെ പ്രബന്ധം ഡോ. സൂസി കിണറ്റിങ്കല്‍ സി.ടി.സി.യുടേതാണ്. കേരളത്തിലെ ആദ്യ സന്ന്യാസസഭയായ സീറോമലബാര്‍ റീത്തിലെ അമലോത്ഭവ ദാസസംഘം (ഇന്നത്തെ സി.എം.ഐ), ലത്തീന്‍ റീത്തിലെ വൈദികര്‍ക്കായുള്ള കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭ (റ്റി.ഒ.സി.ഡി – ഇന്നത്തെ ഒ.സി.ഡി. മഞ്ഞുമ്മല്‍ പ്രൊവിന്‍സ്), ദൈവദാസി മദര്‍ ഏലീശ്വയാല്‍ സ്ഥാപിക്കപ്പെട്ട കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭ (ടി.ഒ.സി.ഡി – ഇന്നത്തെ സി.ടി.സി, സി.എം.സി. സന്ന്യാസിനീ സമൂഹങ്ങള്‍) എന്നിവ കര്‍മലീത്താക്കാരനായ ബെര്‍ണര്‍ദീനോ ബച്ചിനെല്ലി പിതാവിന്റെ പരിപാലനയില്‍ വളര്‍ന്നു വികസിച്ചവയാണ്. കര്‍മ്മലീത്താക്കാരനായ മെല്ലാനോ മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കാര്‍മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ സമൂഹം (സി.എസ്.എസ്.ടി.) സ്ഥാപിക്കപ്പെട്ടത് എന്ന് ഡോ. സൂസി വ്യക്തമാക്കുന്നു.
‘മൗറേലിയൂസ് സ്തബിലീനിയുടെ പത്തേന്തിയും ബെര്‍ണര്‍ദീനോ ബച്ചിനെല്ലിയുടെ കല്പനകളും – ഒരു ഓര്‍മപുതുക്കല്‍’ എന്ന ശീര്‍ഷകത്തില്‍ കര്‍മലീത്താക്കാരായ രണ്ടു മെത്രാപ്പോലീത്തമാരുടെ സംഭാവനകള്‍ ഡോ. മോളി ഫെലിക്‌സ് അനുസ്മരിക്കുന്നു. ഏതദ്ദേശീയ കര്‍മലീത്താ കുടുംബങ്ങളും അവരുടെ സംഭാവനകളുമാണ് ഡോ. സഖറിയാസ് കരിയിലക്കുളം ഒ.സി.ഡി. പഠനവിധേയമാക്കുന്നത്.
സസ്യശാസ്ത്രരംഗത്തെ സൂര്യതേജസ്സായി കാലം അടയാളപ്പെടുത്തിയ മത്തേവൂസ് പാതിരിയെകുറിച്ചും അദ്ദേഹത്തിന്റെ അനശ്വരകൃതിയായ ഹോര്‍ത്തൂസ് മലബാറിക്കൂസിനെകുറിച്ചുമാണ് ശ്രീ. എഫ്. ആന്റണി പു
ത്തൂരിന്റെ ലേഖനം. ‘ഹോര്‍ത്തൂസ് മലബാറിക്കൂസും ചാത്യാത്ത് പള്ളിയും’ എന്ന വിഷയത്തില്‍ ഡോ. ചാള്‍സ് ഡയസും, ‘ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീനോ ബച്ചിനെല്ലി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മുന്നോടി,’ ‘ഭാരതത്തിലെ കര്‍മ്മലീത്താക്കാരുടെ ബൈബിള്‍ മേഖലയിലെ സംഭാവനകള്‍ – മഞ്ഞുമ്മല്‍ പുതിയനിയമം (18971940)’ എന്നീ വിഷയങ്ങളില്‍ ഡോ. അഗസ്റ്റിന്‍ മൂല്ലൂര്‍ ഒ.സി.ഡിയുടെ രണ്ടു ലേഖനങ്ങളും ഈ ഗ്രന്ഥത്തിന് മാറ്റുകൂട്ടുന്നു. ‘ഭാരതത്തിലെ കര്‍മലീത്താക്കാരുടെ പ്രേഷിതസംഭാവനകള്‍’ എന്ന വിഷയത്തില്‍ ഡോ. ട്രീസാ സി.എസ്.എസ്.ടിയുടെ മറ്റൊരു ലേഖനവും ഈ ഗ്രന്ഥത്തില്‍ കാണാനാവും.
കര്‍മലീത്താ സഭയുടെ കേരളത്തിലെ 400 വര്‍ഷങ്ങളുടെ ചരിത്രം കേരളത്തിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ അവിഭാജ്യഭാഗമാണ്. കേരളത്തില്‍ കത്തോലിക്കാസഭയുടെ ഇന്നുള്ള നിറസാന്നിധ്യത്തിനുതന്നെ കാരണക്കാരായവര്‍ കര്‍മലീത്താക്കാരാണെന്ന തിരിച്ചറിവ് എന്തുകൊണ്ടും വസ്തുതാപരമാണ്. അതിനാല്‍ ‘കേരളത്തിന്റെ കര്‍മ്മലീത്താ പൈതൃകം’ എന്ന ഈ വിശിഷ്ഠഗ്രന്ഥം കേരള ക്രൈസ്തവര്‍ വായിച്ചിരിക്കേണ്ടതുതന്നെ.


Related Articles

ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം

വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്‌നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ

എത്രമാത്രം ക്ഷമിക്കാം…

കഴിഞ്ഞവര്‍ഷം കെനിയയിലാണ് ഈ സംഭവം നടക്കുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. പക്ഷേ മൂന്നു കുട്ടികളായപ്പോഴേയ്ക്കും സ്‌നേഹം വിദ്വേഷത്തിന് വഴിമാറി. തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെട്ട് പെനിയയുടെ ഭര്‍ത്താവ് സാമുവല്‍

കുടുംബ സംഗമ വേദിയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം സെൽഫിയെടുത്ത് 12 വയസ്സുകാരി

ഡബ്ലിനിൽ ക്രോക്ക് പാർക്കിലെ കുടുംബ സംഗമ വേദിയിൽ പാപ്പയോടൊപ്പം സെൽഫി എടുക്കുവാൻ 12 വയസ്സുകാരി അലിസൺ നവിനു ഭാഗ്യം ലഭിച്ചു. പാപ്പയെ കാണുവാൻ വേദിയിലേക്ക് അനുവാദം ലഭിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*