Breaking News

കേരളത്തെ രാഹുല്‍ ഗാന്ധി ആശ്ലേഷിക്കുമ്പോള്‍

കേരളത്തെ രാഹുല്‍ ഗാന്ധി ആശ്ലേഷിക്കുമ്പോള്‍

പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നു സ്വയം വിശേഷിപ്പിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ ഏറ്റവും പിന്നാക്ക മേഖലയിലെ ഒരു ലോക്‌സഭാ മണ്ഡലത്തെ തന്റെ രാഷ്ട്രീയ ഭാഗധേയവുമായി കൂട്ടിയിണക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങുമാറൂറ്റം കൊള്ളാനെന്തിരിക്കുന്നു എന്ന് ഇടതുപാര്‍ട്ടികള്‍ വിറളിപൂണ്ട് ചോദിക്കുന്നത് വെറുതെയല്ല. പതിനേഴാം ലോക്‌സഭയില്‍ ദേശീയ ബദലിന്റെ സ്ഥിതി എന്തുമാകട്ടെ, വയനാട്ടിലെ രാഹുലിന്റെ അങ്കപുറപ്പാട് നിനച്ചിരിക്കാതെ കേരളരാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിക്കുകയാണെന്ന് അവര്‍ക്ക് നന്നായറിയാം. ഇമ്മിണി ബല്യ പുകില്‍ തന്നെയാണത്.
ദേശീയ പൊതുതെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് യുഡിഎഫ് പൊതുവേ മേല്‍ക്കൈ നേടാറുണ്ട്. എന്നാല്‍ ഇക്കുറി ഇരുപതില്‍ ഇരുപതു സീറ്റും തൂത്തുവാരാനുള്ള സാഹചര്യമാണ് രാഹുലിന്റെ രംഗപ്രവേശത്തോടെ സംജാതമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. തരംഗം, ഊര്‍ജം, ഉത്തേജനം, ഉണര്‍വ്, ആവേശം, ചലനം, അലയൊലി, അനുരണനം, കോളിളക്കം, ചരിത്രനേട്ടം, തകര്‍പ്പന്‍ മുന്നേറ്റം തുടങ്ങിയ പദാവലികൊണ്ടു വിവക്ഷിക്കാവുന്നതിലും ആഴവും പരപ്പും അര്‍ഥവ്യാപ്തിയും ബഹുതല മാനങ്ങളുമുള്ള ഈ പ്രതിഭാസത്തിന്റെ പ്രഭാവം പശ്ചിമഘട്ടത്തിനപ്പുറവും അനുഭവവേദ്യമാകാതിരിക്കില്ല. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും, അതിനോടു ചേര്‍ന്നുള്ള കോഴിക്കോട്, വടകര, കണ്ണൂര്‍, മലപ്പുറം മണ്ഡലങ്ങളിലും, വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ മൈസൂരു-കുടക്, ചാമരാജനഗര്‍, തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലങ്ങളിലും മാത്രമല്ല ആന്ധ്രപ്രദേശിലും തെലങ്കാനയിലും പോണ്ടിച്ചേരിയിലും ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലാകെ ഓളം സൃഷ്ടിക്കാന്‍ പോന്ന രാഷ്ട്രീയ കരുനീക്കവുമാണിത്.
സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഏതുവിധേനയും ചുവടുറപ്പിക്കാന്‍ വഴിതേടി നടന്ന ബിജെപിക്കും സംഘപരിവാറിനും ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആചാരസംരക്ഷണം മുന്‍നിര്‍ത്തി മണ്ഡല മകരവിളക്കു തീര്‍ഥാടനകാലത്തടക്കം സംസ്ഥാനവ്യാപകമായി നാമജപഘോഷയാത്രയും ഹര്‍ത്താലുകളും അതിക്രമങ്ങളും അറസ്റ്റുവരിക്കലും ഉപവാസസമരവുമൊക്കെ നടത്തി തങ്ങളുടെ വര്‍ഗീയ അജന്‍ഡ അവതരിപ്പിക്കാന്‍ പിണറായി വിജയന്റെ ഇടതുമുന്നണി സര്‍ക്കാര്‍ അവസരമൊരുക്കികൊടുത്തു. സാമുദായിക ധ്രുവീകരണത്തിലൂടെ ബിജെപി മുന്നേറ്റം നടത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ചോരുകയും അവര്‍ കൂടുതല്‍ ദുര്‍ബലപ്പെടുകയും തങ്ങളുടെ നില അങ്ങനെ ഭദ്രമാവുകയും ചെയ്യുമെന്ന അടവുനയമായിരുന്നു പിണറായിയുടേത്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പുതന്നെ സ്ഥാനാര്‍ഥിനിര്‍ണയം നടത്തി പ്രചാരണവുമായി ഏറെ മുന്നോട്ടുനീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി രാഹുലിന്റെ വക വല്ലാത്തൊരു തിരിച്ചടിയുണ്ടായത്.
ഒന്നാം യുപിഎ ഭരണത്തിന് പുറംപിന്തുണ നല്‍കിയതുപോലെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് മൃദുസമീപനം സ്വീകരിക്കാമെന്ന സിപിഎം ധാരണ പശ്ചിമ ബംഗാളില്‍ ഇക്കുറി നടപ്പാക്കാന്‍ കഴിഞ്ഞില്ല. അതും പോരാഞ്ഞാണ് വയനാട്ടിലെ ഈ കൊടുംചതി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബിഹാറിലെ മാധേപുരയില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കുന്ന ലോക്താന്ത്രിക് ജനതാ ദള്‍ നേതാവ് ശരദ് യാദവും എന്‍സിപിയുടെ ശരദ് പവാറും ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിനുമൊക്കെ ദേശീയ സഖ്യ സാധ്യതകളില്‍ ഇടതുപക്ഷത്തെ ഒപ്പം നിര്‍ത്തേണ്ടതിന്റെ ആവശ്യകത രാഹുലിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവത്രെ. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ ശക്തി വീണ്ടെടുത്ത് പരമാവധി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന രാഹുലിന്റെ തന്ത്രത്തിന്റെ സാമാന്യ യുക്തിയെ ആര്‍ക്കാണ് ചോദ്യം ചെയ്യാനാവുക!
സ്വതന്ത്രരെയും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിപ്പിച്ച് ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നിലനിര്‍ത്താനുള്ള നിര്‍ണായക പോരാട്ടത്തിലാണ് സിപിഎം. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് സിപിഎം, സിപിഐ എന്നിവ കാഴ്ചവയ്ക്കുന്നതെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതിന്റെ പ്രസക്തി തന്നെ ഇല്ലാതാകും. അതിനാല്‍ ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെ മുഖ്യശത്രു ബിജെപിയല്ല, രാഹുല്‍ ഗാന്ധിയാണ്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നാണംകെട്ട തോല്‍വി ഉറപ്പായതിനാലാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടുന്നത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും ബിജെപിയുടെ ദേശീയ അധ്യക്ഷനും ഒരേ സ്വരത്തില്‍ പറയുന്നത്. ഹൈന്ദവ ഭൂരിപക്ഷമുള്ള ഉത്തരേന്ത്യന്‍ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ധൈര്യമില്ലാതെ തെന്നിന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ അഭയം തേടിയിരിക്കയാണ് രാഹുലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ആക്ഷേപിക്കുന്നു. ഉത്തരേന്ത്യയില്‍ സുരക്ഷിതമായ ഒരു മണ്ഡലം പോലും കോണ്‍ഗ്രസിനില്ലെന്നും വയനാട്ടില്‍ മുസ്‌ലിം ലീഗിന്റെ കാലുപിടിച്ച് ന്യൂനപക്ഷത്തിന്റെ വോട്ടു തേടുന്ന ഗതികേടിലാണ് ആ ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനെന്നും കേരളത്തിലെ സിപിഎം, സിപിഐ നേതാക്കളും ബിജെപിയും പറയുന്നു. പരാജയപ്പെട്ട രാഷ്ട്രീയക്കാരനെന്നു രാഹുലിനെ വിശേഷിപ്പിക്കുന്ന സിപിഎം മുഖപത്രം മോദിയുടെ തരംതാണ ശൈലിയില്‍ ‘പപ്പു’ എന്ന പരിഹാസപ്പേരും വിളിച്ച് ആക്ഷേപിക്കുന്നുണ്ട് (‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ടൈക്ക്’). ഇത്ര കഠിനമായ വിദ്വേഷപ്രകടനം ഇടതുപക്ഷത്തിന്റെ അങ്കലാപ്പിന്റെ ആഴമാണ് വെളിവാക്കുന്നത്.
ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപിയെയും പുലയ മഹാസഭയെയും മറ്റു ചില സാമുദായിക സംഘടനകളെയും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഒന്നിച്ചുകൂട്ടി നവോത്ഥാന പെണ്‍മതിലിന്റെ ലോകാത്ഭുതം തീര്‍ത്ത് കോണ്‍ഗ്രസിനെ ഒരു മൂലയ്ക്ക് ഒതുക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയിലായിരുന്നു പിണറായി വിജയനും കൂട്ടരും. സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനയിലെ ഗ്രൂപ്പുവഴക്കും ചേരിതിരിവും നേതൃത്വത്തിന്റെ പോരായ്മകളും വിഭവശോഷണവും, കേരള കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം ഉള്‍പ്പെടെ യുഡിഎഫ് മുന്നണിയിലെ പ്രതിസന്ധികളുമെല്ലാം രാഹുലിന്റെ വരവോടെ അപ്രസക്തമാവുകയാണ്. പാര്‍ട്ടി ഫണ്ടിനും ഇനി പഞ്ഞമുണ്ടാകാനിടയില്ല.
അമ്മയും മുത്തശ്ശിയും സ്വീകരിച്ച ദ്വിമണ്ഡല മാര്‍ഗത്തിലേക്കു രാഹുല്‍ പോകുന്നതിനെ സിപിഎം പരമ പുച്ഛത്തോടെയാണ് കാണുന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരഭ്രഷ്ടയായ ഇന്ദിരാ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബരേലി മണ്ഡലത്തിനു പകരം കര്‍ണാടകയിലെ ചിക്കമഗലൂരുവില്‍ മത്സരിച്ചാണ് 1978 ഒക്‌ടോബറിലെ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചുവന്നത്. 84ല്‍ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആന്ധ്രപ്രദേശിലെ (ഇന്നത്തെ തെലങ്കാന) മേഡക്ക് മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. സോണിയാ ഗാന്ധി 1999ല്‍ കര്‍ണാടകയിലെ ബെള്ളാരിയില്‍ സ്ഥാനാര്‍ഥിയായി ബിജെപിയുടെ സുഷമാ സ്വരാജിനെ പരാജയപ്പെടുത്തി. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിലും യുപിയിലെ വാരാണസിയിലും സ്ഥാനാര്‍ഥിയായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഒരേ സമയം മൂന്നു മണ്ഡലത്തില്‍ വരെ മത്സരിച്ചിരുന്നു. സഞ്ജയ് ഗാന്ധി 1980ല്‍ അമേഠി മണ്ഡലം സ്വന്തമാക്കിയതിനുശേഷം ഒരിക്കല്‍ മാത്രം (98ല്‍ ബിജെപിയുടെ സഞ്ജയ് സിംഗ് കോണ്‍ഗ്രസിന്റെ സതീശ് ശര്‍മ്മയെ 23,270 വോട്ടിനു തോല്പിച്ചു) കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈവെടിഞ്ഞിട്ടുള്ള അമേഠിയില്‍ 2004 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം വന്‍ വിജയം നേടിയിട്ടുള്ള രാഹുല്‍ ഗാന്ധി വയനാട് സ്വന്തം മണ്ഡലമായി നിലനിര്‍ത്തി അമേഠി പ്രിയങ്ക ഗാന്ധിക്കായി വിട്ടുകൊടുക്കുമെന്നും സൂചനയുണ്ട്.
വയനാട് മണ്ഡലത്തിലെ ജനസംഖ്യയില്‍ മുസ്ലീംകള്‍ 48 ശതമാനം വരും. മുസ്ലീംകള്‍ക്കും ക്രൈസ്തവര്‍ക്കും മാത്രമല്ല ആദിവാസികള്‍ക്കും അധഃസ്ഥിത പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്കും നിര്‍ണായക വോട്ടവകാശമുണ്ടിവിടെ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ വീണ്ടെടുക്കലും ലക്ഷ്യം വച്ചുകൊണ്ടുള്ള മുന്നേറ്റമാകും പാര്‍ട്ടി ആസൂത്രണം ചെയ്യുക.
കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏറ്റവും കനത്ത നാശനഷ്ടം സംഭവിച്ച മേഖലയാണ് വയനാട്. കാപ്പി, കുരുമുളക് കൃഷിക്കാരുടെ പ്രതിസന്ധിയും, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാരും ആദിവാസികളും മറ്റു പിന്നാക്കക്കാരും അധിവസിക്കുന്ന മേഖല എന്ന നിലയില്‍ നേരിടുന്ന അവഗണനയും ദുരിതങ്ങളും പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗിയെക്കാള്‍ ഒരുപക്ഷെ രാഹുലിനൊപ്പം ചുരം കയറിയെത്തുന്ന ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചെന്നിരിക്കും. ടൂറിസം വികസനത്തിന് ഉത്തേജനം പകരുന്ന ദേശീയ, രാജ്യാന്തര പബ്ലിസിറ്റി ഈ രാഷ്ട്രീയ മാമാങ്കത്തോടൊപ്പം വയനാടിനു ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ മലയോര മണ്ഡലത്തിന്റെ പ്രതിഛായ അപ്പാടെ മാറാന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ല. പാര്‍ലമെന്റില്‍ കേരളത്തിനുവേണ്ടി അനുഭാവപൂര്‍വം സംസാരിക്കാന്‍ രാഹുലിനെ പോലുള്ള ഒരു ദേശീയ നേതാവുണ്ടെങ്കില്‍ സൈദ്ധാന്തിക വരട്ടുവാദക്കാര്‍ക്ക് പിന്നെ എന്തു പ്രസക്തി?


Tags assigned to this article:
rahul gandhiwayanad

Related Articles

പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ലോക്ഡൗണിന് ശേഷം

കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.  ലോക്ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക്ഡൗണ്‍ മെയ്

രാജാവ്‌ നഗ്നനാണ്‌!

“രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണമായ സംഭവമാണിത്‌. സുപ്രീംകോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണ്‌ പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്‌. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍

നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍

മുന്നൂറു കൊല്ലം മുമ്പ് രസികന്‍ ശ്ലോകമെഴുതിയ കുഞ്ചന്‍നമ്പ്യാരെക്കുറിച്ചല്ല പറയുന്നത്. കോടതി വഴി ഉന്നത പൊലീസുകാരെ ക്ഷയും മയും പറയിപ്പിച്ച നമ്പി നാരായണനെക്കുറിച്ചാണ്, കരുണാകരനെക്കുറിച്ചും മക്കളെക്കുറിച്ചുമാണ്…തമ്പുരാക്കന്മാരെ പൊറുക്കേണം. എല്ലാം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*