കേരളമക്കള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സാന്ത്വനം

കേരളമക്കള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സാന്ത്വനം

വത്തിക്കാന്‍ സിറ്റി: പ്രളയക്കെടുതികളുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളോട് ഫ്രാന്‍സിസ് പാപ്പാ ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച മധ്യാഹ്നത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തിലെ ചത്വരത്തില്‍ ത്രികാലപ്രാര്‍ഥനയുടെ അന്ത്യത്തിലാണ് പരിശുദ്ധ പിതാവ് കേരളത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചത്.
‘പ്രിയ സഹോദരങ്ങളേ, ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ് കേരളത്തിലെ ജനങ്ങള്‍. കനത്തമഴ മൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വന്‍തോതില്‍ ജീവനഷ്ടം വരുത്തിയിട്ടുണ്ട്; ധാരാളം പേരെ കാണാതായി. അതിലേറെപ്പേര്‍ ഒറ്റപ്പെട്ട് അപകടാവസ്ഥയില്‍ നാടിന്റെ പല ഭാഗത്തും കഴിയുന്നു. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. തോരാമഴ മൂലമുണ്ടായ വീടുകളുടെ നഷ്ടവും വിളനാശവും ഭയാനകമാണ്. അതിനാല്‍ കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായങ്ങളും രാജ്യാന്തര സമൂഹം അവര്‍ക്കു നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു,’ ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
‘ദുരന്തങ്ങള്‍ക്കുമധ്യേ വേദനിക്കുന്ന കേരളമക്കളെ മുന്‍നിരയില്‍ നിന്നു സഹായിക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസംഘടനകളുടെയുംകൂടെ താനുമുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കും ഈ കെടുതിയില്‍ വേദനിക്കുന്ന സകലര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കുന്നു. നമുക്ക് നിശബ്ദമായി പ്രാര്‍ഥിക്കാം,’ പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എല്ലാവരും രണ്ടു നിമിഷം പരിശുദ്ധ പിതാവിനോടൊപ്പം നമ്രശിരസ്‌കരായി നിന്നു പ്രാര്‍ഥിച്ചു. തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥന പാപ്പാ തുടങ്ങിയപ്പോള്‍ വിശ്വാസികള്‍ അതേറ്റുചൊല്ലി കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി അതു സമര്‍പ്പിച്ചു.
‘പ്രളയക്കെടുതിയിലായ കേരളത്തെ രക്ഷിക്കുക,’ ‘കേരളത്തെ സഹായിക്കുക, പ്രാര്‍ഥിക്കുക, പിന്താങ്ങുക’ എന്നിങ്ങനെ എഴുതിയ വലിയ ബാനറുകള്‍ ചത്വരത്തിലെ ജനക്കൂട്ടത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Related Articles

ഉചിതമായ തീരുമാനമെടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യ കത്തോലിക്ക

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തില്‍; ഇനി സമരമാര്‍ഗം…

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ജിയോ ട്യൂബ് ഉഎയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി. ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെല്ലാനം ഇത്തവണയും കടലേറ്റ ഭീഷണിയിലാകും. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*