കേരള ഫ്രാന്‍സിസ് സേവ്യര്‍ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി

കേരള ഫ്രാന്‍സിസ് സേവ്യര്‍ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി

ആത്മീയതയുടെ അളവുകോല്‍, കാണപ്പെടുന്ന സഹോദരങ്ങളോടുള്ള സ്നേഹമാണെന്നു പറഞ്ഞ വിശുദ്ധ അമ്മത്രേസ്യയുടെ മൊഴികള്‍ ജീവിതമാക്കി മാറ്റിയ പുണ്യശ്ലോകനാണ് ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി. പൗരോഹിത്യം അള്‍ത്താരയില്‍ ഒതുങ്ങാനുള്ളതല്ലെന്നും സമൂഹത്തില്‍ സ്നേഹവും സേവനവുമായി തണല്‍ വിരിക്കാനുള്ളതാണെന്നും ഈ പ്രേഷിതശ്രേഷ്ഠന്റെ ജീവിതം പഠിപ്പിക്കുന്നു. ആഗോള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചൈതന്യത്തോടെ ഇന്നത്തെ കോട്ടപ്പുറം, വരാപ്പു
ഴ, കൊച്ചി, ആലപ്പുഴ രൂപതകളുടെ തീരദേശത്തുകൂടെ ഓടിനടന്ന് സുവിശേഷം പ്രസംഗിക്കുകയും അവശര്‍ക്കും ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും ക്രിസ്തുസാന്ത്വനമായി തീരുകയും നല്ല സമറായനായി മാറുകയും ചെയ്ത പുണ്യാന്മാവാണ് തിയോഫിലസച്ചന്‍.

സാമൂഹ്യപ്രവര്‍ത്തന രംഗത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീശാക്തീകരണം, സ്വയം തൊഴില്‍ പദ്ധതികള്‍, സമൂഹ വിവാഹം, ഭവന നിര്‍മ്മാണം, വൃദ്ധജനസംരക്ഷണം, പാവപ്പെട്ടവര്‍ക്ക് ആഹാര സാധനങ്ങള്‍ എത്തിച്ചുനല്‍കല്‍ തുടങ്ങിയവ അര നൂറ്റാണ്ടു മുന്‍പ് ഭംഗിയായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ദീര്‍ഘദര്‍ശിയാണ് അദ്ദേഹം. ജീവിതകാലത്തു തന്നെ ‘പുണ്യാളനച്ചന്‍’ എന്നും, തീക്ഷ്ണതയും പ്രവര്‍ത്തനങ്ങളും കൊണ്ട് ‘കേരള ഫ്രാന്‍സിസ് സേവ്യര്‍’ എന്നും അറിയപ്പെട്ട അദ്ദേഹം റോമില്‍ പോയി സകലയിടങ്ങളിലും ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അധികാരമുള്ള അപ്പസ്തോലിക മിഷണറി പദവി പത്താം പിയൂസ് പാപ്പയില്‍ നിന്ന് കരസ്ഥമാക്കി എന്നറിയുമ്പോള്‍ അദ്ദേഹത്തില്‍ ആളിക്കത്തിയിരുന്ന പ്രേഷിതചൈതന്യം വെളിവാകുന്നുണ്ട്. തിയോഫിലസച്ചന്‍ നിത്യതയിലേക്ക് യാത്രയായിട്ട് ഡിസംബര്‍ 26ന് 73 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കോട്ടപ്പുറം രൂപതയിലെ മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ഇടവകയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കബറിടം അനേകര്‍ക്ക് വിശ്വാസസ്ഥൈര്യത്തിന്റെയും അനുഗ്രഹത്തിന്റെയും പുണ്യസങ്കേതമാണ്. അതിന് സാക്ഷ്യമാണ് അദ്ദേഹത്തിന്റെ കബറിടത്തിനു മുന്‍പിലെ കല്‍വിളക്കില്‍ അണയാതെ കത്തുന്ന എണ്ണത്തിരികള്‍.

അനാഥ ബാല്യം

ഭാരത ക്രൈസ്തവ പാരമ്പര്യത്തോളം പഴക്കമുള്ള മുസിരിസ് പദ്ധതി പ്രദേശത്ത് എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് ഗ്രാമത്തിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. അന്നത്തെ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ പാണ്ടിപ്പിള്ളി ജോസഫ്-മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1860 ഒക്ടോബര്‍ 10ന് അദ്ദേഹം ഭൂജാതനായി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമമാണ് ജ്ഞാനസ്നാന സമയത്ത് നല്‍കപ്പെട്ടത്. ആ ശിശു മാതാപിതാക്കളുടെ പരിലാളനയില്‍ ദൈവഭക്തിയിലും ആത്മീയ ചൈതന്യത്തിലും വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അക്കാലത്ത് പടര്‍ന്നുപിടിച്ച കോളറ സേവ്യറിന്റെ മാതാപിതാക്കളുടെ ജീവനപഹരിച്ചു. ശൈശവത്തില്‍ അനാഥത്വം പേറേണ്ടിവന്ന സേവ്യര്‍ തുടര്‍ന്ന് പള്ളിപ്പുറത്ത് പടമാടന്‍ കുടുംബത്തില്‍പ്പെട്ട പിതാമഹന്റെയും മാതാമഹിയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. ചെറിയ ക്ലാസുകളില്‍ തന്നെ നല്ല അച്ചടക്കമുള്ള വിദ്യാര്‍ത്ഥിയായിരുന്ന സേവ്യറിനെ മാതൃകയായി അധ്യാപകര്‍ ഉയര്‍ത്തികാണിച്ചിരുന്നു.

അനാഥ ബാല്യംഭാരത ക്രൈസ്തവ പാരമ്പര്യത്തോളം പഴക്കമുള്ള മുസിരിസ് പദ്ധതി പ്രദേശത്ത് എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് ഗ്രാമത്തിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. അന്നത്തെ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ പാണ്ടിപ്പിള്ളി ജോസഫ്-മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1860 ഒക്ടോബര്‍ 10ന്അദ്ദേഹം ഭൂജാതനായി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമമാണ് ജ്ഞാനസ്നാന സമയത്ത് നല്‍കപ്പെട്ടത്. ആ ശിശു മാതാപിതാക്കളുടെ പരിലാളനയില്‍ ദൈവഭക്തിയിലും ആത്മീയ ചൈതന്യത്തിലും വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അക്കാലത്ത് പടര്‍ന്നുപിടിച്ച കോളറ സേവ്യറിന്റെ മാതാപിതാക്കളുടെ ജീവനപഹരിച്ചു. ശൈശവത്തില്‍ അനാഥത്വം പേറേണ്ടിവന്ന സേവ്യര്‍ തുടര്‍ന്ന് പള്ളിപ്പുറത്ത് പടമാടന്‍ കുടുംബത്തില്‍പ്പെട്ട പിതാമഹന്റെയും മാതാമഹിയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. ചെറിയ ക്ലാസുകളില്‍ തന്നെ നല്ല അച്ചടക്കമുള്ള വിദ്യാര്‍ത്ഥിയായിരുന്ന സേവ്യറിനെ മാതൃകയായി അധ്യാപകര്‍ ഉയര്‍ത്തികാണിച്ചിരുന്നു.

മുത്തച്ഛന്‍ വിശുദ്ധരുടെ ജീവചരിത്രവും സന്മാര്‍ഗകഥകളും കൊണ്ട് അവന്റെ കുഞ്ഞുമനസ് നിറച്ചു. അദ്ദേഹത്തിന്റെ കൈകളില്‍ തൂങ്ങി അവന്‍ പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയിലെത്തി ദിവ്യബലിയില്‍ സംബന്ധിച്ചുവന്നു. അവനില്‍ ദൈവിളിയുടെ വിത്തുകള്‍ നാമ്പെടുത്തു തുടങ്ങി. മാതൃഭക്തനായ സേവ്യര്‍ കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്ന് സന്ന്യാസ വൈദികനാകാന്‍ തീരുമാനമെടുത്തു. 1878ല്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയില്‍ യോഗാര്‍ത്ഥിയായി. ആശ്രമത്തില്‍ പ്രാര്‍ത്ഥനയിലും തപശ്ചര്യകളിലും സേവ്യര്‍ മുന്നേറിക്കൊണ്ടിരുന്നു. തിയോഫിലസ് എന്ന നാമം സ്വീകരിച്ച അദ്ദേഹം 1886ല്‍ ലെയോനാര്‍ദ് മെല്ലാനോ മെത്രാപ്പോലീത്തയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

ഇടവകകളിലേക്ക്

വൈദികനായ ശേഷം ഫാ. തിയോഫിലസ് ലത്തീനില്‍ ആഴമായ പാണ്ഡിത്യം നേടി. ‘ലെറീസ്’ എന്ന ഖണ്ഡകാവ്യം അദ്ദേഹം ലത്തീനില്‍ രചിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ആശ്രമത്തില്‍ ലത്തീന്‍ ഭാഷാധ്യാപകനായും പ്രസംഗപരിശീലകനായും സേവനം ചെയ്തു. പരന്ന വായനയിലൂടെ വലിയ ജ്ഞാനവും അദ്ദേഹം ആര്‍ജിച്ചെടുത്തു.രൂപതാ വൈദികരുടെ അഭാവത്തില്‍ സന്ന്യാസ വൈദികരെ ഇടവകകളുടെ ചുമതല ഏല്പിക്കുക അന്നും ഇന്നും സാധാരണമാണ്. പാണ്ടിപ്പിള്ളിയച്ചനും അവിഭക്ത വരാപ്പുഴ അതിരൂപതയില്‍ പനങ്ങാട് സെന്റ് ആന്റണീസ്, കാര മൗണ്ട് കാര്‍മ്മല്‍, മതിലകം സെന്റ് ജോസഫ് ഇടവകകളില്‍ വികാരിയായി ശുശൂഷചെയ്തിട്ടുണ്ട്. ജപമാല, വണക്ക മാസാചരണം തുടങ്ങിയ പാരമ്പര്യ ക്രൈസ്തവ വിശ്വാസാചാരങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന അന്നത്തെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ബര്‍ണാര്‍ഡ് അര്‍ഗുയിന്‍സോണിസിന്റെ തീരുമാനങ്ങള്‍ ഇടവകകളില്‍ നടപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധവച്ചു. ഓരോ കുടുംബത്തിലെയും അംഗങ്ങളെ പേരെടുത്തു വിളിക്കാന്‍ തക്ക ബന്ധം അദ്ദേഹത്തിന് ഇടവകകളിലുണ്ടായിരുന്നു. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ദരിദ്രനെന്നോ സമ്പന്നനെന്നോ പാപിയെന്നോ വിശുദ്ധനെന്നോ നോക്കാതെ സര്‍വജനത്തിന്റെയും ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. അദ്ദേഹത്തിന്റെ ഭവന സന്ദര്‍ശനങ്ങള്‍ സമ്പന്നനില്‍ നിന്ന് ദരിദ്രനിലേക്ക് പങ്കുവയ്പിന്റെ പാലം പണിയുന്ന അനുഭവമായി മാറി. ഒരു കയ്യില്‍ വടിയും മറുകയ്യില്‍ ഭിക്ഷാപാത്രവുമായി അലഞ്ഞ് കിട്ടുന്നതെല്ലാം അടുപ്പു പുകയാത്ത വീടുകളിലേക്ക് എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സേവനം ചെയ്ത ഇടവകകളിലെ കാരണവന്മാര്‍ക്ക് അവരുടെ മാതാപിതാക്കളും മുന്‍തലമുറയും വാമൊഴിയായി പങ്കുവച്ച സുഗന്ധമൂറുന്ന ഒരുപിടി അനുഭവങ്ങളും സംഭവങ്ങളും പാണ്ടിപ്പിള്ളിയച്ചനെക്കുറിച്ച് പറയാനുണ്ട്.

മിഷനറി അപ്പസ്തോലിക്ക്

ആദ്യം സന്ന്യാസാശ്രമത്തിലും പിന്നീട് ഇടവകകളിലുമാണ് തിയോഫിലസച്ചന്‍ തന്റെ പൗരോഹിത്യ ശുശൂഷ നിര്‍വഹിച്ചത്. എന്നാല്‍ ഇടവകയുടെ അതിര്‍ത്തി വരമ്പുകളെല്ലാം ഭേദിച്ച് സ്വതന്ത്രമായി സഞ്ചരിച്ച് സുവിശേഷപ്രഘോഷണം നടത്താനുള്ള ഉല്‍കടമായ ആഗ്രഹം അദ്ദേഹം എന്നും മനസില്‍ സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് പനങ്ങാട് ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ 1907ല്‍ പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് ഈ ആഗ്രഹം ഉണര്‍ത്തിക്കാന്‍ റോമിലേക്കു തിരിക്കുന്നത്. ഗോവയില്‍ നിന്നാണ് റോമിലേക്ക് കപ്പല്‍ കയറിയത്. പത്താം പിയൂസ് പാപ്പസ്വതന്ത്രമായി എവിടെയും ചെന്ന് പ്രേഷിതപ്രവര്‍ത്തനം നടത്താനള്ള ‘മിഷനറി അപ്പസ്തോലിക്ക്’ എന്ന അധികാരപത്രം നല്കി അദ്ദേഹത്തെ അനുഗ്രഹിച്ചു. കേരളത്തിലെവിടെയും പോയി ദിവ്യബലിയര്‍പ്പിക്കാനുള്ള അനുവാദം അതിലൂടെ അച്ചന് സിദ്ധിച്ചു.

നാട്ടില്‍ തിരിച്ചെത്തിയ ഫാ. പാണ്ടിപ്പിള്ളി ഇന്ന് കോട്ടപ്പുറം രൂപതയുടെ ഭാഗമായ മടപ്ലാതുരുത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. കാര, അഴീക്കോട്, പള്ളിപ്പുറം. വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി തുടങ്ങി ആലപ്പുഴ വരെ തീരദേശത്തുകൂടെ അച്ചന്‍ തന്റെ പ്രേഷിത വീഥി രൂപപ്പെടുത്തി. ഈ പ്രദേശങ്ങളിലെല്ലാം വചനവിത്ത് വിതച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ച് ജ്ഞാനസ്നാനം നല്കി. അതുപോലെ ധാരാളം ഉപവിപ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടി കാല്‍ നടയാത്ര ചെയ്ത അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും ആത്മീയതയും തുളുമ്പിനിന്ന ജീവിതം ഒരു പ്രകാശഗോപുരം കണക്കെ തൂവെളിച്ചം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. മടപ്ലാതുരുത്തില്‍ ഭവനരഹിതരെ വീടുണ്ടാക്കി പാര്‍പ്പിച്ച അച്ചന് സ്വന്തമായി വീടുണ്ടായിരുന്നില്ല. എത്തിപ്പെടുന്ന ഇടങ്ങളില്‍ തന്നെ അദ്ദേഹം അന്തിയുറങ്ങി.പലപ്പോഴും ബോട്ടും പീടികത്തിണ്ണയും വീടുകളുടെ ചാര്‍ത്തും മരത്തണലുകളുമൊക്കെയായിരുന്നു അച്ചന്റെ സങ്കേതങ്ങള്‍. ഭക്ഷണത്തിലും വസ്ത്രത്തിലും സംസാരത്തിലും ലാളിത്യം നിഴലിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ രുചി അനുഭവപ്പെട്ടാല്‍ രുചിയില്ലാതാക്കാന്‍ അതില്‍ വെള്ളമോ ഉപ്പോ കൂടുതല്‍ ചേര്‍ക്കുമായിരുന്നു. ആശയടക്കം എന്ന പുണ്യം എല്ലായ്പ്പോഴും പാണ്ടിപ്പിള്ളിയച്ചന്‍ അഭ്യസിച്ചിരുന്നു.

തൊഴില്‍ പരിശീലനം

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉതകുന്ന പല പരിപാടികളും പാണ്ടിപ്പിള്ളിയച്ചന്‍ ആവിഷ്‌ക്കരിച്ചു. സ്വയം തൊഴില്‍ പഠിപ്പിച്ച് സ്വയം പര്യാപ്തരാകുക എന്ന ലക്ഷ്യത്തോടെ കയറുപിരി, തയ്യല്‍, ബേക്കറി പണി, നെയ്ത്ത്, മത്സ്യബന്ധനം, മത്സ്യസംസ്‌കരണം തുടങ്ങി ഒട്ടനവധി തൊഴില്‍ മേഖലകളിലേക്ക് ജനങ്ങളെ അച്ചന്‍ നയിച്ചു. വിവാഹപ്രായമെത്തിയിട്ടും പണമില്ലാത്തതിനാല്‍ വിവാഹം നടക്കാത്ത പെണ്‍ട്ടികളെ കണ്ട് മനസലിഞ്ഞ് മൂന്നു തവണ സമൂഹ വിവാഹം നടത്തി. മദ്യത്തിന് അടിമപ്പെട്ടിരുന്ന കടലിന്റെ മക്കളെ സന്ദര്‍ശിച്ച് ബോധവത്കരിക്കാന്‍ പരിശ്രമിച്ചു. വര്‍ഷക്കാലത്ത് സമ്പന്നരില്‍ നിന്ന് ഭിക്ഷയാചിച്ച് ചെറുവഞ്ചിയില്‍ സ്വയം തുഴഞ്ഞ് ദരിദ്രകുടംബങ്ങളില്‍ വിഭവങ്ങള്‍ എത്തിക്കുമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിനു വളരാനാകു എന്നു മനസിലാക്കി പാവപ്പെട്ടവരുടെ മക്കളെ പള്ളികൂടങ്ങളിലേക്കും ആശാന്‍ കളരികളിലേക്കും നയിച്ചു.

താഴ്ന്ന ജാതിയില്‍ പെട്ടവരെയും പാണ്ടിപ്പിള്ളിയച്ചന്‍ ജ്ഞാനസ്നാനപ്പെടുത്തി. കോട്ടപ്പുറത്തും മടപ്ലാതുരുത്തിലും അനാഥശാലകള്‍ സ്ഥാപിച്ചു. സൗദി, മാനാശേരി, കാട്ടിപ്പറമ്പ്, ചെറിയകടവ്, കണ്ണമാലി, കണ്ടകടവ്, ചെല്ലാനം, മുണ്ടംവേലി, പളളിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ച് അവിടെ നിന്നു കിട്ടുന്ന പണമാണ് അനാഥശാലകളുടെ നടത്തിപ്പിനായി വിനിയോഗിച്ചത്. അന്തേവാസികള്‍ക്ക് വേദോപദേശവും സന്മാര്‍ഗപഠനങ്ങളും നല്‍കാന്‍ രണ്ട് സഹോദരിമാരെ നിയമിച്ചു. അച്ചന്‍ വിദൂര ഭിക്ഷാടനം നടത്തുന്ന സമയത്ത് അച്ചന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മകളായ മറിയത്തിനായിരുന്നു അനാഥശാലയുടെ ചുമതല. വരാപ്പുഴ കര്‍മ്മലീത്താ മഠത്തില്‍ നിന്ന് അനാരോഗ്യം മൂലം തിരിച്ചുപോന്നതായിരുന്നു മറിയം.

സഹനങ്ങളിലൂടെ അവസാനകാലം

ജീവിതകാലം മുഴുവന്‍ അവിരാമകര്‍മ്മിയായിരുന്നു പാണ്ടിപ്പിള്ളിയച്ചന്‍. ജീവിതം മുഴുവന്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സുവിശേഷമാക്കി മാറ്റാന്‍ ഓടിനടന്നു ആ കര്‍മ്മയോഗി. അദ്ദേഹത്തിന്റെ കര്‍മനിരതയെ തടഞ്ഞുനിര്‍ത്തിയത് എണ്‍പത്തിയേഴാം വയസില്‍ പുറത്തുണ്ടായ ചുടുകുരുപോലുള്ള ഒരു പരുവായിരുന്നു. അതു വലുതായി പഴുത്ത് പൊട്ടാന്‍ തുടങ്ങി. അത് അച്ചന്റെ ശരീരത്തെയാകെ തളര്‍ത്തി. മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയുടെ കിഴക്കേ വശത്തുകൂടി ഒഴുകുന്ന പുറംതോടിന്റെ മറുകരയിലുള്ള പാറക്കാട്ട് ചുമ്മാര് ളൂവിസിന്റെ ഭവനത്തിന്റെ ചാര്‍ത്തിലായിരുന്നു അപ്പോള്‍ അച്ചന്റെ വാസം. അച്ചന് സഭാവസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. വേദന സഹിച്ച് രോഗക്കിടക്കയില്‍ കമിഴ്ന്നുകിടന്നപ്പോഴും ”എന്റെ ഈശോയെ” എന്ന നാമം അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. ദിവസവും കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നഴ്സെത്തി മുറിവ് വൃത്തിയാക്കി നീളത്തിലുള്ള തുണി മരുന്നില്‍ മുക്കി മുറിവില്‍ വയ്ക്കുമായിരുന്നു. സഹിക്കാനാവാത്ത വേദനയില്‍ പുളയുന്ന അച്ചനോട് ആരെങ്കിലും ആശ്വാസവാക്കു പറഞ്ഞാല്‍ ”എനിക്ക് ഈ മുറിപ്പാടല്ലേ സഹിക്കേണ്ടതുള്ളൂ, എന്നാല്‍ എന്റെ ഈശോ തല മുതല്‍ കാല്‍പാദം വരെ നിറയെ മുറിവേറ്റവനല്ലേ” എന്നു പറയുമായിരുന്നു. സഹനങ്ങളുടെ കാല്‍വ രിയാത്രക്കിടയില്‍ 1947 ഡിസംബര്‍ 26ന് 87-ാം വയസില്‍ പാണ്ടിപ്പിള്ളിയച്ചന്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായി.വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി വിദേശപര്യടനത്തിലായിരുന്നതിനാല്‍ വികാരി ജനറല്‍ മോണ്‍. അലക്സാണ്ടര്‍ ലന്തപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാരകര്‍മങ്ങള്‍ നടന്നത്.

പുണ്യാളച്ചന്റെ കല്ലറയിലെ പ്രാര്‍ത്ഥന

മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ കബറിടം. അദ്ദേഹത്തിന്റെ സുകൃതജീവിതത്തിന് സാക്ഷികളായ ജനങ്ങള്‍ കബറിടത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം ആ പുണ്യചരിതന്റെ മാധ്യസ്ഥ്യത്തിന്റെ പരിമളം അനുഭവിക്കാനും കഴിഞ്ഞു. ജീവിത പ്രതിസന്ധിയില്‍ ”പുണ്യാളച്ചന്റെ കല്ലറയില്‍” പ്രാര്‍ത്ഥിക്കുന്ന പതിവ് ഈ പ്രദേശത്ത് രൂപപ്പെട്ടു. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് മുതല്‍ 26 വരെ പുണ്യശ്ലോകന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിവരുന്നു. ജീവിതകാലത്ത് അച്ചന്‍ അന്നമായി കൂടെ കൊണ്ടുനടന്നിരുന്ന വറുത്ത അരി നേര്‍ച്ചയായി നല്കുന്നു. ഈ പുണ്യാന്മാവിന്റെ സ്മരണാര്‍ത്ഥം മടപ്ലാതുരുത്തു പള്ളിയില്‍ ഒരു പാരിഷ് ഹാള്‍ നിര്‍മിച്ചിട്ടുണ്ട്. അച്ചന്‍ ഉപയോഗിച്ചിരുന്ന സ്പൂണും ഫോര്‍ക്കും തൂവാലയും മരപ്പെട്ടിയും കൂടെ കൊണ്ടുനടന്നിരുന്ന കുരിശുരൂപവും പൂജ്യവസ്തുക്കളായി മടപ്ലാതുരുത്ത് പള്ളിയില്‍ സൂക്ഷിക്കുന്നുണ്ട്.

ജീവിതകാലത്ത് തന്നെ അനേകം അത്ഭുതങ്ങള്‍ ദൈവം പാണ്ടിപ്പിള്ളിയച്ചന്‍ വഴി പ്രവര്‍ത്തിച്ചു എന്നാണ് വാമൊഴിയായി പ്രചരിച്ചിട്ടുള്ളത്. ”ചാഴി വിലക്ക്” നടത്തുന്നതിന് ദൂരദേശത്തു നിന്നു പോലുംആളുകള്‍ അച്ചനെ തേടിയെത്തിയിരുന്നു. പിശാചുബാധയൊഴിപ്പിക്കാനും അച്ചന്റെ സഹായം അന്വേഷിച്ചെത്തി. കടല്‍ തീരത്തെ അത്ഭുതകരമായ മീന്‍പിടുത്ത കഥയും പ്രസിദ്ധമാണ്. സമാനമായ അനേകം അത്ഭുത സംഭവങ്ങള്‍ അച്ചനെ സംബന്ധിച്ച് നാട്ടില്‍ പ്രചാരത്തിലുണ്ട്. 2004ല്‍ അച്ചന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച മൂന്നു കുട്ടികള്‍ക്ക് ദിവ്യദര്‍ശനം ലഭിച്ച അനുഭവമുണ്ടായി. ആ കാലഘട്ടം മുതല്‍ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ഇന്ന് അച്ചന്റെ കബറിടം അനേകര്‍ക്ക് ആശ്വാസവും അഭയകേന്ദ്രവുമായി മാറിക്കഴിഞ്ഞു. അപേക്ഷിച്ചാല്‍ പാണ്ടിപ്പിള്ളിയച്ചന്‍ ഉപേക്ഷിക്കില്ല എന്ന വിശ്വാസം ജനമനസുകളില്‍ രൂഢമൂലമായി കഴിഞ്ഞു. സ്വര്‍ഗത്തിലിരുന്ന് തങ്ങളുടെ വിഷമസന്ധിയില്‍ ഇടപെടുന്ന ”ഞങ്ങളുടെ പുണ്യാളനച്ചനെ” സഭ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന പ്രത്യാശയുമായി വലിയൊരു ജനത പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
theofilius pandipally

Related Articles

”ചരിത്രവും സാംസ്‌കാരിക പൈതൃകവും നിലനില്പിന്റെ ഉപാധികള്‍”

എറണാകുളം: സംസ്ഥാനത്ത് നവോത്ഥാന ചരിത്രത്തിന് പുതിയ അവകാശികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെയും സമുദായത്തിന്റെയും ചരിത്രവും സാംസ്‌കാരിക പൈതൃകവും കാത്തുപാലിക്കേണ്ടത് സാമൂഹിക നിലനില്പിനും സ്വത്വബോധത്തിന്റെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വരാപ്പുഴ

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾ ക്ക് 5 ലക്ഷം വീതം

നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്  സര്‍ക്കാര്‍ ജോലി നല്‍കാന്‍

നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*