കൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍

കൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍

പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളുടെ പെരുമഴക്കാലത്ത് പ്രകാശം പരത്തുന്ന മനുഷ്യക്കൂട്ടായ്മയുടെ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ തരളഹൃദയരാക്കുന്നു. പരസ്‌നേഹം, സാഹോദര്യം, ദയ, കാരുണ്യം, ഔദാര്യം, കരുതല്‍, ത്യാഗം, ധീരത, പൗരബോധം തുടങ്ങി നന്മയുടെ പര്യായവാഴ്‌വുകളുടെ ജീവല്‍ദൃഷ്ടാന്തങ്ങള്‍ ഈ ഇരുണ്ട കര്‍ക്കടകത്തിലും ചിങ്ങനിലാവായി തെളിയുന്നുണ്ട്.
അതിതീവ്രതയോടെ തോരാതെ പെയ്യുന്ന മഴയും അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിട്ട വെള്ളവും, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം കൂടിച്ചേര്‍ന്ന് കേരളം ദുരിതങ്ങളുടെ വന്‍കരയായി മാറിയിരിക്കയാണ്. വീടും കുടിയും കിടപ്പാടവും കൃഷിയിടവും തൊഴിലിടവും ജീവനോപാധികളും പണിയായുധങ്ങളും ജീവിതസമ്പാദ്യവുമെല്ലാം കൊടുംനാശത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നത് നിസഹായരായി നോക്കിനില്‍ക്കേണ്ടിവന്ന പതിനായിരകണക്കിന് ആളുകള്‍ ഇനിയും കുറെനാള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ട ദൈന്യാവസ്ഥയിലാണ്. മലയാളക്കര ഒരു നൂറ്റാണ്ടിനിടയില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് നമ്മള്‍ സാക്ഷികളാകുന്നത്.
മലയോര മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ എമ്പാടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് ക്രമാതീതമായ തോതില്‍ ഉയര്‍ന്നതും കനത്ത ആശങ്ക ഉണര്‍ത്തി. അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടാന്‍ തുടങ്ങിയതോടെ നദികളും പുഴകളും നിറഞ്ഞ് കരയില്‍ വെള്ളം കയറി. വടക്കന്‍ ജില്ലകളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ചുരങ്ങളിലും മലയോരപാതകളിലും ഗതാഗതം തടസപ്പെട്ടു. ആഴ്ചകളോളം വെള്ളപ്പൊക്കത്തിലാണ്ടിരുന്ന ആലപ്പുഴയിലെ കുട്ടനാട്ടിലും മറ്റും വീണ്ടും വെള്ളം പൊങ്ങി.
ഇത്രമേല്‍ കഠോരമായ ദുരിതാനുഭവം ഇന്നു ജീവിച്ചിരിക്കുന്ന മലയാളികളുടെ സംഘസ്മൃതിയിലുണ്ടാവാനിടയില്ല. പ്രകൃതിദുരന്തത്തിന്റെ അതീവഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് രാഷ്ട്രീയ ഭിന്നതകളും സാമുദായിക, വര്‍ഗീയ വേര്‍തിരിവുകളും മറന്ന്, ആര്‍ത്തിയുടെയും സ്വാര്‍ഥതയുടെയും ഉപഭോഗതൃഷ്ണകളുടെയും ലൗകികഭ്രമങ്ങളുടെയും ആനന്ദാസക്തികളുടെയും മോഹവലയങ്ങള്‍ താല്‍ക്കാലികമായെങ്കിലും വെടിഞ്ഞ് കേരളീയര്‍ ഒറ്റക്കെട്ടായി നിലനില്പ്പിന്റെയും അതിജീവനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും മുക്തിമാര്‍ഗത്തിലേക്ക് തിരിയുന്നുവെന്നത് പ്രത്യാശ ഉണര്‍ത്തുന്നു. ഈ കൊടുംദുരന്തങ്ങള്‍ നമ്മെ തളര്‍ത്തരുത്. വെള്ളമിറങ്ങി ആശ്വാസത്തിന്റെ വെയില്‍ പരക്കുമ്പോള്‍ നാം ഈ യാതനകളുടെ മൗലിക കാരണങ്ങള്‍ ഓര്‍ത്തെടുക്കാനും മറക്കരുത്. പ്രകൃതിയോട് നമ്മള്‍ ചെയ്ത അപരാധങ്ങള്‍ക്ക് എങ്ങനെയെല്ലാം പ്രായശ്ചിത്തം ചെയ്യണമെന്നും സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനപ്രമാണം പ്രകൃതിസംരക്ഷണമാണെന്നും നമ്മുടെ കുഞ്ഞുങ്ങളെങ്കിലും നമ്മോടു പറഞ്ഞുതരും എന്ന് പ്രത്യാശിക്കാം. ദുരന്തനിവാരണത്തിന്റെ സാമൂഹികപാഠങ്ങള്‍ കേരളജനത ഇനിയെങ്കിലും പഠിക്കുമെന്ന് ആശിക്കാം.
വീഴ്ചകളുടെയും പരിമിതികളുടെയും അനവധാനതയുടെയും അലംഭാവത്തിന്റെയും കുറ്റാരോപണങ്ങള്‍ മാറ്റിനിര്‍ത്തുമ്പോഴും ഭരണ തലത്തിലും ഉദ്യോഗസ്ഥ സംവിധാനങ്ങളിലും കൂടുതല്‍ കാര്യക്ഷമവും ജാഗ്രതാപൂര്‍ണവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ സമഗ്രവീക്ഷണവും നയസമീപനങ്ങളും പുനരധിവാസത്തിന്റെ ഉത്തമ മാതൃകകളും അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ ഗൗരവം ബോധ്യപ്പെട്ടെന്ന് ദുരിതക്കെടുതികള്‍ നേരിട്ടുകണ്ട കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്ര പഠനസംഘവും വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ കാര്യത്തിലെന്നപോലെ സാങ്കേതിക കാരണങ്ങളാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന നിലപാടാണ് കേന്ദ്രം വീണ്ടും സ്വീകരിക്കുന്നതെങ്കില്‍, അതീവ ഗുരുതരസ്വഭാവമുള്ള ദുരന്തത്തിന്റെ നിര്‍വചനത്തില്‍പെടുത്തിയെങ്കിലും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ന്യായമായ തുക അടിയന്തരമായി അനുവദിക്കണം.
സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം ചേര്‍ന്ന് വിവിധ സാമൂഹിക സേവന വിഭാഗങ്ങളും സന്നദ്ധ സംഘടനകളും ചെയ്തുവരുന്ന സംഘടിത ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയും മറ്റും ദേശീയ പ്രസ്ഥാനങ്ങളും കേരളത്തിലെ വിവിധ രൂപതകളിലെ സാമൂഹിക സേവന വകുപ്പുകള്‍ മുതല്‍ ഇടവക യൂണിറ്റുകള്‍ വരെയും സംയോജിതവും സംഘടിതവുമായ ദുരിതാശ്വാസ നടപടികള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുവിശേഷമൂല്യങ്ങള്‍ വീണ്ടെടുക്കാനും സാമൂഹികജീവിതത്തിന്റെ ഉദാത്ത മാതൃകകളെ പ്രോജ്ജ്വലിപ്പിക്കാനും ഏറ്റവും നിസഹായരും നിലാരംബരുമായവരുടെ പക്ഷത്തുനിന്ന് കരുണാര്‍ദ്രതയോടെ കര്‍മനിരതരാകാനും പ്രത്യാശയില്‍ വളരാനും ഇനിയും നമുക്കു കഴിയണം.


Related Articles

വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: പ്രതിപ്പട്ടികയില്‍ നാല് വൈദീകര്‍

കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും , 8 ലത്തീന്‍ മെത്രാന്മാര്‍ക്കും എതിരെ വ്യാജ്യരേഖ നിര്‍മ്മിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.ഇന്നലെ

ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്

മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്‌. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ

ഓശാന തിരുനാള്‍

റോമന്‍ റീത്തില്‍ ഉപയോഗിക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഓശാന ഞായറാഴ്ച വായിക്കുന്നതിനുവേണ്ടി നല്‍കുന്ന മനോഹരമായ ഒരു വായനയുണ്ട്. അത് എഴുതിയിരിക്കുന്നത് ക്രിറ്റിലെ വിശുദ്ധ അന്ത്രയോസാണ്. കൊറോണ പകര്‍ച്ചവ്യാധിമൂലം ഒരുമിച്ചു കൂടാനും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*