Breaking News

കൊന്തയച്ചന്റെ ദീപ്ത സ്മരണ

കൊന്തയച്ചന്റെ ദീപ്ത സ്മരണ

കുഞ്ഞുനാളിലെ ഓര്‍മകളില്‍ നിറഞ്ഞുനല്ക്കുന്നു വര്‍ണവും വാദ്യവും ഇടകലര്‍ന്ന പള്ളി പെരുന്നാള്‍. ആ ദിവസങ്ങളില്‍ പുലര്‍ച്ചെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്ന സുപരിചിതമായ പ്രാര്‍ഥന ഈണത്തില്‍ മൈക്കിലൂടെ കേള്‍ക്കാം. വിശുദ്ധബലി തുടങ്ങുന്നു എന്ന സന്ദേശമാണ് അപ്പോള്‍ കൊച്ചുമനസിലേക്ക് കടന്നുവരിക. ഈണത്തിലുള്ള ആ പ്രാര്‍ഥന ചൊല്ലല്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ കുളിരുകോരിയിടും. പിന്നെ എത്രയും വേഗം പള്ളിയിലെത്താന്‍ തിരക്കിട്ടു ഒരുങ്ങി ഓട്ടമാണ്. കുര്‍ബാന കൂടാനുള്ള ത്വരയേക്കാള്‍, സ്വതസിദ്ധ ശൈലിയില്‍ ആ പാട്ടുകര്‍ബാന ചൊല്ലുന്നത് കേള്‍ക്കാനാണ് ആ ഓട്ടം. ഞങ്ങള്‍ പിള്ളേര്‍ സെറ്റിന് ഏറ്റവും അടുപ്പവും സ്‌നേഹവുമുള്ള പുരോഹിതനാണ് കുര്‍ബാനയെ മനോഹരമായ അനുഭവമാക്കി മാറ്റുന്നത്-കൊന്തയച്ചന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫാ. പോള്‍ക്രൂസ.്
കുര്‍ബാന തീരുന്നതോടെ ഞങ്ങള്‍ കുട്ടിപ്പട്ടാളം അച്ചനെ വളയും. അപ്പോള്‍ സന്തതസഹചാരിയായ ആ കറുത്ത ബാഗ് തുറന്ന് മുത്തുമണികള്‍ പുറത്തുവരും. രാത്രി മിന്നുന്ന കൊന്ത, മാതാവിന്റെയും അന്തോണീസ് പുണ്യാളന്റെയും ചിത്രങ്ങള്‍, പിന്നെ വല്ലപ്പോഴുമൊക്കെ കാണാന്‍ കിട്ടുന്ന തിളക്കമുള്ള മണിയുള്ള കൊന്തകള്‍, പെന്‍സില്‍, പേന… അങ്ങനെ കുട്ടികളുടെ എണ്ണമനുസരിച്ച് നീണ്ടുപോകും ആ അക്ഷയപാത്രത്തിലെ വിഭവങ്ങള്‍.
സ്വര്‍ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ തുടങ്ങി ഒരു ക്രൈസ്തവവിശ്വാസി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പ്രാര്‍ഥനകള്‍ ഈണത്തില്‍ ഞങ്ങളെ ചൊല്ലിപ്പഠിപ്പിച്ചു തരും. ഞങ്ങള്‍ പോലുമറിയാതെ മനസിലേക്ക് കര്‍ത്താവിന്റെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും ഭക്തിപ്രവാഹം നടക്കുകയായിരുന്നു. അച്ചന് ജപമാല ജീവനായിരുന്നു. പരിശുദ്ധ ജപമാലയുടെ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രചാരകന്‍ ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും ധ്യാനകേന്ദ്രങ്ങളും വ്യാപകമായിട്ടില്ലാതിരുന്ന ആ കാലത്ത്, മേല്പ്പറഞ്ഞ ഭക്തി പ്രചാരവസ്തുക്കളൊക്കെ വില്‍പന ചരക്കാകുന്നതിന് കാലങ്ങള്‍ക്കുമുന്‍പേ നിസ്വാര്‍ഥമായി ഈ വൈദികന്‍ ചെയ്ത മിഷണറി പ്രവര്‍ത്തനം ഞാനടക്കമുള്ള ഒരു തലമുറയുടെ വിശ്വാസജീവിതത്തെ എത്രമാത്രം സ്വാധീനിച്ചെന്ന് പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്.
ജീവിതത്തിലാദ്യമായി ഒരു ജപമാല കൈയില്‍ ലഭിച്ച അനുഭവത്തില്‍ അനേകായിരങ്ങളുടെ സ്മരണകളില്‍ തെളിഞ്ഞു വരുന്ന മുഖം പ്രസന്നവദനനായ ഈ പുരോഹിതന്റേതു തന്നെയാകും. അതിരാവിലെ നാല് മണിക്കുണര്‍ന്ന് മുട്ടുകുത്തി കൈകള്‍ വിരിച്ചുപിടിച്ച് ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്ന അച്ചനെ ഞങ്ങളില്‍ പലര്‍ക്കും നേരിട്ടു കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. അച്ചന്റെ മുന്‍പിലെത്തുന്ന ഒരാളും ഒഴിഞ്ഞ കൈയോ നിറഞ്ഞ മിഴിയോ ആയി തിരികെ പോയിട്ടില്ല.
എന്റെ ഇടവക വികാരിയായിരിക്കുമ്പോള്‍ അച്ചനുമായി അടുത്തിടപെടാന്‍ അവസരം കിട്ടിയിരുന്നു. അദ്ദേഹത്തിന്റെ കത്തിടപാടുകള്‍, പ്രിന്റിങ് ജോലികളില്‍ ഒക്കെ സഹായിക്കുമ്പോള്‍ ബില്ല് തുകയേക്കാള്‍ കൂടുതല്‍ കൈയില്‍ തരും. ‘അച്ചാ ഇത് കൂടുതല്‍ ഉണ്ടല്ലോ’ എന്ന് പറയുമ്പോള്‍ ‘അത് ഇരിക്കട്ടെ, കെസിവൈഎം ഒക്കെയായി മൊത്തം ഓടി നടക്കുകയല്ലേ’, എന്നുപറഞ്ഞ് ചിരിക്കുമായിരുന്നു അച്ചന്‍. സഭാ സമുദായസംഘടനാ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ അവര്‍ അര്‍ഹിക്കുന്ന പരിഗണഗണനയും കരുതലും നല്‍കുന്നതില്‍ അച്ചനെന്നും ശ്രദ്ധിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ട്യൂഷന്‍ സെന്ററില്‍നിന്നു കിട്ടിയിരുന്ന ചെറിയ വരുമാനം മാത്രം ഉണ്ടായിരുന്ന എന്നെ സംബന്ധിച്ച് അച്ചന്റെ സഹായം വലിയ കരുതലായിരുന്നു. കെസിവൈഎം പ്രവര്‍ത്തനവുമായി എല്ലാ ഞായറാഴ്ചയും യൂണിറ്റ് സന്ദര്‍ശനത്തിനൊക്കെ നടക്കാന്‍ കഴിഞ്ഞിരുന്നത് അതുകൊണ്ടു മാത്രമായിരുന്നു.
ജാതി, മത വേര്‍തിരിവുകള്‍ ഇല്ലാതെ കൊല്ലം ജില്ലയിലെയും സമീപ രൂപതകളിലെയും എല്ലാ മനുഷ്യര്‍ക്കും പ്രിയങ്കരനായിരുന്നു അച്ചന്‍. തിരക്കുകള്‍ക്കിടയിലും പരന്ന വായനയ്ക്കും തീക്ഷ്ണമായ സഭാവിശ്വാസ പഠനങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. ധര്‍മ്മരക്ഷാര്‍ത്ഥി, ചിന്തയുടെ തീരങ്ങളില്‍ എന്ന രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്രമജീവിതകാലത്ത് ‘പരിശുദ്ധ അമ്മയുടെ സാന്നിധ്യം കുടുംബജീവിതത്തില്‍’ എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു.
നാട്ടിലെത്തിയാല്‍ ഏറ്റവും നിര്‍ബന്ധമായും കാണേണ്ട പ്രിയപ്പെട്ടവരില്‍ നിന്നും ഒരാള്‍ നഷ്ടമായിരിക്കുന്നു. ഈ നഷ്ടം എന്റേതു മാത്രമല്ല, എന്നെപ്പോലെ ഒരുപാട് പേരില്‍ വേര്‍പാടിന്റെ വേദന നല്‍കി പോള്‍ ക്രൂസ് അച്ചന്‍ നിത്യതയിലേക്ക് പോയിരിക്കുന്നു. ജപമാല മാസത്തിന്റെ പുണ്യദിനത്തിലൊന്നില്‍ അച്ചനെ പരിശുദ്ധ അമ്മ ചേര്‍ത്തുപിടിച്ചു സ്വര്‍ഗരാജ്യത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. ഒരിക്കല്‍ക്കൂടി നേരിട്ട് കാണാന്‍ കഴിയാത്ത വേദനയോടെ പ്രിയ പോള്‍ക്രൂസച്ചന് പ്രണാമം.
(കെസിവൈഎം കൊല്ലം രൂപതാ മുന്‍ പ്രസിഡന്റാണ് ലേഖകന്‍)


Tags assigned to this article:
kontha achanrosary priest

Related Articles

ജോണ്‍ വാനിയെ: ആര്‍ദ്രതയുടെ കൂട്ടായ്മയ്ക്കായി ഒരു പുണ്യജന്മം

കാനഡയിലെ ഗവര്‍ണര്‍ ജനറലിന്റെ മകന്‍. ബ്രിട്ടീഷ് റോയല്‍ നേവിയിലും കാനഡ നാവികസേനയിലും ഓഫിസര്‍. ടൊറന്റോ സെന്റ് മൈക്കിള്‍സ് യൂണിവേഴ്‌സിറ്റി കോളജില്‍ തത്ത്വശാസ്ത്ര അധ്യാപകന്‍. ആറടിയിലേറെ ഉയരമുള്ള അതികായന്‍.

മലയാളത്തെ കപ്പലുകയറ്റിയഒരു പാതിരിയും ലോക വിസ്മയമായ ഒരു മഹാഗ്രന്ഥവും

മലയാളികളുടെ മത, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലെ നവോത്ഥാന പ്രക്രിയകള്‍ക്കെല്ലാം നാന്ദി കുറിച്ച ഉദയംപേരൂര്‍ സൂനഹദോസില്‍ (1599 ജൂണ്‍ 20-26) നിന്ന് ഉടലെടുത്ത അസ്വാസ്ഥ്യങ്ങള്‍ ”മേലില്‍ തങ്ങള്‍ ഈശോസഭക്കാരുടെ

ബോട്ടപകടങ്ങൾ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയ്യാറാകണം കെ എല്‍ സി എ

കടലില്‍ മത്സ്യബന്ധനത്തിനു പേകുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ  അപകടങ്ങള്‍  അതീവ ഗൗരവത്തോടെ  കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ. മുനമ്പം ബോട്ടപകടത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍ക്കായി  തെരച്ചില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*