കൊറോണക്കാലത്തും കൊടികുത്തിവാഴുന്നു ജാതിവിവേചനം

ദളിതരായ ശുചീകരണ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളില്ല
ന്യൂഡല്‍ഹി: കൊറോണവ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍, സാമൂഹ്യ അകലം, ഭക്ഷ്യക്ഷാമം എന്നിവയെക്കാള്‍ ഭയാനകമായി ഇന്ത്യയില്‍ ഇപ്പോഴും ജാതിവിവേചനം തുടരുന്നതായി റിപ്പോര്‍ട്ട്. അന്ധ്രാപ്രദേശിലെ വിജയവാഡയിലെ പട്ടികജാതിക്കാരായ യനാദി ജാതിക്കാരെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍പോലും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞദിവസം ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കിലോമീറ്ററുകളോളം നടന്ന് കടയിലെത്തിയപ്പോള്‍ ഉന്നതജാതിക്കാര്‍ വാങ്ങാന്‍ അനുവദിച്ചില്ലെന്നാണ് ആക്ഷേപം.
പാഴ്വസ്തുക്കള് ശേഖരിച്ച് വിറ്റാണ് യനാദി സമുദായക്കാരില് ഭൂരിഭാഗവും അന്നത്തിന് വക കണ്ടെത്തുന്നത്. താമസിക്കുന്നതാകട്ടെ സ്ഥലത്തെ ക്ഷീര സംസ്കരണ കേന്ദ്രത്തിന് സമീപത്തവും. എന്നാല്‍ താഴ്ന്നജാതിക്കാരാണെന്ന കാരണത്താല്‍ സ്ഥാപന ഉടമകളായ സവര്‍ണര്‍ കുട്ടികള്‍ക്കു നല്‍കാന്‍പോലും ഒരു തുള്ളി പാല് വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സമുദായാംഗങ്ങള്‍ പരിതപിക്കുന്നു.
1950ല്‍ രാജ്യത്തെ ജാതിയുടെ പേരിലുള്ള വിവേചനം നിയമംമൂലം നിര്‍മാര്‍ജനം ചെയ്തെങ്കിലും ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതിവിവേചനം സജീവമായി നിലനില്‍ക്കുന്നുവെന്നാണ് ഇവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണ്
കൊറോണവൈറസിന്റെ വ്യാപനം പല സംസ്ഥാനങ്ങളിലും കീഴാളരുടെ ജീവിതം പരിതാപകരമാക്കി. ഒരു മീറ്റര്‍ സമ്പര്‍ക്ക അകലമാണ് കൊറോണ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് നിഷ്കര്ഷിക്കുന്നതെങ്കില് ജാതിയുടെ പേരില്‍ അനേകം മീറ്ററിന്റെ അകലമാണ് ഇവര്‍ക്ക് സവര്‍ണവിഭാഗങ്ങള്‍ ഇപ്പോഴും വിധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകുന്നില്ലെന്നതാണ് ഏറെ പരിതാപകരം. 1918ല്‍ ഇന്ത്യയില്‍ സ്പാനിഷ് ഫ്ളൂ മഹാമാരിയില്‍ മരിച്ച 170 ലക്ഷം പേരില്‍ ഏറെയും ദളിത് വിഭാഗക്കാരായിരുന്നുവെന്നാണ് ചരിത്ര രേഖകള്‍. ചേരികളില്‍ താസമിച്ചിരുന്ന ദളിതര്‍ക്ക് അന്ന് ഭക്ഷണംപോലും ലഭിച്ചിരുന്നില്ല. താഴ്ന്നജാതിയില്‍പ്പെട്ടവരുടെ മരണനിരക്ക് 6.1 ശതമാനമായി തുടര്‍ന്നപ്പോള്‍ സവര്‍ണരുടെ മരണനിരക്ക് കേവലം 1.9 ശതമാനം മാത്രമായിരുന്നുവെന്ന് ചരിത്രകാരനായ അമിത് കപൂര്‍ ‘റൈഡിങ് ദ ടൈഗര്‍’ എന്ന പുസ്തകത്തില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍പ്രകാരം രാജ്യത്തെ പട്ടികജാതിക്കാരില്‍ പകുതിലേറെയും ഇപ്പോഴും പട്ടിണിയിലാണ്. എന്നാല്‍ ഉന്നത സമുദായക്കാരില് കേവലം 15 ശതമാനത്തിന് താഴെ മാത്രമാണ് സാമ്പത്തിക പരാധീനതകളുള്ളത്.
2014ല്‍ സുനാമി ഉണ്ടായപ്പോള്‍ ശവശരീരങ്ങളും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നീക്കുന്ന ജോലികള്‍ ദളിതരെക്കൊണ്ടാണ് ചെയ്യിപ്പിച്ചത്. എന്നാല്‍ ഇതിന് അര്‍ഹമായ വേതനം നല്‍കിയില്ലെന്ന് മാത്രമല്ല മാനസിക പിന്തുണ നല്‍കാന്‍പോലും തയ്യാറായില്ല. ഇന്ത്യയിലെ ആറുലക്ഷം ഗ്രാമങ്ങളില്‍ പലയിടത്തും പ്രത്യേക ഭാഗമായി (ഒറ്റപ്പെട്ടവിധത്തില്) ദളിതര്‍ താമസിക്കുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ ആനുകൂല്യങ്ങളില്‍ പലതും ഇവര്‍ക്ക് ലഭിക്കുന്നില്ല.കൊറോണവൈറസ് വ്യാപനം തുടരുന്ന വേളയില്‍പോലും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൈയ്യുറകള്‍ പോലും ലഭ്യമാക്കുന്നില്ല. രാജ്യത്തെ ആകെയുള്ള 50 ലക്ഷം ശുചീകരണ തൊഴിലാളികളില്‍ 90 ശതമാനവും ദളിതരാണ്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് വ്യക്തിഗത സംരക്ഷണ കവചങ്ങള്‍, കൈയ്യുറകള്‍, എന്‍ 95 വിഭാഗത്തില്‍പ്പെട്ട മാസ്കുകള്‍ എന്നിവ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുംബൈ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഇനിയും ഇവ നല്‍കിയിട്ടില്ലെന്ന് ദളിത് തൊഴിലാളി യൂണിയന് നേതാവ് സൂര്യ പ്രകാശ് സോളങ്കി പറഞ്ഞു.
തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അവസ്ഥയും മറിച്ചല്ല. ജോലി അവസാനിപ്പിച്ചാല്‍ കുട്ടികളെ പോറ്റാന്‍ വേറെ മാര്‍ഗമില്ല. അതുകൊണ്ടുതന്നെ വൈറസ്ബാധിച്ചാലും ജോലി തുടരുകതന്നെ ചെയ്യുമെന്ന് ബോധഗയയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സനോജ്കുമാര്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും തങ്ങള്‍ക്ക് ലഭിക്കില്ല. ശുചീകരണ തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തങ്ങളുടെ പക്കലില്ല. ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍പോലും തയ്യാറാക്കുന്നില്ല. 22 ശതമാനം ശുചീകരണ തൊഴിലാളികള്‍ക്കും ഇനിയും 12 അക്ക ആധാര്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വാങ്ങുന്നതിന് 33 ശതമാനം പേര്‍ക്കും റേഷന്‍ കാര്‍ഡ് ലഭിച്ചില്ലെന്നും സനോജ്കുമാര്‍ പറയുന്നു.
Related
Related Articles
കറുത്ത മരണത്തിന് മറുപടി നല്കി ഓബര്‍ആമര്‍ഗൗ
പതിനാലാം നൂറ്റാണ്ടില്‍ 200 ദശലക്ഷംയൂറോപ്പുകാരെ ദാരുണമായി കൊന്നൊടുക്കിയ പ്ലേഗ്ബാധ മാനവചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ മഹാമാരിയായി കണക്കാക്കപ്പെടുന്നു. 1346നും 1353നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍, പ്രധാനമായി യൂറോപ്പിലും പിന്നെ
സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് കൊവിഡ്
റിയാദ് : റിയാദ് ഗവര്‍ണര്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലെ അല്‍ സൗദ് രാജകുടുംബത്തിലെ 150 അംഗങ്ങള്‍ക്ക് കൊറോണവൈറസ് പിടിപെട്ടതായി റിപ്പോര്‍ട്ട്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്തര്‍
പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍
അലെപ്പോ: സിറിയയിലെ ഒന്‍പതു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നുവട്ടം കനത്ത മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഇസ്ലാമിക ഭീകരവാഴ്ചയില്‍ പങ്കിലമാക്കപ്പെടുകയും ചെയ്ത അലെപ്പോ നഗരത്തിലെ വിശുദ്ധ ഏലിയായുടെ