കൊറോണക്കാലത്തെ പൊന്നോണം

കൊറോണക്കാലത്തെ പൊന്നോണം

ഓണം മധുരിക്കുന്ന ഒരോര്‍മ
ഓണപ്പൂക്കളും ഓണനിലാവും ഓണക്കോടിയും ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയുമെല്ലാം കൈകോര്‍ക്കുന്ന മഹിമയാര്‍ന്ന ഒരു മഹോത്സവമായിരുന്നു നമ്മുടെ ഓര്‍മ്മകളിലെ പൊന്‍ചിങ്ങത്തിരുവോണം!
ബാലികബാലന്മാരുടെ പൂവിളികളും ആഹ്ലാദാരവങ്ങളും കൊണ്ട് മുഖരിതമായിരുന്നു ആ പൊന്നോണക്കാലം. പാടത്തും പറമ്പിലുമൊക്കെ ചെത്തിപ്പൂവും ചേമന്തിപ്പൂവും കാക്കപ്പൂവും കണ്ണാന്തളിപ്പൂവും ചിറ്റാടപ്പൂവും തുമ്പപ്പൂവും അല്ലിപ്പൂവും മല്ലിപ്പൂവുമൊക്കെ അക്കാലത്ത് പൂത്തുലഞ്ഞുനില്‍ക്കുമായിരുന്നു. ഇത്തരം നാടന്‍പൂവുകളെയാണ് നാം ഓണപ്പൂക്കളെന്ന് വിശേഷിപ്പിച്ചിരുന്നത്.

കൈത്തണ്ടയില്‍ തൂക്കിയിട്ട ഇലത്തൊട്ടിലില്‍ ഓണപ്പൂക്കള്‍ നുള്ളിയെടുത്ത് ജാതിമതഭേദമന്യേ ഓരോ വീട്ടുമുറ്റത്തും നാം ചന്തമുള്ള പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലും മുടങ്ങാതെ പൂക്കളമെഴുതാന്‍ അന്നത്തെ ആളുകള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പൂനുള്ളാന്‍ പോയിരുന്ന ബാലികാബാലന്മാരും പെണ്‍കിടാങ്ങളും രസകരമായ പൂപ്പാട്ടുകള്‍ പാടിയാണ് അക്കാലത്ത് പൂനുള്ളാന്‍  പോയിരുന്നത്.
‘കറ്റക്കറ്റ – കയറിട്ടു
കയറാലഞ്ചു – മടക്കിട്ടു
നെറ്റിപ്പട്ടം – പൊട്ടിട്ടു
കൂടേ ഞാനും  – പൂവിട്ടു
പൂവേ പൊലിപൊലിപൂവേ
പൂവേ പൂപ്പൊലി – പൂവേ’ എന്നു പാടുമ്പോള്‍ ഓരോ മനസ്സിലും ഒരുത്സവത്തിന്റെ പ്രതീതി നാമ്പിടും.

‘തുമ്പപ്പൂവേ – പൂത്തിരുളേ
നാളേയ്ക്കൊരുവട്ടി – പൂതരുമോ
ആയ്ക്കീല – ഈയ്ക്കീല – ഇളം കൊടി പൂക്കീല
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?’ എന്നും മറ്റുമുള്ള ചോദ്യോത്തരരൂപത്തിലുള്ള പൂപ്പാട്ടുകളും അക്കാലത്ത് നാട്ടിന്‍പുറങ്ങളെ കോരിത്തരിപ്പിച്ചിരുന്നു.

‘ഊഞ്ഞാലോ – ചക്കിയമ്മ
ചക്കിയമ്മ – മുട്ടയിട്ടേ
മുട്ടതോണ്ടി – തോട്ടിലിട്ടേ
തോടുവെട്ടി – കൈതനട്ടേ!’
എന്നു തുടങ്ങുന്ന ഊഞ്ഞാല്‍പ്പാട്ടും ഓണത്തിന് കൊഴുപ്പുകൂട്ടിയിരുന്നു.

രസം കൊല്ലിയായി കൊറോണ
എന്നാല്‍ ഇത്തവണ നമ്മുടെ ഓണം കൊറോണയെന്ന മഹാഭൂതത്തിനു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. ഓണക്കാലത്ത് നാം നടത്താറുള്ള പൂക്കളമത്സരങ്ങളും ഉറിയടിമത്സരങ്ങളും വള്ളംകളിയും വടംവലിയുമൊക്കെ ഇല്ലാതായി. ഓണത്തിന് റിലീസ് ചെയ്യുന്ന ഒരു മോഹന്‍ലാല്‍ ചിത്രമോ മമ്മൂട്ടിചിത്രമോ തിയേറ്ററില്‍ പോയിരുന്ന് കുടുംബസമേതം കണ്ടു രസിക്കാമെന്നു വച്ചാല്‍ അതും നടക്കാതായി. ഓണമുണ്ടവയറുമായി മഹാനഗരത്തിലെ പാര്‍ക്കുകളിലേക്കോ ജനത്തിരക്കുള്ള ബീച്ചിലേക്കോ പോകാമെന്നുവച്ചാല്‍ അതും ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. വീട്ടില്‍ത്തന്നെ ഓണമുണ്ട് ടിവിയുടേയോ മൊബൈലിന്റേയോ മുന്നിലിരിക്കുക മാത്രമേ വഴിയുള്ളൂ. എങ്കിലും പഴയ ഓണക്കാലത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഇത് നല്ലൊരവസരമാണ്.

നഷ്ടപൈതൃകം
മലയാളത്തിന്റെ ദേശീയോത്സവമാണ് ഓണമെന്ന് നാം എപ്പോഴും പൊങ്ങച്ചം പറയാറുണ്ട്; അല്ലെ? പക്ഷേ ഇന്ന് മലയാളമെവിടെ? മലയാളിയെവിടെ? മലയാളത്തിന്റെ മഹത്തായ ഓണപ്പൈതൃകമെവിടെ? മലയാളിയെപ്പോലെ ഷര്‍ട്ടും മുണ്ടുമണിയുന്ന പുതിയ തലമുറയെവിടെ? ഓലനും കാളനും അവിയലും എരിശ്ശേരിയും പുളിശ്ശേരിയുമെല്ലാം കൂട്ടി ഓണമുണ്ണുന്ന ചങ്ങാതിമാരെവിടെ? അതെല്ലാം ഇന്ന് അന്യമായിക്കഴിഞ്ഞു.
എന്തിനുപറയുന്നു, വീട്ടിലെ ഓണസദ്യപോലും ഇന്ന് കാറ്ററിംഗ് സര്‍വീസുകാരും ഫാസ്റ്റ്ഫുഡുകാരും ഹോട്ടലുകാരുമൊക്കെയാണ് വിളമ്പുന്നത്. വീട്ടിലെ അടുക്കളയില്‍ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും അമ്മായിയും പേരക്കുട്ടികളുമെല്ലാം ഒരുമിച്ചിരുന്ന് ഇഞ്ചിനന്നാക്കുകയും ചേനനുറുക്കുകയും അച്ചിങ്ങാപ്പയറൊടിക്കുകയും ചെയ്തിരുന്ന ആ പഴയ ഓണക്കൂട്ടായ്മ ഇന്ന് നമ്മുടെ സങ്കല്പത്തില്‍ മാത്രമേയുള്ളൂ.

ഓണം വരാനൊരു മൂലം
വളരെക്കാലം മുമ്പുതന്നെ കേരളീയര്‍ ഓണം ആഘോഷിച്ചിരുന്നതായി സൂചനയുണ്ട്. എ.ഡി. നാലാം നൂറ്റാണ്ടില്‍ രചിച്ച ‘മധുരൈകാഞ്ചി’ എന്ന തമിഴ് കൃതിയില്‍ ഓണാഘോഷത്തെക്കുറിച്ചുള്ള വര്‍ണനയുണ്ട്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം ഒരുമയോടുകൂടി ഓണം കൊണ്ടാടിയിരുന്നുവെന്ന് ‘മധുരൈകാഞ്ചി’ സൂചിപ്പിക്കുന്നു. ഓണക്കോടിയെക്കുറിച്ചും ഓണസ്സദ്യയെക്കുറിച്ചും ഓണത്തല്ലിനെക്കുറിച്ചുമെല്ലാം ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. എ.ഡി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവിയായിരുന്ന ‘തിരുജ്ഞാനസംബന്ധര്‍’ തന്റെ പല കൃതികളിലും ഓണത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിരവധി നാടന്‍ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചുവന്നിരുന്നതായും ഗ്രാമീണര്‍ ഓണപ്പാട്ടുകള്‍ പാടിയിരുന്നതായും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെരിയാഴ്വരുടെ ‘പല്ലാണ്ട്’ എന്ന കൃതിയിലും ഓണത്തിന്റെ മാഹാത്മ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രത്തെളിവ് ‘തിരുവാറ്റുവായ് ശാസനം’ ആണ.് സ്ഥാണുരവി എന്ന പേരുകേട്ട ചക്രവര്‍ത്തിയുടെ പതിനേഴാം ഭരണവര്‍ഷം പൂര്‍ത്തിയായത് എ.ഡി. 856-ലായിരുന്നു. അക്കാലത്ത് ചക്രവര്‍ത്തി പുഞ്ചപ്പാടത്ത് ചേന്നന്‍ ചങ്കരന്‍ എന്നൊരാള്‍ക്ക് ‘ആവണിയോണം’ ആഘോഷിക്കുവാന്‍ എഴുതിക്കൊടുത്ത ‘കച്ചം’ അഥവാ കരാറുകളാണ് ഈ ശാസനത്തില്‍ അടങ്ങിയിരിക്കുന്നത്. പഴയ ഓടനാട്ടില്‍പ്പെട്ട ഒരു പ്രദേശമായിരുന്നു തിരുവാറ്റുവായ്. ഈ ഓടനാടാണ് പില്‍ക്കാലത്ത് കായംകുളമായും ഓണാട്ടുകരയായും പരിണമിച്ചത്. ഓണം ആടുന്ന കരയാണത്രെ ഓണാട്ടുകര. ഓണം ബുദ്ധമത ആഘോഷമായിരുന്നുവെന്ന് വാദിക്കുന്ന ചരിത്രകാരന്മാരും വിരളമല്ല. ഓണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തൃക്കാക്കരയെക്കുറിച്ചു പറയാതെ പോകുന്നത് ശരിയല്ല. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സ്ഥലമാണ് തൃക്കാക്കരയെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഷ്ണുവിന്റെ തൃക്കാല്‍ പതിഞ്ഞ കര എന്ന അര്‍ത്ഥത്തിലാണ് തൃക്കാക്കര എന്ന പേര്‍ ഈ പ്രദേശത്തിന് ലഭിച്ചതത്രെ. ഇവിടത്തെ പ്രതിഷ്ഠ വാമനനായ മഹാവിഷ്ണുവിന്റേതാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളാണ് തൃക്കാക്കരക്ഷേത്രം പണികഴിപ്പിച്ചത്. തിരുവോണക്കാലത്താണ് ഈ ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നത്. ചിങ്ങമാസത്തിലെ അത്തം നാളില്‍ ആരംഭിക്കുന്ന മഹോത്സവം തിരുവോണക്കാലത്ത് സമാപിക്കും. തൃക്കാക്കരയില്‍ ആഘോഷിക്കുന്ന ഈ ഉത്സവം പില്‍ക്കാലത്ത് എല്ലാ വീടുകളിലും കൊണ്ടാടാന്‍ തുടങ്ങിയെന്നും ഇതാണ് ഓണമായി മാറിയതെന്നും പറയപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്: കേരളത്തില്‍ പെരുമാക്കന്മാര്‍ നാടുവാഴുന്ന കാലം. പെരുമാക്കന്മാരെല്ലാം തന്നെ തൃക്കാക്കരയപ്പന്റെ വലിയ ഭക്തന്മാരായിരുന്നു. രാജ്യത്തെ പ്രജകള്‍ സര്‍വ്വരും തിരുവോണ നാളില്‍ ഇവിടെ എത്തിച്ചേരണമെന്നും വാമനോത്സവത്തില്‍ പങ്കെടുക്കണമെന്നും കല്പിച്ചത്രെ. ഈ കല്പന പ്രകാരം തിരുവോണനാളില്‍ ആയിരക്കണക്കായ പ്രജകള്‍ ഇവിടെ വന്ന് ഉത്സവം കൂടുകയും എല്ലാവരും ഒന്നിച്ച് സദ്യയുണ്ട് പിരിയുകയും ചെയ്തിരുന്നത്രെ. ഈ പതിവ് കുറേക്കാലം തുടര്‍ന്നു. എന്നാല്‍ കാലാന്തരത്തില്‍ പലര്‍ക്കും ഉത്സവക്കാലത്ത് തൃക്കാക്കരയില്‍ എത്തിച്ചേരാന്‍ കഴിയാതെയായി. അങ്ങനെയുള്ളവര്‍ തിരുവോണനാളില്‍ വീട്ടുമുറ്റത്ത് മണ്ണുകൊണ്ടുള്ള വാമനരൂപമുണ്ടാക്കിവെച്ച് പൂജിക്കണമെന്നും ഓരോ കുടുംബക്കാരും വീട്ടില്‍ ഒത്തുകൂടി ഓണം ആഘോഷിക്കണമെന്നും പെരുമാള്‍ വിളംബരം പുറപ്പെടുവിച്ചു. അന്നുമുതല്‍ക്കാണത്രെ വീട്ടുമുറ്റത്ത് പൂക്കളമുണ്ടാക്കിവച്ച് ഓണം ആഘോഷിക്കാന്‍ തുടങ്ങിയത്.

ഓണച്ചൊല്ലുകളും ശൈലികളും
ഓണവുമായി ബന്ധപ്പെട്ട അനേകം പഴഞ്ചൊല്ലുകളും ശൈലികളും പ്രചാരത്തിലുണ്ട്. ‘അത്തം പത്തോണം,’ ‘അത്തം കറുത്താല്‍ ഓണം വെളുക്കും,’ ‘കാണം വിറ്റും ഓണമുണ്ണണം,’ ‘ഓണത്തിനിടയില്‍ പൂട്ടുകച്ചോടം,’ ‘ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര,’ ‘ഓണംപോലെയാണോ തിരുവാതിര,’ ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി,’ ‘ഓണം വരാനൊരു മൂലം,’ ‘ഓണക്കറിയില്‍ കാളന്‍ മുമ്പന്‍’ എന്നിങ്ങനെ അര്‍ത്ഥസമ്പുഷ്ടവും രസകരവുമായ നിരവധി ഓണച്ചൊല്ലുകളും ഓണശൈലികളും ഇന്നും നമ്മുടെ വായ്മൊഴികളില്‍ മായാതെ കിടക്കുന്നുണ്ട്.
‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴഞ്ചൊല്ലിന്റെ സാരം മനസ്സിലായോ? കൈവശമുള്ള ഭൂമി വിറ്റിട്ടായാലും ഓണം കെങ്കേമമാക്കണമെന്നാണ് ഇതിലെ സൂചന. ‘ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി’ എന്ന ചൊല്ല്  പാവപ്പെട്ടവന് എക്കാലത്തും നേരിടേണ്ടിവരുന്ന ദൈന്യാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എത്ര വലിയ മഹോത്സവം വന്നാലും താഴെക്കിടയിലുള്ളവരുടെ ജീവിതം നിത്യദുരിതത്തില്‍ത്തന്നെ എന്നാണ് ഇതിലെ ധ്വനി. ഇങ്ങനെ നോക്കിയാല്‍ സാധാരണക്കാരായ ഗ്രാമീണരുടെ മനോവികാരങ്ങളും ഉള്‍ത്തുടിപ്പുകളുമാണ് ഓണച്ചൊല്ലുകളിലും ശൈലികളിലും നിറഞ്ഞുനില്‍ക്കുന്നതെന്നു കാണാം. പച്ചപ്പരിഷ്‌ക്കാരികള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ചില കുഗ്രാമങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവിടം ‘ഓണം കേറാമൂല’ എന്ന പേരിലാണ് അറിയപ്പെടുക. നല്ല നിലയില്‍ കഴിഞ്ഞുവന്ന ഒരാള്‍ക്ക് ജീവിതക്ലേശങ്ങള്‍ വന്നുചേരുമ്പോള്‍ മറ്റുള്ളവര്‍ പറയും ‘ഓണമുണ്ട വയറേ ചൂളേം പാടി കെട’ എന്ന്. ഇത്രയും നാള്‍ സമൃദ്ധമായി കഴിഞ്ഞതല്ലെ? ഇനി കുറേനാള്‍ അടങ്ങിയൊതുങ്ങി കിടന്നോളൂ എന്നൊരു സാമൂഹിക പരിഹാസം കൂടി ഇതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്.

ഓണക്കാലത്തെ നാടന്‍ കലാരൂപങ്ങള്‍
ഓണക്കാലത്തു മാത്രം അരങ്ങേറുന്ന നിരവധി കലാരൂപങ്ങളും നാടന്‍കളികളും നമ്മുടെ ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഓണത്താര്‍, ഓണപ്പൊട്ടന്‍, ഓണേശ്വരന്‍, ഓണക്കുമ്മാട്ടി, ഓണപ്പുലി തുടങ്ങിയവയൊക്കെ നമുക്കു സുപരിചിതങ്ങളാണ്. ‘ഓണത്താര്‍’ ഉത്തരകേരളത്തിലും ‘ഓണപ്പൊട്ടന്‍’ വള്ളുവനാട്ടിലും കാണുന്ന അനുഷ്ഠാന കലാരൂപങ്ങളാണ്. ഓണത്താറിന്റെയും ഓണപ്പൊട്ടന്റെയും വേഷംകെട്ടിയ പാരമ്പര്യ കലാകാരന്മാര്‍ വീടുകള്‍തോറും കയറിയിറങ്ങി ആടിയും പാടിയും കുടുംബക്കാരെ രസിപ്പിക്കും. കുടുംബക്കാര്‍ അവര്‍ക്ക് ‘ദക്ഷിണ’ നല്‍കി സന്തോഷിപ്പിക്കും. മിണ്ടാട്ടമില്ലാത്ത ‘തെയ്യം’ ആയതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്നു പേരുവന്നത്.
ഓണപ്പന്ത്, ഓണത്തല്ല്, ഓണവില്ലടി, ഓണത്തായമ്പക, കുമ്മികളി, കുമ്മാട്ടിക്കളി, തുമ്പിതുള്ളല്‍, ഓണത്തുള്ളല്‍, ഊഞ്ഞാലാട്ടം, കോലാട്ടം, കിളിത്തട്ട്, വള്ളംകളി എന്നിങ്ങനെ നിരവധി വിനോദങ്ങള്‍ ഓണക്കാലത്ത് അവതരിപ്പിക്കപ്പെട്ടിരുന്നു. ഇന്നും കേരളത്തിലെ പല ഗ്രാമങ്ങളിലും ഇവ നിലനില്‍ക്കുന്നുവെന്നത് നമ്മെ സന്തോഷിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
കുന്നംകുളം ഭാഗത്ത് ഓണത്തല്ല് ഇന്നും സജീവമാണെത്രെ. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും രണ്ടാം ഓണദിവസം അരങ്ങേറുന്ന പുലികളി വളരെ പ്രസിദ്ധമാണ്. ഓരോ ഗ്രാമത്തില്‍ നിന്നും തൃശ്ശൂര്‍ നഗരത്തിലെത്തുന്ന ഓണപ്പുലികള്‍ തപ്പുമേളത്തിന്റേയും തകിലുമേളത്തിന്റേയും അകമ്പടിയോടെ ചാടിമറിഞ്ഞു കളിക്കുന്നതു കാണാന്‍ ആയിരക്കണക്കായ ജനങ്ങള്‍ തിങ്ങിക്കൂടാറുണ്ട്. പക്ഷേ കൊറോണയെപ്പേടിച്ച് ഇത്തരം കലാരൂപങ്ങളൊന്നും ഇത്തവണ അരങ്ങിലെത്തുകയില്ല. എന്തിനുപറയുന്നു; ചീറിപ്പാഞ്ഞുവരുന്ന ഓണപ്പുലിക്കള്‍ക്കുപോലും ഇത്തവണ മടകളില്‍ത്തന്നെ കഴിയേണ്ടതായി വരും.
ഓണക്കാലത്ത് കേരളത്തിലെ ജലാശയങ്ങളില്‍ നടന്നുവരുന്ന ജലോത്സവങ്ങളും ഏറെ ശ്രദ്ധേയമാണ്. ആലപ്പുഴയിലെ നെഹ്‌റുട്രോഫി വള്ളംകളി, കൊടുങ്ങല്ലൂര്‍ -കോട്ടപ്പുറം വള്ളംകളി എന്നിവയൊക്കെ കൂടുതല്‍ പ്രസിദ്ധമാണ്. എങ്കിലും അവര്‍ക്കും കൊറോണയുടെ മുന്നില്‍ പത്തിമടക്കേണ്ടതായി വന്നു.

ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് അത്തം നാള്‍ തൃപ്പൂണിത്തുറയില്‍ നടത്തപ്പെടുന്ന അത്തച്ചമയ ഘോഷയാത്ര പോലും ഇത്തവണ ഉപേക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഒന്നു പറയാം;  എത്ര വലിയ പ്രളയം വിഴുങ്ങിയാലും കൊറോണ ഭൂതം ഏതെല്ലാം മട്ടില്‍ അഴിഞ്ഞാടിയാലും മലയാളമക്കള്‍ അതിനെയെല്ലാം അതിജീവിക്കും. ഓണത്തിന്റെ വര്‍ണപ്പൊലിമയും സുഗന്ധവും ചൈതന്യവും കാത്തുസൂക്ഷിക്കാന്‍ ഒരേ മനസ്സോടെ നമ്മള്‍ക്കും മുന്നോട്ടുനീങ്ങാം. മലയാളിക്ക് ഓണത്തോളം വലിയ ഉത്സവം വേറെയില്ല.

 


Related Articles

കെഎല്‍സിഎ ‘സാന്ത്വനസ്പര്‍ശം’ ക്യാമ്പുകള്‍

കോട്ടപ്പുറം: കെഎല്‍സിഎ സാന്ത്വനസ്പര്‍ശം എന്ന പേരില്‍ പ്രളയബാധിതര്‍ക്കായി ചെറായി ജപമാല രാജ്ഞി ദൈവാലയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് എസ് ശര്‍മ എംഎല്‍എ ഉദ്ഘടനം ചെയ്തു. മഞ്ഞുമാതാ ബസിലിക്ക

മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി

റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ ചിരപുരാതനമായ വരാപ്പുഴ അതിരൂപതയുടെ പ്രാഗ്‌രൂപമായി 1659 ഡിസംബര്‍ 3ന് സ്ഥാപിതമായ (The Madras Catholic Directory,1887, Pg.138) മലബാര്‍ വികാരിയത്തിന്റെ പ്രഥമ

എല്ലാവര്‍ക്കും എല്ലാമായി അനുപമനായ ഒരാള്‍

എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്ന ഒരാള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരിക തീര്‍ത്തും സ്വാഭാവികം. ജാതി, മതഭേദങ്ങളെപ്പോലും ഉല്ലംഖിച്ച ആ സ്വീകാര്യതയായിരുന്നു പുണ്യശ്ലോകനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹിതജീവിതത്തിന്റെ മുഖമുദ്രകളിലൊന്ന്. ജീവിതകാലത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*