കൊറോണക്കാലത്ത് തപാല്‍ വോട്ടിനായി കാത്തിരിക്കുമ്പോള്‍

കൊറോണക്കാലത്ത് തപാല്‍ വോട്ടിനായി കാത്തിരിക്കുമ്പോള്‍

കൊറോണവൈറസ് മഹാമാരിയുടെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍ നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലവും ഇന്ത്യയില്‍ ഒക്ടോബര്‍ 28ന് ആരംഭിച്ച് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലവും കേരളത്തില്‍ ഡിസംബറില്‍ നടക്കുമെന്നു കരുതുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനെയോ 2021 മേയില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനെയോ ഏതെങ്കിലും തരത്തില്‍ ബാധിക്കാനിടയില്ലെങ്കിലും ലോകത്തിലെ ജനാധിപത്യ ഭരണവ്യവസ്ഥയിലെ കൊറോണക്കാലത്തെ ഏറ്റവും വലിയ സമ്മതിദാന പ്രക്രിയയുടെ ആധികാരികതയും വിശ്വാസ്യതയും, ബലഹീനതകളും വീഴ്ചകളുമൊക്കെ അതില്‍ പ്രതിഫലിക്കാതിരിക്കില്ല. ദേശീയതലത്തില്‍ ജനകീയ വോട്ടില്‍ ഭൂരിപക്ഷമില്ലെങ്കില്‍തന്നെ 50 സംസ്ഥാനങ്ങളിലെയും കൊളംബിയ ഡിസ്ട്രിക്റ്റിലെയും ജനപ്രാതിനിധ്യസ്വഭാവമുള്ള 538 ഇലക്റ്റര്‍മാരുടെ വിധിതീര്‍പ്പിലൂടെ ആ ജനവിധി മാറ്റിമറിക്കാം എന്ന് സ്വയം തെളിയിച്ച് 2016ല്‍ യുഎസ് പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് രണ്ടാമൂഴത്തിനായി മത്സരിക്കുമ്പോള്‍ പകര്‍ച്ചവ്യാധിക്കാലത്തെ ഈ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് സൂചനകള്‍.
ജനാധിപത്യ കീഴ്വഴക്കങ്ങളെയും ഭരണഘടനാ ചട്ടങ്ങളെയും പലപ്പോഴും പുച്ഛിച്ചുതള്ളാറുള്ള പ്രസിഡന്റ് ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയാലും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ സമാധാനപരമായ അധികാരകൈമാറ്റത്തിനു സന്നദ്ധനാകാതിരിക്കുന്ന ഒരു രംഗത്തെക്കുറിച്ച് രാഷ്ട്രീയനിരീക്ഷകരും നിയമജ്ഞരും മാധ്യമങ്ങളും യുഎസ് ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകളും മാത്രമല്ല സൈനികമേധാവികള്‍ പോലും ഗൗരവതരമായി പരിചിന്തനം നടത്തുന്നുണ്ട്. എട്ടുകൊല്ലം യുഎസ് പ്രസിഡന്റായിരുന്ന കറുത്തവര്‍ഗക്കാരനായ ബറാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റ് പദവിയില്‍ പ്രവര്‍ത്തിച്ച സെനറ്റ് അംഗം ജോ ബൈഡന്‍ എന്ന എഴുപത്തെട്ടുകാരന്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായി ജനുവരി 20ന് സ്ഥാനമേല്‍ക്കുമെന്ന് വിശ്വസിക്കുന്നവര്‍ പോലും ഇക്കുറി തെരഞ്ഞെടുപ്പു ഫലം ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിലും സ്റ്റേറ്റ്, ഫെഡറല്‍ കോടതികളിലും സുപ്രീം കോടതിയിലുമൊക്കെയായി വട്ടംചുറ്റാനും, അപരിഹാര്യമാംവണ്ണം വിഭജിക്കപ്പെട്ട അമേരിക്കന്‍ ജനതയുടെ വികാരം തെരുവുസംഘര്‍ഷങ്ങളായി ആളിപ്പടരാനുമുള്ള സാധ്യതകളും ഭയാശങ്കകളും മുന്‍കൂട്ടികാണുന്നുണ്ട്.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായുള്ള സാമൂഹിക നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സമ്മതിദാനാവകാശം പരമാവധി സംരക്ഷിക്കാനായി 45 ദിവസത്തെ കാലപരിധിയില്‍ മുന്‍കൂറായി തപാലിലോ നേരിട്ടോ വോട്ടുരേഖപ്പെടുത്താനുള്ള സൗകര്യം വിപുലീകരിച്ചിരിക്കെ 296 ലക്ഷം വോട്ടര്‍മാര്‍ ഇതിനകം വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടിന്റെ 41% ഇങ്ങനെ നേരത്തെ ബാലറ്റുപെട്ടിയിലെത്തിയിരുന്നു. ആ റെക്കോര്‍ഡ് മറികടന്ന് ഇക്കുറി ചില സംസ്ഥാനങ്ങളില്‍ നവംബര്‍ മൂന്നിനു മുന്‍പേ യോഗ്യതയുള്ള വോട്ടര്‍മാരെല്ലാം യുഎസ് പോസ്റ്റല്‍ സര്‍വീസിനു പുറമെ നാടെങ്ങും വ്യാപകമായി വച്ച ഡ്രോപ്ബോക്സിലൂടെയും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തിയും സമ്മതിദാനം നിര്‍വഹിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം വോട്ടര്‍മാരും തപാല്‍വോട്ടുചെയ്യുന്നവരാണ്; മൂന്നു സംസ്ഥാനങ്ങളില്‍ പകുതിയിലേറെ വോട്ടര്‍മാര്‍ തപാല്‍വോട്ടു ചെയ്യുന്നു. കൊളറാഡോ പൂര്‍ണമായി തപാല്‍വോട്ടിംഗ് ഏര്‍പ്പെടുത്തിയപ്പോള്‍ പോളിംഗില്‍ ഒന്‍പതു ശതമാനം വര്‍ധനയുണ്ടായി.
കറുത്തവര്‍ഗക്കാരും സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹിസ്പാനിക് വിഭാഗവും ഉള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു പിന്തുണനല്‍കുന്നവരില്‍ അധികവും തപാ
ല്‍വോട്ടുകാരാണ് എന്നതിനാല്‍, വോട്ടിംഗ് ദിനത്തില്‍ പോളിംഗ് ബൂത്തില്‍ നേരിട്ടെത്തുന്നവരുടെ ബാലറ്റല്ലാത്തതെല്ലാം കള്ളവോട്ടാണെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. സ്ഥലത്തില്ലാത്തവരുടെ സമ്മതിദാനപത്രം എന്ന നിലയില്‍ തപാലില്‍ എത്തുന്ന വോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താനൊന്നും നില്‍ക്കാതെ നവംബര്‍ മൂന്നിലെ ഭൂരിപക്ഷം നോക്കി ഫലം പ്രഖ്യാപിക്കുകയാണുവേണ്ടതെന്ന് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിക്കാലത്ത് ഏറ്റവും സുരക്ഷിതമായി വോട്ടുരേഖപ്പെടുത്താനുള്ള ഉപാധി തപാല്‍വോട്ടാണെന്ന് ഡെമോക്രാറ്റുകള്‍ ഓര്‍മിപ്പിക്കുമ്പോള്‍, തപാല്‍വോട്ടിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പോസ്റ്റല്‍ സര്‍വീസിന് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ ട്രംപ് വിസമ്മതിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 കോടി ഡോളര്‍ തെരഞ്ഞെടുപ്പ് ചെലവിന് ആവശ്യമുള്ളപ്പോള്‍ 40 കോടി ഡോളര്‍ മാത്രമാണ് അനുവദിച്ചത്. 2016ലെ മൊത്തം വോട്ടുകളില്‍ നാലില്‍ ഒന്ന് തപാല്‍വോട്ടായിരുന്നു; പോസ്റ്റല്‍ വകുപ്പിലെ കാലതാമസത്തിന്റെ പേരില്‍ തപാല്‍വോട്ടുകളില്‍ നാലു ശതമാനമെങ്കിലും എണ്ണിയില്ലത്രെ. ഇത്തവണ ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ട്രംപ് പക്ഷക്കാരനായ അവിടത്തെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓവര്‍ടൈം ജോലി നിര്‍ത്തലാക്കി തപാല്‍ ഡെലിവറി വൈകിപ്പിച്ചു എന്ന് ആക്ഷേപമുയര്‍ന്നത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.
ബിഹാറില്‍ ഒക്ടോബര്‍ 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 52,000 വോട്ടര്‍മാര്‍ തപാല്‍ വോട്ട് സൗകര്യം തേടിയിട്ടുണ്ട്. 16 ജില്ലകളിലായി 71 നിയമസഭാമണ്ഡലങ്ങളിലെ ബൂത്തുതല ഓഫിസര്‍മാര്‍ 80 വയസു കഴിഞ്ഞവരോ ഭിന്നശേഷിക്കാരോ ആയിട്ടുള്ള നാലു ലക്ഷം വോട്ടര്‍മാരെ സമീപിച്ചതില്‍ 52,000 പേരാണ് തപാല്‍വോട്ടിന് താല്പര്യം പ്രകടിപ്പിച്ചത്. ഫോം 12ഡിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ സര്‍വീസസ് വോട്ടര്‍മാരുടെ തപാല്‍വോട്ടില്‍ നിന്നു വ്യത്യസ്തമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബാലറ്റുമായി വീട്ടിലെത്തി തപാല്‍വോട്ടിന് അവസരം നല്‍കുകയും വോട്ടുപ്രക്രിയ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. അടുത്ത രണ്ടു ഘട്ടങ്ങളില്‍ 12 ലക്ഷം വീടുകളിലേക്ക് ഈ പോസ്റ്റല്‍ ബാലറ്റ് സംവിധാനം വ്യാപിപ്പിക്കുമെന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചത്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ബിഹാറില്‍ നടക്കുന്നത്. 13.8 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാസേനാംഗങ്ങള്‍ക്കുമായി 46 ലക്ഷം മാസ്‌ക്, 6.7 ലക്ഷം ഫെയ്സ്ഷീല്‍ഡ്, 23 ലക്ഷം കൈയുറകള്‍, ഏഴു ലക്ഷം ഹാന്‍ഡ് സാനിറ്റൈസര്‍, ആറു ലക്ഷം പി.പി.ഇ കിറ്റ് എന്നിവയും, 7.21 കോടി വോട്ടര്‍മാര്‍ക്ക് കൈയുറകളും നല്‍കേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കാനായി ഒരു ബൂത്തില്‍ പരമാവധി 1,000 വോട്ടര്‍മാര്‍ എന്നു നിജപ്പെടുത്തുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 60% വര്‍ധനയുണ്ട്. അത്രയും ചെലവു വര്‍ധിക്കുന്നു.
കേരളത്തില്‍ ചവറ, കുട്ടനാട് അസംബ്ലി മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിച്ച വകയില്‍ 20 കോടി രൂപയുടെ അധികച്ചെലവ് ഒഴിവായിക്കിട്ടി. സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളിലേക്കും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,080 വാര്‍ഡുകളിലേക്കും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകളിലേക്കും, 86 മുനിസിപ്പാലിറ്റികളിലെ 3,078 വാര്‍ഡുകളിലേക്കും, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 414 വാര്‍ഡുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തത്കാലം മാറ്റിവച്ചിട്ടുണ്ടെങ്കിലും അത് ഡിസംബറിലെങ്കിലും നടത്താനാണ് നീക്കം. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് തീരുകയാണ്. കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാനായി 1994ലെ കേരള പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയുണ്ടായി. പോളിംഗ് വൈകുന്നേരം ആറുമണിവരെ നീട്ടി പകര്‍ച്ചവ്യാധിയുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സമ്മതിദാനം നിര്‍വഹിക്കാന്‍ അവസാന മണിക്കൂര്‍ നീക്കിവയ്ക്കണമെന്നാണ് നിര്‍ദേശം. 65 കഴിഞ്ഞവര്‍ക്കും രോഗബാധിതര്‍ക്കും പകരക്കാരായി ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് പ്രോക്സി വോട്ട് അനുവദിക്കണമെന്ന ഒരു നിര്‍ദേശം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. നാട്ടിലില്ലാത്ത പ്രവാസികള്‍ക്കു വേണ്ടി ഇത്തരം പ്രോക്സി ബാലറ്റ് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയമഭേദഗതി കൊണ്ടുവന്നിരുന്നു. മഹാമാരിക്കാലത്തെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും എന്തായാലും ഇവിടെ തപാല്‍വോട്ടിന്റെ പേരിലുള്ള ആസൂത്രിതമായ കള്ളവോട്ടിനും അട്ടിമറിക്കുമുള്ള പഴുതുകള്‍ ഇല്ലാതാക്കാനും സുരക്ഷിതവും സുതാര്യവുമായ വോട്ടെടുപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും നമുക്ക് യുഎസില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള അനുഭവപാഠങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്.


Related Articles

സിസ്റ്റര്‍ അഭയാകേസ് വിധി: വിശ്വാസവും യുക്തിയും

  സിസ്റ്റര്‍ അഭയയും സിസ്റ്റര്‍ സെഫിയും ഫാ. തോമസും സഭാമക്കളാണ്. ഒരാളുടെ ജീവിതം പൊലിഞ്ഞതിനു പിന്നില്‍, രാജ്യത്തെ നിയമസംഹിതയ്ക്കു മുന്നില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട സഭയിലെ മറ്റു രണ്ടുപേരുണ്ടെന്ന്

മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി

റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ ചിരപുരാതനമായ വരാപ്പുഴ അതിരൂപതയുടെ പ്രാഗ്‌രൂപമായി 1659 ഡിസംബര്‍ 3ന് സ്ഥാപിതമായ (The Madras Catholic Directory,1887, Pg.138) മലബാര്‍ വികാരിയത്തിന്റെ പ്രഥമ

ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും… വീഡിയോ കാണുക

നാടും വീടുമൊക്കെ മുങ്ങിപ്പോയ കൊടും പേമാരിയിൽ രക്ഷകരായി എത്തിയത് തീരദേശങ്ങളിൽ നിന്നുഉള്ള മത്സ്യത്തൊഴിലാളികളാണ്. സൈന്യത്തിൻറെയും നേവിയുടെയും പോലീസിനെയും ഫയർഫോഴ്സിനെയും സേവനം മതിയാകാതെ വന്നപ്പോൾ കേരളത്തിൻറെ സൈന്യം മത്സ്യത്തൊഴിലാളികൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*