Breaking News

കൊറോണയെ തോല്പിച്ച് വയോധിക മെത്രാന്‍

കൊറോണയെ തോല്പിച്ച് വയോധിക മെത്രാന്‍


ഹേനാന്‍: ചൈനയില്‍ 2,600 പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് (കൊവിഡ്-19) ബാധയെ അതിജീവിച്ച് നന്യാങ്ങിലെ തൊണ്ണൂറ്റെട്ടുകാരനായ ബിഷപ് എമരിറ്റസ് മോണ്‍. ജുസെപ്പെ ജു ബവോയു രാജ്യത്ത് ഈ മാരക രോഗത്തില്‍ നിന്നു സൗഖ്യം പ്രാപിക്കുന്ന ഏറ്റവും പ്രായംചെന്ന വ്യക്തിയായി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി അദ്ദേഹത്തിന്റെ ധീരമായ ചെറുത്തുനില്പിനെ പുകഴ്ത്തി പ്രത്യേക ലേഖനവും വീഡിയോയും സമര്‍പ്പിച്ചിട്ടുണ്ട്.
കൊറോണവൈറസിന്റെ ഉറവിടമെന്നു കരുതപ്പെടുന്ന ഹെബെയ് പ്രവിശ്യയോടു ചേര്‍ന്നുകിടക്കുന്ന ഹേനാന്‍ മേഖലയിലെ നന്യാങ്ങില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍ ബിഷപ് ജു ബവോയുവിന് ഫെബ്രുവരി മൂന്നിനാണ് കൊവിഡ്-19 ന്യൂമോണിയ പിടിപെട്ടത്. ഹൃദയം ക്രമരഹിതമായി മിടിക്കുന്നതുമായി ബന്ധപ്പെട്ട അറിത്മിയ, ശ്വാസകോശാവരണത്തിലെ അമിതസ്രവം (പ്ലൂരല്‍ എഫ്യൂഷന്‍) തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയുള്ള ബിഷപ്പിനെ തൊറാസിക് ഡ്രെയ്‌നേജ് കത്തീറ്ററിലൂടെയാണ് രക്ഷിക്കാനായതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തുന്നു. ഫെബ്രുവരി 12ന് ശ്വാസകോശം ന്യൂമോണിയവിമുക്തമായി. 14-ാം തീയതി വൈറസ്ബാധയില്‍ നിന്ന് പൂര്‍ണമായി സൗഖ്യം പ്രാപിച്ചു. പല അസുഖങ്ങളുമുള്ള വയോധികരാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണത്തിന് ഇരയായിട്ടുള്ളത്. അതിനാല്‍ മോണ്‍. ജു ബവോയുവിന്റെ രോഗമുക്തി അസാധാരണമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും അംഗീകാരമില്ലാതെ റോമിലെ പരിശുദ്ധ സിംഹാസനത്തോടു കൂറുപുലര്‍ത്തി ഒളിസങ്കേതങ്ങളില്‍ ആരാധന നടത്തിപ്പോന്ന സഭാവിഭാഗത്തിലെ മേലധ്യക്ഷന്‍ എന്ന നിലയില്‍ ദീര്‍ഘകാലം തടങ്കല്‍പാളയത്തിലും പുനര്‍വിദ്യാഭ്യാസകേന്ദ്രത്തിലുമായി പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള ബിഷപ് ജു ബവോയു 1995 മാര്‍ച്ചിലാണ് നന്യാങ് മെത്രാനായി അഭിഷിക്തനായത്. ഒരു വര്‍ഷം മുന്‍പാണ് ഗവണ്‍മെന്റ് നന്യാങ്ങില്‍ ജു ബവോയുടെ പിന്തുടര്‍ച്ചക്കാരനായ സഹായമെത്രാനായി മോണ്‍. പിയെത്രോ ജിന്‍ ലുഗാങ്ങിനെ അംഗീകരിച്ചത്. വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (പിഐഎംഇ) എന്ന ഇറ്റാലിയന്‍ പ്രേഷിതരും സെന്റ് ജോസഫ് സന്ന്യാസിനീസമൂഹത്തിലെ അംഗങ്ങളും സേവനം ചെയ്യുന്ന നന്യാങ് രൂപതയില്‍ 20,000 കത്തോലിക്കരുണ്ട്.
ചൈനയില്‍ കൊറോണവൈറസ് വ്യാപനത്തിന്റെ തോതു കുറഞ്ഞിട്ടുണ്ട്. അതേസമയം ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളില്‍ പല മേഖലകളിലും കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. ആഗോളതലത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 80,300 കവിഞ്ഞു; മരണസംഖ്യ 2,701. ഇതുവരെ 27,691 പേരാണ് രോഗവിമുക്തരായത്.
ഇറാനിലെ ക്വാമില്‍ കൊറോണ ബാധിച്ച് 50 പേര്‍ മരിച്ചതായി അനൗദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അതേസമയം 12 മരണങ്ങളും 43 കേസുകളുമാണ് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തത്.
വടക്കന്‍ ഇറ്റലിയില്‍ വെനീസ്, മിലാന്‍ എന്നിവ ഉള്‍പ്പെടുന്ന വെനേത്തോ, ലൊംബാര്‍ദി മേഖലയില്‍ ഏഴുപേര്‍ മരിച്ചു; 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇറ്റലിയില്‍ മൊത്തത്തില്‍ 231 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനീസ് കാര്‍ണിവലും മിലാനിലെ ഫാഷന്‍ ഷോകളും ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ദക്ഷിണ കൊറിയയില്‍ തെക്കുകിഴക്കന്‍ മേഖലയിലെ ഡേഗുവിലെ ഷിന്‍ചിയോന്‍ജി എന്ന ക്രൈസ്തവ ആരാധനാലയവുമായി ബന്ധപ്പെട്ടും അമേരിക്കന്‍ സൈനികരുള്ള സൈനികതാവളത്തിലും ഉള്‍പ്പെടെ 700 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ജാഗ്രതാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.


Tags assigned to this article:
Bishop Joseph Zhu Baoyuchinese bishopcoronavirus

Related Articles

പിന്നാക്ക സംവരണത്തില്‍ തൊട്ടുകളിക്കരുത്

കേരള രാഷ്ട്രീയത്തിലെ ‘താക്കോല്‍സ്ഥാനത്തിനും’ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ നിയമനങ്ങളിലും മറ്റും സംവരണത്തിനുമായി സമ്മര്‍ദതന്ത്രങ്ങള്‍ തുടര്‍ന്നുവരുന്ന പ്രബല സാമുദായിക പ്രസ്ഥാനമായ നായര്‍

ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ

എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്‌കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്‌ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ജനതകളുടെ  സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു

റോം: ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ (Congregation for the Evangelisation of Peoples) അംഗമായിആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ഇന്ന് ഫ്രാൻസിസ് പാപ്പ നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ് 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*