Breaking News

കൊറോണ മഹാമാരിയാകാതിരിക്കാന്‍

കൊറോണ മഹാമാരിയാകാതിരിക്കാന്‍

പകര്‍ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയ്ക്കടുപ്പിക്കാതെ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ചൈനയിലെ യാങ്ത്‌സി, ഹാന്‍ജിയാങ് നദീസംഗമത്തിലെ ഉള്‍നാടന്‍ തുറമുഖനഗരമായ വുഹാനില്‍ നിന്നു തുടങ്ങി 800 കിലോമീറ്റര്‍ അകലെയുള്ള വെന്‍ഷൗ വരെ 10 നഗരമേഖലകളിലായി ആറു കോടിയിലേറെ ജനങ്ങളെ പാര്‍പ്പിടകേന്ദ്രങ്ങളില്‍ അടച്ചുപൂട്ടിയിരിക്കയാണ്. ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ക്വാറന്റൈന്‍ – 2019 നോവല്‍ കൊറോണവൈറസ് (2019-ിഇീഢ) പടര്‍ന്നുപിടിക്കുന്നതു തടയാന്‍. ചൈനയില്‍ 17 കൊല്ലം മുന്‍പ് ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ പ്രത്യക്ഷപ്പെട്ട സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം (സാര്‍സ്) വൈറസ് വരുത്തിയ ജീവഹാനിയെക്കാള്‍ ഉയര്‍ന്ന മരണസംഖ്യയുമായി നൂതന കൊറോണവൈറസ് 28 രാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കെ, രാജ്യാന്തരബന്ധങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലും വുഹാനില്‍ നിന്ന് വൈറസ്‌വാഹകരെത്തി. ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളം ഇതിനെ സംസ്ഥാന ദുരന്തമായി വിജ്ഞാപനം ചെയ്തിരിക്കുന്നു.
പ്രതിരോധ വാക്‌സിനോ പ്രതിവിധിയോ കണ്ടെത്തിയിട്ടില്ലാത്ത, പ്രകടമായ രോഗലക്ഷണമില്ലാതെതന്നെ മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കു പടരുന്ന സാംക്രമികരോഗം എന്ന നിലയില്‍ കൊറോണവൈറസിന്റെ തദ്ദേശീയ വ്യാപനം തടയുന്നതിന് കേരളം വിപുലവും കാര്യക്ഷമവുമായ നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയവരെല്ലാം ഇന്‍കുബേഷന്‍ പരിധിയായ 28 ദിവസം വരെ നിരീക്ഷണത്തിലാണ്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകളും വേണ്ടത്ര പരിശീലനം നേടിയ മെഡിക്കല്‍ സംഘങ്ങളും അതിശക്തമായ സാമൂഹിക പ്രതിരോധ ജാഗ്രതയുമായി സംസ്ഥാനം ഈ വൈറസിന്റെ പ്രസരണശേഷിയെ ഫലപ്രദമായി തടയാന്‍ പൂര്‍ണസജ്ജമാണ്. 2018 മേയ്-ജൂണ്‍ കാലയളവില്‍ മലപ്പുറത്തും കോഴിക്കോടും പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയെ മൂന്നാഴ്ച കൊണ്ട് കീഴടക്കിയ അനുഭവപാഠവും ആത്മധൈര്യവും നമുക്കു മുതല്‍ക്കൂട്ടാണ്. വവ്വാലുകളില്‍ നിന്ന് മരപ്പട്ടിയിലൂടെ മനുഷ്യരിലേക്കു പടര്‍ന്നതായി കരുതപ്പെടുന്ന നിപയെ അപേക്ഷിച്ച് കൊറോണയ്ക്ക് മാരകശേഷി കുറവാണെങ്കിലും ജനിതക രൂപഭേദങ്ങളിലൂടെ ഈ മൃഗജന്യരോഗാണു തന്മാത്രകളുടെ വ്യാപനം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം.
ചൈനയില്‍ ചാന്ദ്ര പുതുവത്സരാഘോഷത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടി പീപ്പിള്‍സ് കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനങ്ങള്‍ നടക്കുന്ന നേരത്ത് ഹുബേയ് പ്രവിശ്യയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ ഇനം പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങള്‍ മൂന്നാഴ്ചയോളം കമ്യൂണിസ്റ്റ് അധികൃതര്‍ ഇരുമ്പുമറയ്ക്കുള്ളില്‍ തടഞ്ഞുവച്ചതാണ് തിബറ്റ് ഒഴികെ രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളിലേക്കും വൈറസ്ബാധ പടരാന്‍ ഇടയാക്കിയതെന്ന് നിരീക്ഷകര്‍ കരുതുന്നു. വൈറല്‍ ന്യൂമോണിയയ്ക്കു സമാനമായ അജ്ഞാതരോഗലക്ഷണവുമായി ഏഴുപേരെ വുഹാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ച വിവരം ഡിസംബര്‍ 30ന് ഓണ്‍ലൈന്‍ ചാറ്റിലൂടെ വെളിപ്പെടുത്തിയതിന് ലി വെന്‍ലിയാങ് എന്ന നേത്രരോഗവിദഗ്ധനെതിരെ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും നടപടിയെടുത്തു. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ഷെങ് ലിഷിയും സംഘവും പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹുവാനന്‍ ചന്തയിലെ ആറു കച്ചവടക്കാരില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ നിന്ന് കൊറോണ വൈറല്‍ സ്‌ട്രെയിന്‍ ജനറ്റിക് സീക്വന്‍സ് വേര്‍തിരിച്ചെടുത്ത് ജനുവരി ഏഴിന് 2019-എന്‍കോവ് എന്നു പുതിയ വൈറസിനെ നാമകരണം ചെയ്തപ്പോഴും അതിന് പ്രതിരോധവും ചികിത്സയുമുണ്ടെന്നായിരുന്നു ദേശീയ ആരോഗ്യ കമ്മീഷന്റെ നിലപാട്. ബെയ്ജിങ്ങിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ വകുപ്പുമേധാവി വാങ് ഗുവാങ്ഫാ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി തിരിച്ചുപോയി 11-ാം ദിവസം അദ്ദേഹത്തിനു കൊറോണവൈറസ് സ്ഥിരീകരിച്ചു. കണ്ണിലൂടെയാണ് തനിക്ക് രോഗം ബാധിച്ചതെന്ന് അദ്ദേഹം പറയുന്നു.
വുഹാന്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ നിന്നുള്ള ബസ്, ട്രെയിന്‍, വിമാനം, ഫെറി തുടങ്ങി എല്ലാ ഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചും ജനങ്ങളെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ തടഞ്ഞുവച്ചുമാണ് ചൈന രോഗപ്രതിരോധത്തിന് ശ്രമിച്ചത്. കംബോഡിയ ഒഴികെ എല്ലാ അയല്‍രാജ്യങ്ങളും അതിര്‍ത്തി അടയ്ക്കുകയും അമേരിക്കയും ഓസ്‌ട്രേലിയയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും മാത്രമല്ല വിയറ്റ്‌നാമും മംഗോളിയയും സിംഗപ്പൂരുമൊക്കെ സ്വന്തം പൗരരൊഴികെ ചൈനയില്‍ നിന്നുള്ള മറ്റെല്ലാ യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
റോമിലെ ചിവിത്താവെക്കിയ തുറമുഖത്ത് എത്തിയ കോസ്ത സ്‌മെറാള്‍ഡ എന്ന ആഡംബര യാത്രക്കപ്പലിലെ 6,000 യാത്രക്കാരില്‍ ഹോങ്കോംഗില്‍ നിന്നു വന്നുകയറിയ അന്‍പത്തിനാലുകാരിക്ക് പനിയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരെയും കരയ്ക്കിറങ്ങാന്‍ സമ്മതിച്ചില്ല. 3,700 വിനോദസഞ്ചാരികളുമായി ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് എത്തിയ ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂസ്‌ലൈനറില്‍ നിന്ന് നേരത്തെ ഹോങ്കോംഗില്‍ ഇറങ്ങിയ എണ്‍പതുകാരിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാല്‍ ആ കപ്പലിലെ യാത്രക്കാരെയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കയാണ്. കൊച്ചി തുറമുഖത്ത് ഈയാഴ്ചയും ഇത്തരം ലക്ഷ്വറി ക്രൂസ്‌ലൈന്‍ കപ്പല്‍ വന്നടുക്കുന്നുണ്ട്.
അണുബാധ തടയാനുള്ള മുഖാവരണത്തിനും (റെസ്പിരേറ്റര്‍ ഫേസ്മാസ്‌ക്) അവശ്യസാധനങ്ങള്‍ക്കും ചൈനയില്‍ പലയിടത്തും ക്ഷാമം നേരിടുന്ന അവസ്ഥയാണ്. ആലിബാബ എന്ന വന്‍ റീട്ടെയില്‍ ശൃംഖലയില്‍ സ്റ്റോക്കുണ്ടായിരുന്ന എട്ടു കോടി മുഖാവരണം രണ്ടുനാള്‍ കൊണ്ട് വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ വത്തിക്കാന്‍ ഫാര്‍മസിയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പേപ്പല്‍ കാര്യാലയവും ഇറ്റലിയിലെ ചൈനീസ് മിഷണറി സെന്ററും ചേര്‍ന്ന് ചൈനയിലെ ഹുബെയ്, ഷെജിയാങ്, ഫുജിയാന്‍ പ്രവിശ്യകളിലേക്ക് ഏഴുലക്ഷം ഫേസ്മാസ്‌കുകള്‍ അയച്ചുകൊടുത്തു.
കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വത്തിക്കാനില്‍ പരിശുദ്ധ പിതാവ് ഞായറാഴ്ച മധ്യാഹ്നത്തില്‍ നയിക്കുന്ന ത്രികാലജപപ്രാര്‍ഥന നിര്‍ത്തിവയ്ക്കണമെന്ന് ഇറ്റലിയിലെ ഉപഭോക്തൃ സംരക്ഷണ സംഘടനകളുടെ ഏകോപന സമിതിയായ കോഡകോണ്‍സ് അഭ്യര്‍ഥിക്കുകയുണ്ടായി. റോമിലെ കൊളോസിയത്തില്‍ ഉള്‍പ്പെടെ വലിയ തോതില്‍ ടൂറിസ്റ്റുകള്‍ തടിച്ചുകൂടുന്ന പരിപാടികള്‍ ഉപേക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.
ചൈനയ്ക്കു പുറത്ത് ആദ്യത്തെ കൊറോണാ മരണം സ്ഥിരീകരിച്ച ഫിലിപ്പീന്‍സില്‍ പകര്‍ച്ചവ്യാധിയില്‍ നിന്നു സംരക്ഷണം തേടിയുള്ള പ്രത്യേക പ്രാര്‍ഥന (ഒരാത്‌സിയോ ഇംപെരാത്താ) ചൊല്ലാന്‍ മെത്രാന്മാരുടെ ദേശീയ സമിതി ആഹ്വാനം ചെയ്തു. ഫിലിപ്പീന്‍സിലും സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലും പകര്‍ച്ചവ്യാധിക്കെതിരായ കരുതല്‍ നടപടികളുടെ ഭാഗമായി സഭാമേലധ്യക്ഷന്മാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതും കാസയിലെ വീഞ്ഞ് പങ്കുവയ്ക്കുന്നതും, സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ഥനാവേളയില്‍ പരസ്പരം കൈകോര്‍ത്തുപിടിക്കുന്നതും, സമാധാന ആശംസയ്ക്ക് ഹസ്തദാനം ചെയ്യുന്നതും പരസ്പരം ആശ്ലേഷിക്കുന്നതും ഒഴിവാക്കുക, ദിവ്യകാരുണ്യം നല്‍കുന്നവര്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുക, ദേവാലയത്തിന്റെ പ്രവേശനകവാടങ്ങളിലെ ഹന്നാന്‍വെള്ളം മാറ്റുക, കുമ്പസാരക്കൂടിന്റെ ഗ്രില്ലും കര്‍ട്ടനും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കുക, കുമ്പസാരക്കൂടിനു സമീപവും പള്ളിയുടെ പ്രവേശന കവാടത്തിലും അണുനാശിനി (ഹാന്‍ഡ് റബ് സാനിറ്റൈസര്‍) ലഭ്യമാക്കുക, മതബോധന ക്ലാസിലും മറ്റും പ്രവേശിക്കുന്നതിനു മുന്‍പ് ശരീരതാപനില പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ക്കൊപ്പം ഹോങ്കോംഗില്‍ ദിവ്യബലി ഉള്‍പ്പെടെയുള്ള തിരുക്കര്‍മങ്ങളെല്ലാം ലൈവ് സ്ട്രീമായി സംപ്രേഷണം ചെയ്തുതുടങ്ങി – കടമുള്ള ദിവസമാണെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ ഇരുന്ന് ആത്മീയ ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ മതിയെന്ന് അജപാലന സര്‍ക്കുലറില്‍ പറയുന്നു. ആശുപത്രികളിലും മറ്റും ദിവ്യകാരുണ്യം നല്‍കുന്നത് നിര്‍ത്തിവയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ ദേവാലയങ്ങളിലും വിശ്വാസികള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന മറ്റിടങ്ങളിലും പ്രത്യേക കരുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. വലിയ ജനക്കൂട്ടം ഉണ്ടാകാനിടയുള്ള പരിപാടികള്‍ മാറ്റിവയ്ക്കാനാവുമോ എന്നു പരിശോധിക്കണം. അതേസമയം തിരുക്കര്‍മങ്ങളും ഭക്ത്യാനുഷ്ഠാനങ്ങളും പ്രാര്‍ഥനകളും പൊതുജനാരോഗ്യഭീഷണിയുടെ പേരില്‍ തടസപ്പെടുത്താന്‍ ആരെയും അനുവദിച്ചുകൂടാ. ദിവ്യകാരുണ്യത്തിന് ഉപയോഗിക്കുന്ന തിരുവോസ്തിയും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പരിശോധിക്കണമെന്നും മറ്റും വാദിച്ചുകൊണ്ട് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജി കേരള ഹൈക്കോടതി തള്ളിയത് നാം കണ്ടതാണ്.
മരണഭയവും ഭയാശങ്കകളും ഒഴിച്ചുനിര്‍ത്തി, സാമൂഹിക പ്രതിരോധമാര്‍ഗങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി വേണം പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയാന്‍. വ്യക്തിപരമായ ശുചിത്വവും പൊതുസ്ഥലങ്ങളിലെ പെരുമാറ്റമര്യാദകളുമാണ് പൊതുജനപങ്കാളിത്തത്തോടെയുള്ള ആരോഗ്യസംസ്‌കാര നിര്‍മിതിയുടെ അടിസ്ഥാനം. കൊറോണവൈറസ് മഹാമാരിയാകാതിരിക്കാനുള്ള നിയന്ത്രണശ്രമങ്ങളെ ക്രിയാത്മകമായി പിന്താങ്ങുകയാണ് അതിജീവനത്തിന്റെ പ്രാഥമിക പാഠം.


Related Articles

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്

പഞ്ചഭയങ്ങളുടെ പിടിയില്‍ ദൈവമക്കള്‍!

ഏറെ അന്വേഷണങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കൈയിലൊതുങ്ങുന്ന ഒരു വാടകവീട് കണ്ടെത്തി. എല്ലാം കൊണ്ടും പറ്റിയത്. എന്നാല്‍, ഒരേയൊരു പ്രശ്‌നം. അവിടെ സ്വീകരണമുറിയില്‍ത്തന്നെ മതിലില്‍ ഒരു ശിവലിംഗവിഗ്രഹം പതിപ്പിച്ചുവച്ചിരിക്കുന്നു.

സുപ്രീംകോടതിവിധി വേദനാജനകം -ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ദയാവധത്തിന്‌ ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ വേദനാജനകമെന്ന്‌ കെസിബിസി പ്രസിഡന്റ്‌ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുള്ള മരണം പൗരഭരണഘടനാവകാശമെന്ന്‌ പരാമര്‍ശിക്കുന്ന കോടതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*