Breaking News

കൊറോണ മുക്തിയാചനയ്ക്ക് ബൈപ്ലെയിനില്‍ ആര്‍ച്ച്ബിഷപ്

കൊറോണ മുക്തിയാചനയ്ക്ക് ബൈപ്ലെയിനില്‍ ആര്‍ച്ച്ബിഷപ്

ന്യൂ ഓര്‍ലിയന്‍സ്: കൊറോണ രോഗത്തില്‍ നിന്നു വിമുക്തനായ അമേരിക്കന്‍ ആര്‍ച്ച്ബിഷപ് ഗ്രിഗറി എയ്മണ്ട് ദുഃഖവെള്ളിയാഴ്ച രണ്ടാം ലോകമഹായുദ്ധകാലത്തെ ബൈപ്ലെയിനില്‍ ന്യൂ ഓര്‍ലിയന്‍സ് നഗരത്തിനു മീതെ ആയിരം അടി ഉയരത്തില്‍ പറന്ന് മഹാമാരിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെയും അവരെ പരിചരിക്കുന്ന ആതുരശുശ്രൂഷകരെയും ബന്ധുക്കളെയും നഗരത്തിലെ സകല ജനങ്ങളെയും വിശുദ്ധജലം കൊണ്ട് വെഞ്ചരിച്ച് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കി.
അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച ആദ്യത്തെ കത്തോലിക്കാ മേല്പട്ടക്കാരനാണ് എഴുപതുകാരനായ ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച്ബിഷപ് എയ്മണ്ട്. വിശുദ്ധവാരത്തിലും ദേവാലയങ്ങള്‍ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഇടച്ചിട്ടിരിക്കെയാണ് ആകാശത്തുനിന്ന് ദൈവകൃപയുടെ അനുഗ്രഹവര്‍ഷത്തിന്റെ അനുഭവം ആര്‍ച്ച്ബിഷപ് അജഗണവുമായി പങ്കുവച്ചത്.
ലൂയിസിയാന സംസ്ഥാനത്ത് മിസിസിപ്പി നദിയുടെ ഇരുകരളിലുമായുള്ള ന്യൂ ഓര്‍ലിയന്‍സ് നഗരമേഖലയില്‍ ലെയ്ക്ക്ഫ്രണ്ട് വിമാനത്താവളത്തില്‍ നിന്ന് തുറന്ന കോക്പിറ്റും രണ്ടു സീറ്റുമുള്ള 1943 ബോയിങ് പിടി-17 സ്റ്റിയര്‍മാന്‍ ബൈപ്ലെയിനില്‍ കെന്നര്‍, ഗ്രെറ്റ്ന, ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നിവിടങ്ങളിലേക്ക് 25 മിനിറ്റ് പറന്ന ആര്‍ച്ച്ബിഷപ് യേശുവിന്റെ ജ്ഞാനസ്നാനം നടന്ന ജോര്‍ദാന്‍ നദിയില്‍ നിന്നുള്ള പുണ്യജലമാണ് വെഞ്ചരിപ്പിന് ഉപയോഗിച്ചത്.  
രണ്ടാം ലോകമഹായുദ്ധകാലത്ത് പോര്‍വിമാനങ്ങളിലെ പൈലറ്റുമാരുടെ പരിശീലനത്തിന് ഉപയോഗിച്ചിരുന്ന ബൈപ്ലെയിന്‍ കൊമ്മൊമ്മറേറ്റീവ് എയര്‍ ഫോഴ്സിന്റെ ബിഗ് ഈസി വിങ് ശേഖരത്തില്‍ നിന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ സ്പിരിറ്റ് ഫ്ളൈറ്റിന് അനുവദിച്ചത്.
ലൂയിസിയാന സംസ്ഥാനത്തെ 64 ഇടവകകളിലും കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ്-19 വ്യാപന ദുരന്തമുണ്ടായ യുഎസിലെ ഈ സംസ്ഥാനത്ത് 21,518 പേര്‍ രോഗബാധിതരായി; കൊവിഡ് മരണസംഖ്യ 1,013. ന്യൂ ഓര്‍ലിയന്‍സില്‍ 5,718 പേര്‍ രോഗബാധിതരാണ്.
ആര്‍ച്ച്ബിഷപ്പിന്റെ ആശീര്‍വാദ യാത്ര പൂര്‍ത്തിയായപ്പോള്‍ യഹൂദരുടെ പെസഹാ ആചരണത്തിലെ സൗഖ്യയാചനയ്ക്കായി മെറ്റയ്രിയിലെ ഗെയ്റ്റ്സ് ഓഫ് പ്രെയര്‍ സിനഗോഗിലെ ഇരുപത്തൊമ്പതുകാരിയായ റബ്ബി അലക്സിസ് എര്‍ദെയിം സ്പിരിറ്റ് ഫ്ളൈറ്റിനു പുറപ്പെട്ടു. സാധാരണഗതിയില്‍ സമൂഹത്തില്‍ അസുഖം ബാധിച്ചവരുടെ പേരെടുത്തുപറഞ്ഞാണ് റബ്ബിമാര്‍ പ്രാര്‍ഥിക്കാറുള്ളതെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നഗരത്തിലെ ജനങ്ങള്‍ക്കുവേണ്ടി മൊത്തത്തില്‍ പ്രാര്‍ഥന ചൊല്ലുകയാണെന്ന് എര്‍ദെയിം പറഞ്ഞു.
അമേരിക്കയിലെ ഇലിനോയ് സംസ്ഥാനത്തെ പിയൊറിയയിലെ ബിഷപ് ഡാനിയല്‍ ആര്‍. ജെന്‍കി ദുഃഖവെള്ളിയാഴ്ച മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഹെലികോപ്റ്ററില്‍ നഗരത്തിനു മീതെ പറന്നുയര്‍ന്ന് കൊറോണവൈറസിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ആശീര്‍വദിച്ച് പ്രാര്‍ഥിച്ചു.
പിയൊറിയ രൂപതയില്‍ 14 ആശുപത്രികളിലായി 23,000 ആതുരശുശ്രൂഷകരുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭാ സഹോദരിമാര്‍ നടത്തുന്ന ഒഎസ്എഫ് ഹെല്‍ത്ത്കെയറിന്റെ ലൈഫ് ഫ്ളൈറ്റ് ഹെലികോപ്റ്ററില്‍ ഒരു വൈദികനെ കൊണ്ടുപോയി കൊവിഡ്-19 മഹാവ്യാധിക്കെതിരെ പ്രത്യേക സംരക്ഷണ പ്രാര്‍ഥനയും ആശീര്‍വാദശുശ്രൂഷയും നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒഎസ്എഫ് സിസ്റ്റര്‍മാര്‍ ചെയ്യുന്ന സേവനങ്ങളെ മാനിച്ച് നഗരത്തിലെ സെന്റ് ഫ്രാന്‍സിസ് മെഡിക്കല്‍ സെന്ററിനും സെന്റ് മേരീസ് കത്തീഡ്രലിനും മീതെ ആശുപത്രി ഹെലികോപ്റ്ററില്‍ നിന്ന് നഗരത്തിനും സംസ്ഥാനത്തിനും രാജ്യത്തിനുമായി പ്രാര്‍ഥിച്ചുകൊണ്ട് ആശീര്‍വാദകര്‍മം നിര്‍വഹിക്കാന്‍ ബിഷപ് ജെന്‍കി സ്വയം മുന്നോട്ടുവരികയായിരുന്നു. മഹാമാരിക്കാലത്തെ ദിവ്യബലിക്കായി വത്തിക്കാനില്‍ നിന്നു നല്‍കിയ പ്രാര്‍ഥന ചൊല്ലിയാണ് നഗരത്തിന്റെ നാലു ദിക്കുകളിലേക്കും തിരിഞ്ഞ ഹെലികോപ്റ്ററില്‍ നിന്ന് ബിഷപ് കൊറോണഭീതിയില്‍ കഴിയുന്ന സകലരെയും ആശീര്‍വദിച്ചത്. ഉച്ചയ്ക്ക് 12 മിനിറ്റ് നഗരത്തിനു മീതെ പറന്ന ഹെലികോപ്റ്റര്‍ പിയോറിയയിലെ ജനറല്‍ വെയിന്‍ എ. ഡൗണിങ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.


Related Articles

വത്തിക്കാന് അത്‌ലറ്റിക് ടീം

വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്‍, മ്യൂസിയം ജീവനക്കാര്‍,

ഡോ. സൈമണ്‍ കൂമ്പയിലിന് ആര്‍.എല്‍ ജെയിന്‍ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്

മുംബൈ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്‌സ് (ഇന്ത്യ) ഏര്‍പ്പെടുത്തിയ 2021ലെ ആര്‍.എല്‍ ജെയിന്‍ മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് നാഷണല്‍ അവാര്‍ഡിന് ഡോ. സൈമണ്‍ കൂമ്പയില്‍ അര്‍ഹനായി.

തോറ്റവരെയും അന്വേഷിക്കണം

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയാകുന്ന പരീക്ഷണ കാലഘട്ടം തല്ക്കാലം കഴിഞ്ഞു. ഫലപ്രഖ്യാപനങ്ങള്‍ വന്നു കഴിഞ്ഞു. കേരളാ സിലബസ് ഐസിഎസ്ഇ, സിബിഎസ്ഇ, എസ്എസ്‌സി, പ്ലസ് ടു ഫലങ്ങള്‍ വന്നുകഴിഞ്ഞു. ഉത്തന്നതവിജയം കൈവരിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*