കൊലപാതകത്തിന് നിയമത്തിന്റെ പരിരക്ഷയോ? -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റെയും മൗലിക അവകാശമാണ്. ആ അവകാശത്തിന്മേല് കൈവയ്ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.
`ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന് ജീവനുള്ളവനായിത്തീര്‍ന്നു’ (ഉത്പത്തി 2 : 7). സൃഷ്ടിയുടെ മകുടമായി ദൈവം മനുഷ്യനെ ഉയര്‍ത്തുന്ന വചനഭാഗമാണിത്. ദൈവം തന്റെ ഛായയില്‍ ഓരോ മനുഷ്യനും ജന്മം നല്കുമ്പോള് ബോധപൂര്‍വം ഈ ജീവന് വേണ്ടെന്നു വയ്ക്കാന്‍ മനുഷ്യന് എന്ത് അവകാശമാണുള്ളത്?. ജീവന്റെ ദാതാവ് ദൈവമാണ്. അത് തിരിച്ചെടുക്കാനും അധികാരമുള്ളവന് ദൈവം മാത്രമാണ്. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ജീവന്റെ നാഥനായ ദൈവമേ എന്ന് അഭിസംബോധന ചെയ്യുന്നത് ഓര്‍ക്കുക. ഇവിടെയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉപാധികളോടെയുള്ള ദയാവധത്തിന് സമ്മതം നല്‍കിയത്. ധാര്‍മികമായ ഒരുപാട് ചോദ്യങ്ങള്‍ ഈ വിധി മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഇങ്ങനെ ഒരു വിധി പ്രസ്താവിച്ചതില്‍ അത്യന്തം വേദനയുണ്ട്, ഒപ്പം നിരാശയും.
കത്തോലിക്കാ സഭ എന്നും ദയാവധം ഉള്‍പ്പെടുന്ന ജീവസംഹാര ഉപാധികളെ തള്ളിപ്പറഞ്ഞിട്ടേയുള്ളു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗൗദിയും എത്ത് സ്പെസ്, നമ്പര്‍ 27ല്‍ സഭ ഇതിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ജീവന്റെ തുടക്കവും ഒടുക്കവും പരമാവധി സംരക്ഷിക്കപ്പെടണമെന്നും സഭ നിഷ്കര്‍ഷിക്കുന്നു. ഏതെങ്കിലും വിധത്തില്‍ നിര്‍ദോഷിയായ ഒരു മനുഷ്യജീവിയെ നിഗ്രഹിക്കാന്‍ ആര്‍ക്കും അനുവാദമില്ല. അത് ഗര്‍ഭസ്ഥശിശുവോ, ഭ്രൂണമോ, ജനിച്ച കുഞ്ഞോ, വളര്‍ച്ച പ്രാപിച്ച വ്യക്തിയോ, പ്രായമായ ആളോ, സുഖപ്പെടാത്ത രോഗം ബാധിച്ചവനോ, അംഗവിഹീനരോ, മനോരോഗികളോ, അംഗവൈകല്യമുള്ളവരോ, മരിക്കുന്നവനോ ആരുമായിക്കൊള്ളട്ടെ. തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി ഇതുപോലൊരു കൊലപാതകം ആവശ്യപ്പെടുവാനും ആര്‍ക്കും അനുവാദമില്ല.
ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റെയും മൗലിക അവകാശമാണ്. ആ അവകാശത്തിന്മേല് കൈവയ്ക്കാന്‍ ദൈവം ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ദയാവധത്തിന് സഹായിക്കുന്ന ഡോക്ടര്‍മാര്‍ ക്രിസ്തീയ മനഃസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നത്. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് എഴുതിയ Hippocrates oath ഇന്നും എല്ലാ ഡോക്ടര്‍മാരും വിശുദ്ധമായി കരുതേണ്ടതാണ്. അതിന്റെ ഒരു ഭാഗമാണ് ‘primum non nocere’. ആര്‍ക്കും അറിഞ്ഞുകൊണ്ട് ഒരു ഉപദ്രവവും ചെയ്യുകയില്ല, അത് അവര്‍ ആവശ്യപ്പട്ടാല്‍ പോലും. ഈ വിശുദ്ധമായ വാക്കുകളെയാണ് നാം ബോധപൂര്‍വം മറക്കുന്നത്. ഇവിടെ വൈദ്യശാസ്ത്രത്തിന്റെ ധാര്‍മ്മികതയും ചോദ്യം ചെയ്യപ്പെടുകയാണ്.
125 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത്, ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും ഇപ്പോഴും ഉറപ്പുവരുത്തിയിട്ടില്ല. വ്യക്തികളുടെ നിസഹായാവസ്ഥയില്‍ കുടുംബത്തിനും സമൂഹത്തിനും അവരെ സംരക്ഷിക്കാനുള്ള ബാധ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനു പകരം പലപ്പോഴും ബാധ്യതയായി കണക്കാക്കുന്ന അവസ്ഥ നിലനില്ക്കുന്നു. പ്രായാധിക്യം തളര്‍ത്തിയ മാതാപിതാക്കള്‍ ഒരു ബാധ്യതയായി മക്കള്‍ക്ക് അനുഭവപ്പെടുന്നു. ഈ ബാധ്യത ഒഴിവാക്കുന്നതിന് നിയമവും ഇപ്പോള്‍ സഹായിക്കുന്നുവെന്നേ പറയാനുള്ളൂ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമം തന്നെ ഇങ്ങനെയാകുമ്പോള്‍ നാം ആരെ പഴിക്കണം ?. വില്പത്രത്തിന്റെ കാര്യമൊക്കെ നിയമം അനുശാസിക്കുന്നുവെങ്കിലും അതിന്റെ സാധുത എത്രമാത്രം വിശ്വസനീയമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഒരു കൊലപാതകത്തിന് നിയമത്തിന്റെ പരിരക്ഷ. എത്ര വിരോധാഭാസമായ കാര്യം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 309 അനുസരിച്ച് ആത്മഹത്യാ ശ്രമം പോലും തടവുശിക്ഷ അര്‍ഹിക്കുന്ന കുറ്റമാകുമ്പോള്‍ നിരാലംബനായ ഒരു വ്യക്തിയോട് മറ്റുള്ളവര്‍ കാണിക്കുന്ന ഈ പ്രവൃത്തി എങ്ങനെ സാധൂകരിക്കപ്പെടും?
42 വര്‍ഷം നീണ്ട വേദനാപൂര്‍വമായ ജീവിതം നയിച്ച അരുണയെന്ന നഴ്സിന്റേതാണ്. ഈ വിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു പേര്. നിരാലംബയായ ആ സ്ത്രീയുടെ സഹനത്തില്‍ ഒരു പരാതിയും കൂടാതെ പങ്കുചേര്‍ന്ന ഒരുപിടി സുമനസുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള സുമനസുകളാകാനാണ്, നല്ല സമരിയക്കാരാകാനാണ് കത്തോലിക്കാസഭ നമ്മെ ക്ഷണിക്കുന്നത്. ജീവന്റെ സംരക്ഷകരാകണം നാം, അല്ലാതെ ഘാതകരല്ല. അതിനുതകണം നിയമവും വൈദ്യവും. എല്ലാവര്ക്കും ജീവന്റെ മഹത്വം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍
(ചെയര്മാന്, കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന്)
Related
Related Articles
ഉത്തമമായ നിയമത്തിന് ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം
വിവാഹബന്ധത്തിന് പുറത്ത് സ്ത്രീ പങ്കാളി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ പ്രതിയാകുന്ന പുരുഷനെ ഉള്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ റദ്ദുചെയ്ത് പരമോന്നത കോടതി നടത്തിയ വിധി പ്രസ്താവം മാധ്യമങ്ങള്‍ വാര്‍ത്താ
ജനങ്ങളുടെ ജീവന് കരാറുകാരന് വിലപറയുന്നു
ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച്
ജോബി ജസ്റ്റിനും സൂസൈരാജും ഇന്ത്യന്‍ ക്യാമ്പില്‍
ന്യൂഡല്‍ഹി: തീരത്തിന്റെ പൂഴിമണല്‍ കാല്‍ക്കരുത്തേകിയ രണ്ടു താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍. തായ്ലാന്റില് ജൂണ്‍ 5 ന് ആരംഭിക്കുന്ന കിംഗ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍