Breaking News

കൊല്ലരുതേ!

കൊല്ലരുതേ!

 

സഹായരായ ശിശുക്കളെ അമ്മയുടെ ഉദരത്തില്‍ തന്നെ വധിക്കുന്നതിനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള 1971ലെ നിയമപ്രകാരം (ങലറശരമഹ ഠലൃാശിമശേീി ീള ജൃലഴിമിര്യ അര,േ 1971) ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാവുന്ന ഗര്‍ഭസ്ഥശിശുവിന്റെ പരമാവധി പ്രായം 20 ആഴ്ചയായിരുന്നു. ഈ പ്രായപരിധി 24 ആഴ്ചയായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശമാണ് പ്രധാനമായും ഭേദഗതിയിലുള്ളത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് വിശദീകരണം. കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 40 ആഴ്ചയാകുമ്പോള്‍ പൂര്‍ണവളര്‍ച്ചയോടുകൂടി പുറത്തുവരും. 24 ആഴ്ചയാകുമ്പോള്‍ കുഞ്ഞ് വളര്‍ച്ചയുടെ മൂന്നില്‍ രണ്ടുഘട്ടവും പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുമെന്നര്‍ഥം.
പാതിവളര്‍ച്ചയുള്ള കുഞ്ഞിനെ അമ്മയുടെ വയറ്റിലിട്ടു കൊന്നൊടുക്കാമെന്നതാണ് പുതിയ നിയമം നല്കുന്ന ആനുകൂല്യം. ഗര്‍ഭഛിദ്രം നടത്താന്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രമായിരിക്കില്ല അവസരം. മറ്റു വൈദ്യശാഖകളെയും പരിഗണിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം പരിഗണിച്ചാണ് പുതിയ നിയമനിര്‍മാണമെന്നാണ് അവകാശവാദമെങ്കില്‍ പുതിയ നിയമം അവരുടെ ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്നു കാണാം. ഒരു കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ് ഗര്‍ഭഛിദ്രത്തിലൂടെ നടക്കുന്നത്. ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണെങ്കില്‍ നാടെങ്ങും ഗര്‍ഭഛിദ്രകേന്ദ്രങ്ങളും ഉയരും. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം പരിഗണിച്ചാണ് അതിനെ കൊല്ലാന്‍ നിയമമുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ കൊല്ലപ്പെടാനുള്ള സാധ്യത പുതിയ നിയമഭേദഗതി തുറന്നിടുകയാണ്.
സ്ത്രീകള്‍ക്കുവേണ്ടി ഈ നിയമം ഉണ്ടാക്കുമ്പോഴും ഭേദഗതി ചെയ്യുമ്പോഴും സ്ത്രീകളായിരിക്കണം അതില്‍ തീരുമാനമെടുക്കേണ്ടത്. അല്ലെങ്കില്‍ സ്ത്രീകളുടെ ഭൂരിപക്ഷ തീരുമാനത്തിന് ഈ ബില്‍ വിധേയമാക്കേണ്ടതായിരുന്നു. പുരുഷന്മാര്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ സ്ത്രീകളുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഈ ബില്‍ അവതരിപ്പിക്കുന്നത് അനുവദനീയമാണോ എന്നതിന്റെ നിയമവശം പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സ്ത്രീകള്‍ക്കുവേണ്ടി അവളുടെ ആരോഗ്യത്തെ ഹനിക്കുന്ന നിയമം ഉണ്ടാക്കുവാന്‍ പുരുഷന്മാര്‍ തുനിഞ്ഞിറങ്ങുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോയെന്നും ചിന്തിക്കണം. ഗര്‍ഭഛിദ്രം നടത്തലും വന്ധ്യംകരിക്കലും ഏറ്റവും അപകടകരമായി ചെയ്തുകൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേത്. പലപ്പോഴും സ്ത്രീകളുടെയും കുട്ടികളുടേയും ജീവന്‍ ഇത്തരത്തില്‍ നഷ്ടപ്പെടാറുണ്ട്. 2014 നവംബര്‍ എട്ടാം തീയതി ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ പാവപ്പെട്ട ഗ്രാമീണസ്ത്രീകളെ വന്ധ്യംകരിച്ച് കൊന്നൊടുക്കിയതുപോലെ കൊടിയ വിപത്തായിരിക്കും വരാന്‍ പോകുന്നത്.
എംബിബിഎസ് ബിരുദമെങ്കിലുമുള്ള രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിന് മാത്രമേ ഗര്‍ഭഛിദ്രം നടത്താന്‍ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഭേദഗതി ബില്ലില്‍ പാരമ്പര്യ വൈദ്യന്മാര്‍, സിദ്ധവൈദ്യന്മാര്‍, ഓക്‌സിലറി മിഡ്‌വൈഫുമാര്‍ (വയറ്റാട്ടി), ഹോമിയോ ഡോക്ടര്‍മാര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കാനുള്ള നിര്‍ദേശമാണുള്ളത്.
ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സില്‍ (ഐപിസി) 2014ല്‍ നടത്തിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിയമനിര്‍മാണത്തിന് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. ഐപിസിയുടെ പഠനങ്ങള്‍ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരോപിച്ചിരുന്നു. നഴ്‌സുമാരും വൈദ്യന്മാരും ആയുര്‍വേദ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ എംബിബിഎസ് ഡോക്ടര്‍മാരെപ്പോലെ തന്നെ സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്തുന്നുണ്ടെന്നാണ് പഠനത്തിലെ ഒരു കണ്ടെത്തല്‍. 1971ലെ നിയമമനുസരിച്ച് ഗര്‍ഭഛിദ്രത്തിന് എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാത്രം അനുമതിയുണ്ടായിരുന്നപ്പോള്‍, ആയുര്‍വേദ ഡോക്ടര്‍മാരും സിദ്ധന്മാരും ഒക്കെ രാജ്യത്ത് യഥേഷ്ടം ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. അതായത് നിയമം കര്‍ക്കശമായിരുന്നിട്ടും വ്യാപകമായ ക്രമക്കേടുകള്‍ നടന്നിരുന്നു.
അവിദഗ്ധരായവര്‍ ഗര്‍ഭഛിദ്രം നടത്തുന്നതുവഴി അമ്മയുടെ ജീവനുണ്ടാകാവുന്ന ഭീഷണി സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല. ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ രക്തസ്രാവമോ മറ്റു പ്രശ്‌നങ്ങളോ കൈകാര്യം ചെയ്യുവാന്‍ അറിയാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തുവാന്‍ അനുമതി നല്‍കിയാല്‍ വന്‍ദുരന്തമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ശസ്ത്രക്രിയ വഴി ഗര്‍ഭഛിദ്രം നടത്താന്‍ ഗര്‍ഭിണിയെ ബോധം കെടുത്തേണ്ടതുണ്ട്. അനസ്‌തേഷ്യ നല്‌കേണ്ടത് വിദഗ്ധരാണ്. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം നടക്കുന്നതിനും ഗര്‍ഭിണികളുടെ വര്‍ധിച്ച തോതിലുള്ള മരണത്തിനും ഇതിടയാക്കും. ഗര്‍ഭഛിദ്രം നടത്തുന്നതിന് അലോപ്പതി ഡോക്ടര്‍മാര്‍ക്കുതന്നെ പ്രത്യേക പരിശീലനം ആവശ്യമായിരിക്കേ നഴ്‌സുമാര്‍ക്കും സിദ്ധന്മാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‌കേണ്ട പ്രത്യേക സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു.
ഔഷധപ്രയോഗത്തിലൂടെയും ശസ്ത്രക്രിയയിലൂടെയും ഗര്‍ഭഛിദ്രം നടത്താന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. ആധുനിക ഔഷധങ്ങളുടെ പ്രയോഗത്തെക്കുറിച്ചോ ശസ്ത്രക്രിയയെക്കുറിച്ചോ യാതൊരു പഠനവും പരിശീലനവും ലഭിക്കാത്തവര്‍ ഇവ ഉപയോഗിച്ച് നടത്തുന്ന ഗര്‍ഭഛിദ്രം സുരക്ഷിതമായിരിക്കില്ല. നഴ്‌സുമാര്‍ക്കും മറ്റും ഔഷധങ്ങള്‍ നിര്‍ദേശിക്കാന്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമം അനുവദിക്കുന്നുമില്ല.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം പ്രേരണമൂലം ആഗോളതലത്തില്‍ 2010 മുതല്‍ 2014വരെ വര്‍ഷംതോറും ശരാശരി 5.60 ലക്ഷം ഗര്‍ഭഛിദ്രം നടന്നിട്ടുണ്ട്. അതില്‍ സുരക്ഷിതമായതും അല്ലാത്തതുമുണ്ട്. ഇന്ത്യയില്‍ ഒരു വര്‍ഷം ഏഴുലക്ഷത്തോളം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുവെന്നും അതില്‍ 50 ശതമാനവും നിയമവിധേയമല്ലാതെയാണെന്നും കണക്കുകള്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രംമൂലം ഇതില്‍ എട്ടു ശതമാനം അമ്മമാരും മരണപ്പെടുന്നു. അതായത്, ഇന്ത്യയില്‍ ഓരോ രണ്ടു മണിക്കൂറിലും സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം കാരണം ഒരു സ്ത്രീ വീതം മരിക്കുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം 4600 (എട്ടു ശതമാനം) അമ്മമാര്‍ മരിക്കുന്നുണ്ട്. 2007ല്‍ മാത്രം ഇന്ത്യയില്‍ 6.4 ലക്ഷത്തോളം ഗര്‍ഭഛിദ്രം നടത്തി. അതില്‍ 3.6 ലക്ഷം (56 ശതമാനം) സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രമായിരുന്നു.
ഇന്ത്യയില്‍ 1972 ഏപ്രില്‍ ഒന്നുമുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷത്തിനിടയില്‍ 2.23 കോടിയോളം ഗര്‍ഭഛിദ്രം നിയമപരമായി നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏകദേശം രണ്ടു ലക്ഷത്തോളം അമ്മമാരും ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യം നിലനില്ക്കുമ്പോഴാണ് നിയമം കൂടുതല്‍ ഉദാരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമം ഉദാരമാക്കുമ്പോള്‍ ജീവന്‍ കൂടുതല്‍ അപകടത്തിലാകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വാഭാവികമായും ഏതൊരു നിയമവും നിയമഭേദഗതിയും കൊണ്ടുവരുന്നതിനുമുമ്പ് അത്തരമൊരു നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതുവഴി സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ നിയമഭേദഗതി രാജ്യത്തിന്റെ ഭാവിയെയും നീതിബോധത്തെയും ഹനിക്കുമെന്നതില്‍ ഒരു സംശയവുമില്ല.

ബ്രിട്ടീഷ് ഭരണകാലത്താണ് 1860ല്‍ ഇന്ത്യന്‍ പീനല്‍കോഡ് 312 പ്രകാരം ഗര്‍ഭഛിദ്രം കുറ്റകൃത്യമാക്കിക്കൊണ്ടുള്ള നിയമമുണ്ടാക്കിയത്. പെണ്‍ഭ്രൂണഹത്യ വ്യാപകമായ സാഹചര്യത്തിലായിരുന്നു അത്തരമൊരു നിയമനിര്‍മാണം നടത്തിയത്. അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഭ്രൂണഹത്യ നടത്താന്‍ ഈ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയുമായിരുന്നു ശിക്ഷ. 1960കളില്‍ നിരവധി രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കി. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി പഠിക്കാനായി 1964ല്‍ കേന്ദ്ര സര്‍ക്കാര്‍ ശാന്തിലാല്‍ ഷാ കമ്മീഷനെ നിയമിച്ചു. 1970ല്‍ ഷാ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വീകരിക്കുകയും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. 1971ല്‍ ഇതു നിയമമായി.
ഈ നിയമപ്രകാരവും ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റം. എന്നാല്‍, രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താം. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്. 20 ആഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. തനിക്ക് സ്വയംനിര്‍ണയാവകാശമുണ്ടാകേണ്ട ശരീരത്തില്‍ ഒരു ശസ്ത്രക്രിയയ്ക്ക് സ്ത്രീ കോടതിയുടെ അനുമതി തേടേണ്ട അവസ്ഥ നിലനില്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നിയമത്തില്‍ മാറ്റംവരേണ്ടതാണെന്ന് ഇന്ത്യയിലെ വനിതാ സംഘടനകള്‍ ഏറെനാളായി ആവശ്യപ്പെടുന്നു.
ഗര്‍ഭഛിദ്രം അനുവദിക്കാത്തതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ 2012ല്‍ ഇന്ത്യക്കാരിയായ സവിതാ ലപ്പാനവര്‍ മരിക്കാനിടയായത് ഗര്‍ഭഛിദ്ര നിയമത്തെപ്പറ്റി ലോകത്താകെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. 2015 ആഗസ്റ്റില്‍ സുപ്രീംകോടതിയില്‍നിന്നുള്ള ഒരു വിധിയായിരുന്നു നിയമഭേദഗതിക്ക് ഇന്ത്യന്‍ സര്‍ക്കാരിനെയും ആരോഗ്യമന്ത്രാലയത്തെയും പ്രേരിപ്പിച്ച പ്രധാന ഘടകം. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 14 വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ആ ഗര്‍ഭം അലസിക്കിട്ടാന്‍ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തേണ്ടിവന്നിരുന്നു. ജീവനുതന്നെ അപകടംപേറുന്ന ഗര്‍ഭം ഒഴിവാക്കിക്കിട്ടാനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഈ നിയമയുദ്ധം വേണ്ടിവന്നത്.
പെണ്‍കുട്ടിയുടെ 25 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘമാണ് അനുമതി നല്‍കിയത്. ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ജില്ലാ കോടതിയും ഗുജറാത്ത് ഹൈക്കോടതിയും അനുമതി നിഷേധിച്ചതിനാലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടിവന്നത്. ജസ്റ്റിസ് എ.ആര്‍.ദവെയും ജസ്റ്റിസ് കുര്യന്‍ ജോസഫും അടങ്ങുന്ന ബെഞ്ചാണ് ആരോഗ്യവിദഗ്ധര്‍ അനുവദിക്കുമെങ്കില്‍ ഗര്‍ഭം നശിപ്പിക്കാന്‍ പെണ്‍കുട്ടിക്ക് അനുമതി നല്‍കിയത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ ആര്‍ക്കും ഏതുസാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി ലഭിക്കുംവിധത്തിലുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്.


Related Articles

സമുദായ ദിന സമ്മേളനം നടത്തി.

കൊച്ചി:കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സി)യുടെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്ക രൂപതകളുടെ സമുദായ ദിനം ആചരിച്ചു. സമാപന സമ്മേളന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡാ

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*