കൊവിഡിനുശേഷം പുതിയ നിയമം: അനാഥാലയങ്ങളും കുഞ്ഞുങ്ങളും പ്രതിസന്ധിയില്‍

എറണാകുളം: ലോക്ഡൗണിനോടനുബന്ധിച്ച് വീടുകളിലേക്കു മടങ്ങേണ്ടി വന്ന അനാഥാലയങ്ങളിലെ കുട്ടികള്‍ തിരിച്ചെത്താനാവാതെ ദുരിതത്തില്‍. ഓണ്‍ലൈന്‍ പഠനവും മറ്റ് സൗകര്യങ്ങളും മുടങ്ങുംവിധം കുട്ടികളെ വലയ്ക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) ജസ്റ്റിസ് പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ വ്യക്തമാക്കി.
കുട്ടികള്‍ അനാഥ മന്ദിരങ്ങളിലേക്കു തിരിച്ചുവരണമെങ്കില്‍ അതാതു ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍(സിഡബ്ലിയുസി) വീണ്ടും അപേക്ഷിക്കണമെന്നാണു നിര്‍ദേശം. സിഡബ്ലിയുസി ഹോം സ്റ്റഡി നടത്തി സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് അനാഥാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സിഡബ്ല്യുസിക്ക് കൈമാറണം. ഈ റിപ്പോര്‍ട്ട് പഠിച്ചശേഷമേ അനാഥാലയങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്നതാണ് സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകര്‍ പുറത്തിറക്കിയ ഉത്തരവ്.
കൊവിഡ് കാലമായതിനാല്‍ പൊതുഗതാഗതം ഇപ്പോഴും സാധ്യമാകാത്ത, പലയിടങ്ങളും റെഡ് സോണിലായിരിക്കുന്ന ഉള്‍ഗ്രാമങ്ങളിലും വിദൂരസ്ഥലങ്ങളിലും ഉള്ള കുട്ടികള്‍ക്കോ അവരുടെ അജ്ഞരും നിര്‍ധനരുമായ മാതാപിതാക്കള്‍ക്കോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അപേക്ഷ നല്‍കാന്‍ പോകാനോ നടപടികള്‍ക്കു പിന്നാലെ നടക്കാനോ കഴിയുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ആരംഭിച്ചിട്ടുപോലും പങ്കെടുക്കാനാവാത്ത സ്ഥാപനങ്ങളില്‍ നിന്നു ഇപ്പോള്‍ വീട്ടിലുള്ള കുട്ടികള്‍ ധാരാളമാണ്.
കുട്ടികള്‍ സ്ഥാപനത്തിലാണോ വീട്ടിലാണോയെന്നതില്‍ പോലും അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കു ഈ ഓര്‍ഡര്‍ സൃഷ്ടിച്ച പ്രതിസന്ധി കാരണം വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല പഠനത്തിന് ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പകരം മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമില്ല.
മാതാപിതാക്കള്‍ ഉള്ള കുട്ടികളെ അനാഥാലയത്തില്‍ പ്രവേശിപ്പിക്കരുതെന്ന ചട്ടവും കുട്ടികള്‍ക്കു തിരിച്ചടിയാണ്. ലഹരിക്കടിമകളായ മാതാപിതാക്കളുടെയും ജീവിക്കാനുള്ള മാര്‍ഗമില്ലാത്ത, കുടുംബ കലഹങ്ങളിലും സാമൂഹിക സുരക്ഷയില്ലാതെയും വിവാഹബന്ധം വേര്‍പെട്ടും ഒക്കെ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും അനാഥാലയങ്ങളിലുള്ളത്. ഇത്തരം കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യവും സമാധാനപരമായ ജീവിതവും സുരക്ഷിതത്വവും പോഷകാഹാരവും മറ്റും സാധ്യമാകുന്നതില്‍ അനാഥാലയങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. പുതിയ ചട്ടങ്ങള്‍ ജെജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അനാഥാലയങ്ങളേയും അവയിലെ കുട്ടികളെയുമാണ് പ്രധാനമായും പുതിയ നിയമം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ജെജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് ഈ നൂലാമാലകളില്ലാതെ തന്നെ കുട്ടികളെ വീണ്ടും പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു. നിയമം അനുസരിക്കുന്നവരെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന വിധമാണ് സാമൂഹിക നീതിവകുപ്പിന്റെ നടപടി.
ഒരിക്കല്‍ ഈ നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയും താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും പിന്നെ സ്ഥിരം അഭയകേന്ദ്രമായി ഒരു അനാഥമന്ദിരം നിശ്ചയിക്കപ്പെടുകയും  ചെയ്ത കുട്ടികളെയും കുടുംബങ്ങളേയും വീണ്ടും ദീര്‍ഘവും കഠിനവുമായ നടപടിക്രമങ്ങളിലൂടെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാവില്ല. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ അഭയകേന്ദ്രങ്ങള്‍ കൊറോണയുടെ ദുരിത കാലത്തു തന്നെ ധൃതി പിടിച്ച് അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഈ പുതിയ ഉത്തരവിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിനെതിരെ കത്തോലിക്കാ അനാഥാലയങ്ങളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനാഥാലയങ്ങളിലുള്ള 20,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പുതിയ ചട്ടങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കെസിബിസി കമ്മീഷന്‍ ആവശ്യപ്പെട്ടു.


Related Articles

ശൂന്യമായ കല്ലറ: ഈസ്റ്റർ ദിനം

ഈസ്റ്റർ ദിനം വിചിന്തനം:- ശൂന്യമായ കല്ലറ (ലൂക്കാ 24:1-12) ശൂന്യമായ കല്ലറ: ഹൃദയസ്പർശിയായ ചില ചോദ്യങ്ങളും സാന്ത്വന ദർശനങ്ങളും നൽകിയ ഒരിടം. അതെ, ഉത്ഥാനത്തിന്റെ ആദ്യ അടയാളം

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

കംഗാരുക്കളെ അവരുടെ നാട്ടില്‍ ചെന്ന് തളയ്ക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ക്രിക്കറ്റിലെ ഏറ്റവും ശക്തരെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് കീഴടക്കിയപ്പോള്‍ ചരിത്രം വിരാട്

മദ്യനയം പിന്‍വലിക്കണം: ഹൈബി ഈഡന്‍ എംഎല്‍എ

എറണാകുളം: കേരള ജനതയെ മദ്യത്തില്‍ മുക്കികൊല്ലുന്ന മദ്യനയം പിന്‍വലിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ 20-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*