കൊവിഡ് കാലത്ത് പറയാന്‍ ബാക്കിവച്ചത്

ഫ്രാന്‍സിസ് ടി. മാവേലിക്കര
ആഗസ്റ്റ് 19ന് ഒ. മാധവന്റെ ചരമദിനമായിരുന്നു. പ്രിയപ്പെട്ട മാധവന് ചേട്ടന്റെ 15-ാം ചരമദിനം. ഞങ്ങള്‍ കാളിദാസ കലാകേന്ദ്രം ‘ചന്ദ്രികയ്ക്കുമുണ്ടൊരു കഥപറയാന്‍’ എന്ന നാടകം ഉദ്ഘാടനം ചെയ്യണം എന്നാഗ്രഹിച്ച ദിവസം. കാളിദാസ കലാകേന്ദ്രം തുടങ്ങിയിട്ട് 59 വര്‍ഷമാവുകയും അതിന്റെ 59-ാമത് നാടകമായി ചന്ദ്രികയ്ക്കുമുണ്ടൊരു കഥപറയാന്‍ എന്ന് അനൗണ്‍സ് ചെയ്യുകയും ചെയ്തിട്ട് കുറേയായി. മാര്‍ച്ച് 10-ാം തീയതി കൊവിഡ് മൂലം നാടകശാലകളും തീയേറ്ററുകളും അടഞ്ഞുപോകുകയും കലാകാരന്റെ-കാലാകാരന്മാരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുകയും ചെയ്തു.
ഞങ്ങളൊക്കെ കണക്കുകൂട്ടിയതുപോലെ ഒരു അരങ്ങും ഉണര്‍ന്നില്ല. ഒരു റിഹേഴ്സല്‍ ക്യാമ്പിലും ഒരു ഈറ്റുപുരയിലും പേറ്റുനോവിന്റെ ശബ്ദം കേട്ടില്ല. ഒരു റിഹേഴ്സല്‍ ക്യാമ്പുകളിലും തിരി തെളിഞ്ഞില്ല. ഒരു നാടകശാലയിലും വെളിച്ചം തെളിഞ്ഞില്ല. ഒരു യവനിയും ഉയര്‍ന്നിട്ടില്ല. ഒരു സിനിമാശാലയും സജീവമായിട്ടില്ല. ഇനി എന്നത് സാധ്യമാകും എന്നതിനെപ്പറ്റിയും നമുക്കൊരുറപ്പും ഇല്ലാത്ത ദിവസമാണ് ഇതിങ്ങനെ പറയണമെന്ന് തോന്നിയത്.
കാളിദാസ കലാകേന്ദ്രം അതിന്റെ 60 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ചെയ്യേണ്ട നാടകം എന്താണെന്ന് ഞാനും രാജേന്ദ്രനും സന്ധ്യയും കൂടെ ഇരുന്ന് ആലോചിക്കുമ്പോള്‍, ചങ്ങമ്പുഴയുടെ രമണന് മലയാള കാവ്യശാഖയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ കവിതയാണെന്നും ഒരു കാലഘട്ടത്തിലെ ആസ്വാദകരെ വല്ലാതെ കരയിച്ചിട്ടുണ്ടെന്നും ബഹുമാന്യനായ എം.ടി. വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞത് ഓര്‍മവന്നു. കുട്ടിയായിരിക്കുമ്പോള്‍ ചങ്ങമ്പുഴയുടെ രമണന് പ്രസിദ്ധീകരിച്ചതറിഞ്ഞ് അക്കിത്തത്തിന്റെ വീട്ടില്‍ പോയി രമണന്റെ ഒരു കോപ്പി വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വായിച്ചു. ആ രാത്രിയില്‍ തന്നെ എം.ടി.യുടെ കയ്യില്‍ നിന്നും ആ പുസ്തകം അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യ വാങ്ങിച്ചു വായിക്കുകയും അവര്‍ വല്ലാതെ കരയുകയും ചെയ്തു. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്താണ് അവര്‍ കരഞ്ഞത്.
എം. ടി. രാത്രിയില്‍ തന്നെ രമണന് 200 പേജിന്റെ ഒരു നോട്ടുപുസ്തകത്തിലേക്കു പകര്‍ത്തി. പിറ്റേദിവസംതന്നെ അക്കിത്തത്തിന്റെ വീട്ടില്‍ തിരിച്ചുകൊണ്ടു കൊടുത്ത കഥ എം.ടി. വളരെ അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുണ്ട്.
തന്റെ സുഹൃത്തായിരുന്ന ഇടപ്പളളി രാഘവന് എന്ന കവിയുടെ ആത്മഹത്യ, പ്രണയനൈരാശ്യം കൊണ്ടായിരുന്നു എന്ന ബോധ്യമായിരുന്നു ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നത്. തന്റെ സുഹൃത്തിന്റെ അകാലത്തിലുള്ള വേര്‍പാട് സഹിക്കാനാവാതെ ചങ്ങമ്പുഴ അതുവരെ ഉണ്ടായിരുന്ന കാവ്യരീതികള്‍ വിട്ടിട്ട് ഒരു ഇടയഗീതം പോലെ-ഒരു എല്‍ജി പോലെ ഒരു കവിതയെഴുതുകയും ആ കവിത വല്ലാതെ മലയാളിമനസ്സ് സ്വീകരിക്കുകയും ചെയ്തു. ഇടപ്പള്ളിയുടെ ആത്മഹത്യ ഒരു സത്യമായിരുന്നു. അതൊരു പ്രണയനൈരാശ്യം മൂലമായിരുന്നു എന്ന കഥയും ഏറെക്കുറെ സത്യമായിരിക്കാം. രമണനില്‍ ചങ്ങമ്പുഴ അവതരിപ്പിച്ച നായികയാണ് ചന്ദ്രിക. ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ പെണ്‍കുട്ടി. ഈ കവിതയെ പല രീതിയില്‍ പലരും പിന്നീട് ആവിഷ്ക്കരിച്ചപ്പോള്‍ ഈ ചന്ദ്രികയ്ക്കും ഒരു കഥ പറയാനുണ്ടാവില്ലേ എന്ന് ഞാന്‍ ആലോചിച്ചു.
സ്ത്രീപക്ഷത്തുനിന്നു ആ കവിതയെ ഒന്ന് വായിച്ചെടുക്കേണ്ടേ എന്നാലോചിച്ചു.
ചങ്ങമ്പുഴ പറയുന്നപോലെയല്ല, ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്കോ മരണത്തിനോ പിന്നിലുള്ള സത്യം എന്നുണ്ടെങ്കില്‍, ആ പെണ്ണിന്, ചന്ദ്രികയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ഞാനൊന്ന് ആലോചിക്കുകയും ആ ഒരു കിനാവിലേക്ക് ഞാനെന്റെ ചിന്തകളെ പൊരുന്നയിരിക്കാന്‍ അനുവദിക്കുകയും ചെയ്തു. ആ ചിന്തകളില്‍ ഞാന്‍ പൊരുന്നയിരുന്നപ്പോള്‍ അവിടെനിന്ന് എനിക്ക് ചില സ്വപ്നങ്ങള്‍ വിരിഞ്ഞുകിട്ടി. എന്റെ കിനാവിനുമേല് ഞാന്‍ അടയിരുന്ന് വിരിഞ്ഞുകിട്ടിയ സ്വപ്നങ്ങളെ ഞാന്‍ എന്റെ സംവിധായകനായ രാജേന്ദ്രനോടും പ്രിയപ്പെട്ട സുഹൃത്തായ സന്ധ്യയോടും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്തപ്പോള്‍ ഫ്രാന്സിസേ നമുക്കിതുതന്നെ കാളിദാസ കലാകേന്ദ്രയുടെ അറുപതാം വര്‍ഷം അമ്പത്തിയൊമ്പതാം നാടകമായി അവതരിപ്പിക്കണമെന്ന് രാജേന്ദ്രന് പറയുകയും ചെയ്തു. ഇടപ്പള്ളി ആത്മഹത്യ ചെയ്തു, ചങ്ങമ്പുഴ അകാലത്തില്‍ രോഗം ബാധിച്ചു മരിച്ചു. ചങ്ങമ്പുഴ തന്റെ കവിതയിലൂടെ ഇരുട്ടിലേക്ക് നീക്കിനി ര്‍ത്തിയ ചന്ദ്രിക കാലത്തിന്റെ ഇരുട്ടില്‍ ഒളിച്ചിരിക്കേണ്ടിവന്ന നായിക, രോഗിയായ ചങ്ങമ്പുഴയെ കാണാന്‍ വരികയും തനിക്ക് പറയാനുള്ളത് ചങ്ങമ്പുഴയോട് പറയുകയും ചെയ്യുന്നു. തന്നെ എന്തിന് ഒരു കവിതയെഴുതി ഇരുട്ടിലാക്കിയെന്ന് അവള് ചോദിക്കുന്നു. നിങ്ങള്‍ പറഞ്ഞതിനുമപ്പുറത്ത് ഞങ്ങളുടെ പ്രണയത്തില്‍, ഇടപ്പള്ളിയുടെ മരണത്തില്‍ വേറെ ചില സത്യങ്ങള്‍ കൂടെ ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയുമൊക്കെ ചെയ്യുന്നു.
താന്‍ സൃഷ്ടിച്ച എക്കാലത്തെയും ജനപ്രിയ നായികയ്ക്ക്, അല്ലെങ്കില്‍ ജനങ്ങള്‍ വെറുത്ത നായികയ്ക്കുമുന്നില് കവി പകച്ചുനില്‍ക്കുന്നു. ചങ്ങമ്പുഴ തന്റെ ഒരു കഥാപാത്രത്തിന് മുന്നില്‍ നിസ്സംഗനായിപ്പോകുന്നു; നിസ്സഹായനായിപ്പോകുന്നു. ഇതിനെയാണ് നാടകമാക്കാന്‍ തീരുമാനിച്ചത്. ചങ്ങമ്പുഴയും രമണനും ചന്ദ്രികയുമൊക്കെയടങ്ങുന്ന ഒരു കഥാബീജം-ഒരു കിനാവ് എന്റെ ഹൃദയത്തിലിരുന്ന് രൂപപ്പെടുകയും, പേപ്പറില്‍ പരുവപ്പെടുകയും സംവിധായകന് അതിനെപ്പറ്റി നിരവധി കിനാവുകള്‍ കാണുകയുമൊക്കെ ചെയ്തു. ഞങ്ങളതിനെ ആഗസ്റ്റ് 19-ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ അഭിമാനപുരസ്സരം അവതരിപ്പിക്കണമെന്നാഗ്രഹിച്ചു. കാലം അത് അനുവദിക്കാതെ ഞങ്ങളുടെ സ്വപ്നം നീട്ടിവെച്ചിരിക്കുന്നു.
ഞങ്ങളാ നാടകം സാക്ഷാത്കരിക്കും എന്ന് ഇന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ല. പക്ഷേ ഞാനും രാജേന്ദ്രനും സന്ധ്യയും ചേര്‍ന്ന് ആ നാടകം
അരങ്ങിലെത്തിക്കും. അത് കാളിദാസ കലാകേന്ദ്രം അതിന്റെ അറുപതാം വര്‍ഷം മലയാള നാടകവേദിക്കു നല്കുന്ന മികച്ച ഒരു സംഭാവനയായിരിക്കും. ഈ വിഷയം ഞാന്‍ എന്റെ സുഹൃത്തായ സിവിക് ചന്ദ്രനോടും പെരുമ്പടവം ശ്രീധരനോടും, സി. എല്‍. ജോസിനോടും, സി. കെ. ശശിയോടും, മണിലാലിനോടുമൊക്കെ ആലോചിച്ചതാണ്. അവരുമായിട്ട് ചര്‍ച്ച ചെയ്തതാണ്. പ്രൊഫ. എം. കെ. സാനുമാസ്റ്ററോട് ഡിസ്കസ് ചെയ്തതാണ്. ഈ സബ്ജക്ട് കുരീപ്പുഴ ശ്രീകുമാറിനോട് സംസാരിക്കാനിരുന്നതാണ്. കാളിദാസ കലാകേന്ദ്രത്തിന്റെയും ഫ്രാന്‍സിസിന്റെയും മികച്ചൊരു സംരംഭമായിരിക്കുമിതെന്ന് ആശ്രാമം ഭാസി അഭിപ്രായപ്പെടുകയും ചെയ്തതാണ്. ഞങ്ങളുടെ ആ കിനാവ് കടലാസില്‍ ആയിരിക്കുന്നു. ആ കിനാവ് അരങ്ങിലെത്തുന്നത് എന്നെന്ന് പ്രവചിക്കാന്‍ കഴിയാത്തവിധം ഓരോ സായന്തനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.
കാലമിതിനൊരു പരിഹാരമുണ്ടാക്കും. സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. സമയം ഈശ്വരന്റെ ഖജനാവില്‍ മാത്രമേയുള്ളൂ. അതിന് മടക്കയാത്രയില്ല. 2020 ആഗസ്റ്റ് 19 ഞങ്ങള്‍ക്ക് മടക്കിക്കിട്ടില്ല. ഈ വര്‍ഷം ആഗസ്റ്റ് 19ഉം ഓണവും ഓണത്തോടനുബന്ധിച്ചുണ്ടാകേണ്ട അനേകം വേദികളും കൊവിഡ് കവര്‍ന്നെടുത്തു. ഈ വര്‍ഷം കാളിദാസ കലാകേന്ദ്രത്തിന്റെ ആ ചുവന്ന തിരശീല ഒ. മാധവന്റെ അനുസ്മരണ ദിവസം ഉയര്‍ത്തി ‘ചന്ദ്രികയ്ക്കുമുണ്ടൊരു കഥപറയാന്‍’ എന്ന നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയി. പക്ഷേ ഞങ്ങള്‍ അതവതരിപ്പിക്കും.
അത് കേരളം കണ്ട ഏറ്റവും വിപ്ലവകാരിയായ നാടകപ്രവര്‍ത്തകന്‍ നല്കാവുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലിയായിരിക്കും. പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയി ലോക്കപ്പിലിട്ട് തലമുടി പിഴുതുകളഞ്ഞപ്പോള് തന്നെ മുടിയല്ല നിയന്ത്രിക്കുന്നത്, അതിന്റെ അടിയില്‍ ഊര്‍ജ്വസ്വലമായ ഒരു തലച്ചോറുണ്ടെന്നും ആ തലച്ചോര്‍ നിയന്ത്രിക്കുന്ന രീതിയില്‍ വര്‍ത്തമാനം പറയാന്‍ മടിയോ കൊഞ്ഞയോ ഇല്ലാത്ത ഒരു നാവുണ്ടെന്നും അതിനുതാഴെ തനിക്ക് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള രണ്ട് കരങ്ങള്‍ ഉണ്ടെന്നും അതിനു താഴെ തനിക്ക് ഊര്‍ജ്വസ്വലമായ രണ്ട് ചുവടുകള്‍ ഉണ്ടെന്നും അതുവെച്ച് താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നും ആ കാലഘട്ടത്തില്‍ പൊലീസുകാരുടെ മുഖത്തുനോക്കി പറഞ്ഞ ഒ. മാധവന് എന്ന ധീരനായ പോരാളി സഞ്ചരിച്ചുതീര്‍ത്ത ഒരു വഴിയുണ്ട് കാളിദാസ കലാകേന്ദ്രത്തിന്. ആ വഴിയിലൂടെയാണ് രാജേന്ദ്രനും സന്ധ്യയും മുന്നോട്ടുനടക്കുന്നത്. അവിടെയാണ് ഞങ്ങള്‍ ഇങ്ങനെയൊരു നാടകം ചെയ്യാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഉറപ്പായും ഒ. മാധവന്റെ ആത്മാവിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ ആ നാടകം ചെയ്യും. അതിമനോഹരമായി, മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു അരങ്ങനുഭവം പോലെ.