കൊവിഡ് ദുരന്ത ആശ്വാസധനം ഇനിയും വൈകിക്കരുത്

by admin | October 1, 2021 5:57 am

 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം സംസ്ഥാന ദുരന്തദുരിതാശ്വാസ നിധിയില്‍ നിന്ന് എക്‌സ്‌ഗ്രേഷ്യ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീം കോടതി നിരീക്ഷിച്ചതുപോലെ ഒട്ടേറെപേരുടെ കണ്ണീരൊപ്പാന്‍ സഹായകമായ സമാശ്വാസ നടപടിയാണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചവരുടെയും, കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് 30 ദിവസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞ് മരണമടഞ്ഞവരുടെയും, ജീവനൊടുക്കിയ കൊവിഡ് രോഗികളുടെയും ബന്ധുക്കള്‍ക്കാണ് ഈ സമാശ്വാസ സഹായത്തിന് അര്‍ഹതയുളളത്. മഹാമാരിയുടെ ആദ്യനാള്‍ തൊട്ട് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് മെഡിക്കല്‍ രേഖ സഹിതം ഇതിനായി അപേക്ഷിക്കാം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ, കൊവിഡ് മരണത്തിന് നഷ്ടപരിഹാരമായി ഈ തുക തുടര്‍ന്നും നല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചത്.

നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്ന ഹര്‍ജിയിന്മേല്‍, സഹായ പരിധി നിര്‍ണയിക്കേണ്ടത് സര്‍ക്കാരാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, കേന്ദ്രം 50,000 രൂപ നിശ്ചയിച്ചപ്പോള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ബിഹാര്‍ ഗവണ്‍മെന്റ് നേരത്തേ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കോടതിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍, വിശേഷിച്ച് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കനത്ത സാമ്പത്തിക ബാധ്യത സഹിക്കേണ്ടിവന്നവര്‍ക്ക് 50,000 രൂപ ധനസഹായം അത്ര വലിയ സംഖ്യയൊന്നുമല്ല. എങ്കിലും സര്‍ക്കാരിന്റെ കരുതലിന്റെയും ജനക്ഷേമനയത്തിന്റെയും അടയാളം എന്ന നിലയില്‍ ഇതിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. മഹാമാരി കവര്‍ന്നെടുക്കുന്ന ഓരോ ജീവനും ഓരോ കുടുംബത്തിനും ഏറെ വിലപ്പെട്ടതാണ്; എത്ര എക്‌സ്‌ഗ്രേഷ്യ തുക നല്‍കിയാലും ആ നഷ്ടം നികത്താനാവില്ല. പല കുടുംബങ്ങളുടെയും ആശ്രയവും അത്താണിയുമാണ് ഇല്ലാതാകുന്നത്. എന്നാല്‍ കുടുംബം പോറ്റാനുള്ള ഉത്പാദനശേഷിയും പ്രായവ്യത്യാസവുമൊന്നും പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേ തുക നഷ്ടപരിഹാരം നല്‍കുന്നത് നീതിയുക്തമല്ലെന്ന് വാദിക്കുന്നവരുമുണ്ട്.

കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ സംഖ്യ എത്രയാണെന്ന് ഇനിയും സുതാര്യമായ കണക്ക് ലഭ്യമല്ല. മഹാമാരിയെ പിടിച്ചുകെട്ടുന്നതിലും പൊതുജനാരോഗ്യസംരക്ഷണത്തിലും ലോകോത്തര മഹിമ അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ ഏറെയും മറച്ചുവച്ചുവെന്ന് നിയമസഭയില്‍ പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ മരിക്കുന്നവരുടെ എണ്ണം നോക്കിയാല്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ കേസ് ഫറ്റാലിറ്റി റേറ്റ് കേരളത്തിലായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. ദേശീയ ശരാശരി മരണനിരക്ക് 1.30% ആയിരിക്കെ കേരളത്തിലേത് 0.5 ശതമാനം മാത്രമായിരുന്നു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ), ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍) നല്‍കിയ മാര്‍ഗരേഖ അനുസരിച്ചാണ് ഇവിടെ കൊവിഡ് മരണം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഔദ്യോഗിക കണക്കില്‍ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ ഏതാണ്ട് പകുതിയോളം കുറച്ചുകാണിക്കുകയായിരുന്നുവെന്ന് ചില പൊതുജനാരോഗ്യവിദഗ്ധരും പകര്‍ച്ചവ്യാധിശാസ്ത്രജ്ഞരും വെളിപ്പെടുത്തുകയുണ്ടായി.

രോഗം സ്ഥിരീകരിച്ച് അഞ്ചു മുതല്‍ ഏഴു ദിവസം വരെയെത്തുമ്പോള്‍ രോഗമുക്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെങ്കിലും അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുന്നതായാണ് അതിതീവ്ര കൊവിഡ് വകഭേദ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പലര്‍ക്കും അനുഭവപ്പെട്ടത്. പരിശോധനയില്‍ നെഗറ്റീവ് ആയി വീട്ടിലേക്കു തിരിച്ചുപോയവര്‍ വീട്ടില്‍ സുഖപ്രാപ്തി വിശ്രമത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്നു. ത്രോംബൊഎംബോളിസം, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍, സെറബ്രല്‍ ഇസ്‌കീമിയ തുടങ്ങിയ ആതുരാവസ്ഥയിലാവും ട്രൗമയും സ്‌ട്രോക്കും ഹാര്‍ട്ട് അറ്റാക്കും ഉണ്ടാകുന്നത്. കൊവിഡ് നെഗറ്റീവ് ആയവരാണ് രണ്ടാം തരംഗത്തില്‍ കൊവിഡാനന്തര കോംപ്ലിക്കേഷനുകള്‍ മൂലം മരിച്ചവരില്‍ അധികവും. ഇവരെയൊന്നും സര്‍ക്കാര്‍ കൊവിഡ് ഡാഷ്‌ബോര്‍ഡിലെ മരണസംഖ്യയില്‍ ഉള്‍പ്പെടുത്തിയില്ല. കാന്‍സര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ അനുബന്ധരോഗമുള്ളവര്‍ കൊവിഡ് പോസിറ്റീവായി മരിച്ചാലും അവരുടെ മരണകാരണം ‘കോമോര്‍ബിഡിറ്റി’ പ്രശ്‌നമായി ആദ്യമേ എഴുതിതള്ളുകയായിരുന്നു. കൊവിഡ് നെഗറ്റീവായശേഷം ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററില്‍ കിടന്നു മരിച്ചവരെ പോലും കൊവിഡ് മരണപട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി കാണാം.

ആരുടെയെങ്കിലും പ്രതിഛായയ്ക്കു മിഴിവേകാന്‍ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ ആസൂത്രിതമായി കുറച്ചുകാട്ടി എന്നത് രാഷ്ട്രീയ ദുരാരോപണം മാത്രമാണെങ്കില്‍ പോലും, ഇക്കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം, 2020 ഏപ്രില്‍ മുതല്‍ 2021 മെയ് 31 വരെ സംസ്ഥാനത്ത് 13,868 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 7,000 കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന് വെളിപ്പെട്ടു. അവശേഷിക്കുന്ന എട്ടു ജില്ലകളിലായി 6,000 മരണങ്ങളും ഇങ്ങനെ രേഖപ്പെടുത്താതെ പോയി. 13,000 മരണങ്ങള്‍ ഔദ്യോഗിക രേഖയില്‍ വന്നില്ല. കേരളം 2020 മുതല്‍ 2021 മേയ് വരെയുള്ള കണക്കില്‍ ഫറ്റാലിറ്റി റേറ്റ് കുറച്ചുകാട്ടിയത് 2.7% ആണെങ്കില്‍, കര്‍ണാടകത്തില്‍ അത് 5.8, തമിഴ്‌നാട്ടില്‍ 6.2, ആന്ധ്രപ്രദേശില്‍ 33.8, മധ്യപ്രദേശില്‍ 42.3 ശതമാനവുമാണത്രെ. കേരള സര്‍ക്കാരിന്റെ കണക്കില്‍ മരണസംഖ്യ 1,969 എന്നു കാണിക്കുമ്പോള്‍ ഏഴു പത്രങ്ങളിലെ ജില്ലാ എഡിഷനുകളിലും അഞ്ച് ന്യൂസ് ചാനലുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ എണ്ണം 3,356 എന്ന് കൃത്യമായി അടയാളപ്പെടുത്തിയ ഒരു ജനറല്‍ മെഡിസിന്‍ ഫിസിഷ്യന്‍ സുതാര്യതയ്ക്കുവേണ്ടി വാദിക്കുന്നത് ബിബിസി ന്യൂസ് അവതരിപ്പിക്കുകയുണ്ടായി.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചു വ്യക്തത വരുത്താനും കൊവിഡ് മരണം സാക്ഷ്യപ്പെടുത്തുന്നതിന് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കാതെ ലളിതവും കൃത്യവുമായ നിര്‍വചനങ്ങള്‍ സഹിതം ഏകീകൃത മാര്‍ഗരേഖ തയാറാക്കാനും കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റിനു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കേരളത്തിലെ മരണസംഖ്യ സംബന്ധിച്ച വിവാദം കനത്തപ്പോള്‍, മരിച്ചവരുടെ പേരും വിലാസവും അടക്കം വിപുലമായ പട്ടിക പരസ്യപ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത്തരം പട്ടികയൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് കുറിക്കുമ്പോള്‍ കേരളത്തിലെ ഔദ്യോഗിക മരണസംഖ്യ 24,810 ആണ്. കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള കണക്കുകളില്‍, പല കാരണങ്ങളാല്‍ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 8,000 മരണം കൂടി കൊവിഡ് പട്ടികയില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഉടന്‍ ഉത്തരവിറങ്ങുമെന്നാണ് സൂചന. അപ്പോള്‍ മരണസംഖ്യ 33,000 ആകും. ഇതിനിടെ പ്രതിദിന മരണസംഖ്യ 150ന് അടുത്തുതന്നെ തുടരുകയാണ്.

കൊവിഡ് മരണത്തിന്റെ ആഘാതത്തില്‍ തളര്‍ന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന്, നേരത്തെ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണം സംബന്ധിച്ച തെറ്റുതിരുത്താനും എക്‌സ്‌ഗ്രേഷ്യ വിതരണത്തിനുള്ള നടപടിക്രമം ലഘൂകരിക്കാനും ഈ മാസമാദ്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഐസിഎംആറും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കൊവിഡ് മരണം സാക്ഷ്യപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗം ഏര്‍പ്പെടുത്തേണ്ടതുണ്ട്. മരണസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാനും, ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ ആശ്വാസധനം വിതരണം ചെയ്യുന്നതിനും ജില്ലാതല സംവിധാനം ഏര്‍പ്പെടുത്തി നിശ്ചിത ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കേണ്ടതുണ്ട്. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥകുട്ടികള്‍ക്ക് ലഭിക്കേണ്ട 10 ലക്ഷം രൂപയുടെ കേന്ദ്ര സഹായം കൊവിഡ് മരണസ്ഥിരീകരണത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം തടസപ്പെടുന്ന അവസ്ഥ പൊറുക്കാനാവാത്ത അനീതിയാണ്.

സംസ്ഥാന ദുരന്ത ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇപ്പോഴത്തെ കണക്കുപ്രകാരം 165 കോടി രൂപയാണ് കൊവിഡ് മരണ നഷ്ടപരിഹാര വിതരണത്തിന് വേണ്ടിവരിക. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം 75% ആണ്. 2020 മാര്‍ച്ച് 14ന് കൊവിഡ് ദുരന്തമായി വിജ്ഞാപനം ചെയ്തിരുന്നു. വിജ്ഞാപനം ചെയ്തിട്ടുള്ള 12 ഇനം ദുരന്തങ്ങള്‍ക്കുമായി നീക്കിവച്ചിട്ടുള്ള ഫണ്ടില്‍ നിന്ന് വലിയൊരു വിഹിതം അനിശ്ചിതകാലത്തേക്ക് കൊവിഡ് നഷ്ടപരിഹാരത്തിനു നീക്കിവയ്ക്കാനാവില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞത്. കൊവിഡുമായി ബന്ധപ്പെട്ട് ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കണമെന്ന കോടതി നിര്‍ദേശം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കേന്ദ്രം ബോധിപ്പിക്കുകയുണ്ടായി. കൊവിഡ് നഷ്ടപരിഹാരം മുഴുവന്‍ കേന്ദ്രം നല്‍കണമെന്നാണ് പിണറായി സര്‍ക്കാരിന്റെ ആവശ്യം. സംസ്ഥാന ദുരിതാശ്വാസനിധിയില്‍ ഇപ്പോള്‍ 160 കോടിയേ ബാക്കിയുള്ളത്രെ. കേന്ദ്രം വാക്‌സിന്‍ സൗജന്യമായി തരില്ലെന്നു കണ്ട് വാക്‌സിന്‍ ചലഞ്ചിലൂടെ ദിവസങ്ങള്‍ക്കകം കോടികള്‍ സമാഹരിക്കാന്‍ കഴിഞ്ഞ നമ്മുടെ മുഖ്യമന്ത്രിക്ക് കൊവിഡ് ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളെ സഹായിക്കാനുള്ള ഒരു ചലഞ്ച് കൂടി പ്രഖ്യാപിക്കുന്നതില്‍ വൈമുഖ്യം ഉണ്ടാകുമോ!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a7%e0%b4%a8%e0%b4%82/