കോഴിക്കോട് രൂപതാ ശതാബ്ദി: ഉത്തരകേരളത്തിലെ ഉണര്‍വിന്റെ യുഗനിയന്താക്കള്‍

കോഴിക്കോട് രൂപതാ ശതാബ്ദി: ഉത്തരകേരളത്തിലെ ഉണര്‍വിന്റെ യുഗനിയന്താക്കള്‍

മലബാറിലെ ക്രൈസ്തവ സഭയ്ക്ക് 500 വര്‍ഷത്തെ പൗരാണികതയുണ്ട്. 1498 മേയ് 20-ന് വാസ്‌കോ ഡി ഗാമ കേരള
മണ്ണില്‍ എത്തുന്നതോടെ മലബാറില്‍ ക്രൈസ്തവ വേരോട്ടത്തിന് തുടക്കം കുറിക്കുന്നു. വാസ്‌കോ ഡി ഗാമയോടൊപ്പം എത്തിയ ട്രിനിറ്റേറിയന്‍ സന്ന്യാസ സഭാംഗമായ പെദ്രൊ കോവില്‍ഹാമും മറ്റനേകം മിഷണറിമാരും മലബാറില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ പാകുന്നു. ധീരതയോടെ ആരംഭിക്കപ്പെട്ട ആ സുവിശേഷവത്കരണത്തിന്റെ ഭാഗമായി 1500-ല്‍ മലബാറിന്റെ തീരത്ത് വിശുദ്ധ അന്ത്രയോസിന്റെ പേരിലുള്ള ആദ്യ ദേവാലയം സ്ഥാപിതമായി. 1549-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ആഗമനത്തോടെ മലബാറിലെ സുവിശേഷവത്കരണം കൂടുതല്‍ ശക്തിപ്രാപിച്ചു. ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍, അഗസ്റ്റീനിയന്‍, ഈശോസഭാ മിഷണറിമാരുടെ ത്യാഗോജ്വലമായ സേവനമാണ് ആദ്യകാലഘട്ടങ്ങളില്‍ മലബാറിലെ സഭയുടെ വളര്‍ച്ചയ്ക്ക് നിദാനമായത്.

പത്രോണി നഗറില്‍ പണികഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വ്വഹിക്കുന്നു (ഫയല്‍ചിത്രം)

1596-ല്‍ ഫാ. അന്തോണിയോ ഷിപാനി എസ്.ജെയും, ഫാ. അക്കോസ്റ്റ എസ്.ജെയും ചേര്‍ന്ന് കോഴിക്കോട് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ ഒരു ദേവാലയം സ്ഥാപിച്ചുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ആരംഭം കുറിച്ചു. മലബാറിലെ ക്രൈസ്തവ സമൂഹത്തിന്റെ പിതാവായി അറിയപ്പെട്ട ഫാ. ജെയിംസ് ഫെനീച്ചിയോ 1603-ല്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ആരംഭിച്ചു. മലയാളഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പുണ്യശ്ലോകനായ അര്‍ണോസ് പാതിരി 1712-ല്‍ ദേവമാതാ പള്ളിയില്‍ വികാരിയായിരുന്നു. മതാത്മക, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ആദ്യകാലങ്ങളില്‍ മലബാറിലെ പ്രേഷിതവര്യര്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. 1793-ല്‍ കോഴിക്കോട് സ്ഥാപിച്ച സെന്റ് ജോസഫസ് ബോയ്‌സ് സ്‌കൂള്‍, 1807-ല്‍ കള്ളൂരില്‍ സ്ഥാപിച്ചസെന്റ് മൈക്കള്‍സ് സ്‌കൂള്‍, 1919-ല്‍ സ്ഥാപിതമായ പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വലിയ നാഴികക്കല്ലുകളാണ്. മലബാറില്‍തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാരംഭം കുറിച്ചത് പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിന്റെ ആവിര്‍ഭാവത്തോടെയാണ്. മയ്യഴിയിലെ ഫ്രഞ്ച് കത്തോലിക്കരുടെ ആത്മീയശുശ്രൂഷയ്ക്കായി 1723-ല്‍ പോണ്ടിച്ചേരിയില്‍ നിന്ന് ഫാ. ഡൊമിനിക്ക് ഒസിഡി മാഹിയില്‍ എത്തി. 1736-ല്‍ വിശുദ്ധ അമ്മത്രേസ്യയുടെ നാമധേയത്തിലുള്ള മാഹി ദേവാലയം നിര്‍മിക്കപ്പെട്ടു.

1984 ജൂണ്‍ 29ന് വിശുദ്ധ മദര്‍തെരേസ കോഴിക്കോട് ബിഷപ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ബിഷപ് മാക്‌സ്‌വെല്‍ നൊറോണ ഉപഹാരം സമര്‍പ്പിക്കുന്നു (ഫയല്‍ചിത്രം)

കോഴിക്കോട് തീരപ്രദേശങ്ങളില്‍ മാത്രമല്ല വിശ്വാസത്തിന്റെ ദീപനാളം കത്തിജ്വലിച്ചത്. 1825-ല്‍ വൈത്തിരിയില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ദേവാലയം വയനാട്ടിലെ ആദ്യ ക്രൈസ്തവ ദേവാലയമാണ്. മൈസൂര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന പാരിസ് മിഷന്‍ സൊസൈറ്റിയിലെ സന്ന്യസ്തര്‍ വൈത്തിരി കേന്ദ്രീകരിച്ച് നടത്തിയ മിഷന്‍പ്രവര്‍ത്തനം വിശ്വാസിസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മാനവസഹോദര്യത്തിനും മാതൃകയായി. വന്യമൃഗങ്ങളോട് മല്ലടിച്ചും കൊടുംതണുപ്പിനെ അതിജീവിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തിയ അവര്‍ മേപ്പാടി, പള്ളിക്കുന്ന്, മാനന്തവാടി എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും സുവിശേഷവേല ഏകോപിപ്പിക്കുകയും ചെയ്തു. ഫാ. ജെഫ്രീനോ 1909-ല്‍ സ്ഥാപിച്ച പള്ളിക്കുന്നിലെ ലൂര്‍ദ്ദ്മാതാ ദേവാലയം ഇന്ന് വയനാട്ടിലെ മാതാവിന്റെ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്. വയനാട്ടിലുണ്ടായിരുന്ന വിവിധ ആദിവാസി സമൂഹങ്ങളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് വീടും കൃഷിസ്ഥലങ്ങളും വിദ്യാഭ്യാസവും നല്‍കാനും മിഷണറിമാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

1910-ല്‍ അഭിവന്ദ്യ പോള്‍ പെരീനി പിതാവ് മംഗലാപുരം രൂപതാ മെത്രാനായി നിയമിതനായി. മലബാറിലെ സഭയുടെ എകോപനത്തിനും പുരോഗതിക്കും പിന്നില്‍ ദീര്‍ഘദര്‍ശിയായ പിതാവിന്റെ കഠിനാദ്ധ്വാനമുണ്ട്. മലബാറില്‍ കോഴിക്കോട് രൂപത സ്ഥാപിക്കണമെന്ന് റോമിലേക്ക് അഭ്യര്‍ത്ഥിച്ചത് പെരീനി പിതാവാണ്. 1923 ജൂണ്‍ 12-ാം തീയതി പതിനൊന്നാം പീയൂസ് പാപ്പ മംഗലാപുരം, മൈസൂര്‍, പോണ്ടിച്ചേരി, കോയമ്പത്തൂര്‍ രൂപതകളില്‍ നിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം വേര്‍തിരിച്ചുകൊണ്ട് കോഴിക്കോട് രൂപത സ്ഥാപിക്കുകയും ബിഷപ് പോള്‍ പെരീനി എസ്‌ജെയെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു.

സന്ന്യസ്തര്‍ അഗതികള്‍ക്കൊപ്പം (ഫയല്‍ചിത്രം)

ജനതയുടെ മനസ്സറിഞ്ഞ്, വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നി രൂപതയെ മുന്നോട്ടു നയിച്ച പിതാവായിരുന്നു ബിഷപ് പെരീനി. 1925-ല്‍ ബ്രദര്‍ സ്പിനെല്ലി എസ്.ജെയുടെ സഹകരണത്തോടെ തുടങ്ങിയ സെന്റ് വിന്‍സെന്റ്‌സ് ഇന്‍ഡസ്ട്രിയല്‍ തെക്കേ ഇന്ത്യയിലെ തന്നെ മികച്ച വ്യവസായ ശാലകളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഫാത്തിമ ഐടിസി, സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, ഓര്‍ഫനേജ്, സെന്റ് വിന്‍സെന്റ് ഹോം ഫോര്‍ ദ് പുവര്‍, ചെറുവണ്ണൂര്‍ ഓര്‍ഫനേജ,് മാട്ടൂല്‍ ഓര്‍ഫനേജ് എന്നിവ സ്ഥാപിക്കുന്നത്. രൂപതയുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കുവേണ്ടി വയനാട്ടില്‍ ചുണ്ടയില്‍ എസ്റ്റേറ്റ് വാങ്ങുന്നതും പെരീനി പിതാവിന്റെ ദീര്‍ഘവീക്ഷണംകൊണ്ടാണ്. അദ്ദേഹത്തിന്റെ കാലശേഷം 1932 മുതല്‍ 38 വരെ രൂപതയുടെ ഭരണം അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായി സേവനം അനുഷ്ഠിച്ച മോണ്‍. ബെഞ്ചമിന്‍ എം. റംസാനി എസ്‌ജെ നിര്‍വഹിച്ചു.

സിഡിഎസ്എസ്എസ് പദ്ധതി ബിഷപ് ഡോ.
ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

1938 മാര്‍ച്ച് 13-ന് കോഴിക്കോട് രൂപതയുടെ ദ്വിതീയ മെത്രാനായി ഡോ. ലിയോ പ്രൊസര്‍പ്പിയോ എസ്‌ജെ അഭിഷിക്തനായി. കേരളസഭയിലെ ഏറ്റവും വലിയ മിഷന്‍കേന്ദ്രമായ ചിറക്കല്‍ മേഖലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് പ്രൊസര്‍പ്പിയോ പിതാവിന്റെ കാലഘട്ടത്തിലാണ്. ചിറക്കല്‍ മേഖലയില്‍ ഫാ. പീറ്റര്‍ ആന്‍ഡ്രൂസ് കേറോണി ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോപമായ സഹായവും സഹകരണവും പിതാവ് നല്‍കുകയുണ്ടായി. ഫാ. പീറ്റര്‍ കെയ്‌റോണി എസ്‌ജെ, ഫാ. ജോസഫ് ടഫ്രയില്‍ എസ്‌ജെ, ഫാ. ലീനസ് മരിയ സുക്കോള്‍, ഫാ. ജെയിംസ് മൊന്തനാനി എസ്‌ജെ, ഫാ. അലോഷ്യസ് ഡില്‍സോട്ടോ എസ്‌ജെ, ഫാ. മൈക്കിള്‍ വെന്‍ഡ്രമിന്‍ എസ്.ജെ, ഫാ. വെര്‍ഗോട്ടനി എസ്.ജെ എന്നിവരെ ഏറെ കടപ്പാടോടെ ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. മലബാര്‍ കുടിയേറ്റ മേഖലകളില്‍ കടന്നുചെന്ന് അവരുടെ ആധ്യാത്മികവും സാമൂഹികവും ഭൗതികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി അനവരതം പ്രവര്‍ത്തിച്ച പ്രൊസര്‍പ്പിയോ പിതാവിന്റെ വിദ്യാഭ്യാസ നയത്തിലെ ദീര്‍ഘവീക്ഷണം എടുത്തുപറയേണ്ടതാണ്. ഇടവകകള്‍ തോറും സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസ മുന്നേറ്റം ത്വരിതപ്പെടുത്താന്‍ അദ്ദേഹം അശ്രാന്തം പ്രയത്‌നിച്ചു.

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു

രൂപതയുടെ മൂന്നാമത്തെ മെത്രാനായി 1948-ല്‍ ആല്‍ദോ മരിയ പത്രോണി പിതാവ് സ്ഥാനമേല്‍ക്കുന്നു. മലബാറിലെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയ മെത്രാനാണ് ആല്‍ദോ മരിയ പത്രോണി. സകലര്‍ക്കും സദാ സംലഭ്യനായ പത്രോണി പിതാവ് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സമാദരണീയനായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ സമുന്നത വക്താവായിട്ടാണ് മലബാറിലെ ജനങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. 1948 മുതല്‍ 1980 വരെ രൂപതയുടെ സാരഥ്യം വഹിച്ച പത്രോണി പിതാവ് വിദ്യാഭ്യാസ, സാമൂഹിക, സാധുജനക്ഷേമ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. മേപ്പാടിയില്‍ കുഷ്ഠരോഗികളുടെ പുനരധിവാസകേന്ദ്രം, പെരിന്തല്‍മണ്ണയിലെ അന്ധവിദ്യാലയം, കോഴിക്കോട് എരഞ്ഞിപ്പാലത്ത് ബധിരര്‍ക്കും മൂകര്‍ക്കുമുള്ള സ്‌കൂള്‍ എന്നിവ അദ്ദേഹത്തിന്റെ ശാശ്വത സ്മാരകങ്ങളാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച നവീകരണങ്ങള്‍ക്ക് തുടക്കമായി കേരള ലത്തീന്‍ സഭയിലെ ആരാധനക്രമപരിഷ്‌കാരത്തിന് നേതൃത്വം നല്‍കിയത് പത്രോണി പിതാവാണ്. 1950കളില്‍ മലബാറിലെ കുടിയേറ്റക്കാരുടെ എണ്ണം എഴുപതിനായിരം കടന്നപ്പോള്‍, പില്ക്കാലത്ത് തന്റെ പിന്‍ഗാമിയാകേണ്ട മോണ്‍. മാക്‌സ് വെല്‍ നൊറോണയുടെ സഹായത്തോടെ മലബാറിന്റെ ഭൂപടമുണ്ടാക്കുകയും അവരുടെ ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി കര്‍മലീത്താ വൈദികരെ ക്ഷണിക്കുകയും ഫാ. സി.കെ. മറ്റത്തെ സുറിയാനി ക്രിസ്ത്യാനികളുടെ എപ്പിസ്‌കോപ്പല്‍ വികാരിയായി നിയമിക്കുകയും ചെയ്തു. അജപാലന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനായി ഫാ. ജോസഫ് എടമരത്തെ 1952-ല്‍ അവരുടെ വികാരി ജനറലായി നിയമിച്ചു. പത്രോണി പിതാവിന്റെ പ്രത്യേക താല്പര്യപ്രകാരം റോമില്‍ നിന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കര്‍ദിനാള്‍ യൂജിന്‍ തിസരാങ് 1953-ല്‍ മലബാര്‍ സന്ദര്‍ശിക്കുകയും പത്രോണി പിതാവിനോട് സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിന്റെ സാധ്യത തേടുകയും ചെയ്തു. അതിനെതുടര്‍ന്നാണ് 1953 ഡിസംബര്‍ 31-ന് പന്ത്രണ്ടാം പിയൂസ് പാപ്പാ തലശ്ശേരി രൂപത സ്ഥാപിക്കുന്നത്.

കോഴിക്കോട് രൂപതയില്‍ നിന്ന് മുപ്പതോളം ഇടവകദേവാലയങ്ങളും അവയോടുചേര്‍ന്നുള്ള സ്ഥാപനങ്ങളും പത്രോണി പിതാവ് തലശ്ശേരി രൂപതയ്ക്കായി വിട്ടുകൊടുത്തു. കുടിയേറ്റ മേഖലയില്‍, ഇപ്പോഴത്തെ തലശ്ശേരി അതിരൂപതയിലെ പേരാവൂര്‍, എടൂര്‍, കിളിയന്തറ, നെല്ലിക്കാംപൊയില്‍, വായാട്ടുപറമ്പ്, ചെമ്പേരി, ചെറുപുഴ, അങ്ങാടിക്കടവ്, പൈസക്കിരി, ചെമ്പന്‍തൊട്ടി എന്നീ പള്ളികളും, താമരശേരി രൂപതയിലെ മരുതോംകര, വടത്തുംകടവ്, കുളത്തുവയല്‍, കൂരാച്ചുണ്ട്, കല്ലാനോട്, പെരുവണ്ണാമുഴി, കോഴഞ്ചേരി, കോടഞ്ചേരി, കണ്ണോത്ത്, വേനപ്പാറ, മരിയപുരം എന്നീ പള്ളികളും, മാനന്തവാടി രൂപതയിലെ കല്ലോടി, സുല്‍ത്താന്‍ ബത്തേരി, നടവയല്‍, തെനേരി, തരിയോട്, മണിമൂളി, നെന്മേനി, നിലമ്പൂര്‍ എന്നീ പള്ളികളും അങ്ങനെ കൈമാറിയവയാണ്. ആ ദേവാലയങ്ങള്‍ വിശ്വാസത്തിന്റെ സിരാകേന്ദ്രങ്ങളായി സ്ഥിതിചെയ്യുന്നുവെന്നതില്‍ നാം ഏറെ സന്തോഷിക്കുന്നു. അതോടൊപ്പം തന്നെ കോഴിക്കോട് രൂപതയിലെ വൈദികരെയും തലശ്ശേരി രൂപതയ്ക്ക് കൊടുക്കുവാന്‍ അദ്ദേഹം തയ്യാറായി. അന്നത്തെ കുളത്തുവയല്‍ ഇടവക വികാരിയും എംഎസ്എംഐ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകനുമായ സി.ജെ വര്‍ക്കിയച്ചന്‍ ഇതിനൊരുദാഹരണമാണ്. മലബാറിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലും പത്രോണി പിതാവിന്റെ വ്യക്തിമുദ്ര തിളങ്ങിനിന്നു. വിദ്യാഭ്യാസരംഗത്ത് ന്യൂനപക്ഷ അവകാശം സംരക്ഷിക്കാന്‍ പിതാവ് നടത്തിയ നിയമ പോരാട്ടം വിജയം കണ്ടു. പൊതുരംഗങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തിന്റെ പ്രതിഫലനമായിരുന്നു 1973-ല്‍ രൂപത കൊണ്ടാടിയ സുവര്‍ണ ജൂബിലി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജൂബിലി ചടങ്ങുകളില്‍ പങ്കെടുത്തു എന്നു മാത്രമല്ല, മലബാറിന്റെ മഹോത്സവമായി ജൂബിലി മാറി എന്നതാണ് വാസ്തവം.

1980 സെപ്റ്റംബര്‍ ഏഴിനാണ് കോഴിക്കോട് രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി മാക്‌സ്‌വെല്‍ നൊറോണ പി
താവ് ചുമതല ഏറ്റെടുക്കുന്നത്. മനാഞ്ചിറ മൈതാനിയില്‍ നടത്തപ്പെട്ട മെത്രാഭിഷേക മഹോത്സവം അവിസ്മരണീയമായിരുന്നു. വിശുദ്ധിയും വിജ്ഞാനവും വിനയവും സമന്വയിച്ച മാക്‌സ്‌വെല്‍ നൊറോണ പിതാവിന്റെ കരുതലില്‍ രൂപത ഏറെ മുന്നോട്ടുപോകുകയുണ്ടായി. അജപാലനരംഗത്ത് ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയത് പിതാവിന്റെ കാലഘട്ടത്തിലാണ്. രൂപതയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആരംഭിച്ചതും ബേസിക് ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയെ ശക്തിപ്പെടുത്തിയതും പിതാവാണ്. പിതാവിന്റെ കാലത്താണ് രൂപതയില്‍ ബിബ്ലിക്കല്‍, മതബോധന, ആരാധന കമ്മീഷനുകള്‍ ആരംഭിക്കുന്നതും രൂപതയുടെ പാസ്റ്റല്‍ സെന്റര്‍ (എന്‍ആര്‍സി) എരഞ്ഞിപ്പാലത്ത് സ്ഥാപിക്കുന്നതും. കേരളസഭയ്ക്കുതന്നെ അഭിമാനിക്കാവുന്ന ബൈബിള്‍ കലോത്സവത്തിനു തുടക്കം കുറിച്ചത് മാക്‌സ്‌വെല്‍ പിതാവാണ്. കണ്ണൂര്‍ രൂപതയ്ക്കു രൂപം നല്‍കുന്നതിന് ഏറെ പ്രവര്‍ത്തിക്കുകയും രൂപതയുടെ സമഗ്ര വികസനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത പിതാവിന്റെ സ്തുത്യര്‍ഹമായ സേവനം കൃതജ്ഞതയോടെ ഓര്‍ക്കുന്നു. 1998 ഡിസംബര്‍ 9-ാം തീയതി കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂര്‍ രൂപത നിലവില്‍ വന്നു.

2002-ല്‍ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവ് രൂപതയുടെ സാരഥ്യം ഏറ്റെടുക്കുകയും രൂപതയുടെ സമഗ്ര വികസനത്തിനും ഏകീകരണത്തിനും വേണ്ടി പ്രയത്‌നിക്കുകയും ചെയ്തു. രൂപതയിലെ വൈദികരുടെ ഏകോപനം, പള്ളികളുടെ നിര്‍മാണം, പുനരുദ്ധാരണം, ശുശ്രൂഷാവിഭാഗങ്ങളുടെ ഏകീകരണം എന്നിവ എടുത്തുപറയേണ്ടവയാണ്. രാജ്യാന്തര കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും നാടോടികളുടെയും അജപാലന ശുശൂഷയ്ക്കായുള്ള റോമിലെ പൊന്തിഫിക്കല്‍ കമ്മീഷനിലേക്ക് കളത്തിപറമ്പില്‍ പിതാവിനെ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ നിയോഗിച്ചതിനെ തുടര്‍ന്ന് മോണ്‍. വിന്‍സെന്റ് അറക്കല്‍ 2011 മുതല്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേല്‍ക്കുകയും രൂപതയെ നയിക്കുകയും ചെയ്തു.

2012-ല്‍ രൂപതാ മെത്രാനായി അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് സ്ഥാനമേറ്റു. ദീര്‍ഘദര്‍ശിയായ ചിന്തകളും ജനകീയമായ ഇടപെടലും പ്രാര്‍ഥനാചൈതന്യവും കൊണ്ട് രൂപതയെ ഏറ്റം മാതൃകാപരമായും വിശ്വാസബോധ്യങ്ങളിലൂടെയും സമര്‍പ്പണമനോഭാവത്തോടെയും നയിക്കുന്ന അജപാലകനാണ് അദ്ദേഹം. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളജ്, മേരിക്കുന്ന് ദേവാലയം എന്നിവ പിതാവിന്റെ വലിയ പരിശ്രമത്തിന്റെയുംനേതൃപാടവത്തിന്റെയും നിദര്‍ശനമാണ്. 2014-ല്‍ രൂപത വീണ്ടും വിഭജിച്ച് സുല്‍ത്താന്‍പേട്ട് രൂപത നിലവില്‍ വന്നത് നന്ദിയോടെ സ്മരിക്കുന്നു. അഭിവന്ദ്യ ചക്കാലക്കല്‍ പിതാവിന്റെ നേതൃത്വത്തിലാണ് നാമിന്ന് ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുന്നത്. 500 വര്‍ഷത്തെ പാരമ്പര്യവും തൊണ്ണൂറ്റിയൊമ്പത് വര്‍ഷത്തെ കൃപയുടെ ദിനങ്ങളും അനുസ്മരിക്കുമ്പോള്‍, മതാത്മകതയ്ക്കപ്പുറം മലബാറിന്റെ മണ്ണില്‍ സ്‌നേഹത്തിന്റെ പൈതൃകം തീര്‍ക്കാന്‍ കോഴിക്കോട് രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്.

വിശുദ്ധരുടെയും മിഷണറിമാരുടെയും പാവന പാദസ്പര്‍ശമേറ്റ മലബാറിന്റെ മണ്ണില്‍ വിശ്വാസവെളിച്ചമായി, സുവിശേഷത്തിന്‍ മാതൃകയായി തൊണ്ണൂറ്റിയൊമ്പത് വര്‍ഷങ്ങള്‍, പിന്നോട്ടു നോക്കുമ്പോള്‍ അഭിമാനത്തോടെ ഓര്‍മിക്കാന്‍ ഒരായിരം കര്‍മപഥങ്ങള്‍. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ‘ജീവന’ വഴി അനേകര്‍ക്ക് വീടുകളും സാമ്പത്തിക സഹായവും സ്വയം തൊഴില്‍ സംരംഭങ്ങളും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ മലബാറിലെതന്നെ ശ്രേഷ്ഠതയുടെ മകുടമാണ് പള്ളിക്കുന്ന് ലൂര്‍ദ് മാതാ എച്ച് എസ് സ്‌കൂള്‍, ചുണ്ടയില്‍ ആര്‍സിഎച്ച്എസ്എസ് സ്‌കൂള്‍, ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍, പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍, സെന്റ് മൈക്കള്‍സ് സ്‌കൂള്‍, സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂള്‍ എന്നിവ. ആതുരശുശ്രൂഷാ രംഗത്ത് ഉദാത്ത മാതൃകയാണ് ഗുഡ് ഷെപ്പേഡ് ഹോസ്പിറ്റലും നിര്‍മല ഹോസ്പിറ്റലും. രൂപതയുടെ ഓരോ ചുവടുവയ്പ്പിലും സന്ന്യസ്ത സമൂഹങ്ങളുടെ സേവനങ്ങള്‍ ശ്ലാഘനീയമാണ്. രൂപതയുടെ ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയില്‍ അവര്‍ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാവാത്തതാണ്. ദൈവദാസിമാരായ സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായിക്കല്‍, മദര്‍ പേത്ര എന്നിവര്‍ മലബാറിന്റെ മണ്ണില്‍ സേവനത്തിന്റെ പുതിയ മാതൃക നല്‍കി വിശുദ്ധരുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെടാന്‍ പോകുന്നവരാണ്.

സിഡിഎസ്എസ്എസും ജീവനയും ചേര്‍ന്ന്
നടപ്പാക്കുന്ന ബത്ലഹം ഭവന പദ്ധതിയില്‍
നിര്‍മ്മിച്ചു നല്‍കിയ വീട്‌

കഴിഞ്ഞ തൊണ്ണൂറ്റിയൊമ്പത് വര്‍ഷമായി മലബാറിന്റെ മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ അഭ്യുന്നതിക്കുവേണ്ടി നിലകൊള്ളുന്ന കോഴിക്കോട് രൂപത ദൈവപരിപാലനയില്‍ ആശ്രയിച്ച്, ദൈവജനനിയുടെ മാധ്യസ്ഥ്യം യാചിച്ച്, സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ കൈപിടിച്ച് ഇനിയും മുന്നോട്ട്!

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

മുന്നോക്ക പ്രീണനത്തിന്റെ തുല്യ നീതി

  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം ചെയ്തുകൊണ്ട് കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കി.

റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ പ്രകാശനം ചെയ്തു

എറണാകുളം: റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ എന്ന പന്ത്രണ്ട് ചെറുകഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. അംബികാപുരം സന്ദേശനിലയത്തില്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയാണ് പ്രകാശനകര്‍മ്മം

ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ കെസിഎംഎസ് പ്രസിഡന്റ്

കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജക്കോബിയെ തിരഞ്ഞെടുത്തു. ഒബ്‌ളേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*