കോവിഡ് കാലത്തെ ഹൃദയം

കോവിഡ് കാലത്തെ ഹൃദയം

ഡോ. ജോര്‍ജ് തയ്യില്‍

കൊവിഡ്-19 വ്യാപനത്തിനു ശേഷം കേരളത്തിലെ ആശുപത്രികളില്‍ പുതുതായി ഹാര്‍ട്ടറ്റാക്കുമായി എത്തുന്നവരുടെ സംഖ്യ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍ പരമപ്രധാനമായത് സ്‌ട്രെസ് നല്ലൊരു പരിധിവരെ നിയന്ത്രിക്കപ്പെട്ടു എന്നതു തന്നെ. മലയാളികളുടെ അകാരണമായ ആക്രാന്തവും വെപ്രാളവും ഏതാണ്ട് 30 ശതമാനമായി കുറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനത്തെ നിര്‍വീര്യമാക്കുന്ന വാക്‌സിനുകള്‍ കണ്ടുപിടിക്കാന്‍ ഇന്ന് ലോകമെമ്പാടുമുള്ള വൈറോളജി പരീക്ഷണശാലകള്‍ നെട്ടോട്ടമാണ്. എന്നാല്‍ ഒന്നും ഇതുവരെ പൂര്‍ണ വിജയമായിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു സൂപ്പര്‍വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന ശുഭകരമായ വാര്‍ത്തയുണ്ട്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഡിസംബറില്‍ ഈ വാക്സിന്‍ ഇന്ത്യയിലും ഉപയോഗിച്ചു തുടങ്ങും. വസൂരിയൊഴിച്ച് പല അപകടകാരിയായ വൈറസുകള്‍ക്കും ഇതുവരെ ഫലപ്രദമായ വാക്‌സിനുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നോര്‍ക്കണം.
ഹൃദ്രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കൊവിഡ്-19 വൈറസ്ബാധയുണ്ടാകാനുള്ള സാധ്യത ഒരുപോലെയാണെങ്കിലും, വന്നുപെട്ടാല്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ടാകാനുള്ള സാധ്യത ഹൃദ്രോഗികള്‍ക്കായതുകൊണ്ട് അവര്‍ അനുവര്‍ത്തിക്കേണ്ട പല മുന്‍കരുതലുകളുമുണ്ട്.
ഹൃദ്രോഗത്തിന് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ യാതൊരു മാറ്റവും കൂടാതെ കഴിക്കുക. ചിലപ്പോള്‍ അതേപേരിലുളള മരുന്നുകള്‍ കിട്ടിയില്ലെങ്കിലും ഉള്ളടക്കം കൃത്യമായാല്‍ മതി. പ്രത്യേകിച്ച് ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും കഴിഞ്ഞവര്‍ സ്റ്റെന്റുകളും ഗ്രാഫ്റ്റുകളും അടയാതിരിക്കാനുളള രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ മുടക്കംകൂടാതെ സേവിക്കണം. സ്റ്റാറ്റിന്‍, ബീറ്റാബ്ലോക്കര്‍, ഹൃദയപരാജയത്തിനുള്ള ഡയരരറ്റിക്കുകള്‍ തുടങ്ങിയവ കൃത്യമായി കഴിക്കുക.
ഹാര്‍ട്ടറ്റാക്ക് ഉള്‍പ്പെടെ ഏത് എമര്‍ജന്‍സിയും ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രികളില്‍ ഇപ്പോഴുമുണ്ട്. നെഞ്ചിലെ അസ്വാസ്ഥ്യവും ശ്വാസതടസവും അനിയന്ത്രിതമായാല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോകുക. എന്നാല്‍ അത്യാവശ്യമില്ലാത്ത യാതൊരു ചികിത്സകള്‍ക്കും ഇപ്പോള്‍ ധൃതികൂട്ടരുത്.
കൃത്യമായ വ്യായാമമുറകളിലേര്‍പ്പെടുക. ടെറസിലോ മുറ്റത്തോ വരാന്തയിലോ ട്രെഡ്മില്ലിലോ 30-45 മിനിറ്റ് ദിവസേന നടക്കുക. ഭക്ഷണത്തില്‍ പിശുക്ക് കാട്ടേണ്ട. ചൂടുള്ള സമീകൃതാഹാരം കഴിക്കുക. ധാരാളമായി ചൂടുവെള്ളം കുടിക്കുക. എന്നാല്‍ ശരീരഭാരം കൂടാന്‍ അനുവദിക്കരുത്. ആവശ്യത്തിന് ഉറക്കം വേണം.7-8 മണിക്കൂര്‍ ഉറങ്ങണം. വായുസഞ്ചാരമുള്ള തുറസായ മുറിയില്‍ ഉറങ്ങുന്നത് നന്ന്. മദ്യപാനവും പുകവലിയും കര്‍ശനമായി ഒഴിവാക്കുക. മദ്യപാനികള്‍ക്ക് ആള്‍ക്കഹോള്‍ ലഭിക്കാത്ത അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിന്റെ ചികിത്സക്കായി യാതൊരു കാരണവശാലും മദ്യം കഴിച്ചു തുടങ്ങരുത്. ഡി അഡിക്ഷന്‍ സെന്ററുകളെ അഭയം പ്രാപിക്കാം.
ഡോക്ടറെ കൃത്യമായി കണ്ടില്ലെങ്കിലോ ആശുപത്രിയില്‍ ചെക്കപ്പിന് പോയില്ലെങ്കിലോ ഹൃദ്രോഗം മൂര്‍ച്ഛിക്കും എന്ന ഭയംവേണ്ട. മനസ് എപ്പോഴും ശാന്തമായിരിക്കണം. നല്ലത് കേള്‍ക്കുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക. ഈ സമയം ഒരു തിരിഞ്ഞുനോട്ടത്തിനും ഇതുവരെ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങള്‍ തിരുത്തുന്നതിനുമുള്ള അവസരമായി വിനിയോഗിക്കുക. നല്ല സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ടെലഫോണില്‍ ബന്ധം പുലര്‍ത്തുക. നല്ല പുസ്തകങ്ങള്‍ വായിക്കുക, നല്ല സിനിമകള്‍ കാണുക. അങ്ങനെ ഒരു പോസിറ്റീവ് മനസിന്റെ ഉടമസ്ഥരാകുക. സ്വാസ്ഥ്യമുള്ള ശരീരത്തിലും മനസിലും രോഗങ്ങളുണ്ടാകില്ല എന്നോര്‍ക്കണം. എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുക, ഈ ദുരന്തവും കടന്നുപോകും, ലോകം സാവധാനം സാധാരണസ്ഥിതിയിലേക്ക് തിരിച്ചുവരും. നന്മകള്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധ്യമാകുന്ന ഒരു പുതുയുഗം.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*